Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷൻ: എം.കെ.രാഘവനെ കുടുക്കിയ 'ഓഡിയോ-വീഡിയോ' ഒറിജിനൽ ഫുട്ടേജ്; എഡിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒന്നും തിരുകി കയറ്റിയിട്ടില്ല; ഇന്ത്യയിലെ മൂന്ന് ഫോറൻസിക് ലാബുകളിൽ ഫുട്ടേജ് പരിശോധിക്കാം; കോഴ ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയം പൂർണമായി വിടാൻ തയ്യാറാണോ? രാഘവനെയും ടി.സിദ്ദിഖിനെയും വെല്ലുവിളിച്ച് തെഹൽക്ക ഫെയിം മാത്യുസാമുവൽ

ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷൻ: എം.കെ.രാഘവനെ കുടുക്കിയ 'ഓഡിയോ-വീഡിയോ' ഒറിജിനൽ ഫുട്ടേജ്; എഡിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒന്നും തിരുകി കയറ്റിയിട്ടില്ല; ഇന്ത്യയിലെ മൂന്ന് ഫോറൻസിക് ലാബുകളിൽ ഫുട്ടേജ് പരിശോധിക്കാം; കോഴ ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയം പൂർണമായി വിടാൻ തയ്യാറാണോ? രാഘവനെയും ടി.സിദ്ദിഖിനെയും വെല്ലുവിളിച്ച് തെഹൽക്ക ഫെയിം മാത്യുസാമുവൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടിവി 9 ചാനലിന്റെ ഓപ്പറേഷൻ ഭാരത് വർഷ് എന്ന ഒളിക്യാമറ ഓപ്പറേഷനിൽ എം.കെ.രാഘവൻ കുടുങ്ങിയത് കോഴിക്കോട് മണ്ഡലത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നഗരത്തിൽ ഹോട്ടൽ പണിയാൻ ഭൂമി കണ്ടെത്തി ത്തരാം എന്ന് പറഞ്ഞ് 20 കോടി രൂപ താൻ കമ്പനി പ്രതിനിധികളുടെ വേഷത്തിൽ വന്ന ചാനൽ റിപ്പോർട്ടർമാരോട് ആവശ്യപ്പെട്ടുവെന്ന ആരോപണം ഗൂഢാലോചനയാണെന്ന് എം.കെ.രാഘവൻ വാദിക്കുന്നു. ഒളികാമറ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതും ശബ്ദത്തിൽ മാറ്റം വരുത്തിയതുമാണ്. തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുന്ന ജില്ലയിലെ സിപിഎം നേതൃത്വമാണ് ഇതിന് പിന്നിലെന്നും, ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്നും പറഞ്ഞ രാഘവൻ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരയുകയും ചെയ്തു. സിപിഎമ്മിന്റെയും സോഷ്യൽ മീഡിയയുടെയും കള്ളക്കളികൾ പുറത്തുകൊണ്ടുവരുമെന്നും നിയമപരമായി നേരിടുമെന്നും ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് വെല്ലുവിളിക്കുകയും ചെയ്തു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തെഹൽക്ക മുൻ മാനേജിങ് എഡിറ്റർ മാത്യു സാമുവൽ.

എം.കെ.രാഘവൻ ആരോപിക്കും പോലെ ഇത് പാരാ ഡബ്ബിങ് അല്ലെന്നും, ഒറിജിനൽ ഫുട്ടേജ് ആണെന്നും മാത്യു സാമുവൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. എഡിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒന്നും തിരുകി കയറ്റിയിട്ടില്ല. ചാനലുകാരിൽ നിന്ന് ഒറിജിനൽ എഡിറ്റ് ചെയ്യാത്ത ഫുട്ടേജ് വാങ്ങിഫോറൻസിക് ലാബിൽ പരിശോധിപ്പിക്കാം. മൂന്നിടത്ത് പരിശോധന നടത്തിയ ശേഷം ആരോപണം സത്യമെന്ന് തെളിഞ്ഞാൽ രാഘവൻ രാഷ്ട്രീയം പൂർണമായി വിടാൻ തയ്യാറുണ്ടോയെന്നും മാത്യു സാമുവൽ ചോദിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എം.കെ.രാഘവൻ സ്റ്റിങ് വീഡിയോ വിഷയത്തിൽ ബഹുമാന്യനായ ഡിസിസി പ്രസിഡന്റ് റ്റി സിദ്ദിഖ് വെല്ലുവിളിക്കുന്നത് കണ്ടു. സിപിഎമ്മിന്റെയും സാമൂഹിക മീഡിയയുടെയും കള്ളക്കളികൾ പുറത്തു കൊണ്ടുവരും എന്നും അതും അതിനെ നിയമപരമായി നേരിടും എന്നുമാണ് ഇവർ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഈയുള്ളവനും എം.കെ രാഘവൻ സാറിനെ പരിഹസിക്കുക മാത്രമല്ല ചില സത്യങ്ങൾ ഒക്കെ പറയുകയും ചെയ്തു. സിദ്ദിഖിന്റെയും രാഘവൻ സാറിന്റെയും വെല്ലുവിളി ഏറ്റെടുക്കുന്നു.

രാഘവൻ സാർ പറയുന്നത് ഇത് 'പാരാ ഡബ്' ആണെന്നാണ്. ആ വാക്കല്ല അവിടെ ഉപയോഗിക്കേണ്ടത്. അതിന്റെ പേര് ഓഡിയോ വീഡിയോ വിഷ്വൽ 'tampered' അല്ലെങ്കിൽ 'doctored' എന്നാണ്. അതുമല്ലെങ്കിൽ manufactured ആണ്.

വീണ്ടും പറയാം, ഇത് സ്‌പൈ ക്യാമറ ഡിവൈസ് iphone -4s ആണ്. അതിൽ 'stealth spy' ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. റെക്കോർഡ് ചെയ്യുമ്പോൾ ഇത് 'ഫ്‌ളൈറ്റ്' മോദിലേക്ക് പോകും. iphone മുഴുവനായി ഓഫ് മോദിലാകും. എന്നിരുന്നാലും റെക്കോഡിങ് വൈഡ് ആംഗിളിൽ നടക്കും. അതായത് ഇതിന്റെ പിക്ചർ ക്വാളിറ്റി ഐഫോൺ ക്യാമറയുടേതാണ്. sound visuals ഒരു പോലെ റെക്കോർഡ് ചെയ്യും.അതിനു ശേഷം അത് ലാപ്‌ടോപ്പിലേക്കു മാറ്റും, എന്നിട്ട് അതിനെ പെൻഡ്രൈവിലാക്കി എഡിറ്റ് ചെയ്യും.

ഇവിടെ അദ്ദേഹം പറഞ്ഞ പോലെ അതേ ശബ്ദത്തിൽ അതുപോലെ പാരാ ഡബ് ചെയ്താൽ വളരെവേഗം കണ്ടുപിടിക്കാൻ കഴിയുന്നതേ ഉള്ളൂ. ഗൂഗിളിൽ സെർച്ച് അത് ടെസ്റ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയർ കാണാം. രണ്ടു മിനിട്ടു കൊണ്ട് അത് കണ്ടുപിടിക്കാം. ഇനി രാഘവൻ സാറിനോട്, ഈ പറയുന്ന പാരാ ഡബ് അത്ര നിസാരമായി ചെയ്യാൻ കഴിയില്ല. ഡബ് ചെയ്ത വോയിസ് സിങ്ക് ചെയ്തെടുക്കാൻ ശരിക്കും പണിപ്പെടണം. അതു ചെയ്തിട്ടുണ്ടെങ്കിൽ വളരെ നിസ്സാരമായി കണ്ടുപിടിക്കാനും കഴിയും. മോഡുലേഷൻ മാറുമ്പോൾ ഉടനെ അറിയാം.അതിനു ഫോറൻസിക് ലാബിൽ പോകേണ്ട ആവശ്യമില്ല, ഇന്നത്തെ സാഹചര്യത്തിൽ.

ഞാൻ കണ്ടിടത്തോളം ഇത് ഒറിജിനൽ ഫൂട്ടേജ് ആണ്. എഡിറ്റ് ചെയിതിട്ടുണ്ട്, പക്ഷെ ഒന്നും തിരുകി കയറ്റിയിട്ടില്ല. ഒറിജിനൽ sound track ആണ്, tampered അല്ല ഇത്.

ഞാൻ ഈ ചാനലുകാരിൽ നിന്നും അവരുടെ ഒറിജിനൽ അൺ എഡിറ്റഡ് ഫുറ്റേജ് വാങ്ങാം.നിങ്ങൾ പറയുന്ന ഇന്ത്യയിലെ മൂന്ന് ഫോറൻസിക് ലാബിൽ കൊടുക്കാം. അതിനു 20000 രൂപ ചെലവ് വരും. അതും ഈയുള്ളവൻ കൊടുക്കാം. ഒരിടത്തു നിന്നല്ല മൂന്നിടത്ത് നിന്നും തെളിഞ്ഞാൽ മാത്രം നിങ്ങൾ പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാഷ്ട്രീയം പൂർണ്ണമായും വിടണം- തയ്യാറുണ്ടോ? ഇനി അല്ലെന്നു തെളിഞ്ഞാൽ ഞാൻ ജീവിതത്തിൽ ഇനി ജേർണലിസം ചെയ്യുകയില്ല.

ഒരു കാര്യം ഓർമിപ്പിക്കുന്നു- രാഹുലിന് വേണ്ടി സീറ്റു ഒഴിഞ്ഞു കൊടുത്തതിനാൽ ഉറപ്പായിട്ടും സിദ്ദിഖിന് ഒരു ഓഫർ കാണും. രാഹുൽ പ്രധാനമന്ത്രിയായാൽ അയാൾ ഒരു മിനിസ്റ്റർ ഫോർ സ്റ്റേറ്റ് ആകാനുള്ള ഭാഗ്യമുണ്ട്. വെറുതെ അത് തട്ടി തെറിപ്പിക്കരുത്.

ടിവി 9 ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് രാഘവൻ കുടുങ്ങിയത്. സിങ്കപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളിൽ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം ഖറൻസിയായി മതി എന്നും രാഘവൻ പറയുന്നുണ്ട്.

ബിഹാർ,പഞ്ചാബ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്റ്റിങ് ഓപ്പറേഷന് പിന്നാലെയാണ് ടിവി 9 ചാനൽ കേരളത്തിലും ഒളി ക്യാമറ ഓപ്പറേഷൻ നടത്തിയത്. ഉമേഷ് പാട്ടീൽ,കുൽദീപ് ശുക്ല, രാം കുമാർ, അഭിഷേക് കുമാർ, ബ്രിജേഷ് തിവാരി എന്നിവരടങ്ങിയ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഓപ്പറേഷൻ ഭാരത് വർഷ് എന്ന് പേരിട്ട ടിവി 9 ചാനലിന്റെ അന്വേഷണാത്മക സ്റ്റിങ് ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്.

തനിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 20 കോടി രൂപവരെ ചെലവായിട്ടുണ്ടെന്നും എം കെ രാഘവൻ റിപ്പോർട്ടറോട് പറയുന്നു. ഈ പണം കറൻസി ആയിട്ടാണ് വാങ്ങുകയും ചെലവാക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ഡമ്മി സ്ഥാനാർത്ഥികളെ നിർത്തുന്നതിനും പ്രചാരണത്തിനിറങ്ങുന്ന അണികൾക്ക് മദ്യം വാങ്ങുന്നതിനുമെല്ലാം ലക്ഷക്കണക്കിനു രൂപ ചെലവാകാറുണ്ടെന്നും എം കെ രാഘവൻ പറയുന്നതായും ദൃശ്യങ്ങളിലുണ്ട്. പാർട്ടി 2 കോടി രൂപ മുതൽ അഞ്ചുകോടിരൂപ വരെ നൽകാറുണ്ടെന്നും അതും കണക്കിൽപ്പെടാതെ കറൻസിയായാണ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു. കൺസൾട്ടൻസി കമ്പനിയുടെ ആളായെത്തിയ റിപ്പോർട്ടർ നൽകാമെന്നേറ്റ കോഴപ്പണവും കറൻസിയായിത്തന്നെ വേണമെന്നും അതിനായി തന്റെ സെക്രട്ടറിയെ വിളിച്ചാൽ മതിയെന്നും എം കെ രാഘവൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

മാർച്ച് പത്തിനാണ് സംഘം എംപിയെ സമീപിച്ചിരിക്കുന്നത്. സിങ്കപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ 15 ഏക്കർ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘം എംപിയെ സമീപിച്ചത്. കമ്മീഷൻ ആയി 5 കോടി രൂപ തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്ക് നൽകാമെന്നും സംഘം പറയുന്നു.'ഞങ്ങൾ ഒരു കൺസൾട്ടൻസി കമ്പനിയാണ്. ഞങ്ങൾക്ക് ഒരുപാട് ഇടപടുകാരുണ്ട്. അതിൽ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ താൽപ്പര്യമുണ്ട്. നിങ്ങൾ പ്രാദേശികമായി അറിയുന്ന ആളല്ലേ. നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമുണ്ട്. 10 മുതൽ 15 ഏക്കർ വരെയാണ് ആവശ്യം. അതുകൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്ന്' റിപ്പോട്ടർമാരിൽ ഒരാൾ എംപിയോട് പറയുന്നുണ്ട്.
തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്സ്, ഫ്ളക്സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എംപി പറയുന്നുണ്ട്.

കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടർമാർ ചോദിക്കുമ്പോൾ, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കാനാണെന്നും എംപി സൂചിപ്പിക്കുന്നു. എത്ര ആളുകൾ റാലിയിൽ ഉണ്ടാകുമെന്ന് റിപ്പോട്ടർമാർ ചോദിക്കുമ്പോൾ അത് സ്ഥലങ്ങൾക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവൻ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP