Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

അതേ നരേന്ദ്ര മോദിജി, അർധരാത്രിയിലെ പേടിസ്വപ്നമാണ് ജനങ്ങൾക്ക് താങ്കൾ.....! ഇതുപോലെ ഇനിയും ഏത് പ്രഖ്യാപനമാണ് അർദ്ധരാത്രി താങ്കൾ നടത്താൻ പോകുന്നതെന്ന് പേടിയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ..... നരേന്ദ്ര മോദി ബാഹുബലിയോ പൽവാർ ദേവനോ....? ക്രൈം എഡിറ്റർ നന്ദകുമാറിന്റെ കോവിഡ് പോസ്റ്റ് വൈറലാകുമ്പോൾ

അതേ നരേന്ദ്ര മോദിജി, അർധരാത്രിയിലെ പേടിസ്വപ്നമാണ് ജനങ്ങൾക്ക് താങ്കൾ.....! ഇതുപോലെ ഇനിയും ഏത് പ്രഖ്യാപനമാണ് അർദ്ധരാത്രി താങ്കൾ നടത്താൻ പോകുന്നതെന്ന് പേടിയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ..... നരേന്ദ്ര മോദി ബാഹുബലിയോ പൽവാർ ദേവനോ....? ക്രൈം എഡിറ്റർ നന്ദകുമാറിന്റെ കോവിഡ് പോസ്റ്റ് വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ക്രൈം എഡിറ്റർ ടിപി നന്ദകുമാർ നടത്തുന്നത്. ഇന്ത്യൻ ജനതയെ ബാധിക്കുന്ന എല്ലാ സുപ്രധാന തീരുമാനങ്ങളും ജനങ്ങൾ ഉറങ്ങാൻ കിടക്കുമ്പോഴാണ് അദ്ദേഹം പ്രഖ്യാപിക്കാറുള്ളതെന്ന വിമർശനത്തോടെയാണ് നന്ദകുമാറിന്റെ കോവിഡ് പോസ്റ്റ്.

നന്ദകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

*അർദ്ധരാത്രിയിലെ പേടിസ്വപ്നം ...നരേന്ദ്ര മോദി*....!

ലോകത്തിലെ ഏറ്റവും പ്രശസ്തനും തന്ത്രശാലിയുമായ ഭരണാധികാരി ആരെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ.. ഇന്ത്യയുടെ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദി.. എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്ന രാജ്യതന്ത്രജ്ഞൻ.. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അമേരിക്കൻ യാത്രയ്ക്ക് വിസ നിഷേധിച്ച ചരിത്രമാണ് നരേന്ദ്ര മോദിക്ക് ഉള്ളത് . എന്നാൽ പ്രധാനമന്ത്രിയായി അദ്ദേഹം ആദ്യം ചെന്നത് അമേരിക്കയിലേക്ക് ആണ് .പിന്നീട് ഒട്ടുമിക്ക രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു .എല്ലാവരും സുഹൃത്തുക്കളായി. ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്ന നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ സുഹൃത്ത് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ട്രംപാണ് ...! എന്നാൽ ഇന്ത്യൻ ജനങ്ങൾക്ക് പ്രത്യേകിച്ച് പട്ടിണിപ്പാവങ്ങൾക്ക് ഇന്ന് അദ്ദേഹം ഒരു പേടിസ്വപ്നമാണ്, അർദ്ധരാത്രിയിലെ പേടിസ്വപ്നം....!
അർദ്ധരാത്രിയിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് .ആ ഓർമ്മയിൽ ആണോ അതോ സ്വപ്നദർശനമാണോ എന്നറിയില്ല ഇന്ത്യൻ ജനതയെ ബാധിക്കുന്ന എല്ലാ സുപ്രധാന തീരുമാനങ്ങളും ജനങ്ങൾ ഉറങ്ങാൻ കിടക്കുമ്പോഴാണ് അദ്ദേഹം പ്രഖ്യാപിക്കാറുള്ളത് .

*കൊറോണയിൽ കൊലയ്ക്കു കൊടുത്തത് പ്രധാനമന്ത്രി...*
*ഇന്നലെ ഇന്ത്യയിൽ കൊറോണ രോഗം ബാധിച്ചത് 91723 പേർക്ക് ...മരിച്ചത് 1008 പേരും...!*
എന്നാൽ ഇന്ത്യയിലെ ജനങ്ങളെ മനസ്സിലാക്കാത്ത ജനങ്ങളെ സംരക്ഷിക്കാൻ കഴിവില്ലാത്ത രാത്രി പ്രഖ്യാപനങ്ങൾ നടത്തുന്ന, പടുവിഡ്ഢിയായ ഒരു നേതാവാണ് താങ്കൾ എന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു... 2020 മാർച്ച് 24ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം 520 ആയിരുന്നു. മരിച്ചവർ വെറും 12. ജനസംഖ്യയിൽ ഇന്ത്യയെക്കാൾ മുന്നിൽ നിൽക്കുന്ന, കൊറോണയുടെ പ്രഭവസ്ഥാനം ആയ ചൈനയിൽ രോഗികളുടെ എണ്ണം അന്ന് 81000 വും മരിച്ചവർ ആകട്ടെ 3200 ൽ അധികവും ആയിരുന്നു .ഇന്ന് ചൈനയിൽ മൊത്തം രോഗികളുടെ എണ്ണം 85122 വും മരിച്ചവർ 4634 ഉം ആണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ ഒരു ദിവസം കൊറോണ രോഗികൾ ആകുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളം ആണ്. അതായത് ചൈനയുടെ മൊത്തം രോഗികളെകാൾ കൂടുതൽ . മരണം ആകട്ടെ ദിവസേന 1000 മുതൽ 1500 വരെ എത്തിയിരിക്കുന്നു . ഇന്ത്യയിൽ മൊത്തം രോഗികളുടെ എണ്ണം 4202562 ....!. മരിച്ചവർ ആകട്ടെ മൊത്തം 71687.... .. എന്താണ് കാരണം പ്രധാനമന്ത്രി ...?
ഇന്ത്യയിലെ ജനസംഖ്യയിൽ 20 ശതമാനം മാത്രമാണ് സമ്പന്നർ. 40 ശതമാനം ശരാശരി സാമ്പത്തികസ്ഥിതി ഉള്ളവരാണ് .. പ്രതിസന്ധി വന്നാൽ തൽക്കാലം മാത്രം പിടിച്ചു നിൽക്കാൻ കഴിവുള്ളവർ... ബാക്കിവരുന്ന 40% പേർ പട്ടിണിപ്പാവങ്ങൾ ആണ്. അതാത് ദിവസം കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നവർ. അക്കൂട്ടത്തിൽ സ്വന്തം വീടും കുടിയും വിട്ടു ഇതരസംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ ജോലി ചെയ്തു കുടുംബം പുലർത്തുന്നവരും ഉണ്ട്.

ലോകത്തിലെ എല്ലാ രാജ്യങ്ങളും മറ്റു രാജ്യങ്ങളിൽ പെട്ടുപോയ സ്വന്തം പ്രജകളെ നാട്ടിൽ തിരിച്ചെത്തിക്കുക എന്നുള്ള കർമ്മം ആയിരുന്നു ആദ്യം ചെയ്തത് .പാക്കിസ്ഥാൻ പോലും അങ്ങനെ ചെയ്തു. ജനങ്ങളെ സംരക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ കടമ അതായിരുന്നില്ലേ...? സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 24ന് ലോകരാജ്യങ്ങളിലോ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലോ കൊറോണ ചുരുങ്ങിയ തോതിൽ മാത്രമേ പടർന്നിരുന്നുള്ളൂ. അമേരിക്കയിലും ഇറ്റലിയിലും ഇറാനിലും സ്‌പെയിനിലും യുകെയിലും ജർമ്മനിയിലും ആയിരുന്നു അന്ന് വ്യാപിച്ചിരുന്നത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പ്രവർത്തിക്കുന്ന അറബ് രാജ്യങ്ങളിൽ അന്ന് രോഗവ്യാപനം വളരെ ചുരുങ്ങിയ തോതിൽ മാത്രമായിരുന്നു . ലോക്ഡൗൺ കാലയളവിൽ എല്ലാവരുടെ കയ്യിലും അത്യാവശ്യവും പണവും ഉണ്ടായിരുന്നു..

പഠനത്തിലും മറ്റു കാര്യങ്ങൾക്കുമായി ലക്ഷക്കണക്കിനാളുകളാണ് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയിരുന്നത്. അപ്രതീക്ഷിതമായി കോളേജുകളും ഹോസ്റ്റലുകളും പൂട്ടിയപ്പോൾ പെൺകുട്ടികളടക്കം വഴിയിൽ കുടുങ്ങി. ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഇടങ്ങളിൽ അവർ അഭയം പ്രാപിച്ചു .അവർ മടങ്ങിയെത്തുന്ന വരെ മാസങ്ങളോളം അവരുടെ കുടുംബം അനുഭവിച്ച മാനസിക വ്യഥ താങ്കൾക്ക് ഊഹിക്കാനാകുമോ പ്രധാനമന്ത്രി? ഒരു കുടുംബം ഇല്ലാത്ത താങ്കൾക്കെങ്ങനെ ആ വേദന അറിയാൻ പറ്റും.. നരേന്ദ്ര മോദിജി.?

21 ദിവസം കഴിഞ്ഞപ്പോഴേക്കും ജോലിയും കൂലിയും ഇല്ലാത്ത ജനങ്ങൾ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത സ്ഥലങ്ങളിൽനിന്നും കൂട്ട പലായനം തുടങ്ങിയതല്ലേ കൊറണ വർധിക്കാൻ ഒരു കാരണം ...? മാസങ്ങൾ കഴിഞ്ഞപ്പോൾ വിദേശ രാഷ്ട്രങ്ങളിലും ഇതരസംസ്ഥാനങ്ങളിലും രോഗം പടർന്നു .യാത്ര ചെയ്യാനുള്ള സൗകര്യം വന്നപ്പോഴേക്കും ഒരു പൈസ പോലുമില്ലാതെ ഗതികേടിലായ പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരും അടങ്ങുന്ന ഭൂരിപക്ഷവും പലരുടെയും കാലും കയ്യും പിടിച്ച് ടിക്കറ്റെടുത്ത് മടങ്ങിയെത്തിയതുകൊറോണ വാഹകരായാണ്. ജീവിക്കാനുള്ള നെട്ടോട്ടത്തിൽ പണം കടം വാങ്ങാനും താൽക്കാലിക ജോലിക്കു വേണ്ടിയും മാനദണ്ഡങ്ങൾ ലംഘിച്ച് തെരുവിലേക്കു ഇറങ്ങിയതല്ലേ ഈ കൊറോണ വ്യാപനത്തിന് മറ്റൊരു കാരണം...?

*നരേന്ദ്ര മോദി ബാഹുബലിയോ പൽവാർ ദേവനോ....?*

താങ്കൾ ബാഹുബലി എന്ന സിനിമ കണ്ടിട്ടുണ്ടോ പ്രധാനമന്ത്രി ...?യുദ്ധത്തിൽ ചതിയിലൂടെ കാലകേയൻ എന്ന കൊള്ള തലവനെ കൊന്ന പൽവാർ ദേവനെ രാജാവാക്കുന്നതിനു പകരം ബാഹുബലിയെ രാജാവാക്കി ശിവകാമി രാജ്ഞി പ്രഖ്യാപിച്ചതിന് കാരണമെന്താണ്...? യുദ്ധത്തിനിടയിലും കുടുങ്ങിക്കിടന്ന കുട്ടികൾ അടക്കമുള്ള പ്രജകളെ രക്ഷപ്പെടുത്തി എന്നതുകൊണ്ട് മാത്രമാണ് ബാഹുബലിയെ രാജാവാക്കി പ്രഖ്യാപിച്ചത്.. ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ഉണ്ടാകേണ്ട ഏറ്റവും പ്രധാന ഗുണം എന്നത് രാജ്യത്തിലെ പ്രജകളെ സംരക്ഷിക്കുക എന്നുള്ളത് തന്നെയാണ് ബാഹുബലി ഒരു ഭരണാധികാരിയെ അടിവരയിട്ടു ഓർമിപ്പിക്കുന്നത്....!

എന്നാൽ താങ്കളോ നരേന്ദ്ര മോദിജി...? കൊറോണയും ഒരു യുദ്ധമാണ് .! കൊറോണ 19 എന്ന വൈറസിനെതിരെ ഉള്ള യുദ്ധം ... ആ യുദ്ധത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട താങ്കൾ ജനങ്ങളെ കൊറോണയ്ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നില്ലേ ...?? ബാഹുബലിയിൽ പൽവാർ ദേവൻ ചെയ്തതും അതു തന്നെയല്ലേ ....??സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് കുടുങ്ങി കിടക്കുന്നവർക്ക് മടങ്ങിവരാൻ ചുരുങ്ങിയത് 10 ദിവസം എങ്കിലും സമയം കൊടുത്തിരുന്നെങ്കിൽ അവരുടെ സ്വന്തം ചെലവിൽ വീട്ടിൽ എത്തുമായിരുന്നില്ലേ ...? അങ്ങനെ എത്തിയശേഷം 21ദിവസം കർശനമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു എങ്കിൽ ഇന്ത്യയിൽ ഇങ്ങനെ കൊറോണ വ്യാപിക്കുമായിരുന്നുവോ? ഇന്ന് ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങാൻ പറ്റാതെയും ജോലി ഇല്ലാതെയും വരുമാനമില്ലാതെയും നെട്ടോട്ടമോടുകയാണ്.. ഇന്ത്യയിൽ വ്യാപനം ആരംഭിക്കുന്നതിനു മുമ്പ് മുമ്പ് പടർന്നുപന്തലിച്ചു ശവപ്പറമ്പ് ആയി മാറിയ ഇറ്റലിയും സ്‌പെയിനും ബ്രിട്ടനും എല്ലാം ഇപ്പോൾ കൊറോണ വ്യാപനം തടയുന്നതിൽ വിജയിച്ചിരിക്കുന്നു എന്ന് താങ്കൾ മനസ്സിലാക്കണം. . ഇന്ത്യയിൽ കൊറോണ എന്ന് നിയന്ത്രിക്കാനാകും എന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥയിലാണ്. ഇങ്ങനെ ജനങ്ങളെ കൊല്ലാക്കൊല കൊടുത്തത് ആരാണ് പ്രധാനമന്ത്രി..? താങ്കൾ മാത്രമാണ് ഉത്തരവാദി.
*കൊറോണ പരാജയ നാണക്കേട് മറക്കാൻ ചൈന അതിർത്തി തർക്കം....??*

'ഭരണം പരാജയപ്പെടുമ്പോൾ ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ അതിർത്തി രാജ്യവുമായി തർക്കം ഉണ്ടാക്കുന്നത് രാജ്യതന്ത്രം ആണെന്ന്' ചാണക്യൻ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ട്വിറ്ററിൽ കുറിച്ചത് ഇന്ത്യയുടെ ഒരടി പോലും ചൈന കയ്യേറിയിട്ടില്ല എന്നാണ് .പിന്നെ ഈ കൊറോണക്കാലത്ത് എന്തിനാണ് ഈ യുദ്ധ സന്നാഹം...? ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ കൊറോണയിൽ ഉണ്ടായ പരാജയ നാണക്കേട് മറക്കാനാണ് ചൈന യുദ്ധ സന്നാഹം എന്ന പ്രതിപക്ഷ ആരോപണം ശരി എന്നല്ലേ കരുതേണ്ടത്...?

ഇതേപോലെ ഒരു അർദ്ധരാത്രിയിലാണ് നോട്ട് നിരോധനം ഉണ്ടായത് . തൊട്ടടുത്ത ദിവസം മുതൽ ജനങ്ങൾ തെരുവിലിറങ്ങി അലയേണ്ടി വന്നു. ബാങ്കുകളുടെ മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. നിരവധി പേർ മരിച്ചു വീണു .ആദ്യം ജനങ്ങൾക്ക് സമയം കൊടുത്ത് ആയിരം രൂപയുടെ നോട്ട് പിൻവലിച്ച ശേഷം വീണ്ടും സമയം കൊടുത്തു 500 രൂപയുടെ നോട്ട് പിൻവലിച്ചിരുന്നു എങ്കിൽ ഇത്ര വലിയ ദുരന്തം ജനങ്ങൾ അനുഭവിക്കേണ്ടിവരു മായിരുന്നു വോ...? അതിന്റെ പേരിൽ പല സ്ഥാപനങ്ങൾ പൂട്ടുകയും ലക്ഷക്കണക്കിനാളുകൾക്ക് ജോലിയില്ലാതെ ആവുകയും ചെയ്തു.. ഇപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന നിലയിലാണ് കൊറോണയും വന്നത്. ജനങ്ങളെ അറിയാത്ത ഒരു ഭരണാധികാരി കാട്ടിക്കൂട്ടുന്ന തലതിരിഞ്ഞ അർദ്ധരാത്രിയിലെ പ്രഖ്യാപന വിക്രിയകൾ ക്കെല്ലാം അനുഭവിക്കേണ്ടിവരുന്നത് ജനങ്ങൾ ആണെന്ന് മാത്രം....!

അതേ നരേന്ദ്ര മോദിജി, അർധരാത്രിയിലെ പേടിസ്വപ്നമാണ് ജനങ്ങൾക്ക് താങ്കൾ കൾ.....! ഇതുപോലെ ഇനിയും ഏത് പ്രഖ്യാപനമാണ് അർദ്ധരാത്രി താങ്കൾ നടത്താൻ പോകുന്നതെന്ന് പേടിയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ.....

ടി പി നന്ദകുമാർ , ചീഫ് എഡിറ്റർ ,CRIME

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP