Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്ന് പറയുന്ന സമുദായ സംഘടനകൾ വായിച്ചറിയാൻ..! ഇകെ സുന്നി മദ്രസയിലെ ഉസ്താദിന്റെ ബാലപീഡനങ്ങൾ തുറന്നെഴുതി മാധ്യമം ലേഖികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; തെറിവിളികളുമായി സുന്നി അനുഭാവികൾ

ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്ന് പറയുന്ന സമുദായ സംഘടനകൾ വായിച്ചറിയാൻ..! ഇകെ സുന്നി മദ്രസയിലെ ഉസ്താദിന്റെ ബാലപീഡനങ്ങൾ തുറന്നെഴുതി മാധ്യമം ലേഖികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; തെറിവിളികളുമായി സുന്നി അനുഭാവികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫാറൂഖ് കോളേജിൽ ലിംഗ സമത്വത്തിന് വേണ്ടി സമരം നയിക്കുമ്പോൾ അതിനെ എതിർത്തും അനുകൂലിച്ചും രണ്ട് പക്ഷം രംഗത്തുണ്ട്. എംഎസ്എഫ് അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതിരെ എതിർത്താണ് രംഗത്തുള്ളത്. സുന്നി സംഘടനകൾ അടക്കമുള്ളവർ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ലിംഗ സമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്ന പൊതുനിലപാടാണ് യാഥാസ്ഥിതിക മുസ്ലിം സംഘടനകൾക്ക് ഉള്ളത്. ഇതിനിടെയാണ് ഇത്തരം യാഥാസ്ഥിതികരുടെ മതപഠന സ്ഥാപനങ്ങളിൽ നടക്കുന്ന ചില ദുഷ്പ്രവണതകളെ കുറിച്ച് മാധ്യമം ദിനപത്രത്തിലെ മുതിർന്ന ലേഖിക വി പി റെജീന തുറന്നെഴുതിയത്. സ്വന്തം മദ്രസാനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നും വി പി റെജീന ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഫേസ്‌ബുക്കിൽ വിവാദങ്ങൾക്കും ഇടയാക്കി.

ഇ കെ സമസ്ത സുന്നി മദ്രസയിലെ പഠനകാലത്ത് ഒരു ഉസ്താദിന്റെ ലൈംഗിക വിക്രിയകളെ കുറിച്ചായിരുന്നു റെജീന തുറന്നെഴുതിയത്. ഒന്നാംക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളുടെ ജനനേന്ദ്രിയത്തിൽ ഉസ്താദ് സ്പർശിച്ചിരുന്നെന്നും പെൺകുട്ടികളോടും ലൈംഗിക താൽപ്പര്യത്തോടെ സമീപിച്ചുവെന്നതുമുടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് റെജീന ഫേസ്‌ബുക്കിൽ എഴുതിയത്. ലിംഗസമത്വവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റെജീനയുടെ തുറന്നെഴുത്ത്. അതേസമയം റെജീനയുടെ തുറന്നെഴുത്തിനോട് സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായത്. ചിറർ റെജീനയുടെ തുറന്നു പറച്ചിലിൽ രാഷ്ട്രീയം കാണാതിരുന്നപ്പോൾ മറ്റു ചിലർ സമുദായ സംഘടനകൾക്കിടയിലെ ഭിന്നിപ്പിനെ കുറിച്ചാണ് വ്യാഖ്യാനിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിനെതിരെ തെറിവിളികളുമായി നിരവധി പേരും രംഗത്തെത്തി. ഇ കെ സുന്നി വിഭാഗത്തെ അനുകൂലിച്ച് രംഗത്തെത്തിയവർ റെജീനയെ തെറിവിളിക്കുകയും ചെയ്തു. റെജീനയുടെ വിമർശനം സുന്നികളെ തരംതാഴ്‌ത്താൻ വേണ്ടിയാണെന്നും ജമാഅത്തിന്റെ തന്ത്രമാണെന്നും നീണ്ടു വിമർശനം. അതേസമയം വിമർശനം കടുത്തപ്പോൾ പെൺപീഡകരുടെ ആരാധകരെ വിമർശിച്ച് റെജീനയ്ക്ക് മറുപടി എഴുതേണ്ടിയും വന്നു. ഇതിന്മേലും തെറിവിളിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

മദ്രസാനുഭവങ്ങളെ കുറിച്ച് വി പി റെജീന എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു പത്തിരുപതുകൊല്ലം മുമ്പാണ് .പഠിച്ചത് സുന്നി മദ്രസയിലാണ്. അപ്പോ ഏത് സുന്നി എന്ന് ചോദിച്ച് അവിടെയും തർക്കിക്കാൻ ഓട്ട നോക്കേണ്ട. ഇ.കെ സമസ്ത സുന്നി. അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് അവിടെ. അപ്പോ ആദ്യത്തെ കൊല്ലം ചെറിയൊന്നാണ്. രണ്ടാം കൊല്ലം വല്യൊന്നും. വല്യ ഒന്നാം ക്ലാസിലെ ആദ്യ ദിനം. തടിച്ച് കൊഴുത്ത ഒരു ഉസ്താദ് .പ്രായം ഒരു നാൽപത് നാൽപത്തഞ്ച് കാണുമായിരിക്കും. ഏഴാം വയസ്സിലെ ഓർമയല്ലേ? ഇപ്പോൾ ഓർക്കുമ്പോൾ തോന്നുന്ന പ്രായമാണ് കേട്ടോ. പേര് നാലാം ഖലീഫയുടേത്. ബർക്കത്തോടെ ദീനി പഠനം ആരംഭിക്കുന്ന ആ കൊല്ലത്തെ പ്രഥമ ദിനമാണ്. ആദ്യം ക്ലാസിലെ ആൺകുട്ടികളോടു വരി വരിയായി നിൽക്കാൻ പറഞ്ഞു. ഉസ്താദ് മേശക്കു പിന്നിൽ കസേരയിൽ അമർന്ന് ഇരിക്കുകയാണ്. എന്നിട്ട് ഓരോരുത്തരെ ആയി വിളിച്ചു. തലയിൽ തൊപ്പിയൊക്കെ വച്ച് നിഷ്‌കളങ്കരായ കുരുന്നു മക്കൾ.

ഉസ്താദിനടുത്തേക്ക് സന്തോഷത്തോടെ ചെന്ന ആൺകുട്ടികളുടെ ഭാവം മാറുന്നത് ബെഞ്ചിൽ തന്നെ ഇരിക്കുന്ന പെൺകുട്ടികളായ ഞങ്ങക്ക് കാണാം. പേരൊക്കെ ചോദിച്ച് കൊണ്ട് തൊട്ടുഴിഞ്ഞ് ഉസ്താദിന്റെ കൈ പോകുന്നത് കുട്ടികളുടെ മുൻഭാഗത്തേക്കാണ്. ആൺകുട്ടികൾ ട്രൗസറിൽ നിന്ന് പാന്റിലേക്ക് മാറുന്ന കാലം കൂടിയാണ്. പതുക്കെ സിബ് നീക്കി പിടിച്ചു നോക്കുന്നു. ആൺ കുട്ടികൾ വല്ലാതെ ചൂളുന്നതും നാണിക്കുന്നതും കണ്ട് പെൺകുട്ടികളായ ഞങ്ങളും വല്ലാതെയാവുന്നു. ' കൊറവ് കാണിക്കാതെ ഇങ്ങോട്ട് അടുത്ത് വാ.. എത്ര വല്പണ്ട്ന്ന് നോക്കട്ടെ, ഉസ്താദിന്റെ സ്‌നേഹം കലർന്ന കൽപന. ഇങ്ങനെ ക്ലാസിലെ അവസാനത്തെ ആൺകുട്ടിയെയും തപ്പി നോക്കിയാണ് മൂപ്പര് നിർത്തിയത്. ഇത് കുറച്ച് ദിവസങ്ങൾ നീണ്ടതായാണ് ഓർമ. കുറച്ച് കാലയളവിൽ മാത്രമായിരുന്നു അയാൾ ഞങ്ങളെ പഠിപ്പിച്ചത്. പിന്നെ പുതിയ ഉസ്താദ് വന്നു. ഇതിനിടയിൽ തന്നെ കുറെ ആൺ കുട്ടികൾ ആ മദ്രസയിൽ നിന്ന് പേരും വെട്ടി പോയിരുന്നു..

അടുത്തത് : ക്ലാസ് നാലോ അഞ്ചോ ആണെന്ന് തോന്നുന്നു. അന്നും വലിയ ക്ലാസുകാർക്ക് രാത്രിയാണ് മദ്രസ .ആ സമയത്ത് രാത്രി നിത്യം പവർ കട്ട് ഉണ്ടായിരുന്നു. അര മണിക്കൂർ നേരത്തേക്ക് ഉസ്താദിന്റെ മേശപ്പുറത്ത് മുനിഞ്ഞ് കത്തുന്ന നേർത്ത മെഴുകുതിരി വെട്ടം. ഓത്തും വായനയും ഒക്കെ അപ്പോൾ നിർത്തിവെക്കും. എന്നാലും ഞങ്ങൾ പെൺകുട്ടികൾക്ക് സന്തോഷമല്ല, പേടിയാണ് ആ ഇരുട്ടിൽ. ഖുർആനും ദീനിയാത്തും അമലിയ്യാത്തും അഹ് ലാക്കും താരീഹും ഒക്കെ എടുക്കുന്ന ഉസ്താദ്. പേര് പ്രവാചകന്റെ പേരക്കുട്ടികളിൽ ഒരാളുടേത്. വയസ്സ് 60തിനോടടുത്ത് കാണും. മങ്ങിയ വെളിച്ചം ആ വലിയ ക്ലാസിൽ ഇരുട്ടിലെ മിന്നാമിനുങ്ങിന്റേതിന് സമമായിരിക്കും. ആ നേരമാവുമ്പോൾ ഉസ്താദ് ഇരിക്കുന്നിടത്ത് നിന്ന് എണീറ്റ് പതുക്കെ പെൺകുട്ടികളുടെ ബെഞ്ചിന് നേരെ നടക്കും. കയ്യിൽ വടിയുമായി റോന്ത് ചുറ്റും. പെൺ കുട്ടികളുടെ പല ഭാഗത്തും ആ നേരം തോണ്ടലും വടി കൊണ്ട് കുത്തലും കിട്ടും. രണ്ടിലും മൂന്നിലും ഓരോ വട്ടം തോറ്റ് അഞ്ചിൽ എത്തിയ സുന്ദരിയായ നജ്മ അപ്പോഴേക്ക് വല്യ ആളായിരുന്നു. (അവളെ ഉസ്താദ് കരുതിക്കൂട്ടി തോൽപിക്കുന്നതാണെന്ന് പിള്ളേരായ ഞങ്ങൾ അടക്കം പറയും).

ഉസ്താദ് വേണ്ടാത്ത്ടത്തൊക്കെ പിടിക്കുന്നെന്ന് നജ്മ ദേഷ്യത്തോടെ ഞങ്ങളോടെക്കെ പറയുമായിരുന്നു. പലതും ഞങ്ങൾ കണ്ടിട്ടുമുണ്ട്. ഒരു ദിവസം അവൾ ചാടിയെണീറ്റ് വടിയിൽ കേറി പിടിച്ച് വിരൽ ചൂണ്ടി പൊട്ടിത്തെറിച്ചു. 'ഉസ്താദെ അടങ്ങിക്കളിച്ചോളേണ്ടി.അല്ലെങ്കിൽ വല്യസ്താദിനോട് ഞാനെല്ലാം പറയും ട്ടോ'അവള്‌ടെ കണ്ണ് കത്തുന്നത് ആ ഇരുട്ടിലും ഞങ്ങൾ കണ്ടു. ഉസ്താദ് ആകെ പര്ങ്ങി. 'അയ്‌ന് ഞാനൊന്നും ചെയ്തില്യാലോ കുട്ട്യേ' ന്നും പറഞ്ഞ് തിടുക്കത്തിൽ കസേരയിലേക്ക് വലിഞ്ഞു. കറണ്ട് വന്നപ്പോ മൂപ്പരെ മുഖം വല്ലാതെ ആയിരുന്നു. പിന്നെയുള്ള ദിവങ്ങളിൽ നജ്മക്ക് ഓരോ കാരണം പറഞ്ഞ് നല്ല തല്ലു കിട്ടി. അതിനു ശേഷം അധികനാൾ അവൾ പഠനം തുടർന്നില്ല. പക്ഷെ, ആ വയസ്സൻ ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചു. കുത്തലും പിടിക്കലും ആ കൊല്ലം പിന്നെയും സഹിയ്‌ക്കേണ്ടി വന്നു. അതിന്റെ എണ്ണം കുറഞ്ഞിരുന്നെങ്കിലും. എന്നിട്ടും ഞങ്ങൾ പേടിച്ച് ആരോടും പറഞ്ഞില്ല ഒന്നും . ഇന്നും രാത്രി കാലങ്ങളിൽ വല്യ വല്യ പെൺകുട്ടികൾ മദ്രസയിൽ പോകുന്നത് കാണുമ്പോൾ ആ സംഭവങ്ങൾ തികട്ടി വന്ന് നെഞ്ചിൻ കനം വെക്കാറുണ്ട്. ഞങ്ങൾക്കന്നൊന്നും ക്ലാസിൽ ഒപ്പം പഠിക്കുന്ന ആൺകുട്ടികളെ അല്ലായിരുന്നു പേടി. പഠിപ്പിക്കാൻ വരുന്ന ഉസ്താദുമാരെ ആയിരുന്നു.

പുതിയ ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതു കൊണ്ട് സൂക്ഷിക്കണമെന്നും ചില 'മതസമുദായ' സംഘടനകളുടെ കണ്ടെത്തലുകൾ വായിച്ചപ്പോൾ അരാജകത്വമില്ലാത്ത എത്ര സുന്ദരമായ സമൂഹമാണ് കാലങ്ങളായി നമ്മുടേതെന്ന് വെറുതേ ഓർത്തു പോയി...

 

ഒരു പത്തിരുപതുകൊല്ലം മുമ്പാണ് .പഠിച്ചത് സുന്നി മദ്രസയിലാണ്. അപ്പോ ഏത് സുന്നി എന്ന് ചോദിച്ച് അവിടെയും തർക്കിക്കാൻ ഓട്ട ന...

Posted by VP Rajeena on Saturday, November 21, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP