Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ലോകത്തെ ഒന്നാം നമ്പർ ശക്തിയായ അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഒന്നാംകിട ബാങ്കുകളാണ് തകർന്നത്; നിസ്സാരമായ 500 കോടിയുടെ തിരിമറി ചർച്ച ചെയ്യുന്നത് സാമ്രാജ്യത്വ ശക്തികളെ സഹായിക്കാൻ; ആർ എസ് പി നേതാവിന്റെ കുറിപ്പ് വൈറൽ

ലോകത്തെ ഒന്നാം നമ്പർ ശക്തിയായ അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഒന്നാംകിട ബാങ്കുകളാണ് തകർന്നത്; നിസ്സാരമായ 500 കോടിയുടെ തിരിമറി ചർച്ച ചെയ്യുന്നത് സാമ്രാജ്യത്വ ശക്തികളെ സഹായിക്കാൻ; ആർ എസ് പി നേതാവിന്റെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

കൊല്ലം; കരുവന്നൂരിൽ ആർ എസ് പി നേതാവ് സി കൃഷ്ണ ചന്ദ്രന്റെ കുറിപ്പ് വൈറൽ. 'തട്ടിച്ചോ, ഒറ്റരുത്'' കരുവന്നൂർ- ഒരു താത്വികാവലോകനം എന്ന തലക്കെട്ടിലാണ് കുറിപ്പ്. സാമ്പത്തിക മേഖലയിലും സൈനിക മേഖലയിലും ലോകത്തെ ഒന്നാം നമ്പർ ശക്തിയെന്ന് അഭിമാനിക്കുന്ന അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഒന്നാംകിട ബാങ്കുകളാണ് തകർന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമായ 500 കോടിയുടെ തിരിമറി ചർച്ച ചെയ്യുന്നത് സാമ്രാജ്യത്വ ശക്തികളെ സഹായിക്കാൻ എന്ന തരത്തിലാണ് പരിഹാസം

സി കൃഷ്ണ ചന്ദ്രന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ

'തട്ടിച്ചോ, ഒറ്റരുത്''
കരുവന്നൂർ- ഒരു താത്വികാവലോകനം
-------------------
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ നടന്നതാണെന്ന് ആരെക്കാളും നന്നായി ഈ കേരളത്തിൽ അറിയാവുന്നത് സിപിഎമ്മിനാണ്, അവരുടെ പാർട്ടി സംവിധാനത്തിനാണ്. തലകൾ പലതും ഉരുളും, സത്യങ്ങൾ പലതും വെളിച്ചം കാണും എന്നതിനാൽ എങ്ങനെയും ന്യായീകരിക്കുക എന്നതിലപ്പുറം യാതൊന്നും അവർക്ക് ചെയ്യാനില്ല. സിപിഎം സംസ്ഥാന സെക്രട്ടറി താത്വികമായി ഈ സംഭവത്തെക്കുറിച്ച് പ്രതിപാദിച്ചാൽ എങ്ങനെയിരിക്കും.... ഒരു ചെറിയ ശ്രമം.

സഖാക്കളെ,
നിരവധി സഹകരണ ബാങ്കുകൾ തമ്മിലുള്ള തർക്കത്തിലും പ്രശ്‌നങ്ങളിലും തട്ടിപ്പുകളിലും നയതന്ത്രപരമായ ഇടപെടലുകൾ നടത്തുന്ന സ: എ സി മൊയ്തീൻ, സ: എം കെ കണ്ണൻ, സ: പി ആർ അരവിന്ദാക്ഷൻ എന്നിവർ ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നവരാണ്. അമേരിക്കൻ സാമ്രാജ്യത്വം ഉൾപ്പെടെ, നിരവധി വികസിത സമ്പന്ന രാജ്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അപ്പോഴാണ്, ഒരു കരുവന്നൂരും, ഒരു അയ്യന്തോളും. തട്ടിപ്പ് എന്ന ആശയം മസ്തിഷ്‌കത്തിലേയ്ക്ക് പ്രവേശിച്ചാൽ, ആ പ്രവേശിച്ച ആശയത്തിന് കൂട്ടായ്മ ലഭിച്ചാൽ, ആ ലഭിച്ച ആശയം കേവലമായ ഒരു ആശയമല്ല, അതൊരു ഭൗതിക ശരീരമാകുമെന്നുള്ള ശരിയായ ശാസ്ത്രമാണ് കരുവന്നൂരിൽ ദൃഷ്ടാന്തമായത്.

സാമ്പത്തിക മേഖലയിലും സൈനിക മേഖലയിലും ലോകത്തെ ഒന്നാം നമ്പർ ശക്തിയെന്ന് അഭിമാനിക്കുന്ന അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഒന്നാംകിട ബാങ്കുകളാണ് തകർന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമായ 500 കോടിയുടെ തിരിമറി ചർച്ച ചെയ്യുന്നത് സാമ്രാജ്യത്വ ശക്തികളെ സഹായിക്കാൻ കോൺഗ്രസ്സ്, ബിജെപിയുമായി ചേർന്ന് തൊഴിലാളികളുടെ ഉന്നമനത്തിനായി അഹോരാത്രം അധ്വാനിക്കുന്ന സിപിഎം എന്ന പ്രസ്ഥാനത്തെ തളർത്താനും, തകർക്കാനും വേണ്ടിയാണ്. ഗുരുതരമായ സാമ്പത്തിക മാന്ദ്യം അമേരിക്കയെ ബാധിച്ചിട്ടും, കരുവന്നൂരിൽ മാന്ദ്യമില്ല. കാരണഭൂതന്റെ ജനകീയ സർക്കാർ കേരളം ഭരിക്കുന്നിടത്തോളം കാലം, നമ്മുടെ സംസ്ഥാനം ആടിയുലയുകയില്ല.

അധ്വാനിക്കുന്ന വർഗത്തിനും ഇടതുപക്ഷ ശക്തികൾക്കും മുന്നോട്ട് പോകാൻ അനുകൂലമായ സാർവദേശീയ സാമ്പത്തിക പശ്ചാത്തലം രൂപപ്പെടുത്തുന്നതിൽ, സ: മൊയ്തീൻ, സ:കണ്ണൻ, സ:അരവിന്ദാക്ഷൻ എന്നിവരുടെ പരിശ്രമങ്ങൾ വലുതായി കാണണം. കരുവന്നൂർ മാത്രമല്ല, അയൽ പ്രദേശങ്ങളിലെ പ്രാദേശിക നേതാക്കന്മാർക്കും പ്രചോദനമായ ഈ സഹകരണ പ്രസ്ഥാന തട്ടിപ്പ്, കിഴക്കൻ ഏഷ്യ, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി നിരവധി വിദേശ രാജ്യങ്ങൾ ഉറ്റു നോക്കുകയാണ്. നിക്ഷേപത്തിലും, വായ്പയിലും, സ്വർണ്ണ പണയത്തിലും നയതന്ത്രപരമായി ഇടപെട്ട് സൗഹൃദപരമായി മുച്ചൂടും അടിച്ചു മാറ്റി മുന്നോട്ട് പോകാനുള്ള ഇവരുടെ ദൃഢമായ നിലപാട് ചൈന കുറച്ചു കാലമായി സസൂക്ഷ്മം വീക്ഷിച്ചു വരുന്നു. ഇത് ലോകത്തെ ജനങ്ങളെ സംബന്ധിച്ച്, ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നതാണ്.

കരുവന്നൂരിനെ വളയാൻ എന്താണ് വഴി എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ്, കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ചേർന്നുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഇഡി അന്വേഷണത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. ജനകീയ ചൈനയ്‌ക്കെതിരായി വലിയ കടന്നാക്രമണത്തിന്റെ അമേരിക്കൻ സഖ്യശക്തിയായി ഇന്ത്യ മാറുമ്പോൾ, അതിന് എല്ലാവിധ ഒത്താശയും കോൺഗ്രസ്സ് ചെയ്തുകൊടുക്കുമ്പോൾ, അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്ന് സംഘപരിവാർ ശക്തികൾക്കും ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. കേരളത്തിൽ വീണ്ടും കോ-ലീ-ബീ സഖ്യം സജീവമാകുന്നതിന്റെ പരസ്യമായ സൂചന കൂടിയാണെന്നത്, മതേതര വിശ്വാസികളും, ന്യൂനപക്ഷ സമുദായങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം. കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചവർ, നിക്ഷേപത്തെ സ്വപ്നമായി കാണണം. എല്ലാ സ്വപ്നവും പൂവണിയണമെന്നില്ലല്ലോ. കരുവന്നൂരിൽ ക്രമക്കേട് നടന്നു എന്ന ക്യാമ്പയിൻ വ്യാപകമായി നടക്കുന്നുണ്ട്. അതിനോട് സിപിഎമ്മിന് തെല്ലും യോജിപ്പില്ല. അറസ്റ്റിലായ സ:അരവിന്ദാക്ഷൻ ശക്തമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് നിൽക്കുന്ന ഒരു നേതാവാണ്. ഇഡി മർദ്ദിച്ച് അവശനാക്കിയപ്പോഴും ഒരു നേതാവിന്റെ പേര് പോലും പറഞ്ഞ്, പ്രസ്ഥാനത്തെ ഒറ്റിയില്ല. മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിട്ടും ഒരാഴ്ചക്ക് ശേഷമായിരുന്നു ആശുപത്രിയിൽ പോലും പോയത്. ആ ദൃഡനിശ്ചയം ആരും കാണാതെ പോകരുത്. ഇതായിരിക്കണം തൃശൂരിലെ ഓരോ സഖാക്കളും മാതൃകയാക്കേണ്ടത്. ശാസ്ത്രീയമായ നിലപാട് ഊന്നി ഊന്നി പറയുക എന്നതാണ് പാർട്ടി നിലപാട്. ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാട്.

സംശുദ്ധ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഉടമകളായ, മാതൃകാപരമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് ജീവിക്കുന്ന സഖാക്കളെ കടന്നാക്രമിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ നാം ഒന്നിക്കേണ്ട സമയമാണിത്. കേവലം 500 കോടിയുടെ ഇടപാടിൽ തീവ്രത കുറഞ്ഞ ജാഗ്രതക്കുറവ് പാർട്ടി കണ്ടെത്തിയിട്ടുണ്ട്. ഈ ചെറിയ തെറ്റിന്റെ പേരിൽ നമ്മുടെ സഖാക്കളെ വേട്ടയാടാൻ അനുവദിക്കരുത്. ദേശീയവും, സാർവ്വദേശീയവുമായ വർഗ്ഗ ശക്തികളുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട്, മൃദു ഹിന്ദുത്വ നിലപാടുകളെ അപലപിച്ചു കൊണ്ട് നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം.
ലാൽ സലാം

ചെത്തരുത്, കുടിക്കരുത്, വിൽക്കരുത് എന്ന് ശ്രീനാരായണ ഗുരു വർഷങ്ങൾക്ക് മുൻപ് പറഞ്ഞതിന് ശേഷം;
''പറയരുത്, മിണ്ടരുത്, ഒറ്റരുത്'' എന്ന മാസ്സ് ഡയലോഗുമായി
എം വി ഗോവിന്ദൻ...
#CKC
(കടപ്പാട്: വിവിധ മാധ്യമങ്ങളിൽ,
വിവിധ സന്ദർഭങ്ങളിൽ വന്ന വാർത്തകൾ,
വിവിധ പ്രസ്താവനകൾ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP