Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുക്കർബർഗ് ഫേസ്‌ബുക്ക് ഷെയറുകൾ വിൽക്കുന്നില്ല; ഓൺലൈനിലൂടെ അനേകർ ഷെയർ ചെയ്ത മെസേജ് വെറുതെയായി; മുമ്പ് ബിൽഗേറ്റ്‌സിന്റെ പേരിൽ നടന്ന തട്ടിപ്പിന്റെ ആവർത്തനം

സുക്കർബർഗ് ഫേസ്‌ബുക്ക് ഷെയറുകൾ വിൽക്കുന്നില്ല; ഓൺലൈനിലൂടെ അനേകർ ഷെയർ ചെയ്ത മെസേജ് വെറുതെയായി; മുമ്പ് ബിൽഗേറ്റ്‌സിന്റെ പേരിൽ നടന്ന തട്ടിപ്പിന്റെ ആവർത്തനം

ഫേസ്ബുക്ക് ഷെയറുകൾ സ്ഥാപകനായ മാർക്ക് സുക്കർബർഗ് വിറ്റഴിക്കുന്നുവെന്ന വാർത്ത കുറച്ച് മുമ്പ് പുറത്ത് വരുകയും അത് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരുന്നു. ഈ ചൂടൻ വാർത്ത സ്വന്തം കാര്യം പോലെ അനേകർ ഓൺലൈനിലൂടെ ഷെയർ ചെയ്യുകയുമുണ്ടായിരുന്നു. എന്നാൽ സുക്കർ ബർഗ് ഷെയറുകൾ വിൽക്കുന്നില്ലെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഷെയറുകൾ വിൽക്കുന്നുവെന്ന മെസേജ് അനേകർ ഷെയർ ചെയ്തത് വെറുതെയായിരിക്കുകയാണ്. മുമ്പ് ബിൽ ഗേറ്റ്‌സിന്റെ പേരിലും ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നു. അതായത് അന്ന് ബിൽ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഷെയറുകൾ വിറ്റഴിക്കുന്നുവെന്ന വാർത്തയായിരുന്നു പടർന്നിരുന്നത്. എന്നാൽ പിന്നീടത് വ്യാജമാണെന്ന് തെളിയുകയായിരുന്നു. അതേ തട്ടിപ്പിന്റെ ആവർത്തനമാണ് ഇപ്പോൾ സുക്കർബർഗിന്റെ പേരിലും നടന്നിരിക്കുന്നത്.

45 ബില്യൺ ഡോളറിന്റെ ഫേസ്‌ബുക്ക് ഷെയർ സുക്കർബർഗ് വിൽക്കാനൊരുങ്ങുന്നുവെന്ന വാർത്ത ഫേസ്‌ബുക്കിൽ കൂടി തന്നെയാണ് പ്രചരിച്ചിരുന്നത്. ഈ വാർത്ത ഷെയർ ചെയ്യുന്നവർക്കും സുഹൃത്തുക്കളുമായി ടാഗ് ചെയ്യുന്നവർക്കും 4.5 മില്യൺ ഡോളർ നേടാനുള്ള അവസരം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിൽ പ്രലോഭിതരായ മിക്കവരും ഈ വാർത്ത ഷെയർ ചെയ്യാൻ മത്സരിക്കുകയായിരുന്നു. തൽഫലമായി സുക്കർബർഗിന്റെ ഷെയർ വിൽപന വാർത്തയ്ക്ക് വൻ പ്രചാരം ലഭിക്കുകയും ചെയ്തു.സുക്കർ ബർഗ് വിൽക്കുന്ന ഫേസ്‌ബുക്ക് ഷെയറായ 45 ബില്യൺ ഡോളറിന്റെ പത്ത് ശതമാനം നേടാൻ ഏവർക്കും അവസരമെന്ന പ്രലോഭനത്തോട് കൂടിയായിരുന്നു ഈ വാർത്ത പ്രചരിച്ചിരുന്നത്. ഈ സന്ദേശം കോപ്പി പേസ്റ്റ് ചെയ്ത് 5 മുതൽ 10 വരെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് സമ്മാനം നേടാമെന്നായിരുന്നു വാഗ്ദാനം.ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന 1000 പേർക്ക് ഫേസ്‌ബുക്ക് 4.5 മില്യൺ ഡോളർ നൽകുമെന്നായിരുന്നു ഓഫർ.

ഫേസ്‌ബുക്ക് സ്ഥാപകന്റെ ഉദാരമനസ്ഥിതിയെ പ്രശംസിച്ച് കൊണ്ടുള്ളതായിരുന്നു മറ്റൊരു സന്ദേശം.ഡിസംബർ ഒന്നിനായിരുന്നു ഈ വ്യാജസന്ദേശങ്ങൾ പ്രചരിക്കാനാരംഭിച്ചത്. അതായയത് തന്റെ മകളായ മാക്‌സിമയുടെ ജനനം സുക്കർബർഗ് പ്രഖ്യാപിച്ചതിന് തൊട്ടുപുറകെയായിരുന്നു ഈ സന്ദേശങ്ങളും പ്രചരിക്കാൻ തുടങ്ങിയത്. കുട്ടിയുടെ ചിത്രം സഹിതം സുക്കർബർഗിന്റെയും ഭാര്യയുടെയും ചിത്രം ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം ചാരിറ്റിക്കായി നീക്കി വയ്ക്കുന്നതായി സുക്കർബർഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എ ലെറ്റർ ടു ഔവർ ഡോട്ടർ എന്ന കത്തിന്റെ രൂപത്തിലുള്ള പോസ്റ്റിലായിരുന്നു സുക്കർബർഗും ഭാര്യ പ്രിസില്ലയും ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഫേസ്‌ബുക്കിന്റെ 99 ശതമാനം ഷെയറുകളും അതായത് നിലവിൽ 46 ബില്യൺ ഡോളർ വിലമതിക്കുന്ന ഷെയറുകൾ നല്ല കാര്യങ്ങൾക്കുള്ള ഫണ്ടിനായി നീക്കി വയ്ക്കുന്നുവെന്ന് സുക്കർബർഗും ഭാര്യയും അന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിലൂടെ ഫേസ്‌ബുക്കിൽ നിന്നും 460 മില്യൺ ഡോളർ അവരിൽ നിന്നും ചാരിറ്റിക്കായി നൽകപ്പെടും. ഇതിന് പുറമെ ദമ്പതിമാരുടെ സ്വകാര്യസ്വത്തിൽ നിന്നും നല്ലൊരു ഭാഗവും ചാരിറ്റിക്കായി നൽകപ്പെടുന്നതാണെന്ന് അവർ പ്രഖ്യാപിച്ചിരുന്നു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദാന പ്രഖ്യാപനം സുക്കർബർഗ് ഇത്തരത്തിൽ നടത്തിയതിനെ തുടർന്നായിരുന്നു വ്യാജ സന്ദേശം പ്രചരിക്കാൻ തുടങ്ങിയത് . എന്നാൽ ആരാണ് ഇതിന് പുറകിലെന്ന് വ്യക്തമായിട്ടില്ല. ഏതായാലും ഇത് വ്യാജമാണെന്ന് ഫേസ്‌ബുക്ക് പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സന്ദേശം ഷെയർ ചെയ്യരുതെന്ന് ഫേസ്‌ബുക്ക് യൂസർമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഫേസ്‌ബുക്കിന്റെ പേരിൽ ഇതാദ്യമായല്ല ഇത്തരം വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത്. ഫേസ്‌ബുക്ക് യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ പരസ്യമാക്കുന്നുവെന്ന ഒരു വ്യാജസന്ദേശം സെപ്റ്റംബറിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം സത്യമല്ലെന്ന വിശദീകരണവുമായി ഫേസ്‌ബുക്ക് രംഗത്തെത്തുകയും ചെയ്തിരുന്നു. 2014 ഒക്ടോബറിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് 20മില്യൺ കമ്പനി ഷെയറുകൾ വിറ്റുവെന്നും ഇനിയും ഷെയറുകൾ വിൽക്കാൻ ആലോചിക്കുന്നുവെന്നുമുള്ള വാർത്തയായിരുന്നു കഴിഞ്ഞ വർഷം നവംബറിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് അധികം വൈകാതെ തെളിയുകയും ചെയ്തിരുന്നു. ഒക്ടോബർ 27 മുതൽ 31 വരെയുള്ള അഞ്ച് ദിവസങ്ങൾക്കുള്ളിൽ 45.92 ഡോളർ മുതൽ 46.76 ഡോളർ വരെ വിലനിലവാരത്തിലുള്ള മൊത്തം 952 മില്യൺ ഡോളറിന്റെ വിലയുള്ള ഷെയറുകൾ വിറ്റിരുന്നുവെന്നായിരുന്നു വാർത്ത പരന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP