Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആ സമയങ്ങളിൽ രാത്രി 9 മണി അമ്മയ്ക്ക് വേണ്ടിയുള്ളതായിരുന്നു...കാര്യങ്ങൾ പറയാൻ; അമ്മയുടെ മനസിലെ തമോഗർത്തങ്ങളിൽ കെടുത്താനാവാത്ത കനലായി നീറുന്ന വേദനകൾ'; എഴുത്തുകാരി അഷിതയുടെ വിയോഗത്തിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി മാലാ പാർവതി; തേജസിന് നൽകുന്ന മരുന്നാക്കി അമ്മ കീമോതെറാപ്പിയെ മാറ്റിയെന്നും പാർവതിയുടെ വാക്കുകൾ; നല്ലൊരു മകളാകാൻ പറ്റിയില്ലെങ്കിലും ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നെന്നും താരം

'ആ സമയങ്ങളിൽ രാത്രി 9 മണി അമ്മയ്ക്ക് വേണ്ടിയുള്ളതായിരുന്നു...കാര്യങ്ങൾ പറയാൻ; അമ്മയുടെ മനസിലെ തമോഗർത്തങ്ങളിൽ കെടുത്താനാവാത്ത കനലായി നീറുന്ന വേദനകൾ'; എഴുത്തുകാരി അഷിതയുടെ വിയോഗത്തിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി മാലാ പാർവതി;  തേജസിന് നൽകുന്ന മരുന്നാക്കി അമ്മ കീമോതെറാപ്പിയെ മാറ്റിയെന്നും പാർവതിയുടെ വാക്കുകൾ; നല്ലൊരു മകളാകാൻ പറ്റിയില്ലെങ്കിലും ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നെന്നും താരം

മറുനാടൻ ഡെസ്‌ക്‌

ചെറുകഥകൾക്ക് പ്രാധാന്യം നൽകി ബാലസാഹിത്യത്തിലെ റാണിയായി തിളങ്ങി നിന്നിരുന്ന അഷിതയുടെ വിയോഗത്തിന് പിന്നാലെ സാഹിത്യ ലോകം ഇപ്പോൾ ആദരാഞ്ജലി അർപ്പിക്കുകയാണ്. ഈ അവസരത്തിലാണ് തന്റെ ഓർമ്മകളിൽ നിന്നുള്ള ഏടുകൾ പങ്കുവെച്ച് നടിയും എഴുത്തികാരിയുമായ മാലാ പാർവതി കുറിപ്പ് പങ്കുവെച്ചത്. തന്നെ ഏറ്റവുമധികം സ്വാധീനിച്ച അഷിതയെ കുറിച്ചും തന്റെ ജീവിതത്തിന്റെ മുഖ്യമായ ഘട്ടങ്ങളിൽ അഷിത താങ്ങായി നിന്നതും മാലാ പാർവതി ഫേസ്‌ബുക്കിലൂടെ വിവരിക്കുന്നു.

രണ്ട് ഫേസ്‌ബുക്ക് കുറിപ്പുകളിലൂടെയാണ് മാലാ പാർവതി താനും അഷിതയുമായിട്ടുള്ള ആത്മ ബന്ധം വിവരിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ അശ്വിനി ആശുപത്രിയിലായിരുന്നു അഷിതയുടെ (63) അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചെറുകഥാകൃത്തും കവയിത്രിയും വിവർത്തകയുമായിരുന്ന അഷിത തൃശ്ശൂരിലെ പഴയന്നൂരിൽ 1956ൽ ആണ് ജനിച്ചത്. ഡൽഹിയിലും ബോംബെയിലുമായിരുന്നു വിദ്യാഭ്യാസം.

ചെറുകഥകളിൽ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കർത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകൾ മലയാളത്തിൽ പരിചിതയാക്കിയത്.

പാർവതിയുടെ ആദ്യ ഫേസ്‌ബുക്ക് പോസ്റ്റ്

അഷിതയെ എന്തിനാണ് അമ്മ എന്ന് വിളിക്കുന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിക്കുന്നവരോട് കൂട്ടുകൂടണ്ട എന്നാണ് അമ്മ പറയാറ്. ആല്ലങ്കിൽ നീ എന്നെ കേറി അഷിതാമ്മന്ന് വിളിക്കും.

ഇനി എങ്ങനെ വിളിക്കും? ആരെ വിളിക്കും?
അമ്മ പോയി.

ഇന്നലെ വൈകുന്നേരം അല്പ നേരം അടുത്തിരിക്കാൻ പറ്റി. അമ്മ നേരത്തെ പറഞ്ഞേല്പിച്ചിരുന്നത് പോലെ വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും ചൊല്ലി കൊടുത്തു. അമ്മയെ പൊന്നു പോലെ നോക്കുന്ന ഉമയെ (ഏകമകൾ ) മനസ്സ് കൊണ്ട് വണങ്ങി സന്ധ്യയ്ക്കാണ് അശ്വിനി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയത്. ഉമയുടെ വാക്കുകളാണ് മനസ്സിൽ.. 'ആ കണ്ണുകളിൽ ആളില്ല ചേച്ചി.. ശ്വാസത്തിലും, ഹൃദയമിടിപ്പിലും പിന്നെ വേറെ എവിടെയൊക്കെയോ ആണ്.. എവിടാണെന്ന് അറിയുന്നില്ലാന്ന്...'

ഏറെ വർഷങ്ങളായി രോഗവുമായുള്ള യുദ്ധം മതിയാക്കാൻ അമ്മ തീരുമാനിച്ചത് ആ കണ്ണിൽ വായിക്കാമായിരുന്നു. തീരുമാനിച്ചുറച്ച പോലെ ആയിരുന്നു.

മാലാ പാർവതി രണ്ടാമത് പങ്കുവെച്ച കുറിപ്പിങ്ങനെ:

അമ്മ പറഞ്ഞിട്ട് മുമ്പൊരിക്കൽ എഴുതിയ കുറിപ്പ്...

എനിക്ക് ആരാണ് അഷിത?

ആകാശത്തിന്റെ ഒരു കീറിൽ പാരോ എന്ന് വിളിച്ച് സ്‌നേഹ മഴയായി എന്റെ ജീവതത്തിലേക്ക് പെയ്തിറങ്ങിയ ദൈവാംശമുള്ള ശക്തിയാണ് അഷിത . ഞാൻ അഷിതയെ അമ്മ എന്നാണ് വിളിക്കാറ്. അമ്മ ആഗ്രഹിക്കുന്ന പോലെ സ്‌നേഹം പ്രകടിപ്പിക്കാൻ പറ്റിയിട്ടുണ്ടോ എന്നറിയില്ല . പ്രിയ എ എസ്സിനെയും ബാലയെയും ശ്രീനാഥിനെയും കുറിച്ച് അമ്മ പറയുമ്പോൾ, അവർ അമ്മയ്ക്ക് വേണ്ടി കരുതുന്നതറിയുമ്പോൾ ,എനിക്ക് എന്നെ കുറിച്ചോർത്ത് ലജ്ജ തോന്നാറുണ്ട്. സ്‌നേഹം വാങ്ങാനും കൊടുക്കാനുമറിയാത്ത എന്നോട് എനിക്ക് വെറുപ്പ് തോന്നാറുണ്ട്. എങ്കിലും അമ്മ സ്‌നേഹിച്ച് കൊണ്ടേയിരിക്കുന്നു .പഠിപ്പിച്ചും തിരുത്തിയും നേർവഴി നടത്തിയും ആ കാരുണ്യം എന്റെ വരണ്ട മനസ്സിൽ അല്പം നീര് ഇറ്റിച്ച് തരാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

എനിക്കാരാണ് അഷിത? ഞാൻ ഏറ്റവും സനേഹിച്ചിരുന്ന എഴുത്ത്കാരി. കാലം എന്നെ കൊണ്ട് അഷിതയെ അമ്മ എന്ന് വിളിപ്പിക്കും എന്ന് ഞാൻ സ്വപ്നത്തിൽ വിചാരിച്ചിട്ടില്ല. അഷിതയുടെ എഴുത്താണ് എനിക്ക് വഴി കാണിച്ചിരുന്നത്. 2006-ൽ തെരുവിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് തെളിയിക്കാൻ തിരുവനന്തപുരം നഗരത്തിലൂടെ ഞാൻ നടന്നു. മനോരമ പത്രത്തിൽ ഒരു ഫീച്ചർ ചെയ്തു. അത് വലിയ ഒച്ചപ്പാടുണ്ടാക്കി. സക്കറിയ ,പുനത്തിൽ പോലെയുള്ള എഴുത്തുകാർ അഭിപ്രായം പറഞ്ഞതോടെ യാത്ര വിവാദത്തിലായി.അന്ന് നമ്മൾ തമ്മിൽ എന്ന ഷോയിൽ 'പാർവ്വതി കണ്ട നേരുകൾ ' എന്ന പേരിൽ ശ്രീകണ്ഠൻ നായർ ചർച്ച സംഘടിപ്പിച്ചു. എന്നെ ആക്ഷേപിക്കുക എന്ന ഉദ്ദേശം ഷോയിലുടനീളം അദ്ദേഹം മറച്ച് വച്ചില്ല. എഴുത്തുകാരൻ മധു (ന്യൂയോർക്ക് ) ഏറ്റവും ആനന്ദത്തോടെ മ്ലേച്ഛ വാദങ്ങൾ നിരത്തി കൊണ്ടിരുന്നു. ആ ചർച്ചയിൽ എനിക്ക് അധികം സംസാരിക്കാൻ കഴിഞ്ഞില്ല .

ആ ചർച്ചയിൽ മുഴുവൻ ഞാൻ ഒരു സ്ത്രീയും പറയാത്തത് എന്ന അഷിതയുടെ കഥ പുസ്തകമില്ലാതെ വായിക്കുകയായിരുന്നു. ആ വാക്കുകളിലെ സത്യം എനിക്ക് കാവലുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു . ആ ചർച്ചയ്‌ക്കൊടുവിൽ എനിക്ക് അവസരം വന്നപ്പോൾ ഞാൻ ആ കഥയെ കുറിച്ച് പറയുകയും ചെയ്തു. അന്ന് എനിക്ക് അഷിതയെ ഈ തരത്തിൽ പരിചയമില്ല.അവർ ശിവേന സഹനർത്തനം എഴുതിയപ്പോൾ എന്റെ വായനയും ആത്മീയതയിലേക്ക് തിരിഞ്ഞു . അവരുടെ വാക്കുകൾ എന്നെ വഴി നടത്തുകയായിരുന്നു. ഏഷ്യാനെറ്റിൽ സുപ്രഭാതം ചെയ്യുന്ന സമയത്താണ് ഞാൻ അഷിതയെ ആദ്യമായി കാണുന്നത്. ഒരു ഓണക്കാലത്ത് . സാധാരണ ഗതിയിൽ സുപ്രഭാതം ഷോയിൽ ഇന്റർവ്യൂ ചെയ്യുന്നത് രണ്ട് പേരാണ്. എന്നാൽ അഷിതയെ ഇന്റർവ്യൂ ചെയ്യാൻ അന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയോട് ഒരു മണിക്കൂർ ഞാൻ സംസാരിച്ചു. ഇന്റർവ്യൂ കഴിഞ്ഞിട്ടും എനിക്കവരെ മനസ്സിലായില്ല. അവരാരാണ് ? എന്താണിവരുടെ മനസ്സിനെ ഇത്രയും തീവ്രമായി തപിപിക്കുന്നത് എന്ന് ഞാൻ ചിന്തിച്ച് കെണ്ടേയിരുന്നു.

വെള്ള സാരിയുടുത്ത എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ കാൽ വണങ്ങിയപ്പോൾ കിട്ടിയ ആനന്ദം എനിക്ക് വർണ്ണിക്കാൻ വിഷമമാണ് .ആ ആനന്ദത്തിൽ പ്രപഞ്ചം ഒരു സത്യം കണ്ടതുകൊണ്ടാകാം അമ്മ എന്ന് വിളിക്കാൻ സാധിക്കുമാറ് അഷിതയെ എനിക്ക് കിട്ടിയത്. എന്നല്ല അമ്മയ്ക്ക് അമ്മയോട് തന്നെ പറയാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയാൻ ,മനസ്സിലെ കനലുകൾ. ഒന്ന് തണുപ്പിക്കാൻ അമ്മ എന്നെ വിളിക്കാൻ തുടങ്ങി. ആ സമയങ്ങളിൽ രാത്രി 9 മണി അമ്മയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ആരോടും പറയാത്ത വേദനകളാണ് അമ്മയിൽ ക്യാൻസറായി നിറയുന്നത്. അമ്മയുടെ മനസ്സിലെ തമോഗർത്തങ്ങളിൽ കെടുത്താനാവാത്ത കനലായി നീറുന്ന വേദനകൾ ! ഗുരു നിത്യചൈതന്യ യതിയെ നേരിട്ട് കണ്ടിട്ടില്ല. കണ്ടിട്ടുള്ളത് അമ്മയുടെ കണ്ണുകളിലാണ് .ഗുരു പകർന്ന് നൽകിയ ആത്മീയ പ്രകാശം അമ്മയിലെ ചൈതന്യമായി അറിഞ്ഞിട്ടുണ്ട്.

അമ്മയെ അടുത്തറിയണം. ഒരത്ഭുതമാണ്. അതിശയോക്തി പറയുകയല്ല . അഷിതയെ പരിചയമില്ലാത്തവരെ ബോദ്ധ്യപ്പെടുത്താൻ എളുപ്പമാണ്. 3 തവണ കാൻസർ ബാധിച്ചു. കീമോതെറാപ്പികൾ നിരന്തരം നൽകപ്പെടുന്ന ഒരു ശരീരമാണ് അമ്മയുടേത്. തേജസ്സിന് നൽകുന്ന മരുന്നാക്കി അമ്മ അത് മാറ്റി കളഞ്ഞു. അതാണ് അമ്മയിലെ മാജിക്ക്. പറഞ്ഞാൽ തീരില്ല. അത്രയ്ക്കും അത്രയ്ക്കും തീവ്രമാണ് എനിക്ക് അവരോടുള്ള ബന്ധം . അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയിലുണ്ടായ പിണക്കവും തീവ്രമായിരുന്നു. അമ്മയല്ല പിണങ്ങിയത് എന്ന് എടുത്ത് പറയേണ്ടതില്ല എന്ന് തോന്നുന്നു.
പക്ഷേ അമ്മ തീരുമാനിക്കാതെ അമ്മയുടെ ജീവിതത്തിൽ ഒരില പോലും അനങ്ങില്ല. എല്ലാ ബന്ധങ്ങളെയും കഥകളിലെ കഥാപാത്രങ്ങളെ പോലെ കുരുക്കുണ്ടാക്കി കുരുക്കിൽ പെടുത്തും. എന്നിട്ടത് അഴിച്ച് കൊടുക്കും. അമ്മയുടെ ഉള്ളിലെ ക്യാൻസറിനെ പോലും അമ്മ വട്ടം കറക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ചുമ്മാ.. ക്യാൻസറിനെ കൊണ്ടൊരു ഹൈക്കു ചൊല്ലിക്കാൻ.

എന്നെ ഏറ്റവുമടുത്തറിയാവുന്ന ചുരുക്കം ചിലരിലൊരാളാണ് അമ്മ. പക്ഷേ ഞാനത്ര നല്ല മകളല്ല. അതെന്തുകൊണ്ടോ എനിക്ക് നല്ലതാവാൻ പറ്റുന്നില്ല. പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ട്. എനിക്ക് വിശദീകരിക്കാനാവാത്ത 'എന്തോഒന്ന്'. അഷിതയെ അറിയാൻ ശ്രമിക്കുന്നവർ പരാജയപ്പെടുന്നത് പോലെ ആ 'എന്തോ ഒന്നിനെ' അറിയാൻ ശ്രമിച്ച് ഞാനും തോറ്റു. അറിയണ്ട അനുഭവിച്ചാൽ മതി. അത് മറ്റൊന്നുമല്ല സ്‌നേഹമാണ്.
അഷിതയെ കുറിച്ച് റോസ്‌മേരി ഒരിക്കൽ പറഞ്ഞത് മനസ്സിൽ നിറയുന്നു. ഒരു ഗ്രാമത്തിലെ ഏതോ ക്ഷേത്രത്തിന്റെ മുമ്പിൽ തെളിഞ്ഞ് നിൽക്കുന്ന ദീപം പേലെയാണ് അഷിത എന്ന് . ഒരു കാറ്റത്തണയുമെന്ന് തോന്നാം. പക്ഷേ ഒരു ദേശത്തിന് മുഴുവൻ വെളിച്ചമായി ,കാറ്റത്തുലയാതെ ശാന്തമായി തെളിഞ്ഞ് കത്തി കൊണ്ടിരിക്കും ആ ദീപം . ആ വെളിച്ചത്തിന്റെ പാദത്തിൽ ഞാൻ നമസ്‌ക്കരിക്കുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP