Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു തെറ്റിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി നിരവധി കള്ളങ്ങൾ വിളിച്ചു പറയുന്നു; ക്ഷേത്രങ്ങളുടെ പണം സർക്കാർ എടുക്കുകയല്ല കൊടുക്കുകയാണെന്നും 100 കോടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്നുമുള്ള പ്രസ്താവന പച്ചക്കള്ളം; സർക്കാരിന്റെ ദുർവാശിയും പിടിപ്പുകേടും കാരണം ബോർഡിന് 200 കോടി നഷ്ടമാണ് ഉണ്ടായതെന്നും കുമ്മനം രാജശേഖരൻ

ഒരു തെറ്റിനെ  ന്യായീകരിക്കാൻ  മുഖ്യമന്ത്രി നിരവധി കള്ളങ്ങൾ വിളിച്ചു പറയുന്നു; ക്ഷേത്രങ്ങളുടെ പണം സർക്കാർ എടുക്കുകയല്ല കൊടുക്കുകയാണെന്നും 100 കോടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്നുമുള്ള പ്രസ്താവന പച്ചക്കള്ളം; സർക്കാരിന്റെ ദുർവാശിയും പിടിപ്പുകേടും കാരണം ബോർഡിന് 200 കോടി നഷ്ടമാണ് ഉണ്ടായതെന്നും കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സർക്കാർ ക്ഷേത്രങ്ങളുടെ പണം എടുക്കുകയല്ല കൊടുക്കുകയാണെന്നും 100 കോടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് ബിജെപി മുൻഅദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രളയകാലത്ത് പമ്പയിലും മറ്റുമുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 100 കോടി ദേവസ്വം ബോർഡിന് നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. അതനുസരിച്ചു ബഡ്ജറ്റിൽ വകകൊള്ളിക്കുകയും ചെയ്തു. പക്ഷേ 40 കോടി മാത്രമാണ് നൽകിയത്. ബാക്കി 60 കോടി രൂപ ഇതുവരെ നൽകിയിട്ടില്ല. അതേസമയം ശബരിമലയിൽ അനാവശ്യമായി നിരോധനം ഏർപ്പെടുത്തി ഭക്തജനങ്ങളെ തടയുകയും വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്തതു മൂലം 2018-2019 ൽ ദേവസ്വം ബോർഡിന് ഉണ്ടായ നഷ്ടം 200 കോടി രൂപയാണ്. സർക്കാരിന്റെ ദുർവാശിയും പിടിപ്പുകേടുമാണ് ഇതിന് കാരണം.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് 80 ലക്ഷം രൂപ വാർഷികാശനം നൽകേണ്ടത് ഭരണഘടനയുടെ 290A അനുസരിച്ചു സർക്കാരിന്റെ ബാധ്യതയാണ്. 40 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷം നൽകേണ്ട 60 ലക്ഷം രൂപ ഇപ്പോഴും സർക്കാർ കൈവശം വച്ചിരിക്കുകയാണ്. ക്ഷേത്രങ്ങൾക്ക് കൊടുക്കേണ്ട 60 കോടി രൂപ സഹായ വാഗ്ദാന തുകയും 40 ലക്ഷം രൂപ വാർഷികാശനവും കൈവശം വച്ച് ക്ഷേത്രങ്ങളെ വഴിയാധാരമാക്കിയശേഷം ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് ക്ഷേത്രങ്ങൾക്ക് 100 കോടി കൊടുത്തു എന്നാണ്.

ക്ഷേത്രത്തിന് അവകാശപ്പെട്ട പണവും സ്വത്തും കാലാകാലങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന സർക്കാർ നാളിതുവരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിച്ചുവരുന്നത്. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും സംസ്ഥാന കേന്ദ്ര സർക്കാരുകൾ സൗകര്യങ്ങൾ ഏർപ്പെടുത്താറുണ്ട്. ശബരിമല ഗുരുവായൂർ ക്ഷേത്രങ്ങൾക്ക് 200 കോടി രൂപ കേന്ദ്ര സർക്കാർ നൽകി. 146 മുസ്ലിം ക്രൈസ്തവ ഹിന്ദു ആരാധനാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ കേന്ദ്രം 85 കോടി രൂപ അനുവദിച്ചു.

3 മാസക്കാലം ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചു 3 കോടിയിൽപ്പരം അയ്യപ്പന്മാർ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി കേരളത്തിൽ എത്തുന്നതുമൂലം ആയിരം കോടിയിൽപരം രൂപയുടെ റവന്യു വരുമാനം സർക്കാരിന് ലഭിക്കുന്നുണ്ട്. ഇലക്ട്രിസിറ്റി ബോർഡ് , കെ എസ് ആർ ടി സി , വാട്ടർ അഥോറിറ്റി , ടൂറിസം ധനകാര്യ റവന്യു വകുപ്പുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും ഉണ്ടാകുന്ന വൻ വരുമാനമാണ് നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നത്. സർക്കാരിനെ സാമ്പത്തികമായി താങ്ങി നിർത്താൻ എന്നെന്നും ത്യാഗപൂർവം സഹായിച്ചിട്ടുള്ള ദേവസ്വം ബോർഡ് ഇന്ന് മുങ്ങുന്ന കപ്പലായി മാറി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും നിവൃത്തിയില്ലാത്ത സ്ഥിതിയിലായി.

ഒരു കാലത്ത് സ്വന്തം ഭൂമി സർക്കാർ റവന്യുവിൽ സമർപ്പിച്ചു 40 ശതമാനം വരുമാനം കൂടുതൽ ഉണ്ടാക്കിക്കൊടുത്ത ദേവസ്വം ഇന്ന് നറുക്കല നിവേദ്യത്തിന് പോലും വകയില്ലാതെ പിച്ച തെണ്ടേണ്ട അവസ്ഥയിലാണ്.മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങൾ കോവിഡ് പ്രതിരോധത്തിന് പണം നൽകി എന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വിശദീകരണം. തിരുപ്പതി ദേവസ്ഥാനം ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകുന്നു. ആശുപത്രി വികസിപ്പിച്ചു ചികിത്സ നൽകുന്നു. 19 കോടി രൂപയുടെ മരുന്നും സാധനസാമഗ്രികളും നൽകി കഴിഞ്ഞു.കെട്ടിടങ്ങളെല്ലാം ക്വാറന്റൈന് വിട്ടുകൊടുത്തു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രത്യേക ട്രസ്റ്റ് ഉണ്ട്. ഭക്തജനങ്ങൾ അതിലേക്ക് പണം നൽകാറുമുണ്ട്. അതുപോലെ ഗുരുവായൂർ ദേവസ്വം കമ്മറ്റിക്കും ചെയ്യാവുന്നതേ ഉള്ളു. ഒരു തെറ്റിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി നിരവധി കള്ളങ്ങൾ വിളിച്ചു പറയുകയാണ് .

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ വഴി ആശയക്കുഴപ്പമുണ്ടാക്കുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും സത്യ സ്ഥിതി എന്തെന്ന് തുറന്നു പറയാൻ തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP