Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചേച്ചി ഏത് സോപ്പാണ് ഉപയോഗിക്കുന്നത്? ശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോ സാധാരണയുള്ളതിനേക്കാൾ 'വേഷം കെട്ടു' കൾ മോർച്ചറിയിലുള്ളവർ ചെയ്യാറുണ്ട്; അത് വച്ച് രോഗാണുക്കളോക്കാൾ കൂടുതൽ പ്രതിരോധിക്കുന്നത് ഈ ദുർഗന്ധത്തേയാണ്; ഒരു തുള്ളി സ്രവം പോലും മേത്ത് പറ്റിയിട്ടില്ലെങ്കിലും പരിശോധന കഴിഞ്ഞ് വീട്ടിലെത്തി ഒരു മാരകമായ കുളി കുളിക്കുന്നത് വരെ നമ്മുടെ വസ്ത്രങ്ങളിലും, മുടിയിലും തൊലിയിലുമെല്ലാം ഈ മണം നിൽക്കും; മോർച്ചറി അനുഭവങ്ങൾ പങ്കുവെച്ച് ഫോറൻസിക് സർജൻ

ചേച്ചി ഏത് സോപ്പാണ് ഉപയോഗിക്കുന്നത്? ശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോ സാധാരണയുള്ളതിനേക്കാൾ 'വേഷം കെട്ടു' കൾ മോർച്ചറിയിലുള്ളവർ ചെയ്യാറുണ്ട്; അത് വച്ച് രോഗാണുക്കളോക്കാൾ കൂടുതൽ പ്രതിരോധിക്കുന്നത് ഈ ദുർഗന്ധത്തേയാണ്; ഒരു തുള്ളി സ്രവം പോലും മേത്ത് പറ്റിയിട്ടില്ലെങ്കിലും പരിശോധന കഴിഞ്ഞ് വീട്ടിലെത്തി ഒരു മാരകമായ കുളി കുളിക്കുന്നത് വരെ നമ്മുടെ വസ്ത്രങ്ങളിലും, മുടിയിലും തൊലിയിലുമെല്ലാം ഈ മണം നിൽക്കും; മോർച്ചറി അനുഭവങ്ങൾ പങ്കുവെച്ച് ഫോറൻസിക് സർജൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മോർച്ചറിയിലെ അനുഭവങ്ങളെ കുറിച്ചു ഫോറൻസിക് സംഘത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. മോർച്ചറിയിൽ തങ്ങൾ അനുഭവിക്കുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള കുറിപ്പെഴുതിയത് ഡോ.കൃഷ്ണൻ ബാലേന്ദ്രനാണ്. ഒരു മോർച്ചറി അറ്റന്ററെ കുറിച്ചും അവർ അനുഭവിക്കേണ്ടി വരുന്ന സന്ദർഭങ്ങളെ പറ്റിയും കുറിപ്പിൽ വ്യക്തമാക്കുന്നു.'പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോഴും അഴുകിയ ശരീരങ്ങൾ ചിലപ്പോഴെങ്കിലും ഇപ്പോഴും എനിക്ക് ഛർദ്ദിലും ഓക്കാനവവും ഉണ്ടാക്കാറുണ്ട്. അതിന്റെ കാര്യം ഞാനൊരു സാധാരണ മനുഷ്യനായതുകൊണ്ടാണ്. നമ്മളേപ്പോലെയൊക്കെ ജീവിച്ചിരുന്നവരാണ്. മരിച്ച സാഹചര്യമങ്ങനായിപ്പോയി. അഴുകുന്നതിന് മുമ്പ് ചടങ്ങുകളൊക്കെ തീർത്ത് കിട്ടാൻ 'ഭാഗ്യ'മില്ലാതെ പോയവർ.ചേച്ചി ഏത് സോപ്പാണ് ഉപയോഗിക്കുന്നത് എന്ന് തുടങ്ങി പരിഹസിക്കല് ചോദ്യങ്ങൾ മുതൽ ഔട്ട്‌റൈറ് emotional abuse വരെ അവർ നിത്യേന നേരിടുന്നു എന്നും ഡോ. കൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എവ്രിഡേ ഹീറോ

======== =====

രമേച്ചി അങ്ങനെ അറിയപ്പെടുന്ന ഹീറോയൊന്നുമല്ല. ഹീറോ ആവാൻ വേണ്ടുന്ന കൺവെൻ്ഷണൽ ചേരുവകളൊന്നുമൊട്ടില്ലതാനും. പിന്നെങ്ങനാ?ആലപ്പുഴ മെഡിക്കൽ കോളേജിൽ ഫോറെൻസിക്ക് മെഡിസിൻ വിഭാഗത്തിൽ സ്വീപ്പർ-ക്ലീനറായി വന്നിട്ട് ഇപ്പോ മോർച്ചറി അറ്റന്റർ.
വീട്ടമ്മ,
ഭാര്യ,
മകൾ,
മരുമകൾ,
ഇരട്ട കുട്ടികളുടെ അമ്മ,
പിന്നെ ആ കുടുംബത്തിന്റെ സോൾ ബ്രഡ് വിന്നർ.പ്രായത്തിൽ എന്നേക്കാൾ ഇളയതാണെങ്കിലും ഞാൻ രമേച്ചിയേ വിളിക്കുന്നത് രമേച്ചീന്നാണ്. ഡിപ്പാർട്ട്‌മെന്റിൽ എന്നേ ഏറ്റവും കരുതുന്നതും രമേച്ചിയാണ്. എന്നും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോ ഞാൻ കാറിന്റെ താക്കോലെടുത്തോ, വാച്ചെടുത്തോ, ഫോണെടുത്തോ എന്ന് ചോദിക്കും. രാവിലെ എത്തിക്കഴിഞ്ഞാൽ ഒരു സുലൈമാനി ഉണ്ടാക്കി തരുന്നത് മുതൽ മാസത്തിലൊരിക്കൽ പോസ്റ്റോഫീസ്‌ചേച്ചിക്ക് കൊടുക്കാനുള്ള നിക്ഷേപത്തുക വരെ മറക്കാതെ ഓർമ്മിപ്പിച്ച്...രമേച്ചിയിലേക്ക് ഒന്നൂടി വരാം. ഈ എഴുത്തിന്റെ അവസാനം. അതിന് മുന്നേ മോർച്ചറിയിലെ ചില കാര്യങ്ങളൂടി പറയാനുണ്ട്.

======================================

ജീവനുള്ള രോഗികളെ കാഷ്വാല്റ്റിയിലും വാർഡിലും ഓപ്പീയിലും വച്ച് ഗ്ലൗവൊന്നും ഇടാതെ പരിശോധിക്കുന്ന ഡോക്ടർമാർ പോലും രോഗി മരിച്ച് കഴിഞ്ഞാൽ അവർ ഒരു നിമിഷം മുമ്പ് വരെ തൊട്ട് ചികിത്സിച്ചിരുന്ന മനുഷ്യരെ പിന്നീട് ഒന്ന് തൊടാൻ ഗ്ലൗസ് ചോദിക്കും. ഒരൂ സേഫ്റ്റി പ്രിക്കോഷന് അപ്പുറത്തേക്ക് പോകുന്ന ചില ബോധ്യങ്ങളും ബോധങ്ങളുമാണ് പെരുമാറ്റത്തിലും ഈ അപ്പാരെന്റ്‌ലി സ്‌ട്രേയ്ഞ്ചായ രൂപംമാറലിന്റെ അടിസ്ഥാന കാരണങ്ങൾ കിടക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നേ കുറേയൊക്കെ വാർത്തെടുത്തത് മോർച്ചറിയാണ്. ഹ്യുമിലിറ്റി പഠിപ്പിക്കുന്ന സ്ഥലം. താഴ്മയോടെ കുറേയൊക്കെ പഠിച്ചിട്ടുണ്ട്.മോർച്ചറി അങ്ങനൊരു സ്ഥലമാണ്. ഒരു ദയയും കാട്ടാതെ, നാട്യങ്ങളോ ഡ്രസ്സിങ്ങപ്പോ ഇല്ലാതെ പലപ്പോഴും അസ്വാസ്ഥ്യവും സ്വൈരക്കേടുമുണ്ടാക്കുന്ന സമൂഹത്തിലെ സത്യങ്ങൾ ഒരു ദയയും ദാക്ഷിണ്യവും ഇല്ലാതെ സത്യം വിളിച്ച് കൂവുന്ന ഒരിടം. നിസ്സംഗതയോടെ കാര്യങ്ങൾ ചെയ്ത് പോയാൽ വല്യ പരിക്കേൽക്കാതെ അവിടുന്ന് ജോലി കഴിഞ്ഞ് വീട്ടിപ്പോവാം. എന്നാൽ മൃതശരീരത്തിന്റെ രോഗഗ്രസ്ഥതയ്ക്കും രോഗസൂചകമായ വിലക്ഷണതയ്ക്കുമപ്പുറമൊരു തലത്തിലേക്ക് മരിച്ചയാളുടെ ജീവിതത്തിലേക്കും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിലേക്കും പോയാൽ അത് നമുക്ക് മിക്കപ്പോഴും വേദനയുണ്ടാക്കും. മുറിവേൽപ്പിക്കും.

അത് മോർച്ചറിയുടെ കുഴപ്പമല്ല. ഫോറെൻസിക്കിന്റേയും കുഴപ്പമല്ല. അവിടെ നമ്മളെ എത്തിക്കുന്ന, മോർച്ചറികൾക്ക് പുറത്തുള്ള നമ്മളൊക്കെ ജീവിക്കുന്ന സമൂഹത്തിലെ യാഥാർത്ഥ്യങ്ങളാണ്. കണ്ണാടിയിലെ റിഫ്‌ളക്ക്‌ഷെൻ്‌സ്.ഫോറെൻസിക്ക്‌സിലാണെന്ന് അറിയുമ്പോ ഒരുപാട് പേര് ചോദിച്ചിട്ടുള്ളതാണ് മൃതദേഹങ്ങളുമായി ഇടപഴകുമ്പോഴൊക്കെ പേടിയാവില്ലേ... അറപ്പ് തോന്നില്ലേ എന്നൊക്കെ. ഭയക്കേണ്ടത് ജീവിച്ചിരിക്കുന്നവരേയാണ്. എല്ലാ അർത്ഥത്തിലും. പറച്ചിലിലും പ്രവർത്തിയിലും എല്ലാറ്റിലും. നേരേ മറിച്ച് മരിച്ച് കഴിഞ്ഞാൽ പിന്നെ എല്ലാവരും എന്ത് പാവങ്ങളാണ്. സാമാന്യവൽക്കരിച്ച് പറഞ്ഞാൽ രോഗവാഹകരെന്ന നിലയിലും മൃതദേഹങ്ങൾ ജീവനുള്ളവരുടെയത്രേം അപകടകാരികളല്ല. എന്നാലും ആരും ഒരു ഡെഡ്‌ബോഡിയേ ഗതിയുണ്ടെങ്കിൽ തൊടില്ല. ഇൻക്വസ്റ്റ് ചെയ്യുവാൻ വേണ്ടി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഈയ്യിടെ ഒരു പുഴയിലോ മറ്റോ ഇറങ്ങി സാഹസം കാട്ടിയതൊക്കെ പത്രത്തിൽ കണ്ടതല്ലേ നമ്മൾ.മരണം നടന്ന് അധികം സമയമാവാത്ത ബോഡിയാണെങ്കിൽ പോലും ഈ അകൽച്ചയും നീരസവും വൈമുഖ്യവും. അപ്പോ പിന്നെ കുറച്ച് കാലതാമസം വന്ന് അഴുകി തുടങ്ങിയ ശരീരങ്ങളാണെങ്കിൽ പറയുകയും വേണ്ട. ആ പഞ്ചായത്തീന്ന് തന്നെ സ്‌കൂട്ടാവാൻ നോക്കും മിക്കവരും. ഞാനതിൽ വല്യ തെറ്റൊന്നും കാണുന്നുമില്ല. അങ്ങനെയേ ആവൂ. ഒരു മനുഷ്യന് സധാരണ ഗതിയിൽ ഒരേ സമയം ഭയവും അറപ്പും മനംപിരട്ടലുമുണ്ടാക്കുന്നയൊന്നാണ് അഴുകിയ ശരീരങ്ങൾ. കാഴ്‌ച്ചയായും ദുർഗന്ധമായും സ്പർശനമായും.പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോഴും അഴുകിയ ശരീരങ്ങൾ ചിലപ്പോഴെങ്കിലും ഇപ്പോഴും എനിക്ക് ഛർദ്ദിലും ഓക്കാനവവും ഉണ്ടാക്കാറുണ്ട്. അതിന്റെ കാര്യം ഞാനൊരു സാധാരണ മനുഷ്യനായതുകൊണ്ടാണ്. നമ്മളേപ്പോലെയൊക്കെ ജീവിച്ചിരുന്നവരാണ്. മരിച്ച സാഹചര്യമങ്ങനായിപ്പോയി. അഴുകുന്നതിന് മുമ്പ് ചടങ്ങുകളൊക്കെ തീർത്ത് കിട്ടാൻ 'ഭാഗ്യ'മില്ലാതെ പോയവർ.

അത്രേയൊള്ളു വ്യത്യാസം.സമയത്ത് കത്തിച്ച് കളഞ്ഞില്ലെങ്കിൽ ഇത് തന്നെയാണ് നമ്മുടെയെല്ലാം ഗതി. അതിനി പെട്ടിയിലായാലും ഖബറിലായാലും. അഴുകി തന്നെ.അതുകൊണ്ട്, എപ്പോഴൊക്കെ എനിക്ക് അങ്ങനെ മനംപിരട്ടലും ഓക്കാനവവും വന്നിട്ടുണ്ടോ അന്നൊക്കെ പോസ്റ്റ്മോർട്ടം പരിശോധന കഴിഞ്ഞ് ഞാനവരോട് കാല് പിടിച്ച് മാപ്പ് യാചിച്ചിട്ടുമുണ്ട്. പറ്റി പോയതാണ്. പൊറുക്കണം എന്ന് പറഞ്ഞ് കേണ് പറഞ്ഞിട്ടുണ്ട്. വിത്തൗട്ട് ഫെയ്ൽ, എന്നോടവർ എല്ലായ്‌പ്പോഴും ക്ഷമിച്ചിട്ടുമുണ്ട്.

====================================

കുറച്ച് നാൾ മുമ്പ് രാവിലെ പത്രമെടുത്തപ്പോൾ ഒരു വൃദ്ധയായ സ്ത്രീയേ നായ കടിച്ച് കൊന്നു എന്നൊരു വാർത്ത കണ്ടു. അന്ന് ഞാനല്ലായിരൂന്നു മോർച്ചറി ഡ്യൂട്ടി. സ്വാഭാവിക കാരണത്താലുള്ള മരണത്തിന് ശേഷം മൃതശരീരത്തിൽ നായ കടിച്ചിട്ടുണ്ടായ മുറിവുകളായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനപോലും നടക്കുന്നതിന് മുൻപ് ധൃതി പിടിച്ച് 'മരണകാരണ' ത്തിന് ഒരു തീർപ്പ് കൽപ്പിച്ച വാർത്ത പത്രത്തിൽ വരുത്തിയത് എന്തൂസിസാസ്റ്റിക്ക് ജേണലിസം.എന്തായാലും രാവിലെ തന്നെ ആ കേസിന്റെ പരിശോധന കഴിഞ്ഞ് ഡിപ്പാർട്ട്‌മെന്റിൽ കേസ് ചർച്ചയാവുകയും ചെയ്തു. ഉച്ചമുതൽ കുറേ പത്രപ്രവർത്തകർ എന്നേ വിളിച്ച് ഈ കേസിനേ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അതിൽ മിക്കവർക്കും തലേന്ന് പത്രത്തിൽ വന്ന പോലെ നായ കടിച്ചുള്ള മരണമല്ല, സ്വാഭാവിക കാരണങ്ങളാലുള്ള മരണത്തിന് ശേഷം നായ കടിച്ചമുറിവുകളാണ് ശരീരത്തിൽ കണ്ടതെന്ന് പറഞ്ഞ് മനസ്സിലാക്കിയപ്പോ മിക്കവരുടെയും പ്രതികരണത്തിൽ നിരാശ നിഴലിച്ചുവോന്ന് എനിക്ക് സംശയം തോന്നി.

ആഫ്റ്ററോൾ, ഒരാൾ ജീവനോടെ നായ കടിച്ച് പറിച്ച് നരകയാതന അനുഭവിച്ച് മരിക്കുമ്പോ ഉള്ള ഒരു സ്‌തോഭജനകതയും സ്തബ്ധതയുമൊന്നും ഒരു സ്വാഭാവിക മരണത്തിനില്ലല്ലോ... വാട്ടേ ട്രാജഡി.Most of us die as we live. പലപ്പോഴും ഒരാളുടെ മരണം അയാളുടെ ജീവിതത്തെയും ജീവിച്ച് മരിച്ച സാഹചര്യങ്ങളെയും നോക്കി വരച്ച ഒരു ചിത്രം മാതിരിയാണ്. മരണം മാത്രമല്ല, മരണാനന്തരം ശരീരം ഏത് രൂപത്തിൽ മോർച്ചറിയിലെത്തും എന്നതും ഒരു പ്രതിഫലനമാണ്. ആശുപത്രിയിലൊക്കെ കിടന്ന് ചികിത്സ കിട്ടി മരിക്കുന്ന സമയത്ത് സേർട്ടഫൈഡായ വ്യക്തമായ മരണ കാരണത്തോടെ (രോഗം) മരിക്കൂന്നവരൊന്നും മോർച്ചറിയിലെത്താറില്ല, പരിക്കിന്റെ കാഠിന്യത്താലാണെങ്കിൽ എത്തും.

അല്ലെങ്കിൽ വീട്ടിൽ കിടന്ന് മരിച്ചാലും അതിന് മുമ്പ് തന്നെ മരണകാരണമായേക്കാൻ സാധ്യതയുള്ള രോഗമോക്കെ നിർണ്ണയിച്ച് കണ്ടെത്തിയ ശേഷം അക്കാരണത്താൽ തന്നെ ബന്ധുക്കളുടെയും ഉറ്റവരുടേയുമൊക്കെ സാന്നിധ്യത്തിലോ പ്രൊക്‌സിമിറ്റിയിലോ മരിക്കുന്ന കുലജാതർ. 'നല്ല' ജീവിതം ജീവിച്ചവർ. ഇനിയവരെങ്ങാനം ആശുപത്രിയിലോട്ടുള്ള വഴിമധ്യേ മരിച്ച് brought dead ആയിട്ട് ആശുപത്രയിൽ എത്തിയാൽ തന്നെ വല്യ താമസമില്ലാതെ ചീഞ്ഞ് പോകാതെയും, പാറ്റയും ഉറുമ്പുമരിക്കാതെയും, പട്ടി കടിക്കാതെയുമൊക്കെ ഇങ്ങ് എന്റെ ടേബിളിലെത്താറുണ്ട്. സമൂഹത്തിൽ പ്രിവിലേജ് വർക്ക് ചെയ്യുന്നത് കാണണമെങ്കിലും മോർച്ചറിയിലിരുന്ന് പറ്റും.നായ കടിച്ചല്ല ആ വൃദ്ധ മരിച്ചതെന്ന് അറിയുമ്പോ അത് കേട്ട് നിരാശ വന്ന് കെട്ട് പോകുന്ന ഔത്സുക്യവും ജിജ്ഞാസയും കാണാതെ പോകുന്ന ഒരു യാഥാർത്ഥ്യമാണ് ഒറ്റപ്പെട്ട ജീവിതങ്ങൾ ജീവിക്കുന്നവരുടെ മരണങ്ങളും, മരണത്തിന് ശേഷം നീണ്ട സമയകാലയളവ് ശരീരത്തിന് വരുന്ന മാറ്റങ്ങളും.
ജീവിച്ചിരുന്നപ്പോഴുള്ള പോലെയല്ലല്ലോ മരണത്തിന് ശേഷം ശരീരത്തിലുണ്ടാവുന്ന മുറിവുകൾ. രക്തം ഒലിക്കുന്നത് കുറവെന്ന പോലെ അത് പരേതരേ അലോസരപ്പെടുത്താറില്ല.
അത് പോലെ തന്നെയാണ് ചീയുന്നതും.

പരേതർക്കൊന്നും അല്ലെങ്കിലും ഒന്നുമറിയേണ്ടല്ലോ.ജീവിതാവസാനകാലത്തോ അല്ലെങ്കിൽ ജീവിതം തന്നെയോ ഏകാന്തമായി ജീവിച്ചവരോ അല്ലെങ്കിൽ ഒറ്റപ്പെട്ട് പോകുന്നവരോ ആണ് സാധാരണ അഴുകി മോർച്ചറിയിൽ വരാറുള്ളവർ.
പലപ്പോഴും അഴുകലിന്റെ ദുർഗന്ധം പുറം ലോകമറിഞ്ഞായിരിക്കും ആ മരണം തന്നെ നടന്നെന്ന് ബോധ്യപ്പെടുന്നത്. പുഴയിലോ കടലിലോ ഒക്കെ പോയി തിരഞ്ഞ് കിട്ടാൻ സമയം എടുക്കുന്നതൊഴിച്ചാൽ വീടുകൾക്കുള്ളിൽ അനാഥരായി കിടന്ന് ഒറ്റക്ക് മരിക്കുന്നവരാണ് സാധാരണ ഇങ്ങനെ അഴുകിയ സ്ഥിതിയിലെത്തുന്നത്.

മരിച്ചതിനു ശേഷം ഉറുമ്പും, എലിയും, ആമയും, മീനും പട്ടിയും ഒക്കെ കടിച്ച് വരുന്നവരും മിക്കവാറും ഇങ്ങനെ ഒറ്റക്ക് മരിക്കുന്നവരാണ്.ഇങ്ങനത്തെ ശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോ സാധാരണയുള്ളതിനേക്കാൾ 'വേഷം കെട്ടു' കൾ മോർച്ചറിയിലുള്ളവർ ചെയ്യാറുണ്ട്. അത് വച്ച് രോഗാണുക്കളോക്കാൾ കൂടുതൽ പ്രതിരോധിക്കുന്നത് ഈ ദുർഗന്ധത്തേയാണ്. ഒരു തുള്ളി സ്രവം പോലും മേത്ത് പറ്റിയിട്ടില്ലെങ്കിലും പരിശോധന കഴിഞ്ഞ് വീട്ടിലെത്തി ഒരു മാരകമായ കുളി കുളിക്കുന്നത് വരെ നമ്മുടെ വസ്ത്രങ്ങളിലും, മുടിയിലും തൊലിയിലുമെല്ലാം ഈ മണം നിൽക്കും. ജോലിക്കിടയിൽ നമ്മുടെ മൂക്കൊക്കെ ഘ്രാണപരമായ താദാത്മ്യം (olfactory fatigue) ബാധിച്ചു ഈ മണത്തിനോട് നമ്മൾ പ്രത്യക്ഷബോധമില്ലാതെയാവും. നമ്മളറിയില്ല നമ്മളേ നാറുന്നത്. കാറിൽ ഇരുന്ന് യാത്ര ചെയ്ത് പുറത്തിറങ്ങീട്ട് ഒന്നുടി അകത്തേക്ക് കയറുമ്പോ നാറ്റം കിട്ടും. ഉടുപ്പീന്നൊക്കെ മണം പിന്നേം നിക്കും. അതങ്ങനെയാണ്. ഞങ്ങൾ ഫോറെൻസിക്ക്കാരെ ചിലപ്പോഴൊക്കെ നാറും. മലമോ, മൂത്രമോ, രക്തത്തിന്റെയോ, ചീഞ്ഞ മാംസത്തിന്റെയൊക്കെ നാറ്റം.

ചിലപ്പോ മരണം തന്നെയും.
==================================

ആലപ്പുഴയിലിപ്പോ ഡോക്ടർമാർ Forensic MDയുള്ള ആറ് പേരുണ്ട്. പിന്നെ PG residents ആയിട്ട് മൂന്ന് പേരും. എനിക്ക് അതുകൊണ്ട് തന്നെ ആറ് ദിവസത്തിലൊരിക്കലാണ് പോസ്റ്റ്മോർട്ടം ഡ്യൂട്ടി വരുന്നത്.അത് പോലെയല്ല രമെച്ചി.
അവർ ഒന്നുകിൽ ഒന്നിരാടം അല്ലെങ്കിൽ മിക്കവാറും എല്ലാ ദിവസവും അസിസ്റ്റന്റായി പോസ്റ്റ്മോർട്ടം പരിശോധനയുടെ ഭാഗമാകുന്നു. സഹജീവികളുടെ തകർന്ന ശരീരങ്ങൾ മിക്കവാറും എന്നും കണ്ടാണ് രമേച്ചി ജോലി ചെയ്യുന്നത്. അതിൽ ചിലതൊക്കെ അത്ര ഫ്രഷ് ആയിരിക്കില്ല.Decomposeഡായ ശരീരങ്ങളിലേ മണം പേറി ജോലി കഴിഞ്ഞ് ബസ്സിൽ വീട്ടിലേക്ക് പോയ രമേച്ചിയേ അത് പറഞ്ഞ് കളിയാക്കി പരിഹസിച്ച് കരയിച്ചിട്ടുണ്ട് നമ്മുടെ നാട്ടുകാർ. ഒന്നും രണ്ടുമൊന്നുമല്ല. ഒത്തിരി തവണ.ചേച്ചി ഏത് സോപ്പാണ് ഉപയോഗിക്കുന്നത് എന്ന് തുടങ്ങി പരിഹസിക്കല് ചോദ്യങ്ങൾ മുതൽ ഔട്ട്‌റൈറ് emotional abuse വരെ അവർ നിത്യേന നേരിടുന്നു. ചിലപ്പോഴൊക്കെ ചിരിച്ചും മറ്റ് ചിലപ്പോഴൊക്കെ അപമാന ഭാരം മൂലം കരഞ്ഞും ഒക്കെ രമേച്ചി ബസ്സിൽ നിന്നും ഇറങ്ങി പോന്നിട്ടുണ്ട്. ഇറക്കി വിട്ടിട്ടുണ്ട് എന്ന് പറയുന്നതാണ് കൂടുതൽ ശരിയാവുക.വിമെൻ്‌സ് ഡേയ്ക്കും ഒക്കെ വളരെ മുന്നേ എഴുതണമെന്ന് വിചാരിച്ചിരുന്നു ഒരു കുറിപ്പാണിത്. പിന്നെ വിമെൻ്‌സ് ഡേ വന്നപ്പോ വീണ്ടും വച്ച് താമസിപ്പിച്ചു. ഇന്നിപ്പോ രണ്ട് ദിവസം അടുപ്പിച്ച് അഴുകിയ ബോഡി വന്നു. രണ്ടിലും കൂട്ടിന് രമേച്ചി.ഓൺ ഹേർ ഓൺ മെറിറ്റ്, ഏതു മാനദണ്ഡം വെച്ച് അളന്നാലും, ഒരു പരാതിയുമില്ലാതെ, എപ്പോഴും ചിരിച്ചോണ്ട് സഹജീവികളുടെ തകർന്ന ശരീരങ്ങളെ എന്നും വരവേൽക്കുന്ന രമേച്ചിയാണ് ഹീറോ.ഇൻ കേസ് യു നീഡ് വൺ.
വിമെൻ്‌സ് ഡേ ഓർ നോട്ട്.
യുവർ എവ്രിഡേ ഹീറോ.രമേച്ചി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP