Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളത്തിൽ പണി കൊടുത്താലും സായിപ്പിന് മനസ്സിലാകും; ഇന്ത്യാക്കാരെ കാളവണ്ടിക്കാരാക്കിയ മംഗൾയാൻ കാർട്ടൂണിന്റെ പേരിൽ മാപ്പ് ചോദിച്ച് ന്യൂയോർക്ക് ടൈംസ്; ക്ഷമാപണം പത്രഭീമനെ വിമർശിക്കാൻ ലോകം ഒരുമിച്ചപ്പോൾ

മലയാളത്തിൽ പണി കൊടുത്താലും സായിപ്പിന് മനസ്സിലാകും; ഇന്ത്യാക്കാരെ കാളവണ്ടിക്കാരാക്കിയ മംഗൾയാൻ കാർട്ടൂണിന്റെ പേരിൽ മാപ്പ് ചോദിച്ച് ന്യൂയോർക്ക് ടൈംസ്; ക്ഷമാപണം പത്രഭീമനെ വിമർശിക്കാൻ ലോകം ഒരുമിച്ചപ്പോൾ


ന്യൂയോർക്ക്: മലയാളത്തിൽ പണി കൊടുത്താൽ ഫലം കിട്ടുമെന്ന് ഉറപ്പായി. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ഫേസ്‌ബുക്കിലെ തെറിവിളി കൊണ്ട് പൊറുതി മുട്ടിയപ്പോൾ എന്താണ് നിങ്ങൾ ഈ എഴുതുന്നതെന്ന് ചോദിച്ച് ഷറപ്പോവ തിരിച്ചടിച്ചെങ്കിൽ ന്യൂയോർക്ക് ടൈംസിന് അതൊന്നും വേണ്ടി വന്നില്ല. മലയാളവും തെലുങ്കും കന്നടയും തമിഴും അടങ്ങുന്ന ഇന്ത്യൻ ഭാഷകളിലെ തെറിയുടെ വ്യാപ്തി തിരിച്ചറിഞ്ഞ് സായിപ്പന്മാർ ക്ഷമാപണം നടത്തി.

ഇന്ത്യ ചൊവ്വയെ തൊട്ടത് പശ്ചാത്യരാജ്യങ്ങൾ പിടിച്ചിരുന്നില്ല. പലതരത്തിൽ ഈ നേട്ടത്തെ അവർ കളിയാക്കി. ന്യൂയോർക്ക് ടൈംസിനും മംഗൾയാനെ ഉൾക്കൊള്ളാനായില്ല. അവരും ഇന്ത്യയെ കളിയാക്കാൻ പണിയിട്ടു. ഒരു കാർട്ടൂൺ. കുറഞ്ഞ ചെലവിൽ ചൊവ്വയെ വലം വയ്ക്കുന്ന മംഗൾയാനെ എല്ലാ അർത്ഥത്തിലും പരിഹസിക്കുന്ന കാർട്ടൂൺ. ഉദ്ദേശിച്ച ഫലമല്ല ന്യൂയോർക്ക് ടൈംസിന് പിന്നീട് ഉണ്ടായത്. ലോകമെമ്പാടുമുള്ള പത്രങ്ങൾ ഇതിനെ വംശീയ അധിക്ഷേപമായി കാണിച്ച് വാർത്ത കൊടുത്തു.

ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ കാർട്ടൂണിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. ഫെയ്‌സ് ബുക്ക് പേജിൽ വിമർശനങ്ങൾ സജീവമായി. ന്യൂയോർക്ക് ടൈംസിന്റെ എഫ്.ബി മലയാളത്തിൽ തെറിയഭിഷേകം കൊണ്ട് നിറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെത്തിയതിനിടെയാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. മംഗൾയാനിലൂടെ എന്താണ് ഇന്ത്യ നേടിയതെന്ന് പ്രധാനമന്ത്രി തന്നെ വിശദീകരിച്ചു. ഇതുകേട്ട് മാഡിസൺ സ്‌ക്വയറിലെ ജനക്കൂട്ടം കൈയടിച്ചു. മംഗൾയാന് ആഗോള തലത്തിൽ കിട്ടിയ അംഗീകാരത്തെ പ്രസിഡന്റ് ഒബാമയും വൈസ് പ്രസ് പ്രസിഡന്റ് ജോ ബൈഡനും പ്രത്യേകം എടുത്തു പറഞ്ഞു. അതുകൊണ്ട് തന്നെ ജനവികാരത്തെ ഇനിയും നിഷേധിക്കാൻ ന്യൂയോർക്ക് ടൈംസിന് കഴിയില്ല.

ഇന്ത്യയെ പുകഴ്‌ത്തിയാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചതെന്നാണ് ഇപ്പോഴത്തെ വാദം. ബഹിരാകാശത്ത് ചൊവ്വയെ തൊടാൻ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്പിനും മാത്രമല്ല ഇന്ത്യയ്ക്കും കഴിയുമെന്ന് വിശദീകരിക്കുകയായിരുന്നു എന്നാണ് പുതിയ നിലപാട്. കാർട്ടൂൺ പ്രസിദ്ധീകരിച്ച് വിവാദങ്ങൾ ഉണ്ടായപ്പോൾ അമേരിക്കൻ പത്രം വാ തുറന്നിരുന്നില്ല. പ്രതിഷേധങ്ങൾ കൂടിയപ്പോൾ രക്ഷപ്പെടലിനായി മാപ്പു പറഞ്ഞു. അപ്പോഴും ഇന്ത്യയെ മനപ്പൂർവ്വം കളിയാക്കിയതല്ല, പുകഴ്‌ത്തിയതെന്നാണ് നിലപാട്.

അതുകൊണ്ട് തന്നെ പത്രം മാപ്പു പറയുകയാണ്. ഇന്ത്യയെ അപമാനിക്കാൻ ഉദ്ദേശിച്ചല്ല കാർട്ടൂണിട്ടതെന്നും വിശദീകരിക്കുന്നു. ഇതിനെതിരെ വലയി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കുറിപ്പെന്നും പറയുന്നു. ഹെങ് കിം സോങ് കാർട്ടൂണിലൂടെ ഇന്ത്യയെ വിലകുറച്ച് കാണാനല്ല ശ്രമിച്ചത്. മറിച്ച് ബഹിരാകാശ ദൗത്യം സമ്പന്നന്മാരായ പാശ്ചാത്യ രാജ്യങ്ങൾക്ക് മാത്രം വഴങ്ങിയിരുന്നതാണ്. അത് എപ്രകാരമാണ് മറ്റ് രാജ്യങ്ങൾക്കും സാധ്യമായത് എന്ന് വിശദീകരിക്കുന്നതായിരുന്നു കാർട്ടൂണെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ വിശദീകരണം

പരപ്രേരണ കൂടാതെ കാർട്ടൂണിസ്റ്റ് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് അതിലുണ്ടായിരുന്നത്. വംശീയ അധിക്ഷേപമോ ഇന്ത്യയെ ആക്രമിക്കുകയോ എന്ന ഒരു ലക്ഷ്യവും സോങ്ങിനില്ലായിരുന്നു. എങ്കിലും അത്തരം ചിത്രങ്ങൾ വായനക്കാർക്ക് ഉണ്ടാക്കിയ വേദനയിൽ മാപ്പു പറയുന്നു. ഫെയ്‌സ് ബുക്കിലൂടെ വായനാക്കാർ നടത്തിയ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുമുണ്ട്. ഭാവിയിലും ഇത്തരം വിമർശനങ്ങൾ തുടരണമെന്നാണ് ന്യൂയോർക് ടൈംസിന്റെ എഡിറ്റോറിയൽ പേജ് എഡിറ്റർ ആവശ്യപ്പെടുന്നത്. ഫേസ്‌ബുക്ക് പേജിലാണ് ന്യൂയോർക്ക് ടൈംസിന്റെ മാപ്പപേക്ഷിച്ച് പോസ്റ്റിട്ടത്.  

തലപ്പാവ് ധരിച്ച ദരിദ്രകർഷകൻ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലിൽ മുട്ടുന്നതായാണ് കാർട്ടൂണിലുണ്ടായിരുന്നത്. ക്ലബ്ബിനകത്തിരിക്കുന്ന സായിപ്പന്മാർ, മംഗൾയാൻ വിജയത്തെക്കുറിച്ചുള്ള പത്രവാർത്ത വായിക്കുകയാണ്. ഇന്ത്യയിൽനിന്നുള്ള ദരിദ്രൻ അവരുടെ വാതിലിൽ മുട്ടുന്നതിന്റെ നീരസം അവരുടെ മുഖത്തുണ്ട്. ഇന്ത്യയെ ദരിദ്ര രാജ്യമാക്കി കളിയാക്കുന്നതായിരുന്നു കാർട്ടൂണെന്നാണ് വിമർശനമുയർന്നത്. ഇന്ത്യാക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നും ആരോപണം ഉയർന്നു. ഇന്ത്യക്കാരൻ പശുവിനെമേച്ചു നടക്കുന്ന അപരിഷ്‌കൃതനാണെന്ന ധാരണയാണ് കാർട്ടൂൺ പ്രകടമാക്കുന്നതെന്നും വാദമുയർന്നു.



ചൊവ്വാ പര്യവേക്ഷണം സംബന്ധിച്ച കരാറുകളിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചിരുന്നു. ഇതേ സാഹചര്യത്തിൽ അമേരിക്കൻ മാദ്ധ്യമത്തിൽ ഇത്തരമൊരു കാർട്ടൂൺ വന്നത് ശരിയായില്ലെന്ന് സോഷ്യൽ മീഡിയയിലും വിമർശനം സജീവമായി. അമേരിക്കയ്ക്കും റഷ്യക്കും പിന്നാലെ ചൊവ്വാദൗത്യത്തിൽ വിജയിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യശ്രമത്തിൽത്തന്നെ വിജയിക്കുന്ന ആദ്യരാജ്യവും. ചുരുങ്ങിയ ചെലവിൽ ഈ നേട്ടം ഇന്ത്യ കൈവരിച്ചതിനെ ലോകം കൈയടികളോടെയാണ് സ്വീകരിച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മംഗൾയാൻ ദൗത്യത്തെ അഭിനന്ദിച്ചിരുന്നു.

ന്യൂയോർക്ക് ടൈംസിന്റെ ഫേസ്‌ബുക്ക് പേജിൽ പച്ചത്തെറി കൊണ്ട് അഭിഷേകം നടത്തിയാണ് മംഗൾയാനെ കളിയാക്കിയതിന് മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ മറുപടി നൽകിയത്. മംഗൾയാനെ കളിയാക്കിയുള്ള കാർട്ടൂൺ തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ, അവർ എഫ്ബി പേജിൽ പോസ്റ്റ് ചെയ്ത ബാക്കി വാർത്തകൾക്കും ചിത്രങ്ങൾക്കുമെല്ലാം വന്ന കമന്റ് കണ്ട് അവർ ഞെട്ടിയിരിക്കുകയാണ്.

ഇംഗ്ലീഷിൽ മാത്രമല്ല, പച്ചമലയാളത്തിലും തെറികൊണ്ട് അഭിഷേകമാണ് പത്രത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഉണ്ടായത്. ഈ വികാരമെല്ലാം പ്രതിഫലിപ്പിച്ചാണ് ന്യൂയോർക് ടൈംസ് ഇപ്പോൾ ക്ഷമാപണം നടത്തുന്നത്. ഒടുവിൽ ചൊവ്വയിലേക്കുള്ള ഇന്ത്യൻ ദൗത്യത്തെ ന്യൂയോർക്ക് ടൈംസും അംഗീകരിച്ചു. അതിന് തെറിവിളി കേൾക്കേണ്ടി വന്നു എന്ന് മാത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP