Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

തേയില തോട്ടത്തിലെ തണുപ്പിനെ വകവച്ച ഫോട്ടോഷൂട്ട്; പുതപ്പിൽ പൊതിഞ്ഞ പ്രണയവുമായി പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുമായി ദമ്പതികൾ; സഭ്യത ലംഘിച്ചെന്ന് സദാചാരക്കാർ; വീട്ടുകാർക്ക് പ്രശ്‌നമില്ല, ബന്ധുക്കൾക്കും പ്രശ്‌നമില്ല സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് പ്രതികരിച്ച് ദമ്പതികളും; വൈറലായത് പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തികിന്റെ ഫോട്ടോഷൂട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാലം മാറിയതോടെ വിവാഹങ്ങളും ഒരുപാട് മാറി. സേവ് ദ ഡേറ്റ്, വെഡ്ഡിങ് ഫോട്ടോ ഷൂട്ടൊക്കെയാണ് ഇപ്പോഴത്തെ ട്രെൻഡ്.കോവിഡ് കാലമായതോടെ വിവാഹ ചടങ്ങുകളൊക്കെ ലളിതമായെങ്കിലും, വിവാഹ ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.വെഡ്ഡിങ് സ്റ്റോറിസ് ഫോട്ടോഗ്രഫി എന്ന ഫേസ്‌ബുക്ക് പേജിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നാൽ ചില വിമർശനങ്ങളും ചിത്രങ്ങൾക്ക് വരുന്നുണ്ട്.

എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണിത്. പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണെങ്കിലും സേവ് ദ് ഡേറ്റ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പരമ്പരാഗത ശൈലിയലുള്ള ചിത്രങ്ങൾ ഒഴിവാക്കി പുതിയ ട്രെന്റ് പിന്തുടരണം എന്ന ആഗ്രഹമാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ഇക്കാര്യം കുടുംബസുഹൃത്തും ഫൊട്ടഗ്രഫറുമായ അഖിൽ കാർത്തികേയനോട് പറഞ്ഞു. തുടർന്ന് വാഗമണ്ണിലെത്തി ഷൂട്ട് നടത്തുകയായിരുന്നു. ചിത്രങ്ങൾ വെഡ്ഡിങ് സ്റ്റോറീസിന്റെ പേജിലൂടെ പങ്കുവച്ചതിനു പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.

ഷൂട്ടിൽ യാതൊരു തെറ്റുമില്ലെന്നു തന്നെയാണ് ദമ്പതികളുടെ നിലപാട്. ''എന്റെ ഭാര്യയ്‌ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്‌നമില്ല, ബന്ധുക്കൾക്ക് പ്രശ്‌നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോർട്‌സിന്റെയും സ്ലീവ്ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്‌നം. സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം'' ഋഷികാർത്തിക് പറഞ്ഞു.

കാലവും ലോകവും മാറുമ്പോൾ അതിനെ പുച്ഛത്തോടെ കാണുകയും എല്ലാത്തിനേയും അശ്ലീല കണ്ണുകളോടു കൂടി മാത്രം കാണാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നമെന്നാണ് ഇവരുടെ പക്ഷം. ആദ്യം ചില കമന്റുകൾക്ക് ഋഷി മറുപടി നൽകിയിരുന്നു. എന്നാൽ കമന്റുകൾ നിരവധി ആയതോടെ അത് അവസാനിപ്പിച്ചു. ''കൊലപാതകമോ പീഡനമോ പിടിച്ചു പറിയോ മറ്റേതെങ്കിലും കുറ്റകൃത്യമോ ചെയ്തിട്ടില്ല. അതു ചെയ്യുന്നവർ ഒരു കൂസലും കൂടാതെ നടക്കുന്നു. അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ വരെ ഫോട്ടോഷൂട്ടിനെതിരെ രംഗത്തു വരുന്നു എന്നതാണ് രസകരം. സ്ത്രീയുടെ ശരീരഭാഗം കാണുമ്പോൾ നിങ്ങൾ ചിന്തിക്കുന്നത് മറ്റു പലതുമാണ്. സ്ത്രീ എന്നാൽ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്‌നമാണിത്. അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആയി കണ്ടാൽ പ്രശ്‌നം തീർന്നു. ഇഷ്ടമായില്ലെങ്കിൽ സ്‌ക്രോൾ ചെയ്തു പോയാൽ പോരെ. ഇനി തെറി വിളിച്ചേ തീരൂ എങ്കിൽ ആയിക്കോളൂ. ആരുടേയും വായ മൂടി കെട്ടാൻ സാധിക്കില്ലല്ലോ'' ഋഷിയും ലക്ഷ്മിയും നിലപാട് വ്യക്തമാക്കി.

ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയിൽ ചിത്രങ്ങൾ എടുത്തു കൊടുക്കുക തങ്ങളുടെ കടമയെന്നാണ് ഫൊട്ടോഗ്രഫർ അഖിൽ കാർത്തികേയന് പറയാനുള്ളത്. ഇത്തരം ഫോട്ടോഷൂട്ടുകളിലൊന്നും ഇപ്പോൾ അസ്വാഭാവികതയില്ലെന്നും ഇനിയും ട്രെന്റ് മാറുമെന്നും അഖിൽ പറയുന്നു.
സെപ്റ്റംബർ 16 ന് ലക്ഷ്മിയുടെ സ്വദേശമായ കൊല്ലത്തുവച്ചായിരുന്നു ഇവരുടെ വിവാഹം. ഒരു മൊബൈൽ ബ്രാൻഡിന്റെ ഡിസ്ട്രിബ്യൂഷൻ മേഖലയിലാണ് ഋഷികാർത്തിക് ജോലി ചെയ്യുന്നത്. ലക്ഷ്മി ഇലക്ട്രോണിസിൽ ഡിപ്ലോമ പൂർത്തിയാക്കി തുടർനപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP