Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

വാലന്റൈൻസ് സ്‌പെഷ്യൽ പ്രണയഗാനവുമായി വിനോദ് കോവൂർ; കാത്ത് വെച്ചൊരു മാമ്പഴമാ..; 'പെർഫ്യൂം' സിനിമയുടെ പ്രമോ സോങ് റിലീസായി

വാലന്റൈൻസ് സ്‌പെഷ്യൽ പ്രണയഗാനവുമായി വിനോദ് കോവൂർ; കാത്ത് വെച്ചൊരു മാമ്പഴമാ..; 'പെർഫ്യൂം' സിനിമയുടെ പ്രമോ സോങ് റിലീസായി

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: പ്രണയ ദിനത്തിൽ മൂളി നടക്കാൻ പ്രണയ ഗാനവുമായി നടൻ വിനോദ് കോവൂർ. വാലന്റൈൻസ് ഡേ സ്‌പെഷ്യൽ പ്രണയഗാനം 'പെർഫ്യൂം' സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശ്രദ്ധേയനായ ഗാനരചയിതാവ് സുധി രചിച്ച പ്രണയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകൻ രാജേഷ് ബാബു കെ യാണ്. സിനിമാ രംഗത്തെ പ്രശസ്തരുടെ ഫേസ്‌ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തു.



ഗാനങ്ങൾക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ റിലീസ് ചെയ്ത ഗാനങ്ങളെല്ലാം സംഗീതാസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞതാണ്. ഫിലിം ക്രിട്ടിക്‌സ് അവാർഡുകളടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങളും പെർഫ്യൂമിലെ ഗാനങ്ങൾ നേടിയിട്ടുണ്ട്. വിനോദ് കോവൂർ ആലപിച്ച പ്രൊമോ സോങിൽ അഭിനയിക്കുന്നത് മലയാളികളുടെ പ്രിയതാരം സരയു ആണ്. ഈ പ്രണയഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സംഗീതാസ്വാദകർ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

സിനിമയിൽ താൻ പാടുന്ന മൂന്നാമത്തെ ഗാനമാണ് ഈ പ്രണയഗാനമെന്ന് വിനോദ് കോവൂർ പറഞ്ഞു. പ്രണയം തുളുമ്പുന്ന വരികൾക്ക് ഹൃദയഹാരിയായ സംഗീതം പകർന്ന് ഞാൻ പാടിയ ഗാനം എല്ലാ കമിതാക്കൾക്കും ഇഷ്ടപ്പെടുന്നതാണെന്നും വിനോദ് കോവൂർ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരൻ തമ്പി രചിച്ച 'പെർഫ്യൂമി'ലെ മറ്റൊരു ഗാനം മധുശ്രീ നാരായണനാണ് ആലപിച്ചിരുന്നത്.

കനിഹ, പ്രതാപ് പോത്തൻ,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ഹരിദാസ് ഒരുക്കിയ ഈ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഗാനങ്ങളും ഈ ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്.അണിയറപ്രവർത്തകർ പുറത്തുവിട്ട 'പെർഫ്യൂമി'ന്റെ ട്രെയ്‌ലർ വൻഹിറ്റായിരുന്നു.

എല്ലാ ഗാനങ്ങൾക്കും സംഗീതം ഒരുക്കിയത് രാജേഷ് ബാബു കെ ആണ്, ശ്രീകുമാരൻ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, സുജിത്ത് കറ്റോട് എന്നിവർ രചിച്ച ഗാനങ്ങൾ കെ എസ് ചിത്ര, മധുശ്രീ നാരായണൻ, പി കെ സുനിൽ കുമാർ, രഞ്ജിനി ജോസ് എന്നിവരാണ് ആലപിച്ചത്.

നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെർഫ്യൂമിന്റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തിൽ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയിൽ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളിൽ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.സമീപകാലത്ത് സമൂഹത്തിൽ തുടർന്നുവരുന്ന സ്ത്രീ സംബന്ധമായ ചർച്ചകളും വിവാദങ്ങളുമൊക്കെ പെർഫ്യൂം ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീ സമൂഹത്തിന്റെ അന്തസ്സിനെ ഉയർത്തിക്കാട്ടുന്ന ദൃശ്യഭാഷയും പെർഫ്യൂമിന്റെ മറ്റൊരു പുതുമയാണ്.

ബാനർ- മോത്തി ജേക്കബ് പ്രൊഡക്ഷൻസ് -നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിർമ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശരത്ത് ഗോപിനാഥ്, രചന- കെ പി സുനിൽ, ക്യാമറ- സജത്ത് മേനോൻ, എഡിറ്റർ- അമൃത് ലൂക്ക, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, ആർട്ട്- രാജേഷ് കല്പത്തൂർ, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്‌വെൽ, മേക്കപ്പ്-പാണ്ഡ്യൻ, സ്റ്റിൽസ്- വിദ്യാസാഗർ, പി ആർ ഒ - പി ആർ സുമേരൻ, പോസ്റ്റർ ഡിസൈൻ- മനോജ് ഡിസൈൻ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP