Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിൽ കുടുങ്ങിയ യുവ തമിഴ് ദമ്പതികൾക്ക് രക്ഷയായത് മലയാളി വാട്ട്സ്അപ് ഗ്രൂപ്പ്; യു കെ യിലെ മലയാളി സമൂഹത്തെ തമിഴകം പ്രശംസകൊണ്ട് മൂടുന്ന കഥ

ലണ്ടനിൽ കുടുങ്ങിയ യുവ തമിഴ് ദമ്പതികൾക്ക് രക്ഷയായത് മലയാളി വാട്ട്സ്അപ് ഗ്രൂപ്പ്; യു കെ യിലെ മലയാളി സമൂഹത്തെ തമിഴകം പ്രശംസകൊണ്ട് മൂടുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

റോഡ് സ്വദേശിയായ പഴനിശെൽവം എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ 28 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായി ഒരു ബ്ലോഗ് എഴുതിയത് യു കെ യിലെ മലയാളികളെ വാഴ്‌ത്താൻ വേണ്ടിയായിരുന്നു. കാരണം ജീവിതത്തിലെ കെട്ടകാലത്ത് ഒരു കൈത്താങ്ങായി എത്തിയത് അവരായിരുന്നു. ഭാഷയും വംശവും ജാതിയും മതവുമൊന്നും മനുഷ്യത്വത്തിന് പകരം വയ്ക്കാൻ ആകുന്ന ഒന്നല്ലെന്ന് തെളിയിച്ചിരിക്കുകയാണ് യു. കെ യിലെ മലയാളി കൂട്ടായ്മയും മലയാളീസ് സ്ട്രാൻഡഡ് ഇൻ യു കെ എന്ന വാട്ട്സ്അപ് ഗ്രൂപ്പും.

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പഴനിശെൽവത്തിന്റെ വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലമായിട്ടില്ല. ഹോമിയോപതി ഡോക്ടറായ ഭാര്യയുമൊത്ത് യു കെ യിൽ ജീവിതമാരംഭിച്ചിട്ടും ഏറെ നാളുകളായിട്ടില്ല. ഈ വർഷം ജനുവരിയിൽ പഴനിശെൽവത്തിന്റെ ഭാര്യ ഒരു ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് തിരിച്ചെത്തി. മാർച്ചിൽ യു കെ യിലേക്ക് തിരിച്ചെത്താമെന്നായിരുന്നു ഉദ്ദേശിച്ചത്. അപ്പോഴാണ് അവിചാരിതമായി കോവിഡ് ബാധ ലോകമാകെ വ്യാപിക്കുന്നതും അന്താരാഷ്ട്ര വിമാനയാത്രകൾക്ക് വിലക്കുകൾ ഉണ്ടാകുന്നതും.

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്കുണ്ടെന്നറിഞ്ഞ നവ ദമ്പതികൾക്ക് വിരഹദുഃഖത്തിനറുതി വരുത്താൻ ദൈവങ്ങളോട് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു. ഏപ്രിൽ അവസാനത്തോടെയോ മെയ്‌മാസം ആദ്യമോ എല്ലാം ശരിയായി വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനകളുമായി കഴിച്ചുകൂട്ടിയ നാളുകൾ പഴനിശെൽവൻ ബ്ലോഗിൽ ഹൃദസ്പർക്കായി കുറിച്ചിടുന്നുണ്ട്. എന്നാൽ പ്രതീക്ഷക്ക് വിപരീതമായിരുന്നു യാഥാർത്ഥ്യങ്ങൾ. ഇത് ഇരുവരെയും മാനസികമായി വളരെയധികം തളർത്തിയതായി പഴനിശെൽവൻ പറയുന്നു. മാത്രമല്ല, മാനസിക സമ്മർദ്ദം വേരിക്കോസ് ഞരമ്പുകളിലെ വേദന അസഹ്യമാക്കി.

അവസാനം പ്രശ്നങ്ങൾക്ക് അറുതിവരുമെന്ന് തോന്നിപ്പിച്ചുകൊണ്ട് ചില വിമാന സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ പഴനിശെൽവൻ ചെന്നൈ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീടാണ് കൊച്ചിയിലേക്കുള്ള വിമാന സർവ്വീസിന്റെ പ്രഖ്യാപനം വരുന്നത്. വിമാനത്താവളത്തിൽ നിന്നും സ്വന്തം നാട്ടിലേക്കുള്ള ദൂരം കൊച്ചിയിൽ നിന്നും കുറവായതിനാൽ പഴനിശെൽവം കൊച്ചിയിലേക്ക് ടിക്കറ്റെടുത്തു. എന്നാൽ കേരളത്തിൽ എത്തിയാൽ പൂർത്തീകരിക്കേണ്ട നടപടികളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയിരിക്കുമ്പോഴായിരുന്നു മലയാളീസ് സ്ട്രാൻഡഡ് ഇൻ യു കെ എന്ന വാട്ട്സ്അപ് ഗ്രൂപ്പിലെ അനൂപിനെ പരിചയപ്പെടുന്നത്.

പഴനിശെൽവനേയും അനൂപ് ഗ്രൂപ്പിൽ ചേർത്തു. ഈ ഗ്രൂപ്പ് വഴി പല വിലയേറിയ വിവരങ്ങളും ലഭിച്ചിരുന്നു എന്ന് അനൂപ് ഓർത്തെടുക്കുന്നു. നിരവധി പേരാണ് അവരുടെ അനുഭവങ്ങളുമായി ഗ്രൂപ്പിൽ വന്നത്. അത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു എന്നും പഴനിശെൽവൻ പറഞ്ഞുവയ്ക്കുന്നു. അങ്ങനെയാണ് വിദേശത്തുനിന്നും എത്തുന്നവർക്ക് കേരളത്തിൽ നിർബന്ധിത ഇൻസ്റ്റിറ്റിയുഷണൽ ക്വാറന്റൈൻ ഇല്ലെന്ന് അയാൾ മനസ്സിലാക്കുന്നത്. കേരള സർക്കാർ, യഥാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സർക്കാരാണെന്ന് പഴനിശെൽവൻ എഴുതുന്നു. വിദേശത്ത് നിന്നെത്തുന്നവർക്ക്, എത്രയും പെട്ടെന്ന് പ്രിയപ്പെട്ടവരെ കാണണമെന്നായിരിക്കും ആഗ്രഹം. അതറിഞ്ഞ് പ്രവർത്തിക്കുന്ന കേരള സർക്കാരിനെ അഭിനന്ദിക്കുന്നുമുണ്ട്. മറ്റുള്ള സംസ്ഥാനങ്ങൾ ഇക്കാര്യം കേരളത്തെ കണ്ടുപടിക്കണം എന്നും പഴനിശെൽവൻ പറയുന്നു.

എന്നാൽ മലയാളിക്കൂട്ടായ്മയുടെ സഹായം ഈ വിവരം പകര്ന്നു നൽകുന്നതിൽ അവസാനിച്ചില്ല. ഇന്ത്യയിലെ തന്നെ പ്രശസ്തനായ വേരിക്കോസ് വിദഗ്ദൻ ഡോ. റോയ് വർഗ്ഗീസുമായി അനൂപ് ഫോണിൽ സംസാരിപ്പിച്ചു.അതുമാത്രമല്ല, യാത്രയിൽ ഉടനീളം സഹായത്തിനായി ബാസിം എന്ന സഹയാത്രികനെ ഏർപ്പാടാക്കുകയും ചെയ്തു. ആ വിമാനത്തിൽ മലയാളി അല്ലാത്ത ഒരാൾ താൻ മാത്രമായിരുന്നു എന്ന് പഴനിശെൽവൻ പറയുന്നു. എന്നിരുന്നാലും എല്ലാ കാര്യങ്ങളും, വീല്ചെയർ, ചെക്ക് ഇൻ, പിന്നീട് കൊച്ചിയിലെത്തിയുള്ള നടപടികൾ എല്ലാം ആദ്യം പഴനിശെൽവന് ചെയ്തുകൊടുക്കാൻ ബാസിംമുൻകൈ എടുത്തു.

ഇതിനിടയിൽ മുമ്പൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറുമ്പോൾ അനൂപ് വിളിച്ച് വിശേഷങ്ങൾ അന്വേഷിച്ചിരുന്നു. ഈ സഹായങ്ങൾ ഓർത്തെടുത്തുകൊണ്ട്, ഇനി മുതൽ തമിഴ് നാട്ടിലെത്തുന്ന ഏതൊരു മലയാളിക്കും ഏതൊരു സഹായവുമായി താൻ ഉണ്ടാകുമെന്ന് വാഗ്ദാനം നൽകിക്കൊണ്ടാണ് ബ്ലോഗ് അവസാനിക്കുന്നത്. ''എല്ലാ ഗ്രാമങ്ങളും എന്റെ ഗ്രാമം, എല്ലാ ജനങ്ങളും എന്റെ ബന്ധുക്കൾ'' എന്ന തലക്കെട്ടോടുകൂടിയ ബ്ലോഗ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP