Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

'ഞങ്ങളുടെ സിനിമയുടെ ഭാഗമായതിന് നന്ദി; താങ്കൾ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങനെയാകുമായിരുന്നില്ല'; ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനിയുടെ കത്ത്

'ഞങ്ങളുടെ സിനിമയുടെ ഭാഗമായതിന് നന്ദി; താങ്കൾ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങനെയാകുമായിരുന്നില്ല'; ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനിയുടെ കത്ത്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ കത്ത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രം 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയുടെ ഭാഗമായതിന് നന്ദിയറിയിച്ചാണ് കത്ത്. ലിജോ ജോസ് പെല്ലിശ്ശേരി കത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം'. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേഷനുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനിടെയാണ് നന്ദി പറഞ്ഞ് കത്തയച്ചത്. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

മമ്മൂട്ടി കമ്പനി തനിക്ക് നന്ദി പറഞ്ഞ് അയച്ച കത്താണ് സംവിധായകൻ ഷെയർ ചെയ്തത്. 'നൻപകൽ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി. താങ്കൾ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇതുപോലെയാകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങൾ നൽകുന്ന ആദരമാണ് ഈ സമ്മാനങ്ങൾ,' എന്നാണ് കത്തിൽ കുറിച്ചിരുന്നത്.

കഴിഞ്ഞ വർഷം നവംബർ 7ന് വേളാങ്കണ്ണിയിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷൻ പഴനിയായിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിർമ്മാണം. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ സഹനിർമ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'അമര'ത്തിനു ശേഷം അശോകൻ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്റേതാണ് രചന.

ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മാർച്ച് മൂന്നിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, പത്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

മുഖ്യധാരാ സിനിമയിൽ പിൽക്കാലത്ത് കൾട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടർച്ചയായ ബിലാൽ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാൽ വലിയ കാൻവാസും നിരവധി ഔട്ട്‌ഡോർ സീക്വൻസുകളുമൊക്കെയുള്ള ചിത്രം കോവിഡ് പശ്ചാത്തലത്തിൽ അസാധ്യമായതിനാൽ ആ ഇടവേളയിൽ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവർ.

എസ് എൻ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ5ലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥൻ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്‌ക്രീനിലെത്തുന്ന ചിത്രത്തിന്റെ രചന എസ് എൻ സ്വാമിയുടേത് തന്നെയാണ്. ഭീഷ്മ പർവ്വം, പുഴു, നൻപകൽ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP