Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവസങ്ങോളം കുക്ക് ചെയ്തിട്ടും തുടയ്ക്കാത്ത ഗ്യാസടുപ്പും ഭക്ഷണത്തിന്റെ വേസ്റ്റ് പുളിച്ച് നാറുന്ന അടുക്കളയും; വൃത്തിയില്ലാത്ത വീടുകളിൽ ചെന്നു കയറുന്ന മരുമക്കളുടെ ദുരിതം പറഞ്ഞ് കുറിപ്പുമായി അഞ്ജലി ചന്ദ്രൻ

ദിവസങ്ങോളം കുക്ക് ചെയ്തിട്ടും തുടയ്ക്കാത്ത ഗ്യാസടുപ്പും ഭക്ഷണത്തിന്റെ വേസ്റ്റ് പുളിച്ച് നാറുന്ന അടുക്കളയും; വൃത്തിയില്ലാത്ത വീടുകളിൽ ചെന്നു കയറുന്ന മരുമക്കളുടെ ദുരിതം പറഞ്ഞ് കുറിപ്പുമായി അഞ്ജലി ചന്ദ്രൻ

സ്വന്തം ലേഖകൻ

ത്തിരി സ്വപ്‌നങ്ങളും സന്തോഷത്തോടെയുമാണ് പല പെൺകുട്ടികളും വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ എത്തുന്നത്. കൊട്ടിഘോഷിച്ച് കല്യാണം നടത്തുമ്പോഴും വീട്ടിലെ പെൺകുട്ടി ചെന്നു കയറുന്ന വീടിന്റെ സാഹചര്യത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കുന്നുണ്ടാകും? കാരണവന്മാർ സൗകര്യപൂർവം കയ്യൊഴിയുന്ന ഇത്തരം രംഗങ്ങളെ സോഷ്യൽ മീഡിയക്ക് മുന്നിലേക്ക് വയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ.

അഞ്ജലിയുടെ കുറിപ്പ് ഇങ്ങനെ: 'നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്ന ഒരാചാരം പറയുന്നതിന് മുൻപ് ഒരു ഡിസ്‌ക്ലൈയിമർ വെക്കുന്നു. എന്റെ വിവാഹത്തിന് അങ്ങനെ ചെയ്തില്ലായിരുന്നു , അപ്പുറത്തെ വീട്ടിലെ പെൺകുട്ടി ഇങ്ങനെയായിരുന്നു എന്നു പറഞ്ഞു നോർമലൈസ് ചെയ്യരുത്. നിങ്ങളുടെ വിവാഹം നടന്നതു പോലെ അല്ലെങ്കിൽ നിങ്ങളുടെ അനുഭവങ്ങൾ പോലെ അല്ലാതെ ജീവിച്ചു തീർക്കുന്ന ഒരു പാട് പേരുണ്ടാവും നിങ്ങൾക്ക് ചുറ്റിലും.

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കല്യാണങ്ങളും നടക്കുന്ന മുൻപ് ഉള്ള ഒരു ചടങ്ങാണ് ചെക്കന്റെ വീട് കാണാൻ പോവൽ. ഒരു മൂന്നാലു കാറിന് കാരണവന്മാരും അയൽവാസികളും പോയി ബിരിയാണി തിന്നു വരാനും ചെക്കന്റെ വീട്ടിലെ പോർച്ചിലെത്ര കാറുണ്ട്, തെങ്ങാണോ റബ്ബറാണോ കൂടുതൽ പറമ്പിലുള്ളത് , വിപണി നിലവാരം എന്നതൊക്കെ ചർച്ച ചെയ്യാനുള്ള ഒരു ചടങ്ങാണ് പലപ്പോഴുമിത്. കൂട്ടത്തിൽ സ്ത്രീ ജനങ്ങൾ പലപ്പോഴും ഉണ്ടാവില്ല. ഇനി അഥവാ ഉണ്ടെങ്കിലും പലപ്പോഴും മുൻകൂട്ടി തീരുമാനിച്ചുള്ള പ്രോഗ്രാമായതു കൊണ്ട് വീടു മുഴുവൻ അടിച്ചു തുടച്ച് കണ്ണാടിയാക്കിയത് കണ്ട് അവരും മടങ്ങും. അവിടെത്തെ ഷോ കേയ്‌സ് വീട്ടിയിലാ പണിതത് അല്ലെങ്കിൽ പൂജാമുറിയിൽ ഒരാൾ പൊക്കത്തിലൊരു നിലവിളക്കുണ്ട് ചെക്കന്റെ പെങ്ങളുടെ ആൽബം കണ്ടോ ഒരു നൂറു പവൻ അവൾക്ക് കൊടുത്തിട്ടുണ്ട് എന്ന പോലത്തെ ഡയലോഗ് ഉണ്ടാവും.

വിവാഹം കഴിഞ്ഞ് ആ വീട്ടിൽ ജീവിക്കേണ്ട പെൺകുട്ടി വിവാഹത്തിനു മുൻപ് ഒരിക്കൽ പോലും ഭാവി ഭർത്താവിന്റെ വീട് സന്ദർശിക്കുന്ന ചടങ്ങ് ഇതുവരെ കണ്ടിട്ടില്ല. ഇനി പ്രണയ വിവാഹം ആണെങ്കിൽ ആദ്യമായി ഉണ്ടാവുന്ന കുട്ടിക്ക് ഇടാൻ പോവുന്ന പേര് വരെ കണ്ടുപിടിച്ചു വച്ചാലും നിന്റെ വീട്ടിൽ രാവിലെ എണീറ്റാൽ പല്ലു തേച്ചിട്ടാണോ ബെഡ് കോഫി കുടിക്കുക എന്നൊരു ചോദ്യം എത്ര പേർ ചോദിച്ചു കാണും? നാടുമുഴുവൻ നടന്ന് എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന സാംസ്‌കാരിക കുടുംബമെന്ന് നാട്ടുകാർ പറയുന്ന വീട്ടുകാരുടെ അടുക്കളയുടെ വൃത്തി പുറത്ത് പറയാൻ പലപ്പോഴും പറ്റില്ല. അങ്ങനെ ഒന്നില്ല എന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കാണുമ്പോൾ ഇതൊക്കെ ഊതിപ്പെരുപ്പിച്ചതായി ചിലർക്കെങ്കിലും തോന്നുന്നത്.

പത്തിരുപത്തഞ്ച് പേർ വന്നു കാണുന്ന വീട് കാണൽ ചടങ്ങും നടന്ന് വിവാഹം കഴിഞ്ഞ് പത്തു ദിവസം ഒക്കെ കഴിയുമ്പോഴേ ഭർതൃവീടിന്റെ ഒരു രൂപഘടന പെൺകുട്ടിക്ക് കിട്ടുള്ളൂ. അത്യാവശ്യം വൃത്തിയുള്ള വീട്ടിൽ നിന്നു വരുന്ന പെൺകുട്ടിയെ ചിലപ്പോൾ അടുക്കളയിൽ വരവേൽക്കുക ദിവസങ്ങോളം കുക്ക് ചെയ്തിട്ടും ഒരിക്കൽ പോലും തുടയ്ക്കാത്ത ഗ്യാസടുപ്പും തീരെ വൃത്തിയില്ലാതെ കഴുകി വെച്ച പാത്രങ്ങളും ചുരുങ്ങിയത് മൂന്നാലു ദിവസത്തെ ഭക്ഷണത്തിന്റെ വേസ്റ്റ് ഒന്നായി എടുത്തു വെച്ച പുളിച്ചു നാറുന്ന ബക്കറ്റും തൊടാൻ അറയ്ക്കുന്ന മട്ടിലുള്ള ചപ്പത്തുണികളുമാവും.

വീടുകാണൽ ചടങ്ങിൽ ഇതൊന്നും ആരും ശ്രദ്ധിക്കില്ല എന്നതാണ് സത്യം. ഞാനറിയുന്ന ഒരു പെൺകുട്ടി പറഞ്ഞത് വിവാഹത്തിനു മുൻപ് ഒരിക്കലെങ്കിലും എനിയ്‌ക്കോ എന്റെ അമ്മയ്‌ക്കോ ആ വീടിന്റെ അടുക്കള കാണാൻ സാധിച്ചിരുന്നെങ്കിൽ ഈ വിവാഹമേ നടക്കില്ലായിരുന്നു എന്നാണ്. പുറത്തു നിന്നു നോക്കുമ്പോൾ വലിയ വീട്, വൃത്തിയിൽ വസ്ത്രം ധരിക്കുന്ന വീട്ടുകാർ, നാട്ടിലെല്ലാർക്കും നല്ലത് പറയാൻ മാത്രമുള്ള കുടുംബം, പൂന്തോട്ടം. പക്ഷേ, അടുക്കളയിൽ പുഴുവരിക്കാൻ തയ്യാറായി നിൽക്കുന്ന പുളിച്ച മണം നാലടി ദൂരേ നിന്നേ പുറപ്പെടുവിക്കുന്ന വേസ്റ്റ് ബക്കറ്റ്. തീരെ വൃത്തിയില്ലാത്ത ഭക്ഷണം കഴിച്ചു കൈ കഴുകാൻ ചെന്നാൽ ഓക്കാനം വരുന്ന ബേസിൻ, ഒരു പബ്ലിക് ടോയ്‌ലറ്റിനെ ഓർമിപ്പിക്കുന്ന കോമൺ ബാത്‌റൂം ഇതൊക്കെയാണ് കാണാ കാഴ്ചകൾ.

ആളുകൾ വന്നാൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ എട്ടു പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിൾ ഉണ്ടെങ്കിലും വീട്ടിലുള്ളവർ മാത്രമുള്ളപ്പോൾ ഈ വേസ്റ്റ് മണത്തിനടുത്ത് ഒരു കുട്ടി ടേബിൾ ഇട്ടാണ് വീട്ടുകാരുടെ ഭക്ഷണം കഴിപ്പ്. മകളുടെ ഭർത്താവ് വന്നാൽ അവനെ രാജാവായി കാണാൻ ഈ ഡൈനിങ് ടേബിളിൽ ഭക്ഷണം നിരത്തുന്നവർ രണ്ടാഴ്ച മുന്നെ കല്യാണം കഴിഞ്ഞ മരുമകൾക്ക് നേരത്തെ പറഞ്ഞ സ്ഥലത്ത് ഭക്ഷണം വിളമ്പുകയും അവളെ കൊണ്ട് എല്ലാവരുടെയും എച്ചിലെടുപ്പിക്കുകയും ചെയ്യും. അല്ലെങ്കിലും പെൺകുട്ടികൾക്ക് അറപ്പ് പാടില്ല എന്നാണല്ലോ ചൊല്ല്. ഇനിയഥവാ പെൺകുട്ടിയുടെ വൃത്തി ഭർതൃവീട്ടുകാർക്ക് മനസ്സിലായാൽ അവൾക്ക് OCD ആണെന്നോ ഇവരൊക്കെ കുഞ്ഞുണ്ടാവുമ്പോൾ എന്തു ചെയ്യും എന്നൊന്ന് കാണണം എന്ന് ബന്ധുക്കൾക്കിടയിൽ വച്ച് പറഞ്ഞ് അവളെ കൂട്ടമായി ഒന്ന് പരിഹസിക്കാം.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഇറങ്ങിയ സമയത്ത് കണ്ട കമന്റുകളിൽ ചിലത് ഇങ്ങനെയായിരുന്നു ' ആ വേസ്റ്റ് കളഞ്ഞാൽ അവൾക്കെന്താ സംഭവിക്കുക'. അതെ നിങ്ങളിതു വരെ നിന്ന സാഹചര്യമായതു കൊണ്ട് നിങ്ങളുടെ വീട്ടിലെ വൃത്തിയില്ലായ്മ എത്ര ഭീകരമാണെന്ന് നിങ്ങൾക്ക് മനസ്സിലായി കൊള്ളണമെന്നില്ല. പുതിയൊരു സാഹചര്യവുമായി ഇടപഴകാൻ തന്നെ സമയമെടുക്കുന്ന സമയത്ത് വന്നു കയറുന്ന പെൺകുട്ടി ഇതൊക്കെ സഹിക്കണമെന്ന ചിന്ത ആ വേസ്റ്റ് ബക്കറ്റിലെ അഴുക്കിലും വലുത് നിങ്ങളുടെ മനസ്സിലുണ്ടെന്ന് കാണിച്ചു തരികയാണ്.
പൊന്നു പെൺകുട്ടികളെ, വിവാഹം കഴിക്കുന്ന മുൻപ് വൃത്തിക്കാര്യങ്ങളിൽ ഒരേകദേശ ധാരണ ചെന്നു കയറുന്ന വീടിനെ പറ്റി ഉണ്ടാകുന്നത് വളരെ നല്ലതാണ്. വൃത്തിയില്ലായ്മ സഹിക്കാൻ പറ്റാഞ്ഞിട്ടും ജീവൻ കിടക്കാൻ വേണ്ടി ഭക്ഷണം കഴിക്കുകയാണ് എന്നു പറഞ്ഞു കരഞ്ഞ , ഇതിലും നല്ല പ്ലേറ്റിലാണ് വീട്ടിലെ പട്ടിക്കുട്ടിക്ക് ഞങ്ങൾ ഭക്ഷണം കൊടുത്തിരുന്നത് എന്നു പറഞ്ഞ ഒരാളാണ് ഇന്നത്തെ എഴുത്തിനു കാരണമായത്. സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന കുടുംബത്തിലെ കഥ തന്നെയാണ് എഴുതിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP