Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇഷ്ടപ്പെടുന്ന വ്യക്തിയുമായി ലൈംഗികബന്ധത്തിലേർപ്പെടാനുള്ള അവകാശത്തിന് പിന്തുണ നൽകുന്നു; മദ്യം കഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്;  ഇഷ്ടമുള്ള പ്രവൃത്തി ചെയ്ത് ജീവിക്കുവാൻ പരിപൂർണ പിന്തുണ; പതിനെട്ട് വയസ്സ് പൂർത്തിയായപ്പോൾ കനിക്ക് അച്ഛൻ എഴുതിയ കത്ത് ഇങ്ങനെ

ഇഷ്ടപ്പെടുന്ന വ്യക്തിയുമായി ലൈംഗികബന്ധത്തിലേർപ്പെടാനുള്ള അവകാശത്തിന് പിന്തുണ നൽകുന്നു; മദ്യം കഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്;  ഇഷ്ടമുള്ള പ്രവൃത്തി ചെയ്ത് ജീവിക്കുവാൻ പരിപൂർണ പിന്തുണ; പതിനെട്ട് വയസ്സ് പൂർത്തിയായപ്പോൾ കനിക്ക് അച്ഛൻ എഴുതിയ കത്ത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചലച്ചിത്ര നടിയും തിയേറ്റർ ആർട്ടിസ്റ്റും മോഡലുമായ കനി കുസൃതി പങ്കുവച്ച ഒരു കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.​ 2003 സെപ്റ്റംബർ 12ന്, തനിക്ക് പതിനെട്ടു വയസ്സ് പൂർത്തിയായപ്പേൾ അച്ഛൻ മൈത്രേയൻ നൽകിയ കത്താണ് കനി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. സാമൂഹ്യ പ്രവർത്തകരും യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും മൈത്രേയ മൈത്രേയന്റെയും മകളാണ് കനി. കോ-ഹാബിറ്റേഷൻ എന്ന വാക്ക് മലയാളികൾക്ക് ഒട്ടും തന്നെ പരിചിതമല്ലാതിരുന്ന കാലത്ത് വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചു വിപ്ലവം സൃഷ്ടിച്ചവരാണ് ജയശ്രീയും മൈത്രേയനും.

കത്തിന്റെ പൂർണരൂപം വായിക്കാം:

എന്റെ പ്രിയമുള്ള മകൾ കനിക്ക്,

ഇന്ന് നിനക്ക് പതിനെട്ടു വയസ്സ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി നീ സ്വതന്ത്രമായി തീരുമാനം എടുക്കുവാൻ അവകാശമുള്ള ഒരു വ്യക്തിയായി തീർന്നിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം, നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയിൽ, നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി, ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതിമതവിശ്വാസങ്ങളുടെയും വർഗ്ഗ, വംശ, രാഷ്ട്രീയ വേർതിരുവുകളുടെയും പുരുഷമേധാവിത്ത മൂല്യങ്ങളുടെയും ഒരു സമ്മിശ്ര സംസ്കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്രവ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല.അതിൽ ഏതു ശരി ഏതു തെറ്റ് എന്ന് സംശയമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാർക്ക് നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗികാവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്തു വന്നത്. നിന്റെ സ്വാതന്ത്ര്യബോധം പുരുഷസമൂഹത്തിന്റെ മൂല്യബോധത്തിനെതിരെയാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരാളം സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാകുമെന്നു ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറയ്ക്കാൻ എന്റെ ഇനിയുള്ള വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാൻ കരുതുന്നു.

വീട് വിട്ടുപോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു.
ഇഷ്ടപ്പെടുന്ന വ്യക്തിയുമായി, അത് ആണായാലും പെണ്ണായാലും സങ്കരവർഗ്ഗമായാലും, ലൈംഗികബന്ധത്തിലേർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.
ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപെടുത്തുന്ന ഇന്നത്തെ നടപ്പിനു വിരുദ്ധമായി നിനക്ക് അത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.
നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.
നിന്റെ ഇഷ്ടത്തിനു വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.
തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ട എന്ന് വെക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.
ഒരേസമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാക്കി അതിനും പിന്തുണ നൽകുന്നു.
ആരോടും പ്രേമം തോന്നുന്നില്ല.​അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനമെങ്കിൽ അതും സമ്മതമാണ്.
മദ്യം കഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്.
നിനക്ക് ഇഷ്ടമുള്ള പ്രവൃത്തി ചെയ്ത് ജീവിക്കുവാൻ പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
ഈ അവകാശങ്ങൾ നേടിയെടുക്കാനുള്ള നിന്റെ ഏതു സമരത്തിലും പങ്കാളിയായി നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കുന്നതാണ്.

ഇനി ചില അഭ്യർത്ഥനകളാണ്.

ബലാത്സംഗത്തിനു വിധേയയായാൽ, അതിനെ അക്രമം എന്ന് കണ്ട്, ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുള്ള ആർജ്ജവം നേടിയെടുക്കണം.
മറ്റുള്ളവർക്ക് അസ്വസ്ഥതകളും ഹാനിയുമുണ്ടാക്കുന്നതിനാൽ പുകവലി ശീലമാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കിൽ അത് മിതമായി ഉപയോഗിക്കുവാൻ ശീലിക്കുക. പക്ഷേ കുറ്റവാളികളെ പോലെ രഹസ്യമായി ചെയ്യരുത്.
രാഷ്ട്രീയത്തിന്റെ, മതത്തിന്റെ, വംശത്തിന്റെ, ലിംഗത്തിന്റെ, വർണ്ണത്തിന്റെ, ദേശത്തിന്റെ, ജാതിയുടെ, ഭാഷയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ, മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു തത്ത്വചിന്തയേയും സ്വീകരിക്കരുത്.
ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ, ചില സന്ദർഭങ്ങളിൽ, മറ്റുള്ളവർക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാൻ അറിയുന്പോൾ പോലും അറിഞ്ഞുകൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ, പ്രവൃത്തികൊണ്ടോ, നോട്ടംകൊണ്ടോ, ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം. ബലാൽസംഗം ചെയ്തവരെപ്പോലും വെറുക്കരുത്. ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിതവിജയമാണ്.
തന്റെയും മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം സമരം ചെയ്യണം. നമ്മുടെ സമരം വ്യക്തികൾക്കെതിരെയല്ല, വ്യവസ്ഥിതികൾക്കും സന്പ്രദായങ്ങൾക്കുമെതിരെയാണ്.
നീ അറിഞ്ഞു സ്നേഹിക്കാൻ കഴിവുള്ളവൾ ആണെന്ന് ഞാൻ മനസ്സിലാക്കുന്നു. ആ സ്നേഹം അഗാധമാക്കാൻ ശ്രമിക്കുക.
നമ്മുടെ പ്രവൃത്തിയുടെ അളവുകോൽ മറ്റുള്ളവരോടുള്ള സ്നേഹമാണോ എന്ന് എപ്പോഴും നോക്കുക.
വളരെ കുറച്ചുനാൾ മാത്രം ജീവിതമുള്ള ഒരു വർഗ്ഗമാണ് മനുഷ്യൻ, അതിനാൽ ഇന്നത്തെ നിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുള്ളവർക്ക്​ എന്നും ആനന്ദം നൽകി ജീവിക്കാൻ നിനക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

അച്ഛത്തമില്ലാതെ പെരുമാറാൻ ശ്രമിക്കുന്ന നിന്റെ അച്ഛൻ.

മൈത്രേയൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP