Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുഞ്ഞുനാൾ മുതൽ മദ്രസയിൽ പോയി വിശ്വാസ വഴിയേ ജീവിച്ചയാളാണ്; പൊതു ജീവിതത്തിൽ ഇടതു പക്ഷത്തെ സ്വീകരിച്ചതാണ്; എന്റെ വിശ്വാസവും എന്റെ പാർട്ടിയും എനിക്ക് പ്രിയപ്പെട്ടതാണ്, അത് തുടരുക തന്നെ ചെയ്യും; ബലിപ്പെരുന്നാളിന് ഒലിയത്ത് നിഷേധിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി സുലൈമാൻ

കുഞ്ഞുനാൾ മുതൽ മദ്രസയിൽ പോയി വിശ്വാസ വഴിയേ ജീവിച്ചയാളാണ്; പൊതു ജീവിതത്തിൽ ഇടതു പക്ഷത്തെ സ്വീകരിച്ചതാണ്; എന്റെ വിശ്വാസവും എന്റെ പാർട്ടിയും എനിക്ക് പ്രിയപ്പെട്ടതാണ്, അത് തുടരുക തന്നെ ചെയ്യും; ബലിപ്പെരുന്നാളിന് ഒലിയത്ത് നിഷേധിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി സുലൈമാൻ

മറുനാടൻ ഡെസ്‌ക്‌

മകൾ അന്യമതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബത്തിന് പെരുന്നാളിന് പള്ളിയിൽ ബലി ചെയ്ത മാംസം നിഷേധിച്ചതായി പരാതി. വയനാട് സുൽത്താൻബത്തേരി പുത്തൻകുന്ന് സ്വദേശി സുലൈമാനാണ് പള്ളിക്കമ്മറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഭവം സുലൈമാൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകളാണ് തന്നെ വിളിച്ച് പിന്തുണ അറിയിച്ചതെന്ന് സുലൈമാൻ പറയുന്നു. മഹല്ലിലെ ചിലർ വ്യക്തി താത്പര്യങ്ങളുടെ പേരിലാണ് തന്നോട് അങ്ങനെ പെരുമാറിയതെന്നും ഇടതുപക്ഷക്കാരനും മതവിശ്വാസിയുമായ താൻ ഇനിയും അങ്ങനെ തന്നെ തന്റെ മണ്ണിൽ ജീവിക്കുമെന്നും സുലൈമാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

സിപിഎം അംഗവും മതവിശ്വാസിയുമായ സുലൈമാന്റെ മകൾ രണ്ട് വർഷം മുമ്പ് ഹിന്ദുമതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചു. മകളും ഭർത്താവും വീട്ടിലേക്ക് വന്ന് തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ബലി ചെയ്ത ഇറച്ചി വിശ്വാസിയുടെ അവകാശമാണ്. അത് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന് സുലൈമാൻ പറയുന്നു. പള്ളിക്കമ്മറ്റിയിൽ നിന്നും പുറത്താക്കുന്നതിന് തുല്യമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഞാനൊരു സാധാരണക്കാരനായ മനുഷ്യനാണ്. കുഞ്ഞുനാൾ മുതൽ മദ്രസയിൽ പോയി വിശ്വാസ വഴിയേ ജീവിച്ചയാളാണ്. പൊതു ജീവിതത്തിൽ ഇടതു പക്ഷത്തെ സ്വീകരിച്ചതാണ് . എന്റെ വിശ്വാസവും എന്റെ പാർട്ടിയും എനിക്ക് പ്രിയപ്പെട്ടതാണ്. അത് തുടരുക തന്നെ ചെയ്യും. ഞങ്ങൾ മനുഷ്യരാണ്. ഞങ്ങളെ, കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു- സുലൈമാൻ കുറിക്കുന്നു.

സുലൈമാന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

പ്രിയപ്പെട്ടവരേ,
ഇത്തവണ ബലിപ്പെരുന്നാളിന് വിശ്വാസിയായ എനിക്കും കുടുംബത്തിനും മാത്രം ഒളിയത്ത് ഇറച്ചി വിഹിതം വിലക്കിയ ദുഃഖം ഞാൻ ഇവിടെ എഴുതിയിരുന്നു. ജന്മ നാട്ടിൽ നിന്നും മഹല്ലിൽ നിന്നും വിവിധ സ്ഥലങ്ങളിൽ നിന്നും ഒട്ടേറെ പേർ എന്നെ വിളിച്ച് ആശ്വസിപ്പിക്കുകയുണ്ടായി. എല്ലാവർക്കും നന്ദി. മറ്റൊരു മഹല്ലിൽ നിന്നും അന്നു രാത്രിയും, ഞായറാഴ്ച മൃഗ ബലി നടന്ന വേറൊരു മഹല്ലിൽ നിന്നും ഇന്നലെയും എനിക്ക് ഒളിയത്ത് ഇറച്ചി എത്തിച്ചു തന്നു.

സങ്കുചിത ചിന്തയാൽ ചിലർ കൂച്ചുവിലങ്ങിട്ടാലും നാട്ടിലുള്ള ഒട്ടേറെ വിശ്വാസികൾ വിശ്വാസിയായ എന്നെയും കുടുംബത്തെയും കൈവിടില്ല എന്നത് വലിയ സമാധാനവും ആശ്വാസവും നൽകുന്നതാണ്. സർവ്വ ശക്തനായ അള്ളാഹുവിന് സ്തുതി. എന്റെ മഹല്ല് കമ്മറ്റിയിലുള്ളവരും എന്നെ വിളിച്ച് ആശ്വസിപ്പിച്ചു. അവർ പറഞ്ഞത് ''സുലൈമാനേ ,ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ചിലർ മാത്രം നടപ്പാക്കിയ തീരുമാനമാണിത്. അതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല" - എന്നാണ്.

എനിക്ക് പറയാനുള്ളത്

ഒരു മഹല്ലിൽ ഒരാൾ - ആരായാലും - സംശുദ്ധമായി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ - മൃഗത്തെ ബലി കൊടുക്കുമ്പോൾ ആ വ്യക്തിക്ക് ഇഷ്ടമില്ലാത്ത വീട്ടിലേക്ക് മാംസം കൊടുക്കരുതെന്ന് പറയുമ്പോൾ - എല്ലാ കുടുംബങ്ങളെയും ഉൾക്കൊള്ളുന്ന മഹല്ല് വ്യക്തി താൽപര്യങ്ങൾക്ക് കീഴടങ്ങരുത് എന്നാണ്. വ്യക്തിതാൽപര്യ അജണ്ട ഉള്ളവർ സ്വന്തം വീട്ടിൽ ബലി നടത്തി ഇഷ്ടക്കാർക്ക് മാത്രം വിതരണം ചെയ്യുന്നതാണ് ഉചിതം.
ഒരു മഹല്ലിൽ പൊതുവായി ഈ കർമ്മം നടത്തുമ്പോൾ - മഹല്ലിന്റെ പേരിൽ നടത്തുമ്പോൾ ആ മഹല്ലിൽ മെമ്പർമാരായ എല്ലാ കുടുംബങ്ങൾക്കും ആഗ്രഹിക്കുന്നവർക്ക് - അത് ലഭിക്കണം.അത് തടസ്സപ്പെടുത്തരുത്.

മാത്രവുമല്ല, ഒരാൾ മാത്രമല്ല പലപ്പോഴും ബലി മൃഗത്തെ അറുക്കുക. ഒന്നിലേറെ പേർ ഒന്നിലേറെ മൃഗത്തെ ബലി കൊടുക്കാറുണ്ട്. അവയുടെ ഇറച്ചി എല്ലാം കൂടിയാണ് കുടുംബങ്ങളിലേക്ക് വിഭജിക്കുന്നത്. അപ്പോൾ ബലി മൃഗത്തെ നൽകിയ ഒരു കൂട്ടർ ചിലർക്ക് കൊടുക്കണ്ട എന്നു പറഞ്ഞാൽ ,ബലി മൃഗം നൽകിയ മറ്റുള്ളവർക്ക് അതേ അഭിപ്രായം അല്ല എങ്കിലോ? ഇവിടെ വ്യക്തി അജണ്ടക്ക് പ്രാധാന്യം നൽകരുത്.

ഇതേ മഹല്ലിൽ, മക്കൾ ഇതര മതസ്ഥരെ ഇഷ്ടപ്രകാരം വിവാഹം കഴിച്ചു പോയ, അവർ മാതാപിതാക്കളെ കാണാൻ പോവാറുള്ള കുടുംബത്തിൽ ഒളിയത്ത് ഇറച്ചി കൊടുത്തിട്ടുണ്ട് എന്നറിഞ്ഞു. അത് മഹല്ല് കമ്മറ്റിയുടെ ഹൃദയ വിശാലത. അതിൽ വളരെയേറെ സന്തോഷവുമുണ്ട്. അപ്പോൾ എനിക്കെതിരെ ഉള്ള നീക്കം ചില വ്യക്തികളുടെ പക തീർക്കലാണ്. അത് കമ്മറ്റി ഭൂരിപക്ഷ തീരുമാനമല്ല എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

പ്രമുഖർ , ജനകീയ വ്യക്തിത്വങ്ങൾ നേതൃത്വം നൽകുന്ന ഒരു കമ്മറ്റിയാണ് പുത്തൻകുന്ന് മഹല്ലിൽ ഉള്ളത്. പൊതു സമ്മതരായ ഉപദേശക സമിതി ഉള്ള ഒരു മഹല്ലിന് കൂടിയാണിത്. വിശ്വാസിയായ എന്റെ കുടുംബത്തോട് അവർ എന്നും സ്നേഹം മാത്രമാണ് കാണിച്ചിട്ടുള്ളത്.
ഇപ്പോൾ സംഭവിച്ചത് ചില വ്യക്തി അജണ്ടകളാണ്. അത് സർവ്വ ശക്തനായ അള്ളാഹു അറിയുന്നുണ്ട്. പിന്നെ, മകൾ പ്രായപൂർത്തിയായപ്പോൾ അവളുടെ ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു. രജിസ്റ്റർ വിവാഹം ചെയ്തു. സമൂഹത്തിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ആ വിവാഹം നടന്നത്. അതിൽ എന്നെ പങ്കെടുപ്പിച്ചിട്ടില്ല. അറിയിച്ചിട്ടില്ല. വിവരമറിഞ്ഞ് ഞാൻ ഓടി എത്തുമ്പോൾ ചടങ്ങ് കഴിഞ്ഞ് മാലയണിഞ്ഞ വധൂവരന്മാരെയാണ് കണ്ടത്. ഒരു പിതാവിന്റെ മാനസികാവസ്ഥ അപ്പോൾ എന്താവും എന്ന് അറിയാമല്ലോ. മകൾക്ക് കുഞ്ഞു പിറന്ന ശേഷം, കുട്ടിയുമായി അവർ എന്റെ വീട്ടിൽ വന്നു. മകൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നപ്പോൾ ഞങ്ങൾ വിലക്കിയില്ല. വിലക്കണമെന്നാണ് ചിലർ പറയുന്നത്.

ഞാൻ വിശ്വാസിയും, ഓർമ്മ വെച്ച നാൾ മുതൽ ഇടതുപക്ഷ സഹയാത്രികനുമാണ്. വിശ്വാസത്തോടൊപ്പം ചേർത്തു പിടിച്ച ഇടതു പക്ഷ ജീവിതം എനിക്ക് നൽകിയ തിരിച്ചറിവിനാൽ അവളെ മകളോട് വീട്ടിലേക്ക് കയറരുത് എന്ന് പറഞ്ഞില്ല. ഞാനും ഭാര്യയും ഉമ്മയും മകനും കുടുംബത്തിൽ മുസ്ലിം മത വിശ്വാസ പ്രകാരം ജീവിക്കുന്നു. മകൾ, ഇന്ത്യൻ ഭരണഘടനയിൽ അടിസ്ഥാനമായ അവളുടെ വ്യക്തി സ്വാതന്ത്ര്യത്താൽ മതരഹിത ജീവിതം നയിക്കുന്നു. ഈ നാട്ടിലെ ഏതൊരു പൗരനും പരസ്പരം സഹവസിക്കുന്നതു പോലെ അവൾ എന്നെ കാണാൻ വരുന്നു. ഇത്തരം കാര്യങ്ങൾ - സമൂഹത്തിൽ, പല ഇടത്തും നടക്കുന്നു. പുത്തൻകുന്നും ഉണ്ട്. അവർക്കൊന്നും വിലക്കില്ല. എന്റെ കുടുംബത്തോട് മാത്രമാണ് ചിലർക്ക് കലിപ്പും വിലക്കും.

ഞാനും എന്റെ കുടുംബവും മുസ്ലിം മത വിശ്വാസ പ്രകാരം തന്നെ ജീവിക്കും. കൂടുതൽ പ്രയാസപ്പെടുത്തുകയും സമുദായത്തിൽ വിവേചനവും മാറ്റി നിർത്തലും സങ്കുചിത താൽപര്യക്കാർ ഇനിയും ചെയ്താൽ അത് നിയമപരമായി ചോദ്യം ചെയ്യുകയും ഏതറ്റം വരെയും പോകുകയും ചെയ്യും. ഇന്ത്യൻ ഭരണ ഘടന - സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കാൻ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഒരു കുടുംബത്തിൽ - ഒരു വീട്ടിൽ തന്നെ മത വിശ്വാസമുള്ളവരും, മിശ്രവിവാഹിതരും യുക്തിവാദികളും ജീവിക്കുന്ന എത്രയോ ഉദാഹരണങ്ങളുണ്ട്. അവരെ ഒന്നും ഒരു മഹല്ലും വിലക്കിയിട്ടില്ല.

നിയമ സഹായം വാഗ്ദാനം ചെയ്ത് വിവിധ വ്യക്തിത്വങ്ങൾ എന്നെയും എന്റെ കുടുംബക്കാരെയും ബന്ധപ്പെട്ടിട്ടുണ്ട്. വിവിധ മാധ്യമ പ്രതിനിധികൾ വിളിച്ചു വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. അവരോടൊക്കെ ഞാൻ പറഞ്ഞത് : എന്റെ വിഷമമാണ് ഫേസ് ബുക്കിൽ കുറിച്ചത്. ഇപ്പോൾ ഇത്രയേ പറയാനുള്ളൂ. കൂടുതൽ എന്തെങ്കിലും നിയമ സഹായമോ , വിശദമാക്കാനോ ഉണ്ടെങ്കിൽ അറിയിക്കാമെന്നാണ്. സഹായ വാക്കുകൾക്ക് നന്ദിയും പറഞ്ഞു. വേറെ മഹല്ലിൽ നിന്നും എനിക്ക് ക്ഷണമുണ്ട്: ''സുലൈമാനേ - അവിടെ ജീവിക്കണ്ട - നീ ഇങ്ങോട്ട് പോര് " എന്നും പറഞ്ഞ്.
ഞാൻ അവരോട് പറഞ്ഞു "ജനിച്ച മണ്ണിൽ തന്നെ വിശ്വാസിയായും പാർട്ടിക്കാരനായും ഞാൻ മരണം വരെ ജീവിക്കും" എന്നാണ്. ചിലർ ചോദിച്ചു 30 കൊല്ലത്തിലേറെ ഇടതു പക്ഷ ജീവിതം നയിച്ചിട്ട് - മതത്തെ തള്ളി പറഞ്ഞ് - യുക്തിചിന്തയോടെ ജീവിക്കാൻ എന്തു കൊണ്ട് കഴിഞ്ഞില്ല എന്ന്?

അവരോടു പറഞ്ഞു: "ഞാനൊരു സാധാരണക്കാരനായ മനുഷ്യനാണ്. കുഞ്ഞുനാൾ മുതൽ മദ്രസയിൽ പോയി വിശ്വാസ വഴിയേ ജീവിച്ചയാളാണ്. പൊതു ജീവിതത്തിൽ ഇടതു പക്ഷത്തെ സ്വീകരിച്ചതാണ് ""എന്റെ വിശ്വാസവും എന്റെ പാർട്ടിയും എനിക്ക് പ്രിയപ്പെട്ടതാണ്. അത് തുടരുക തന്നെ ചെയ്യും" എന്നാണ്.
ഞങ്ങൾ മനുഷ്യരാണ്.
ഞങ്ങളെ, കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.
(ഒപ്പ്)
സുലൈമാൻ എൻ കെ
നസീറ സുലൈമാൻ

 

പ്രിയപ്പെട്ടവരേ, ഇത്തവണ ബലിപ്പെരുന്നാളിന് വിശ്വാസിയായ എനിക്കും കുടുംബത്തിനും മാത്രം ഒളിയത്ത് ഇറച്ചി വിഹിതം വിലക്കിയ...

Posted by Sulaiman Sulu on Monday, August 3, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP