Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

25 ദിവസം ഒന്നു സംസാരിക്കാൻ പോലും ആയില്ല; രോഗത്തിന്റെ മാത്രമല്ല, ഏകാന്തതയുടെ തടവറ കൂടിയാണ് അവളുടെ ജീവനെടുത്തത്; കോവിഡ് പ്രോട്ടോക്കോൾ ഇത്രയും ക്രൂരമാകേണ്ടതുണ്ടായിരുന്നോ?

25 ദിവസം ഒന്നു സംസാരിക്കാൻ പോലും ആയില്ല; രോഗത്തിന്റെ മാത്രമല്ല, ഏകാന്തതയുടെ തടവറ കൂടിയാണ് അവളുടെ ജീവനെടുത്തത്; കോവിഡ് പ്രോട്ടോക്കോൾ ഇത്രയും ക്രൂരമാകേണ്ടതുണ്ടായിരുന്നോ?

സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ച് ദിവസങ്ങളോളം ആശുപത്രിമുറിയിൽ തനിച്ചു കഴിയുന്നവരാണ് പലരും. ഉറ്റവരെ കാണാതെയുള്ള ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനൊടുവിൽ ചിലരൊക്കെ മരിച്ചു വീഴുകയും ചെയ്യുന്നു. ഉറ്റവരുടെ സ്‌നേഹവും കരുതലും പരിചരണവും ഒന്നുമില്ലാതെയാണ് പലരുടേയും ജീവിതാവസാം. ചിലരെങ്കിലും ആശുപത്രിയിൽനിന്നു നേരെ ശ്മശാനത്തിലേക്ക് എടുക്കപ്പെടുമ്പോൾ, അവസാന സമയത്ത് ഒന്നു കാണാൻ പോലുമായില്ലല്ലോ എന്ന തീരാവേദന... കോവിഡ് ബാധിച്ച് മരിച്ച ഭാര്യ ഷേർളിയെക്കുറിച്ച് ജിൽറോയ് ഗോമസ് കുറിക്കുന്നു...

നീണ്ട 36 വർഷം എന്റെ ജീവിതത്തിലെ താങ്ങും തണലുമായിരുന്നു ഭാര്യ ഷേർളി. നല്ലൊരു പാട്ടുകാരി. കുടുംബത്തെ ഈണത്തോടെ നയിച്ചവൾ. പരസ്പരം മിണ്ടാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ മെയ്‌ 7ന് എന്റെ കയ്യകലത്തു നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയ ഷേർളിയോട് 25 ദിവസം ഞാൻ മിണ്ടിയിട്ടില്ല. ജീവനറ്റ ശരീരമായി അവൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നു ശാന്തി കവാടത്തിലേക്കു പോകുമ്പോൾ മുഖം ഒരു നോക്കു കണ്ടു. ഒന്നും മിണ്ടാതെയും പറയാതെയും, രോഗക്കിടക്കയിൽ ആശ്വസിപ്പിക്കാനാകാതെയും ഇങ്ങനെ യാത്ര പറയാനായിരുന്നോ ഇത്രകാലം ഒരു മനസ്സായി കഴിഞ്ഞത്?

എനിക്കും ഷേർളിക്കും രണ്ടു മക്കൾക്കും കോവിഡ് ബാധിച്ചത് ഏപ്രിൽ 27നാണ്. ഏഴു ദിവസത്തിനു ശേഷം ഞങ്ങൾ മൂന്നും നെഗറ്റീവായിട്ടും ഷേർളി പോസിറ്റീവായിത്തുടർന്നു. രുചിയറിയാനാകാതെ, ആഹാരം കഴിക്കാൻ ബുദ്ധിമുട്ട് വന്നപ്പോഴാണു പൂജപ്പുരയിലെ സിഎഫ്എൽടിസിയിലേക്കു മാറ്റിയത്. തണുപ്പടിച്ച് ശ്വാസംമുട്ടുണ്ടായി. ജനറൽ ആശുപത്രിയിലേക്കു മാറ്റി. ആംബുലൻസിലേക്കു കയറ്റുമ്പോഴും, ഇറക്കുമ്പോഴും അകലെ നിന്നു കണ്ടു. ആദ്യം വാർഡിൽ, മുഴുവൻ സമയം ഓക്‌സിജൻ നൽകണമെന്നു പറഞ്ഞ് ഐസിയുവിലേക്കു മാറ്റി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഹൃദയാഘാതമുണ്ടായി.

ഇതിനിടെ കോവിഡ് നെഗറ്റീവായെന്നു നഴ്‌സുമാർ പറഞ്ഞറിഞ്ഞു. സുഖപ്പെട്ടുവന്നപ്പോഴേയ്ക്കും വീണ്ടും ഹൃദയാഘാതം. വെന്റിലേറ്ററിൽ. ജൂൺ 3ന് പുലർച്ചെ മരണം. രണ്ടുദിവസം മുൻപും, എന്നെ കാണണമെന്നു നഴ്‌സുമാരോടു പറയുകയും അതിനായി ഞാൻ പലതവണ ശ്രമിക്കുകയും ചെയ്തു. അനുമതി ലഭിച്ചില്ല. വിലപിടിപ്പുള്ള വസ്തുക്കൾ ആശുപത്രിയിൽ സൂക്ഷിക്കരുതെന്നു പറഞ്ഞു മൊബൈൽ ഫോൺ തിരിച്ചേൽപ്പിച്ചതിനാൽ ഫോണിലും വിളിക്കാനായില്ല. വാർഡിലേക്കു മാറ്റുമ്പോൾ കാണാമെന്നു പറഞ്ഞു, കാത്തിരുന്നു. എന്നാൽ കണ്ടതു മോർച്ചറിയിലേക്കു മാറ്റിയപ്പോഴാണ്.


മരിച്ചത് ഷെർളി തന്നെയെന്നു തിരിച്ചറിയാൻ അവരുടെ നടപടിക്രമം! ആ നിർജീവമായ മുഖത്തേക്ക് ഒരു നിമിഷത്തിൽ കൂടുതൽ നോക്കി നിൽക്കാൻ എനിക്കായില്ല. ഗവ.ആയുർവേദ കോളജിൽ 25 വർഷം ജോലി നോക്കിയ ശേഷമാണു ഷേർളി വിരമിച്ചത്. പിരിയുമ്പോൾ, കരയാത്തവരായി സഹപ്രവർത്തകരാരും ഉണ്ടായിരുന്നില്ല. എല്ലാവർക്കും അത്രയും ഇഷ്ടമുള്ളയാൾ. 5 വയസ്സു മുതൽ പള്ളിയിലെ ഗായകസംഘത്തിൽ പാട്ടുകാരി. ഏതാണ്ട് 53 വർഷം. എന്നാൽ കോവിഡ് നെഗറ്റീവായിട്ടും, നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ആ പള്ളിയുടെ സെമിത്തേരിയിൽ ഉറങ്ങാൻ അവൾക്കായില്ല.

രോഗത്തിന്റെ മാത്രമല്ല, ഏകാന്തതയുടെ തടവറയിൽ കൂടിയാണ് 25 ദിവസം അവൾ തള്ളിനീക്കിയത്. ഇടയ്‌ക്കൊന്നു കണ്ട് ആശ്വസിപ്പിക്കാനായിരുന്നെങ്കിൽ ഇന്നും ഈ വീട്ടിൽ ഞങ്ങൾക്കൊപ്പം ഷേർളിയുമുണ്ടാകുമായിരുന്നു എന്നു മനസ്സു പറയുന്നു. ഒടുവിൽ കയ്യിൽ കിട്ടിയത് ഒരു പിടി ചാരം. രോഗത്തെക്കാൾ ഏകാന്തതയാണ് അവളെ മരണത്തിലേക്ക് നയിച്ചതെന്നു തോന്നുന്നു. പ്രോട്ടോക്കോൾ ഇത്രയും ക്രൂരമാകേണ്ടതുണ്ടായിരുന്നോ? കോവിഡ് വന്ന എനിക്കും മക്കൾക്കും പിപിഇ കിറ്റ് ധരിച്ചെങ്കിലും അവളെ ഒന്നു കാണാൻ അനുവദിച്ചു കൂടായിരുന്നോ..?

ജിൽറോയ് ഗോമസ് ചാക്ക, തിരുവനന്തപുരം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP