Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയം: സി പി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി മുല്ലക്കര രത്നാകരൻ എന്ന തലക്കെട്ടിൽ വാർത്ത നൽകി ജയ്ഹിന്ദ്; സി പി എമ്മിനേയോ സർക്കാറിനേയോ വിമർശിക്കാൻ തനിക്ക് ഒളിയമ്പെയ്യേണ്ട ആവശ്യമില്ലെന്ന മറുപടിയുമായി മുല്ലക്കര; ഭാഷാപോഷിണിയിൽ വന്ന അഭിമുഖത്തിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റുകയാണ് ജയ്ഹിന്ദ് ചെയ്തതെന്നും വിമർശനം

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയം: സി പി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി മുല്ലക്കര രത്നാകരൻ എന്ന തലക്കെട്ടിൽ വാർത്ത നൽകി ജയ്ഹിന്ദ്; സി പി എമ്മിനേയോ സർക്കാറിനേയോ വിമർശിക്കാൻ തനിക്ക് ഒളിയമ്പെയ്യേണ്ട ആവശ്യമില്ലെന്ന മറുപടിയുമായി മുല്ലക്കര; ഭാഷാപോഷിണിയിൽ വന്ന അഭിമുഖത്തിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റുകയാണ് ജയ്ഹിന്ദ് ചെയ്തതെന്നും വിമർശനം

കെ വി നിരഞ്ജൻ

കോഴിക്കോട്: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയം. സി പി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി മുല്ലക്കര രത്നാകരൻ എന്ന തലക്കെട്ടിൽ കോൺഗ്രസ് അനുകൂല ചാനലായ ജയ്ഹിന്ദ് നൽകിയ വാർത്തയ്ക്ക് മറുപടിയുമായി മുല്ലക്കര രംഗത്ത്. സി പി എമ്മിനേയോ അതിന്റെ നേതാക്കളേയോ സർക്കാറിനേയോ വിമർശിക്കണമെങ്കിൽ ഒളിയമ്പയ്യേണ്ട ആവശ്യമില്ലെന്നാണ് മുല്ലക്കരയുടെ മറുപടി. ഭാഷാപോഷിണിയിൽ വന്ന തന്റെ അഭിമുഖത്തിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുക്കുകയാണ് ജയ്ഹിന്ദ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്മന്ത്രിയുമായ മുല്ലക്കര രത്‌നാകരൻ എംഎൽഎ. പ്രമുഖ മാസികയുമായി നടത്തിയ ദീർഘസംഭാഷണത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് മഹാഭാരത കഥയെ മുൻനിർത്തി അദ്ദേഹം വിമർശിക്കുന്നു. ഇടതുപക്ഷം കോൺഗ്രസും മതനിരപേക്ഷ പക്ഷവുമായി യോജിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിൽ മുന്നണി സംവിധാനം രൂപപ്പെട്ട് നെഹ്റുവിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയാണു ഇന്നത്തെ ആവശ്യമെന്നും മുല്ലക്കര പറഞ്ഞു. ‘അർജുനന്റെ പത്ത് പേരുകളിലൊന്നു വിജയൻ എന്നാണ്. അർജുനൻ കഴിഞ്ഞാൽ വിജയൻ എന്ന പേരാണു പ്രസിദ്ധം. തെക്കേ ഇന്ത്യയിൽ വലിയ തരത്തിൽ ഒട്ടേറെപ്പേർക്കു ആ പേരു വന്നത് അതുകൊണ്ടാകാം. തോൽപിക്കാൻ പറ്റാത്തവൻ എന്നർഥം. പക്ഷേ അയാൾ എല്ലാ അർഥത്തിലും പരാജയപ്പെട്ടവനാണ്. ആയുധമെടുത്ത മിക്കവാറും എല്ലാ പോരാളികളുടെയും അവസ്ഥ ഇതാണ്. യുദ്ധം ജയിച്ച അർജുനൻ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ റോളിലാണ്. അദ്ദേഹം യുധിഷ്ഠിരാനുവാദത്തോടെ രാജ്യങ്ങൾ കീഴടക്കാൻ പോകുന്നു’. വിജയൻ എന്ന പേരിനു യോഗ്യതയില്ലാത്ത വണ്ണം അയാൾ പരാജയപ്പെടുന്നതായും മുല്ലക്കര പറയുന്നുവെന്നായിരുന്നു ജയ്ഹിന്ദ് വാർത്തയിലുണ്ടായിരുന്നത്. ഇതിനാണ് ഫേസ്‌ബുക്ക് പേജിൽ മുല്ലക്കര മറുപടി നൽകുന്നത്.

ഭാഷാപോഷിണിയിൽ വന്ന തന്റെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി സ്വന്തം നിലയിൽ വ്യാഖ്യാനിച്ച് ജയ് ഹിന്ദ് ടിവിയുടെ ഓൺലൈൻ എഡിഷനിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടുവെന്ന് അദ്ദേഹം പറയുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയം; കോൺഗ്രസുമായി യോജിക്കാൻ ഇടതുപക്ഷം തയ്യാറാകണം; സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി മുല്ലക്കര രത്നാകരൻ“ എന്നായിരുന്നു അവർ നൽകിയ വാർത്തയുടെ തലക്കെട്ട്. “മഹാഭാരതത്തിലൂടെ” എന്ന എന്റെ പുസ്തകത്തെ അധികരിച്ച് ജയചന്ദ്രൻ ഇലങ്കത്ത് ഞാനുമായി നടത്തിയ അഭിമുഖ സംഭാഷണമാണ് ഭാഷാപോഷിണി പ്രസിദ്ധീകരിച്ചത്. അതിൽ മഹാ‍ഭാരതത്തിലെ അർജ്ജുനനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയെയാണ് സഖാവ് പിണറായി വിജയനെതിരെയുള്ള പ്രസ്താവനയാക്കി ജയ്ഹിന്ദ് വ്യാഖ്യാനിച്ചിരിക്കുന്നത്.

സിപിഎമ്മിനെയോ അതിന്റെ നേതാക്കളെയോ സർക്കാരിനെയോ വിമർശിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന് ഒളിയമ്പെയ്യേണ്ട കാര്യമൊന്നും സിപിഐയ്ക്കോ അതിന്റെ നേതാക്കൾക്കോ ഇല്ല. മുന്നണി മര്യാദകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അത്തരം വിമർശനങ്ങൾ ഞങ്ങൾ ഉന്നയിക്കാറുണ്ട്. മഹാഭാരതം എന്ന ഇതിഹാസത്തെ അധികരിച്ച് ഒരു പുസ്തകമെഴുതിയതോ അതു സംബന്ധിയായ ഒരു അഭിമുഖത്തിൽ സംസാരിച്ചതോ ആർക്കെങ്കിലുമെതിരേ ഒളിയമ്പെയ്യാനല്ല.

ആ അഭിമുഖത്തിൽ നെഹ്രുവിനെക്കുറിച്ചും കോൺഗ്രസ് രാഷ്ട്രീയത്തെക്കുറിച്ചും ചോദിക്കുന്ന ഭാഗത്ത് വലതുപക്ഷ വർഗീയ ശക്തികളെ നേരിടാൻ കോൺഗ്രസ് കൂടുതൽ ഇടത്തേയ്ക്ക് നീങ്ങണമെന്നും ഇടതുപക്ഷം കോൺഗ്രസ് അടക്കമുള്ള മതനിരപേക്ഷ ശക്തികളുമായി യോജിച്ച് പ്രവർത്തിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. ഈ ഉത്തരത്തേയും കൂടി അർജ്ജുനനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരവുമായി ചേർത്ത് വച്ചാണ് ജയ്ഹിന്ദിന്റെ അഭ്യാസം.

പ്രതിപക്ഷം സർക്കാരിനെതിരായി ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും ഏൽക്കാത്തതുകൊണ്ടാകാം ജയ്ഹിന്ദിനെ ഉപയോഗിച്ച് എന്നെ അതിലേയ്ക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ മാധ്യമമെന്ന നിലയിൽ ജയ്ഹിന്ദിന് അവരുടേതായ ലക്ഷ്യങ്ങൾ ഉണ്ടാകാം. പക്ഷേ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വളച്ചൊടിക്കലുകൾ മാധ്യമധർമ്മത്തിന്റെയും നിലവാരത്തിന്റെയും ഏറ്റവും താഴേത്തട്ടിലുള്ള ഗന്ധകവാതകമൂറുന്ന നെല്ലിപ്പലകകൾ തേടിയുള്ള ഒരു യാത്രയാണ് എന്ന് അവരെ ഓർമ്മിപ്പിച്ച് കൊള്ളുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് മുല്ലക്കര പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP