Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'നാളെയെ നിർണയിക്കേണ്ടത് റിട്ടയർമെന്റ് ലൈഫുകാരല്ല'; കേരളത്തിന്റെ ആകെ മൊത്തം അപ്പനാവാൻ ഒരു കാരശ്ശേരിയും വരേണ്ടതില്ലെന്ന് പി.വി. അൻവർ; തെറി വിളിക്കുന്നത് മറുപടി ഇല്ലാത്തവരെന്ന് കാരശ്ശേരി

'നാളെയെ നിർണയിക്കേണ്ടത് റിട്ടയർമെന്റ് ലൈഫുകാരല്ല'; കേരളത്തിന്റെ ആകെ മൊത്തം അപ്പനാവാൻ ഒരു കാരശ്ശേരിയും വരേണ്ടതില്ലെന്ന് പി.വി. അൻവർ; തെറി വിളിക്കുന്നത് മറുപടി ഇല്ലാത്തവരെന്ന് കാരശ്ശേരി

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതിന് എം.എൻ. കാരശ്ശേരിക്കുനേരെ ഇടത് പ്രൊഫൈലിൽ നിന്ന് സൈബർ ആക്രമണം തുടരുന്നതിനിടെ കടുത്ത വിമർശനവുമായി നിലമ്പൂർ എംഎ‍ൽഎ പി.വി. അൻവർ. കേരളത്തിന്റെ'ആകെ മൊത്തം അപ്പനാവാൻ'ഒരു കാരശേരിയും വരേണ്ടതില്ലെന്നാണ് തന്റെ ഫേസ് ബുക്ക് കുറിപ്പിൽ അൻവർ പറയുന്നത്.

സിൽവർ ലൈൻ സംബന്ധിച്ച് സർക്കാരിന് കൃത്യമായ മറുപടികളുണ്ട്. അത് അച്ചടിച്ച് തന്നെ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. 36 പേജുള്ള അമ്പത് ലക്ഷം ബുക് ലെറ്റുകൾ! അത് ജനങ്ങൾ വിലയിരുത്തട്ടേ. അവർ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു

കാരശേരി ആഹ്വാനം ചെയ്തിട്ടല്ല ജനങ്ങൾ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിച്ചത്. വ്യക്തിപരമായി ഒരാളുടെയും സർട്ടിഫിക്കേറ്റ് ഇവിടെ ആവശ്യമില്ല.

'വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി വിജയനൊക്കെ അഹങ്കാരം കൂടും'എന്ന താങ്കളുടെ ഉപദേശം എടുത്ത് ചവുറ്റുകുട്ടയിൽ എറിഞ്ഞ നാടാണിത്. മലയാളികൾക്ക് അറിയാം ശരിയും തെറ്റും. അതിനിപ്പോൾ ആരുടെയും അറ്റസ്റ്റേഷനൊന്നും വേണ്ടെന്നും പി.വി. അൻവർ പറഞ്ഞു.

'താങ്കൾ ഉദ്ദേശിച്ചത് താങ്കൾക്ക് കഴിയാത്ത തരത്തിൽ സോഷ്യൽ മീഡിയ പ്രചരിപ്പിച്ചു' എന്ന വിലാപത്തിലുണ്ട് എല്ലാം. അതാണ് ഈ വികസനത്തിന്റെയും അടിസ്ഥാന തത്വം. എന്തായിരിക്കണം.? എങ്ങനെയായിരിക്കണം.? നാളെയെന്ന് തീരുമാനിക്കേണ്ടത് വളർന്ന് വരുന്ന പുതിയ തലമുറയാണ്.

അല്ലാതെ റിട്ടയർമെന്റ് ലൈഫ്, ഇത്തിരി കുത്തിതിരിപ്പുമായി ജീവിച്ച് തീർക്കുന്ന കുറച്ച് മാഷന്മാരും കെൽട്രോൺ ശാസ്ത്രജ്ഞന്മാരുമല്ല നാളെയെ നിർണയിക്കേണ്ടത്. എല്ലാവർക്കും കാരശേരിയുടെ മക്കളെ പോലെ ബ്രിട്ടനിൽ പോയി ജീവിക്കാൻ പറ്റില്ലല്ലോ, ആശാൻ വീണാലതുമൊരടവ് എന്നും ഒരു ചൊല്ലുണ്ട്,' അൻവർ കൂട്ടിച്ചേർത്തു.

അതേസമയം, 2016ൽ ജർമനി സന്ദർശിച്ചപ്പോൾ ട്രെയിനിൽ സഞ്ചരിക്കുന്ന ഫോട്ടോ കാരശ്ശേരി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോ ഐ.സി.ഇ എന്ന അതിവേഗ തീവണ്ടിയാണെന്നും ജർമ്മനിയിൽ ആ ട്രെയിനിൽ യാത്രചെയ്യുന്ന കാരശ്ശേരിക്ക് കേരളത്തിൽ വേഗത വേണ്ടേ എന്നും ചോദിച്ചാണ് ഇടതു കേന്ദ്രങ്ങളിൽ നിന്ന് കാരശേരിയെ ആക്രമിച്ചത്. എന്നാൽ ഇത് സാധാരണ ട്രെയിൻ മാത്രമാണെന്ന് ജർമനിയിൽ അക്കാലത്തുണ്ടായിരുന്ന ചില വിദ്യാർത്ഥികൾ വിശദീകരിക്കുമ്പോഴും കാരശ്ശേരിയുടെ എഫ്.ബി പേജിൽ സൈബറാക്രമണം തുടരുകയാണ്.

തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എം എൻ കാരശ്ശേരി രംഗത്തെത്തിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് പ്രതികരണം. സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. സൈബർ ആക്രമണങ്ങൾ എന്നാണ് അതിനെ പറയുന്നത്. അതിൽ പരാതിയോ പരിഭ്രമമോ തനിക്കില്ലെന്ന് ഇല്ലെന്ന് കാരശേരി പറയുന്നു.

'എനിക്കതെല്ലാം തമാശയാണ്. കാരണം വ്യക്തിപരമായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിപരമായി ഞാൻ ആരെയും അധിക്ഷേപിച്ചിട്ടുമില്ല. നയപരമായ കാര്യങ്ങളാണ് ഞാൻ പറഞ്ഞിട്ടുള്ളത്. നമുക്കൊരു വികസന നയമുണ്ടോ, നമുക്കൊരു പരിസ്ഥിതി നയമുണ്ടോ എന്നതിനെ കുറിച്ചൊക്കെയാണ് ഞാൻ സംസാരിച്ചിട്ടുള്ളത്.

ബിജെപിക്കോ, കോൺഗ്രസിനോ, സിപിഐ.എമ്മിനോ, ലീഗിനോ ഇത്തരത്തിലുള്ള നയങ്ങളുണ്ടോ എന്നാണ് ഞാൻ ചോദിച്ചത്. അതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം പ്രകൃതിനശീകരണം കൊണ്ട് ജീവിതം എങ്ങനെയാണ് ദുസ്സഹമാകുന്നത് എന്ന് 2018ലെ പ്രളയം നമുക്ക് പഠിപ്പിച്ച് തന്നതാണ്.

2018ൽ നിരവധി ഉരുൾപൊട്ടലുകളുണ്ടായ പഞ്ചായത്തുകളാണ് കാരശ്ശേരിയും തൊട്ടടുത്തുള്ള കൂടരഞ്ഞിയും. എങ്ങനെയാണ് ഈ രീതിയിൽ ബോംബുകൾ പോലെ കുന്നുകൾ പൊട്ടുന്നത്, വെള്ളം പ്രതികാരം ചെയ്യുന്നത്, ക്വാറികൾ ആരംഭിച്ച് പാറക്കെട്ടുകൾ ഇല്ലാതാകുന്നത്, മരങ്ങൾ വെട്ടിക്കളയുന്നത്, കിളികളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥകൾ തകിടം മറിയുന്നത് തുടങ്ങി പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത്. ഈ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ചെയ്യേണ്ടത്. മറുപടി ഇല്ലാത്തതുകൊണ്ടായിരിക്കാം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. എനിക്കതിൽ ആക്ഷേപമില്ല'. എം എൻ കാരശ്ശേരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP