Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരടിലെ ഫ്‌ളാറ്റ് പൊളിക്കലിൽ വഴിയാധാരം ആയവരുടെ കൂട്ടത്തിൽ കൊച്ചിയിൽ നിന്ന് കാർ മാർഗ്ഗം ലണ്ടനിലെത്തിയ സഞ്ചാരി സുരേഷ് ജോസഫും; കള്ളം പറയുന്ന സർക്കാറും വഞ്ചകരായ ഫ്‌ളാറ്റ് നിർമ്മാതാക്കളും ജീവിതസമ്പാദ്യം കൊണ്ടുണ്ടാക്കിയ വീട്ടിൽ നിന്നും പടിയിറക്കി; പലരോട് തെണ്ടി ഒടുവിൽ എനിക്കൊരു വീട് വാടകയ്ക്ക് കിട്ടി; രോഷവും നീറുന്ന സങ്കടവും മറച്ചുവെക്കാതെയുള്ള സുരേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മരടിലെ ഫ്‌ളാറ്റ് പൊളിക്കലിൽ വഴിയാധാരം ആയവരുടെ കൂട്ടത്തിൽ കൊച്ചിയിൽ നിന്ന് കാർ മാർഗ്ഗം ലണ്ടനിലെത്തിയ സഞ്ചാരി സുരേഷ് ജോസഫും; കള്ളം പറയുന്ന സർക്കാറും വഞ്ചകരായ ഫ്‌ളാറ്റ് നിർമ്മാതാക്കളും ജീവിതസമ്പാദ്യം കൊണ്ടുണ്ടാക്കിയ വീട്ടിൽ നിന്നും പടിയിറക്കി; പലരോട് തെണ്ടി ഒടുവിൽ എനിക്കൊരു വീട് വാടകയ്ക്ക് കിട്ടി; രോഷവും നീറുന്ന സങ്കടവും മറച്ചുവെക്കാതെയുള്ള സുരേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിൽ അനധികൃതമായി കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകളിൽ നിന്നും കുടിയിറക്കപ്പെട്ടവർ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നിരവധി പ്രമുഖർ ഇവിടെ നിന്നും കുടിയിറക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നിയമപരമായി എല്ലാം ശരിയാണെന്ന് മനസിലാക്കി ജീവിതസമ്പാദ്യം കൊണ്ട് ഫ്‌ളാറ്റ് വാങ്ങിയവരാണ് സുപ്രീംകോടതി ഫ്‌ളാറ്റ് പൊളിക്കാൻ നിർദേശിച്ചതോടെ കുരുക്കിലായത്. ഇക്കൂട്ടത്തിൽ കൊച്ചിയിൽ നിന്നും കാറ് മാർഗ്ഗം ലണ്ടനിൽ എത്തിയ സഞ്ചാരി സുരേഷ് ജോസഫുമുണ്ട്. സംവിധായകൻ ലാൽ ജോസിനൊപ്പമാണ് സുരേഷ് ജോസഫ് ലണ്ടനിലേക്ക് യാത്ര ചെയ്തത്.

ജീവിതത്തിൽ എല്ലാ നിഷ്ഠകളോടും ജീവിച്ചിട്ടും സ്വന്തം സമ്പാദ്യം കൊണ്ടു വാങ്ങിയ ഫളാറ്റിൽ നിന്നും കുടിയിറങ്ങേണ്ടി വന്നതിന്റെ ധർമ്മസങ്കടത്തിലാണ് ഐആർഎസ് ഉദ്യോഗസ്ഥനും ഡിപി വേൾഡ് ജനറൽ മാനേജരുമായിരുന്ന സുരേഷ് ജോസഫ്. ജീവിതത്തിൽ ഒരുക്കലും ഇത്തരമൊരു അനുഭവം നേരിടേണ്ടി വരുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. തന്റെ സങ്കടവും രോഷവും അദ്ദേഹം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. തന്റെ വീട് ഉപേക്ഷിക്കേണ്ടതിന് പിന്നിൽ സംഘടിതമായ വഞ്ചനയാണെന്നാണ് സുരേഷ് ജോസഫ് പറയുന്നത്.

സുപ്രീം കോടതി വിധിയെ തുടർന്ന് പൊളിച്ചു കളയാനൊരുങ്ങുന്ന മരട് അൽഫ സെറിനിലെ 14ാം നിലയിലെ താമസക്കാരനായിരുന്നു സുരേഷ് ജോസഫ്. ഇന്നലെ ഫ്‌ളാറ്റിൽ നിന്നും ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയതോടെ വാടകയ്ക്ക് സംഘടിപ്പിച്ച വീട്ടിലേക്ക് താമസം മാറുകയായിരുന്നു. സ്വന്തം വീട്ടിൽ നിന്നുമുള്ള കുടിയിറക്കിലെ കുറിച്ചാണ് സുരേഷ് ജോസഫ് വൈകാരികമായി ഫേസ്‌ബുക്കിൽ കുറിച്ചിട്ടത്.

ഇന്ന് എന്റെ വീട് ഉപേക്ഷിക്കുകയാണ്, ബാൽക്കണിയുടെ കമ്പിയഴികൾക്കപ്പുറം കണ്ട കാഴ്ചകൾ, പകർത്തിയ ചിത്രങ്ങൾ... ഇനി അവ കാണാനാവില്ല, അനുഭവിക്കുകയില്ല. പത്തു വർഷം ലംഘനങ്ങൾ അറിയാതെ കഴിഞ്ഞ ഞാൻ പെട്ടെന്നൊരു ദിവസം നിയമലംഘകനായി മാറി- സുരേഷ് ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചു. സുപ്രീംകോടതി വിധി മുതൽ ജീവിതം നിശ്ചലാവസ്ഥയിൽ ആയെന്നാണ് സുരേഷ് ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

പലരോടും തെണ്ടിയാണ് എനിക്കൊരു വാടക വീട് ലഭിച്ചതെന്നും ജോസഫ് കുറിച്ചു. 'കള്ളം പറയുന്ന സർക്കാർ, നിശ്ചയദാർഢ്യമില്ലാത്ത ബ്യൂറോക്രസി, വഞ്ചകരായ ഫ്‌ളാറ്റ് നിർമ്മാതാക്കൾ, ദുർവാശിയുള്ള നിയമവ്യവസ്ഥ. കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച തുകകൊണ്ട് ജനിച്ച ഭൂമിയിൽ സ്വന്തമാക്കിയ വീട്ടിൽ നിന്നാണ് വഞ്ചനക്കിരയായി, അഭയാർഥികളായി ഇറങ്ങേണ്ടി വരുന്നത്. സ്വാഭാവിക നീതിയുടെ വിതരണമാണ് ജനാധിപത്യത്തിന്റെ മാർഗ്ഗനിർദ്ദേശ തത്വം. ഭരണകൂടവും ജനാധിപത്യത്തിന്റെ തൂണായ നിയമ വ്യവസ്ഥ പൗരന്മാർക്ക് ഇത് നിഷേധിക്കുന്നത് ക്രൂരതയാണ്. - അദ്ദേഹം പറയുന്നു.

സർക്കാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ച് വല്ലാർപടം കണ്ടെയ്നർ ടെർമിനൽ പ്രോജക്ടിന്റെ തലവനായി 2005-ൽ എത്തിയപ്പോൾ മുതലാണ് കൊച്ചിക്കാരനായി താൻ മാറിയതെന്നും സുരേഷ് ജോസഫ് വ്യക്തമാക്കുന്നു. തുടക്കത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ കുടുംബത്തോടൊപ്പം അറബിക്കടലിന്റെ രാജ്ഞിയുടെ തീരത്ത് സുഖമായി താമസിക്കുകയായിരുന്നു. 2019 മെയ് 8 ന് സുപ്രീംകോടതി വിധി വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞുവെന്നും സുരേഷ് ജോസഫ് പറയുന്നു.

2018 ൽ കേരളത്തെ തകർത്ത വെള്ളപ്പൊക്കത്തിന് നിയമലംഘകരായ ഞങ്ങൾ ഉത്തരവാദികളാണെന്നാണ് സുപ്രീംകോടതി നിരീക്ഷണം. എന്നാൽ കഴിവില്ലാത്ത രാഷ്ട്രീയക്കാരും നിസംഗരായ ബ്യൂറോക്രസിയും സത്യം മറച്ചു വച്ചു. 2018 ലും 2019 ലും ഉണ്ടായ വെള്ളപ്പൊക്ക സമയത്ത് ആൽഫ സെറീന് മുന്നിലെ ജലനിരപ്പ് 10 സെന്റിമീറ്റർ പോലും ഉയർന്നില്ല. ജീവിത സായാഹ്ന വർഷങ്ങൾക്കായ് നെയ്ത കിളിക്കൂട്ടിൽ നിന്ന് ഇപ്പോൾ ഇറങ്ങിപ്പോകേണ്ടി വരുമ്പോൾ കൊച്ചി ഒരു പേടിസ്വപ്നമായി മാറുന്നു. ജീവിതാവസാനം വരെ പെൻഷൻ തുക കൊണ്ട് കഴിയും പോലെ മറ്റുള്ളവരുടെ കാരുണ്യത്തിൽ വാടക വീടുകളിൽ ജീവിക്കുന്നതിനാണ് സംസ്ഥാനം ശിക്ഷിച്ചിരിക്കുന്നത്.'- അദ്ദേഹം എഴുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP