Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

‘അതിനു ഞാൻ എന്ത് വേണം’ എന്ന പൊലീസ് ധാർഷ്ട്യത്തെ ചോദ്യം ചെയ്ത് സൈബർ ലോകം; ‘ഇതാണോ പൊലീസ് മാമന്റെ രീതി’ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല; പൊലീസ് പേജിൽ പൊങ്കാലയുമായി മലയാളി

‘അതിനു ഞാൻ എന്ത് വേണം’ എന്ന പൊലീസ് ധാർഷ്ട്യത്തെ ചോദ്യം ചെയ്ത് സൈബർ ലോകം;  ‘ഇതാണോ പൊലീസ് മാമന്റെ രീതി’ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല; പൊലീസ് പേജിൽ പൊങ്കാലയുമായി മലയാളി

മറുനാടൻ ഡെസ്‌ക്‌

സൈബർ ലോകത്തിന് കേശവൻ മാമനെക്കാൾ പ്രിയമായിരുന്നു പൊലീസ് മാമനോട്. കേരള പൊലീസിന് ജനകീയ മുഖം നൽകുന്നതിൽ പൊലീസിന്റെ ഫേസ്‌ബുക്ക് പേജ് വ​ഹിച്ച പങ്ക് ചെറുതല്ല. ട്രോളുകളും കുറിക്ക് കൊള്ളുന്ന മറുപടികളുമായി സൈബർ ലോകത്ത് വിരാചിച്ച പൊലീസ് മാമന് ഇത് പൊങ്കാലയുടെ കാലമാണ്. നെയ്യാറ്റിൻകരയിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ ഓരോ പോസ്റ്റിന് താഴെയും വൻരോഷമാണ് ഉയരുന്നത്. അച്ഛനായി കുഴിയെടുക്കുന്ന മകനോട് ‘ഏടാ നിർത്തെടാ’ എന്ന് മനസാക്ഷിയില്ലാതെ ആക്രോശിക്കുന്ന പൊലീസുകാരന്റെ ന‍ടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

‘അതിനു ഞാൻ എന്ത് വേണം’ എന്ന് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രതിഷേധ കുറിപ്പുകളും കാണാം. ‘ഇതാണോ പൊലീസ് മാമന്റെ രീതി’ എന്നാണ് ഉയരുന്ന ചോദ്യം. തീ കൊളുത്തി മരിക്കുന്ന ദമ്പതികളുടെ വിഡിയോയും അതിന് ശേഷം നാട്ടുകാർ ഇരുവരെയും എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. എന്തിനും ചുട്ട മറുപടി കൊടുക്കുന്ന പേജിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നതും ശ്രദ്ധേയം.

നെയ്യാറ്റിൻകരയിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ വീട് ഒഴിപ്പിക്കാനെത്തിയ പൊലീസിനെ തടയിടായി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാന സർക്കാറിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. എന്നാൽ ഇവിടെ പ്രശനത്തിന് കാരണക്കാരിയായ വസന്തക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് കോൺഗ്രസുകാർ ആണെന്ന് ദമ്പതികളുടെ മകൻ രഞ്ജിത്ത് രാജ് ചാനലുകളോട് വെളിപ്പെടുത്തി.

'വസന്ത കോൺഗ്രസിന്റെ സഹായത്തോടെയാണ് എല്ലാം നടത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിയാൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. ഞാനും അച്ഛനും സ്റ്റേഷനിലെത്തിയപ്പോൾ വസന്തക്ക് പൊലീസ് കസേരയിട്ട് നൽകി. പക്ഷേ ്എന്നെയും പിതാവിനേയും പൊലീസ് നിർത്തുകയായിരുന്നു.വസന്തയ്ക്ക് എല്ലാ സഹായവും നൽകിയിരുന്നത് കോൺഗ്രസാണ്'- മരിച്ച രാജന്റെ ഇളയമാൻ രഞ്ജിത്ത് പറഞ്ഞു. നാട്ടുകാർക്കും വസന്തയെക്കുറിച്ച് വളരെ മോശം കാര്യങ്ങളാണ് പറയാനുണ്ടായിരുന്നത്.

ഈ കോളനിയിൽ മിക്കവർക്കും എതിരെ വസന്ത കള്ളക്കേസിൽ കുടുക്കിയിരുന്നു. നാടാർ സമുദായക്കാരിയായ അവർ ദലിതരോട് പകവെച്ച് എന്നപോലെയാണ് പെരുമാറിയത് എന്നും നാട്ടുകാർ പറയുന്നു. ഇതേ രാജനെതിരെ തന്നെ അയാൾ ചെയ്യുന്ന ആശാരിപ്പണിമൂലം പൊടി പടരുന്നെന്ന് പറഞ്ഞ്, വസന്ത പൊലീസിൽ കേസ് കൊടുത്തിരുന്നു. ഇങ്ങനെ പലതവണ പൊലീസ് വീട്ടിൽ കയറി ഇറങ്ങിയതോടെയാണ് സ്വൽപ്പം അപ്പുറത്തുള്ള തറവാട് വീട്ടിൽനിന്ന് രാജൻ ഈ വീട്ടിലേക്ക് മാറിയതെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം, രാജൻ-അമ്പിളി ദമ്പതികളുടെ കുടുംബത്തിന് ഭൂമി വിട്ടുനൽകില്ലെന്ന് അയൽവാസി വസന്ത പറഞ്ഞു. നിയമത്തിന്റെ മുന്നിൽ മുട്ടുകുത്തിച്ചിട്ട് എന്തുവേണമെങ്കിലും ചെയ്യാം എന്നാണ് വസന്തയുടെ പ്രതികരണം.'ഞാൻ കഷ്ടപ്പെട്ട് വാങ്ങിയ വസ്തുവാണ്. ഈ കോളനിയിലുള്ള ഗുണ്ടകളെല്ലാം ചേർന്ന് എന്നെ ഒറ്റപ്പെടുത്തി. ഈ കോളനിക്കാർ ഒറ്റക്കെട്ടായി നിന്നതുകൊണ്ട് എനിക്ക് നിയമത്തിനു മുന്നിൽ മുട്ടുകുത്തിച്ചേ പറ്റൂ. വസ്തു എന്റേതാണെന്ന് തെളിയിക്കണം. ഗുണ്ടായിസം കാണിച്ചവർക്ക് എഴുതിക്കൊടുക്കില്ല. പാവങ്ങൾക്ക് എഴുതി നൽകാൻ പറഞ്ഞാൽ നൽകും.'- വസന്ത പറഞ്ഞു.

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബർ 22നാണ് സംഭവം നടന്നത്.കഴിഞ്ഞ ജൂണിൽ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് രാജൻ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജൻ മൊഴി നൽകിയിരുന്നു.

70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുന്നത്. വൈകീട്ടോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു.രാജന്റെ മൃതദേഹം പോങ്ങിൽ ഇവർ താമസിക്കുന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസം അടക്കി. മക്കൾ കുഴിയെടുത്താണ് അടക്കിയത്. കുഴിയെടുക്കുന്നതിനിടെ രാജന്റെ മകനോട് പൊലീസ് കയർത്തു സംസാരിക്കുന്നതിന്റെയും രഞ്ജിത്ത് മറുപടി പറയുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം ഏറെ ചർച്ചയായിരുന്നു.

അതേസമയം മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികൾക്ക് വീട് വെച്ച് നൽകാൻ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മക്കളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കും.സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം എസ്‌പി ബി. അശോകനാണ് അന്വേഷണച്ചുമതല. രാജനും ഭാര്യയും മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്നാണ് അന്വേഷിക്കുകയെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP