Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ട്യൂഷന് പോകാനും ബുക്കും പേനയും വാങ്ങാനും വിയർപ്പിൽ കുതിർന്ന ഞായറാഴ്ച കൂലിക്ക് കാത്തിരുന്ന ദിവസങ്ങൾ; സ്‌കൂളിൽ കൊണ്ടുപോകാനുള്ള ചോറും പാത്രത്തിലാക്കി ഒന്നും കഴിക്കാതെ സാരി വാരി ചുററി വെപ്രാളത്തിൽ ഓടുന്ന അമ്മയെ ഓർക്കാത്ത ഒരു ദിവസവും ഇല്ല; നൂറനാട്ടെ വനിതാ എസ്‌ഐ മഞ്ജുനായർ മാതൃദിനത്തിൽ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ്

ട്യൂഷന് പോകാനും ബുക്കും പേനയും വാങ്ങാനും വിയർപ്പിൽ കുതിർന്ന ഞായറാഴ്ച കൂലിക്ക് കാത്തിരുന്ന ദിവസങ്ങൾ; സ്‌കൂളിൽ കൊണ്ടുപോകാനുള്ള ചോറും പാത്രത്തിലാക്കി ഒന്നും കഴിക്കാതെ സാരി വാരി ചുററി  വെപ്രാളത്തിൽ ഓടുന്ന അമ്മയെ ഓർക്കാത്ത ഒരു ദിവസവും ഇല്ല; നൂറനാട്ടെ വനിതാ എസ്‌ഐ മഞ്ജുനായർ മാതൃദിനത്തിൽ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: മാതൃദിനത്തിൽ സോഷ്യൽ മീഡിയയിൽ നിറയെ മാതൃദിന കുറിപ്പുകളായിരുന്നു. അമ്മ ഓരോരുത്തർക്കും എത്രമാത്രം പ്രിയപ്പെട്ടതെന്ന് പറയാതെ പറയുന്ന ജീവിത കഥകൾ. അക്കൂട്ടത്തിൽ നൂറനാട്ടുകാരിയായ ഒരു വനിതാ എസ് ഐ യുടെ അമ്മയെ കുറിച്ചുള്ള കുറിപ്പ് വേറിട്ടതായി. അടുത്തിടെ സർക്കാരിന്റെ ആദ്യ വനിതാ എസ് ഐ മാരുടെ ബാച്ചിൽ ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയ വനിതയാണ് മഞ്ജു നായർ എന്ന മിടുക്കി. ആദ്യം റെയിൽവേയിൽ, പിന്നീട് നഗരസഭയിൽ. ഇപ്പോൾ പൊലീസിൽ എസ് ഐ പിന്നിട്ട വഴികൾ മറക്കാത്ത മഞ്ജു തന്റെ ജീവിതത്തിൽ കശുവണ്ടി ഓഫീസിലെ ജോലിക്കാരിയായ അമ്മയുടെ ദുരിതങ്ങൾ മക്കൾക്ക് വേണ്ടി അനുഭവിച്ച കഷ്ടപ്പാടും ഒക്കെ ഓർത്തെടുക്കുകയാണ് തന്റെ എഫ് ബി പോസ്റ്റിലൂടെ. .

മാതൃ ദിനത്തോടു അനുബന്ധിച്ച് എന്റെ അമ്മയെ ക്കുറിച്ചും ഒരു പോസ്റ്റിടണമെന്ന് രാവിലെ മുതൽ ചിന്തിക്കുന്നു . എന്ത് എഴുതിയിട്ടും ഒരു തൃപ്തിയോ പൂർണ്ണതയോ കിട്ടുന്നില്ല. വാക്കുകൾക്ക് അതീതമാണ് അമ്മ എന്ന രണ്ടക്ഷരം എന്ന് വീണ്ടും മനസ്സിലാക്കിത്തരുന്നത് പോലെ ......... ഞാൻ നേരിട്ടു കണ്ടിട്ടുള്ള ദൈവങ്ങളിൽ ഒരാൾ എന്റെ അമ്മയാണ്. അടിക്കുകയും വഴക്കു പറയുകയും ചെയ്യുന്ന അമ്മയോട് എനിക്ക് അന്ന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു...... എന്റെ കൂട്ടുകാരുടെ അമ്മമാരൊക്കെ നല്ലതാണല്ലോ എന്റെ അമ്മ മാത്രം എന്താ ഇങ്ങനെ എന്നൊക്കെ മനസ്സിൽ തോന്നിയിരുന്നു. ജീവിത സാഹചര്യങ്ങളാണ് വില്ലൻ എന്ന് ഞാൻ മനസ്സിലാക്കിയത് വളരെ വർഷങ്ങൾ കഴിഞ്ഞാണ് . രാവിലെ ഏഴരയ്ക്ക് അണ്ടിയാപ്പീസിന്റെ വലിയ ഗേറ്റിന്റെ കുഞ്ഞ് വാതിൽ (ജയിലിലേക്ക് കയറുന്നതു പോലെ ) അടയ്ക്കും പിന്നീട് വരുന്നവർ പുറത്ത് നിന്ന് ഗേറ്റിനടിക്കണം. ചിലപ്പോൾ തുറന്ന് ചീത്ത പറഞ്ഞ് കയറ്റും അല്ലെങ്കിൽ 10 മണിക്ക് ചായ കുടിക്കാൻ എല്ലാവരെയും പുറത്ത് വിടുമ്പോൾ കയറാം.

രാവിലെ എല്ലാം വച്ചു വച്ച് എനിക്കും അനിയത്തിക്കുമുള്ള സ്‌കൂളിൽ കൊണ്ടുപോകാനുള്ള ചോറും പാത്രത്തിലാക്കി ഒന്നും കഴിക്കാതെ സാരി വാരി ചുററി വെപ്രാളത്തിൽ ഓടുന്ന അമ്മയെ ഓർക്കാത്ത ഒരു ദിവസവും ഇല്ല എന്നു തന്നെ പറയാം. വൈകിട്ട് 5.30 ന് ഓഫീസ് വിട്ടുവന്ന് വീണ്ടും വിശ്രമമില്ലാത്ത ജോലിയിലേക്ക് വീട്ടിലേക്ക് ആവശ്യമുള്ള വെള്ളം വലിയ കലങ്ങളിലാക്കി കോരി വയ്ക്കണം . വലിയ തോട്ട വലിച്ചു കൊണ്ട് റബ്ബറിൻ തോട്ടത്തിൽ പോയി അടുത്ത ദിവസം കഞ്ഞി വയ്ക്കാനുള്ള വിറക് ഒടിക്കൽ. വലതു കൈയുടെ തോളെല്ലിന് തേയ്മാനം ഉള്ളതിനാൽ വലതു കൈ മുകളിലേക്ക് പൊക്കിയാലുള്ള അതികഠിനമായ വേദന കൊണ്ട് രാത്രി ഉറങ്ങാതെ വേദനയ്ക്കുള്ള ഓയിൽ മെന്റ് തേച്ച് പായിൽ ഇരിക്കുന്ന അമ്മ : ...... ചിലപ്പോൾ അടക്കിപിടിച്ച കരച്ചിൽ ..... ജോലി കഴിഞ്ഞില്ല. പിന്നെ തുണിയലക്കലും കുളിയും കഴിയുമ്പോഴേക്കും ഒരു സമയമാകും പിന്നീടാണ് അത്താഴത്തിനുള്ള കറി ഉണ്ടാക്കി .അത്താഴം കഴിച്ച് പാതിരാത്രി മുറ്റത്തിരുന്ന് പാത്രങ്ങളെല്ലാം കഴുകി വച്ച് 12.30 ആകും കിടക്കാൻ : ......പിറ്റേന്ന് വീണ്ടും വെളുപ്പിനെ തുടങ്ങുന്ന അങ്കം...... ആഴ്ചക്കൂലിയാണ്. കിട്ടുന്നതോ ഒരാഴ്ചയിൽ 300 രൂപ. എന്റെ ആവശ്യങ്ങൾക്കാണ് ഞാൻ അന്ന് മുൻതൂക്കം നൽകിയത്.

വീട്ടു സാധനങ്ങൾ ചുരുക്കി വാങ്ങി;കൂട്ടുകാരെല്ലാം ട്യൂഷന് പോയപ്പോൾ എനിക്കും ട്യൂഷന് പോകണമെന്നു പറഞ്ഞ് ട്യൂഷന് പോയതിനും ബുക്കും പേനയും വാങ്ങുന്നതിനും വിയർപ്പിൽ കുതിർന്ന ഞായറാഴ്ച കൂലിക്ക് കാത്തിരുന്ന ദിവസങ്ങൾ ...... വേടര പ്ലാവിലെ മിക്ക വീടുകളിലേയും അന്ന ദാതാവായിരുന്ന അണ്ടിയാപ്പീസ് ഒരു ദിവസം മുതലാളിമാരുടെ തർക്കത്തെ തുടർന്ന് പൂട്ടി .... പിന്നീട് അമ്മയുടെ ഓട്ടപ്പാച്ചിൽ കൂടി : പല പല സ്ഥലങ്ങളിൽ ദൂരെയുള്ള ഓഫീസിലേക്ക് ജോലിക്കു പോകാൻ തുടങ്ങി ... ദിവസവും വണ്ടി കൂലിയും അധിക ചെലവായി ...... രാവിലെ സ്ഥിരമായി ഒന്നും കഴിക്കാത്തതും രാവിലെ മുതൽ വൈകുന്നേരം വരെ കുത്തിയിരുന്നുള്ള ഓഫീസ് ജോലിയും കാരണം കുറെ അസുഖങ്ങളും കൂട്ടി നായി .... അങ്ങനെ അമ്മ അനുഭവിച്ച ഒരു പാട് ത്യാഗങ്ങളുടെ ഫലമാണ് ഞങ്ങളുടെ ജീവിതം . എനിക്ക് ആദ്യമായി ജോലി കിട്ടിയത് റെയിൽവേയിലാണ് അന്ന് ഞാനൊരു തീരുമാനമെടുത്തു. ഇനി എന്റെ അമ്മയെ കഷ്ടപ്പെടാൻ വിടില്ലെന്ന് .... (പക്ഷേ ഇപ്പോഴും അമ്മ എന്റെ പിള്ളരെ നോക്കി കഷ്ടപ്പെടുന്നുണ്ട്)

നൂറനാട് പണയിൽ ശ്രീ ശൈലത്തിൽ ജയകുമാറിന്റെ ഭാര്യയാണ് മഞ്ജു രണ്ട് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP