Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെള്ളിത്തിരയിലെ 'മംഗലശ്ശേരി നീലകണ്ഠൻ' വീണ്ടും വരിക്കാശ്ശേരി മനയിലെത്തി; മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

വെള്ളിത്തിരയിലെ 'മംഗലശ്ശേരി നീലകണ്ഠൻ' വീണ്ടും വരിക്കാശ്ശേരി മനയിലെത്തി; മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഏതൊരു സിനിമാപ്രേമിയും മറക്കാതെ ഓർക്കുന്ന ഒരിടമാണ് വരിക്കാശ്ശേരി മന. മംഗലശ്ശേരി നീലകണ്ഠൻ, കണിമംഗലം ജഗന്നാഥ തമ്പുരാൻ തുടങ്ങീ ഒട്ടനവധി കഥാപാത്രങ്ങളുടെ സ്വന്തം തറവാടായിരുന്ന വരിക്കാശ്ശേരി മന.ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം വരിക്കാശ്ശേരി മനയിൽ എത്തിയിരിക്കുകയാണ് മോഹൻലാൽ. ചിത്രീകരണം പുരോഗമിക്കുന്ന ബി ഉണ്ണിക്കൃഷ്ണൻ ചിത്രം 'ആറാട്ടി'ന്റെ ഭാഗമായാണ് മോഹൻലാൽ തന്റെയും പ്രിയ ലൊക്കേഷനുകളിലൊന്നിൽ വീണ്ടും എത്തിയത്.

മോഹൻലാലിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ഇൻസ്റ്റഗ്രാമിലൂടെ മനയുടെ പൂമുഖത്തെ ചാരുകസേരയിൽ ഇരിക്കുന്ന ലാലിന്റെ ചിത്രം പങ്കുവച്ചത്. 'മംഗലശ്ശേരി നീലകണ്ഠൻ' എന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. കഴിഞ്ഞ ദിവസം പുറത്തെത്തിയ ആറാട്ടിന്റെ പുതിയ പോസ്റ്ററിലെ ചിത്രവും ഈ ലൊക്കേഷനിൽ നിന്നുള്ളതാണെന്നു കരുതപ്പെടുന്നു.

'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആൻറണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹൻലാൽ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.

തീർത്ഥം എന്ന സിനിമയാണ് ആദ്യമായി വരിക്കാശ്ശേരി മനയിൽ ചിത്രീകരിച്ചത്. 1993ൽ ഐ വി ശശിയുടെ ചിത്രമായ ‘ദേവാസുരം’ ത്തിലൂടെയാണ് വരിക്കാശ്ശേരി മന സിനിമാപ്രേമികളുടെ മനസിൽ ഇടം പിടിച്ചത്. ദേവാസുരം, ആറാം തമ്പുരാൻ, മാടമ്പി, തൂവൽ കൊട്ടാരം, രാപ്പകൽ, ദ്രോണ, സൂഫി പറഞ്ഞ കഥ, പ്രേതം തുടങ്ങീ ഒട്ടനവധി സിനിമകൾക്കാണ് വരിക്കാശ്ശേരി മന വേദിയായത്. മൂന്ന് നിലകളിലായി കാണപ്പെടുന്ന മന 4.85 ഏക്കർ പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്. സിനിമകളിലൂടെ എല്ലാവർക്കും സുപരിചിതമായ മനയുടെ കുളത്തിന്റെ വിസ്തൃതി 85 സെന്റ് ആണ്.

പാലക്കാടിന്റെ ഹൃദയഭാഗമായ ഒറ്റപ്പാലം ടൗണിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരമാണ് വരിക്കാശ്ശേരി മനയിലേക്ക് ഉള്ളത്. ഭൂതകാലങ്ങളിലെ നാലുകെട്ടുകളെയും എട്ടുകെട്ടുകളെയും കേട്ടുപരിചയം മാത്രമുള്ള ചിലർക്ക് നാലുകെട്ടുകളെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ഈ മന. പൂർണ്ണമായും ചെങ്കല്ല് കൊണ്ടാണ് ഈ മന നിർമ്മിച്ചിരിക്കുന്നത്. സാമൂതിരിയോട് കൂറുപുലർത്തിയിരുന്ന ബ്രാഹ്മണ കുടുംബം ആണ് ഇവിടെ താമസിച്ചിരുന്നത്. ഏകദേശം 120 വർഷങ്ങളുടെ പഴക്കമുണ്ട് ഈ മനയ്ക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP