Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വാർത്തകൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയാ വൺ പലവട്ടം തെളിയിച്ചതാണ്; ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്'; നിപ ബാധ സ്ഥിരീകരിച്ചെന്ന വാർത്ത മീഡിയ വൺ കൊടുത്തതിന് പിന്നാലെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ്; സർക്കാർ സ്ഥിരീകരണം വരും വരെ മാത്രമേ ആയുസുള്ളൂ എന്നറിയാമായിരുന്നിട്ടും വൈരാഗ്യ ബുദ്ധിയോടെ നടത്തിയ ആക്രമണത്തെ അവഗണിക്കുന്നുവെന്ന് സി.എൽ. തോമസ്

'വാർത്തകൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയാ വൺ പലവട്ടം തെളിയിച്ചതാണ്; ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്'; നിപ ബാധ സ്ഥിരീകരിച്ചെന്ന വാർത്ത മീഡിയ വൺ കൊടുത്തതിന് പിന്നാലെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ്; സർക്കാർ സ്ഥിരീകരണം വരും വരെ മാത്രമേ ആയുസുള്ളൂ എന്നറിയാമായിരുന്നിട്ടും വൈരാഗ്യ ബുദ്ധിയോടെ നടത്തിയ ആക്രമണത്തെ അവഗണിക്കുന്നുവെന്ന് സി.എൽ. തോമസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തെ വീണ്ടും ഭീതിയിലാഴ്‌ത്തി നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം പ്രചരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപേ മീഡിയാ വൺ ചാനലിൽ വാർത്ത തിങ്കളാഴ്‌ച്ച രാവിലെ 10 മണിക്ക് വന്നതിന് പിന്നാലെ ചാനലിനെതിരെ സൈബർ ലോകത്തടക്കം ആക്രമണമുണ്ടായിരുന്നു. സർക്കാർ സ്ഥിരീകരണമുണ്ടാകുന്നതിന് മുൻപാണ് ചാനൽ വാർത്ത പുറത്ത് വിട്ടതെന്ന് കാട്ടിയായിരുന്നു ആക്രണം.

ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്തത്തിയിരിക്കുകയാണ് മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ്. നിപയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ മാത്രമേ ആയുസുള്ളൂ എന്നുറപ്പായിട്ടും വൈരാഗ്യ ബുദ്ധിയോടെ നടത്തിയ ആക്രമണത്തിൽ മീഡിയാ വൺ പൂർണമായും അവഗണിക്കുകയാണെന്നും സമൂഹ മാധ്യമത്തിലുണ്ടായത് സംഘടിത ആക്രമണമാണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

എഡിറ്റർ ഇൻ ചീഫിന്റെ കുറിപ്പ്

...
കേരളത്തിൽ ഒരിക്കൽകൂടി നിപരോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ആലപ്പുഴ, മണിപ്പാൽ, പൂണെ എന്നീ കേന്ദ്രങ്ങളിലെ പരിശോധനാ ഫലം അനുസരിച്ചാണ് ഇന്ന് രാവിലെ 10 മണിയോടെ സംസ്ഥാന സർക്കാർ രോഗ വിവരം പരസ്യപ്പെടുത്തിയത്. പൂണെ, മണിപ്പാൽ ലാബുകളിലെ പരിശോധനാ ഫലമാണ് ഔദ്യോഗിക സ്ഥിരീകരണത്തിനായി സംസ്ഥാന സർക്കാർ ആശ്രയിച്ചത്. പരിശോധനാ റിപ്പോർട്ടിലെ ഉള്ളടക്കം ഇന്നലെ രാവിലെ തന്നെ മീഡിയവണിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്ന വാർത്ത തിങ്കളാഴ്ച പകൽ 10 മണിക്ക് മീഡിയവൺ പുറത്തുവിട്ടു.

സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് വാർത്ത സംപ്രേഷണം ചെയ്തുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ മീഡിയവണിനെതിരെ ഒരു പ്രത്യേക സ്വഭാവത്തിൽ സംഘടിത ആക്രമണമുണ്ടായി. സർക്കാർ സ്ഥിരീകരണം വരുംവരെ മാത്രമേ ആയുസ്സുള്ളു എന്നുറപ്പുണ്ടായിട്ടും വൈരാഗ്യബുദ്ധിയോടെ നടത്തിയ ആക്രമണത്തെ മീഡിയവൺ പൂർണമായി അവഗണിക്കുകയാണ്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ 'നിപ' സംശയമുണ്ടായത് മുതലുള്ള വിവരങ്ങൾ അപ്പപ്പോൾ തന്നെ മീഡിയവണിന് ലഭിച്ചിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ലാബിലാണ് ആദ്യ പരിശോധന നടത്തിയത്. പൂണെയിൽ നടത്തുന്ന അതേ പോളിമറൈസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ) ടെസ്റ്റ് തന്നെ. അത് പോസിറ്റീവ് ആണെന്ന വിവരം ഞായറാഴ്ച രാവിലെ തന്നെ മീഡിയവണിന് ലഭിച്ചു. ഇതേതുടർന്നാണ് ആലപ്പുഴ, മണിപ്പാൽ, പൂണെ ലാബുകളിലേക്ക് ആരോഗ്യ വകുപ്പ് സാമ്പിൾ അയക്കുന്നത്. അപ്പോഴൊന്നും ഒരു വാർത്തയും മീഡിയവൺ കൊടുത്തില്ല.

പൂണെയിലെ പരിശോധനാഫലം ഞായറാഴ്ച രാത്രി 10 മണിയോടെ ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നീട്, രാത്രി വൈകിയും ഇക്കാര്യത്തിൽ സർക്കാർ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ഉണ്ടായില്ല. പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിപ സ്ഥിരീകരിച്ചുവെന്ന വിവരം തിങ്കളാഴ്ച രാവിലെ 6 മണിയോടെ മീഡിയവണിന് ലഭിച്ചു. അവിടെ തയാറാക്കിയ റിപ്പോർട്ടിന്റെ ഉള്ളടക്കം അതിരാവിലെ ലഭിച്ചിട്ടും പല തലത്തിൽ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം രാവിലെ 10 മണിക്കാണ് മീഡിയവൺ വാർത്ത പുറത്തുവിടുന്നത്.

പൂണെ ലാബിലെ റിപ്പോർട്ടിന്റെ ഉള്ളടക്കമായിരുന്നു വാർത്തയുടെ അടിസ്ഥാനം. 24 മണിക്കൂർ വൈകിയാണെങ്കിലും നിപ സ്ഥിരീകരിച്ചെന്ന സർക്കാർ പ്രഖ്യാപനം ആ വാർത്ത ശരിവക്കുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ഔദ്യോഗികമായി ലഭിക്കും വരെ കാത്തിരുന്നതിനാലാകണം സർക്കാർ സ്ഥിരീകരണം വൈകിയത്. എന്നാൽ ശരിയായ വാർത്ത നിഷേധിച്ച് ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാൻ സർക്കാരും ശ്രദ്ധിച്ചു. വിവരം കിട്ടിയപാടേ കൊടുക്കുകയല്ല, സംശയരഹിതമായി സ്ഥിരീകരിക്കുംവരെ കാത്തിരിക്കുകയാണ് മീഡിയവണും ചെയ്തത്.

നിപ റിപ്പോർട്ടിംഗും മീഡിയവണും

വൈറസ് ബാധിതർ വ്യവഹരിക്കുന്ന സ്ഥലങ്ങളിലെല്ലാം പടരാൻ സാധ്യതയുള്ള രോഗമാണ് നിപ. ജനങ്ങൾ സ്വയമെടുക്കുന്ന മുൻകരുതലുകളും ജാഗ്രതയുമാണ് രോഗ പ്രതിരോധത്തിനുള്ള പ്രധാന വഴി. അതിന് ജനങ്ങളെ പ്രാപ്തരാക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അതിന് ശരിയായ വിവരം യഥാസമയം അറിയേണ്ടവരിലെത്തണം. ആ ദൗത്യമാണ് മീഡിയവൺ നിർവഹിച്ചത്. ഏറ്റവും സൂക്ഷ്മതയോടെ, ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന തരത്തിൽ തന്നെയാണ് പൊതുസമൂഹത്തെ അറിയിച്ചതും. രോഗം സ്ഥിരീകരിച്ചുവെന്ന വിവരം പ്രാഥമിക ഉറവിടത്തിൽനിന്ന് ഉറപ്പിച്ച ശേഷവും അത് ജനങ്ങളെ അറിയിക്കാതിരിക്കുക എന്നത് ഉത്തരവാദിത്ത മാധ്യമ പ്രവർത്തനത്തിന് ചേർന്ന നടപടിയല്ല.

ജനമാകെ ദുരന്ത ഭീതിയിൽ അകപ്പെടുന്ന സവിശേഷ സന്ദർഭങ്ങളിൽ വാർത്തകൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയവൺ പലവട്ടം തെളിയിച്ചതാണ്. ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയടക്കം നിരവധിപേർ ഇക്കാര്യം പൊതുസമൂഹത്തോട് പങ്കുവച്ചിട്ടുമുണ്ട്. ഈ സൂക്ഷ്മതയും ജാഗ്രതയും എല്ലാ വാർത്തയിലും കാത്തു സൂക്ഷിക്കുന്നുവെന്നതിനാലാണ് കുറഞ്ഞകാലം കൊണ്ട് മീഡിയവൺ മലയാളികളുടെ വിശ്വസ്ത ചാനലായി മാറിയത്.

ശരിയെന്നുറപ്പാക്കിയ ഒരു വിവരം പൊതുസമൂഹത്തെ അറിയിക്കുന്നതിന് ഗവൺമെന്റിന്റെ അനുമതി കാത്തുനിൽക്കാൻ മീഡിയവൺ സർക്കാർ ഗസറ്റല്ല എന്ന കാര്യവും ഇതോടൊപ്പം ഓർമിപ്പിക്കട്ടെ. വാർത്താ വിനിമയത്തിന്റെ സ്വയംനിർമ്മിത സിദ്ധാന്തങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിതമായി പ്രചരിപ്പിച്ച് ചാനലിനെ നിശ്ശബ്ദമാക്കാമെന്ന് ആരും ധരിക്കേണ്ടതില്ല. വംശീയതയുടെ വിഷ ബീജങ്ങൾ പേറുന്ന പ്രചാരണങ്ങൾ ഞങ്ങൾക്ക് മനസിലാവുന്നുണ്ട്. ഒരുതരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങുകൾക്കും വഴങ്ങാൻ ഉദ്ദേശിക്കുന്നുമില്ല.

നീതിയുടെ, ജനങ്ങളുടെ പക്ഷത്ത് എപ്പോഴും നിൽക്കാൻ കഴിയണം എന്നാണ് പ്രാർത്ഥന.

സിഎൽ തോമസ്
എഡിറ്റർ ഇൻ ചീഫ്
മീഡിയ വൺ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP