Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരാണ് കോൺഗ്രസ് ക്യാപ്റ്റൻ? നല്ലൊരു നേതാവില്ലാതെ പാർട്ടിക്ക് ഇനി മുന്നോട്ടുപോകാനാവില്ല; ഫാൻസ് അസോസിയേഷൻ മുറവിളികൾക്ക് ചെവി കൊടുക്കരുത്; സംഘടനാ തിരഞ്ഞെടുപ്പ് നടത്തി വേണം നേതാവിനെ തിരഞ്ഞെടുക്കാൻ; കെഎസ് യു മുൻ സംസ്ഥാന ജന: സെക്രട്ടറി മഞ്ജുക്കുട്ടന്റെ പോസ്റ്റ്

ആരാണ് കോൺഗ്രസ് ക്യാപ്റ്റൻ? നല്ലൊരു നേതാവില്ലാതെ പാർട്ടിക്ക് ഇനി മുന്നോട്ടുപോകാനാവില്ല; ഫാൻസ് അസോസിയേഷൻ മുറവിളികൾക്ക് ചെവി കൊടുക്കരുത്; സംഘടനാ തിരഞ്ഞെടുപ്പ് നടത്തി വേണം നേതാവിനെ തിരഞ്ഞെടുക്കാൻ; കെഎസ് യു മുൻ സംസ്ഥാന ജന: സെക്രട്ടറി മഞ്ജുക്കുട്ടന്റെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തെ നയിക്കുന്ന പിണറായി വിജയനെ എല്ലാവരും ക്യാപ്റ്റൻ എന്ന് സ്‌നേഹപൂർവം വിളിച്ചു. പ്രവർത്തകരുടെ സ്‌നേഹത്തിൽ ചാലിച്ച വിളിയെ പിണറായി തള്ളിക്കളഞ്ഞതുമില്ല. ഒടുവിൽ ക്യാപ്റ്റൻ നയിച്ച മുന്നണിക്ക് തുടർഭരണവും കിട്ടി. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയേറ്റ കോൺഗ്രസിൽ ഇതുവിചാരണയുടെ കാലമാണ്. പരസ്പരം പഴിചാരലും, നേതൃമാറ്റം ആവശ്യപ്പെടലും അടക്കം ഗ്രൂപ്പുകൾ വീണ്ടും സജീവമായി. ഈ പശ്ചാത്തലത്തിൽ കെഎസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജുക്കുട്ടൻ.ജി എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആരാണ് ഇനി കോൺഗ്രസ് ക്യാപ്റ്റൻ എന്നാണ് മഞ്ജുക്കുട്ടൻ ചോദിക്കുന്നത്. വ്യക്തികളിലേക്ക് കേന്ദ്രീകരിക്കാതെ പാർട്ടിയുടെ ജയത്തിനായി പ്രവർത്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഫാൻസ് അസോസിയേഷനുകളുടെ മുറവിളിയാണ് ഇപ്പോൾ കേൾക്കുന്നത്. അത് ആത്മാർത്ഥമായ പാർട്ടി സ്‌നേഹമല്ല എന്നാണ് താനടക്കമുള്ളവർ കരുതുന്നത്.

'നമ്മുടെ പാർട്ടിക്ക് നല്ലൊരു നേതാവ് വേണം, എങ്കിൽ മാത്രമേ ഇനി മുന്നോട്ട് പോകാൻ കഴിയു, ആരാണ് ആ നേതാവ് എന്നത് നേതൃത്വം കണ്ടെത്തണം അത് സംഘടനാ തിരഞ്ഞെടുപ്പ് നടത്തി വേണം ആ നേതാവിനെ തിരഞ്ഞെടുക്കാൻ അല്ലാതെ ഫാൻസ് അസോസിയേഷൻ മുറവിളികൾക്ക് ചെവി കൊടുക്കരുത്..' മഞ്ജുക്കുട്ടൻ.ജി കുറിച്ചു

ഫേസ്ബക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആരാണ് കോൺഗ്രസ് ക്യാപ്റ്റൻ?

കോൺഗ്രസ് പാർട്ടിക്ക് ഒരുക്യാപ്റ്റൻ വേണം. 1967 കോൺഗ്രസ് തകർന്ന് തരിപ്പണമായി ഒൻപത് സീറ്റിലേക്ക് ഒതുങ്ങി, കെപിസിസി പ്രസിഡന്റ് അടക്കം പ്രമുഖർ തോറ്റ് തുന്നം പാടി. ആരാണ് ഇനി ക്യാപ്റ്റൻ?

സമുദായിക സമവാക്യങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ആ ചുമതല അന്നത്തെ കാലത്ത് കോൺഗ്രസ് പാർട്ടിയിൽ ഒന്നുമല്ലാതിരുന്ന മാളയിൽ നിന്ന് ജയിച്ച കെ. കരുണാകരൻ എന്ന ആളിലേക്ക് എത്തിച്ചേർന്നു. ചരിത്രത്തിൽ ഒരാൾ ഒര് കണ്ണിറുക്കി ചിരിക്കുന്നത് കണ്ടു മലയാളികൾ (കടപ്പാട് )ആ കരുണാകരൻ മൂന്ന് വർഷം കഴിഞ്ഞപ്പോൾ ആഭ്യന്തര മന്ത്രി ആയി പത്താം വർഷം മുഖ്യമന്ത്രി ആയി.പിന്നീട് കേരളത്തിലെ കോൺഗ്രസിന് ഒര് ക്യാപ്റ്റൻ ഉണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് എ.കെ. ആന്റണിയും, ഉമ്മൻ ചാണ്ടിയും പാർട്ടിയെ നയിച്ചു.

ഇന്നത്തെ കാഴ്‌ച്ച വാളെടുത്തവർ എല്ലാം വെളിച്ചപാടാണ്, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രം ലക്ഷ്യം വെയ്ക്കുന്ന നേതാക്കൾ അധികാരത്തിന് വേണ്ടി മാത്രം സ്ഥാനത്ത് എത്താൻ ശ്രമിക്കുന്ന യുവാക്കൾ, KSU പ്രസിഡന്റ് അയാൽ പോലും MLA ആകും എന്നത് സ്വപ്നം കാണുന്ന പാർട്ടിയിലെ യുവ രക്തങ്ങൾ (തെറ്റുകൾ ഏറ്റു പറയുന്നു എന്ന ബോധത്തോടെ സ്വയം വിമർശനം കൂടി ആണ് ) KSU എന്നാൽ പാർട്ടിയിലെ റിക്രൂട്ട്‌മെന്റ് ഏജൻസി ആണ്. ആ ചുമതല പോലും നിർവഹിക്കാതെ പ്രസിഡന്റ് അയാൽ പോലും MLA ആകാനുള്ള നെട്ടോട്ടമാണ്, വാ മൂടപ്പെട്ട യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് തലക്ക് പിടിച്ച് പാർട്ടിയെ പോലും തിരുത്തേണ്ട ചുമതല ഉള്ള യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് മുതലാളികളുടെ ഇങ്കിതത്തിന് അനുസരിച്ചു പഞ്ചപുച്ഛം അടക്കി നിക്കുന്ന കാഴ്‌ച്ച ആണ് കഴിഞ്ഞ കുറെ കാലമായി നമ്മൾ കാണുന്നത്.

വിമർശിക്കുന്നവർ വെറുക്കപെട്ടവർ ആകുന്ന കാലം, പ്രമുഖ സമുദായങ്ങളുടെ ചിട്ടയ്ക്ക് അനുസരിച്ചും സമുദായം പറഞ്ഞും സ്ഥാനം വാങ്ങി പോക്കറ്റിൽ ഇട്ട് നേതാക്കൾക്ക് വേണ്ടി വിട് പണിയെടുക്കുന്ന യുവാക്കൾ, ജാതി മതം നോക്കി സ്ഥാനമാനങ്ങൾ നിഴ്ചയിക്കപ്പെടുന്നു, പാർട്ടി പൂർണ്ണ സമ്മേളനം നടന്നിട്ട് പോലും 25 വർഷത്തിന് മുകളിൽ ആയി, ബൂത്ത് തലത്തിൽ മൂത്ത് നരച്ച ആളുകൾ പൈസ തട്ടാൻ വേണ്ടി മാത്രം കടിച്ചു തൂങ്ങുന്നു.

തന്റെ വിജയത്തിന് വേണ്ടി ഏത് നാറിയ പണിയും കാണിച്ചു അധികാരത്തിൽ എത്തി ഒര് കൂട്ടം സാമൂഹിക വിരുദ്ധരെ കൂട്ടി ഫാൻസ് അസോസിയേഷൻ ഉണ്ടാക്കി പാർട്ടി എന്താണെന്നും ചരിത്രം എന്താണെന്നും അറിയാതെ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു. പാർട്ടിയേക്കാൾ വലുതായി ഫാൻസ് കൂടുന്നു, പാർട്ടിയല്ല നേതാക്കളാണ് വലുത് എന്ന ചിന്തയുള്ള പുതുമുഖങ്ങൾ കടന്ന് വരുന്നു, അങ്ങനെ ഒരുപാട് പരാതികൾ ഉണ്ടെങ്കിലും അതൊക്കെ മാറ്റാൻ വേണ്ടി ഞാനടക്കമുള്ളവർ തയ്യാറാകാതെ ഈ പാർട്ടിക്ക് മാറ്റം വരുമെന്ന് ആരും കരുതരുത്, ഇപ്പോഴും ഫാൻസ് അസോസിയേഷൻ മുറവിളികൾ ആണ് കേൾക്കുന്നത് അല്ലാതെ പാർട്ടിയോടുള്ള സ്‌നേഹമാണ് എന്ന വിശ്വാസം ഞാനടക്കമുള്ളവർക്ക് ഇല്ല.

യുവ നേതാക്കളോട് ഒര് അഭ്യർത്ഥന ഫാൻസ് അസോസിയേഷൻ എന്നും നാശത്തിലേക്കെ ചെന്ന് നിക്കു. ചരിത്രത്തിൽ എത്രയോ മഹാന്മാർ അത്തരത്തിൽ നാശമായി പോയിട്ടുണ്ട് എന്നത് നിങ്ങൾ തന്നെ മനസിലാക്കണം.കരുനാഗപ്പള്ളിയിൽ ജയിച്ചത് സി ആർ മഹേഷ് അല്ല പാർട്ടിയാണ. എല്ലാവരും പാർട്ടി തോക്കരുത് എന്ന വികാരം പങ്കിട്ടതുകൊണ്ടാണ് ഈ വിജയം.അതൊരു വ്യക്തിയിലേക്ക് കേന്ദ്രികരിച്ചു. ഈ പാർട്ടിയെ നിങ്ങൾ നശിപ്പിക്കരുത്, ഞാനും സി ആറും ഒക്കെ പാർട്ടി ആയതുകൊണ്ടാണ് നിങ്ങൾ അംഗീകരിക്കുന്നതും ഈ പിന്തുണ നൽകുന്നതും അതാരും മറക്കരുത്.

നമ്മുടെ പാർട്ടിക്ക് നല്ലൊരു നേതാവ് വേണം, എങ്കിൽ മാത്രമേ ഇനി മുന്നോട്ട് പോകാൻ കഴിയു, ആരാണ് ആ നേതാവ് എന്നത് നേതൃത്വം കണ്ടെത്തണം അത് സംഘടനാ തിരഞ്ഞെടുപ്പ് നടത്തി വേണം ആ നേതാവിനെ തിരഞ്ഞെടുക്കാൻ അല്ലാതെ ഫാൻസ് അസോസിയേഷൻ മുറവിളികൾക്ക് ചെവി കൊടുക്കരുത്..തിരഞ്ഞെടുപ്പ് നടക്കട്ടെ....

( തിരഞ്ഞെടുപ്പ് നടത്തിയാൽ തമ്മി തല്ലി പാർട്ടി നശിക്കുമെന്നുള്ള സ്ഥിരം ഡയലോഗ് വേണ്ട ഇതിലും വലിയ നാശം ഇനി വരാനില്ല..)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP