Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിലും ഹിന്ദു അടക്കമുള്ള മറ്റ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാരാണ്; എന്നാൽ അവിടെ മുസ്ലീങ്ങൾ ഒന്നാം തരം പൗരന്മാരുമാണ്; അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്; വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്; ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്ത് ദോഷമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാകുന്നില്ല; കെ പി സുകുമാരന്റെ വ്യത്യസ്തമായ നിരീക്ഷണത്തിൽ ചൂടൻ ചർച്ച

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിലും ഹിന്ദു അടക്കമുള്ള മറ്റ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാരാണ്; എന്നാൽ അവിടെ മുസ്ലീങ്ങൾ ഒന്നാം തരം പൗരന്മാരുമാണ്; അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്; വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്; ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്ത് ദോഷമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാകുന്നില്ല; കെ പി സുകുമാരന്റെ വ്യത്യസ്തമായ നിരീക്ഷണത്തിൽ ചൂടൻ ചർച്ച

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ലിന്റെ വിവിധ വശങ്ങളെ കുറിച്ച് സോഷ്യൽ മീഡിയിൽ വൻ സംവാദം നടക്കുന്ന സമയമാണിത്. കേരളത്തിന്റെ ലെഫ്റ്റ് ലിബറൽ പൊതുബോധം വെച്ച് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം എന്ന പേരിൽ വൻ എതിർപ്പാണ് ബില്ലിനെതിരെ നവമാധ്യമങ്ങളിൽ ഉണ്ടാകുന്നത്. സംഘപരിവാർ അനുകൂലികൾ മാത്രമാണ് ബില്ലിന് അനുകൂലമായ നിലപാട് എടുക്കുന്നത്. എന്നാൽ എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ കെ പി സുകുമാരൻ ഇതുസംബന്ധിച്ചിട്ട പോസ്റ്റ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കയാണ്. പൗരത്വ ഭേദഗതി ബില്ലുകൊണ്ട് ഇന്ത്യൻ മുസ്ലീങ്ങൾക്ക് യാതൊരു കോട്ടവും ഉണ്ടാകുന്നില്ലെന്നും, മറ്റുരാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യയിൽ പൗരത്വം കിട്ടാൻ എന്തിനാണ് ബഹളം ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

'അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിലും മേൽപ്പറഞ്ഞ ഹിന്ദു അടക്കമുള്ള ആറ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാർ എന്ന വിവേചനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളാണ്. അതേ സമയം ആ മുന്ന് മുസ്ലിം രാജ്യങ്ങളിലും മുസ്ലീങ്ങൾ എല്ലാ പൗരാവകാശങ്ങളും അനുഭവിക്കുന്ന ഒന്നാം തരം പൗരന്മാരുമാണ്. അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്? വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്? ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞിട്ടാണോ? അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകി ഇവിടത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ മുറവിളി കൂട്ടുന്നതിന്റെ ലോജിക്ക് എന്താണ്?'- കെ പി സുകുമാരന്റെ പ്രധാന വാദം ഇങ്ങനെയാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ പൊങ്കാലയും സുകുമാരനെ വർഗീയവാദിയാക്കിക്കൊണ്ടുള്ള ചാപ്പയിടിയും വ്യാപകമാണ്. ഇതോടെ താൻ ബിജെപിയുടെ നയങ്ങളോടും സിദ്ധാന്തങ്ങളോടും ഒട്ടും യോജിപ്പില്ലാത്ത വ്യക്തയാണെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും പോസ്റ്റ് ഇട്ടിരിക്കയാണ്.

'എന്റെ നിലപാട് വ്യക്തമാക്കട്ടെ, അത് ചില സുഹൃത്തുക്കൾക്ക് ഉപകാരമാകും. തീരെ സഹിക്കാൻ കഴിയാത്തവർക്ക് അൺഫ്രണ്ട് ചെയ്ത് പോകാലോ' എന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമത്തെ പോസ്റ്റ് തുടങ്ങുന്നത്. 'ബിജെപി.യുടെ സിദ്ധാന്തങ്ങളോടും നയങ്ങളോടും തത്വങ്ങളോടും ഒട്ടും യോജിപ്പില്ലാത്ത ആളാണ് ഞാൻ. കാരണം എന്റെ പ്രപഞ്ച വീക്ഷണം ആധുനിക സയൻസിൽ നിന്ന് അറിവുകൾ ശേഖരിക്കുന്നതിൽ നിന്ന് രൂപപ്പെടുന്നതാണ്. അതുപോലെ ബിജെപിയുടെ രാഷ്ട്രീയത്തോടും എനിക്ക് യോജിപ്പില്ല. പക്ഷെ ബിജെപി.ക്ക് മാത്രം നടപ്പാക്കാൻ കഴിയുന്ന ചില രാഷ്ട്രീയ നടപടികൾ ഉണ്ട് ഇവിടെ. അതിനെ ഞാൻ പിന്തുണയ്ക്കും'- കെ പി സുകുമാരൻ വ്യക്തമാക്കുന്നു.

കെ പി സുകുമാരന്റെ വിവാദ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

ലോക്സഭ പാസ്സാക്കിയ ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്ത് ദോഷമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാകുന്നില്ല. 2014നു മുൻപ് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ ഹിന്ദു-ക്രിസ്ത്യൻ-സിഖ്-പാഴ്സി-ബുദ്ധ മതക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് 1955ലെ നിയമത്തിന്റെ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. അഭയാർത്ഥികളായി എത്തി 11 വർഷം താമസിച്ചാൽ പൗരത്വം ലഭിക്കും എന്നത് 5 വർഷമായി ചുരുക്കി എന്നതാണ് പ്രധാന ഭേദഗതി. എന്നാൽ ഈ ഭേദഗതി പ്രകാരം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിൽ നിന്ന് വന്ന/വരുന്ന മുസ്ലിം അഭയാർത്ഥികൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുകയില്ല. അതിൽ എന്താണ് തെറ്റ്?

ആ മൂന്ന് മുസ്ലിം രാജ്യങ്ങളിലും മേൽപ്പറഞ്ഞ ഹിന്ദു അടക്കമുള്ള ആറ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാർ എന്ന വിവേചനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളാണ്. അതേ സമയം ആ മുന്ന് മുസ്ലിം രാജ്യങ്ങളിലും മുസ്ലീങ്ങൾ എല്ലാ പൗരാവകാശങ്ങളും അനുഭവിക്കുന്ന ഒന്നാം തരം പൗരന്മാരുമാണ്. അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്? വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്? ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞിട്ടാണോ? അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകി ഇവിടത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ മുറവിളി കൂട്ടുന്നതിന്റെ ലോജിക്ക് എന്താണ്?

അതേ സമയം ഇന്ത്യ ഒരു മതരാഷ്ട്രമല്ല. ഇവിടെ എല്ലാ മതക്കാർക്കും തുല്യ അവകാശവും നീതിയും ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട്. ഈ പൗരാവകാശം മുസ്ലീങ്ങൾക്കും കിട്ടുന്നുണ്ട്. മുസ്ലീങ്ങൾക്ക് കിട്ടുന്ന പൗരാവകാശങ്ങളിൽ ഒട്ടും അധികം ഹിന്ദുവിനു കിട്ടുന്നില്ല. അതേ സമയം മേൽപ്പറഞ്ഞ മൂന്ന് മുസ്ലിം രാജ്യങ്ങളിൽ ഹിന്ദു അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്ക് പൂർണ്ണ പൗരാവകാശങ്ങൾ കിട്ടുന്നില്ല. ആ നിലയ്ക്ക് അവിടെ നിന്ന് ഇന്ത്യയിൽ വരുന്ന അഭയാർത്ഥികളായ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽ ഒരു ലോജിക്കും മാനവികതയും ഉണ്ട്. ഇതെങ്ങനെയാണ് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇവിടെ വിവേചനവും നമ്മുടെ ഭരണഘടനയ്ക്ക് എതിരും ആകുന്നത്?

ഇന്ത്യൻ ഭരണഘടന എന്നത് ഇന്ത്യയിലെ മുസ്ലീങ്ങൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാർക്ക് വേണ്ടിയാണ്. പാക്കിസ്ഥനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങൾക്ക് വേണ്ടിയല്ല. അതുകൊണ്ട് ആ മൂന്ന് മുസ്ലിം രാജ്യങ്ങളിൽ നിന്ന് മുസ്ലീങ്ങൾ അഭയാർഥികളായി വന്നാൽ അവർക്ക് പൗരത്വം നൽകില്ല എന്നത് നമ്മുടെ ഭരണഘടനയ്ക്കോ ഇന്ത്യയിലെ മുസ്ലീങ്ങൾക്കോ എതിരല്ല.

എന്നാൽ ഈ നിയമഭേദഗതി ഇപ്പോൾ തിരക്കിട്ട് പാസ്സാക്കുന്നതിൽ ബിജെപി.ക്ക് കൃത്യമായ ഒരു അജണ്ടയുണ്ട്. ബിജെപി. ഒഴികെയുള്ള മതേതരം പറയുന്ന പാർട്ടികൾ മുസ്ലീങ്ങൾക്ക് വേണ്ടി മാത്രം വാദിക്കുന്നവരും ഹിന്ദുക്കളുടെ വികാരങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്നവരും ആണെന്ന് ആ മതേതര പാർട്ടികളെ കൊണ്ട് തന്നെ പറയിപ്പിക്കുന്നതാണ് ആ അജണ്ട. അതൊരു കെണി കൂടിയാണ്. പതിവ് പോലെ കോൺഗ്രസ്സ് അടക്കമുള്ള മതേതര പാർട്ടികൾ ആ കെണിയിൽ വീഴുകയും ബിജെപി.യുടെ അജണ്ട വിജയിക്കുകയും ചെയ്യുന്നു. ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു ദോഷവും വരുത്തി വയ്ക്കാത്ത അതേ സമയം ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കടന്നുവരുന്ന ലക്ഷക്കണക്കിനു മുസ്ലിം കുടിയേറ്റക്കാർക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങി പോകേണ്ടി വരുന്ന നിയമം പാസ്സാക്കുമ്പോൾ അത് ഇന്ത്യൻ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ രക്ഷയില്ലാത്ത അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത് എന്ന് മതേതരക്കാർ വാദിക്കുമ്പോൾ അത് തന്നെയാണ് ബിജെപി.ക്കും വേണ്ടത്. മതേതരക്കാർ മുസ്ലീങ്ങൾക്കും ബിജെപി.ഹിന്ദുക്കൾക്കും വേണ്ടി നിലകൊള്ളുന്നു എന്ന് അപ്പോൾ മതേതരക്കാർ പറയാതെ പറയുകയാണ്. അത് പറയിപ്പിക്കുന്നത് ബിജെപി.യും.

കാഷ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു ദോഷവും ഉണ്ടാക്കുന്നതല്ല. ഒരു രാജ്യത്തെ ഒരു സ്റ്റേറ്റിനു എന്തിനാണ് ഒരു പ്രത്യേക പദവി? അത് പോലെ പാക്കിസ്ഥാൻ- ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് മുസ്ലിം രാജ്യങ്ങളിലെ മുസ്ലിം അഭയാർഥികൾക്ക് ഇന്ത്യയിൽ പൗരത്വം നൽകില്ല എന്ന നിയമവും ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒരു ദോഷവും ഉണ്ടാക്കില്ല. അല്ലെങ്കിൽ തന്നെ ജനസംഖ്യാ വർദ്ദനവ് കൊണ്ട് ഇന്ത്യ പൊറുതി മുട്ടിയിരിക്കുകയാണ്. ഇവിടെ ഒരു വികസനവും ഫലപ്രാപ്തിയിൽ എത്താതിരിക്കാൻ കാരണം ഇവിടത്തെ ജനപ്പെരുപ്പമാണ്. ഇതൊക്കെയാണ് ശരാശരി ഇന്ത്യൻ പൗരന്മാർക്ക് മനസ്സിലാകുന്ന കാര്യങ്ങൾ. അതേ സമയം ബിജെപി.സർക്കാരിന്റെ ധനകാര്യകെടുകാര്യസ്ഥത നിമിത്തം നമ്മുടെ സാമ്പത്തിക രംഗം താറുമാറാവുകയുമാണ്. മതേതരക്കാർ ഇന്ത്യൻ മുസ്ലീങ്ങൾക്ക് എന്തോ പറ്റിപ്പോയേ എന്ന് മുറവിളി കൂട്ടുമ്പോൾ ബിജെപി.യെ സംബന്ധിച്ച് ഒരു വെടിക്ക് രണ്ട് പക്ഷിയാണ് കിട്ടുന്നത്. ജനങ്ങളുടെ ശ്രദ്ധ മതത്തിലേക്ക് തിരിയുകയും ഹിന്ദുക്കൾ ബിജെപി.യോട് അടുക്കുകയും ചെയ്യുന്നു.

ബിജെപി. ഹിന്ദു വർഗ്ഗീയപ്പാർട്ടി ആണേ, അവരെ അധികാരത്തിൽ നിന്ന് അകറ്റണേ എന്ന് നെഞ്ചത്തടിച്ച് നിലവിളിച്ചിട്ടാണ് മതേതരക്കാർ ബിജെപി.യെ പന പോലെ വളർത്തിയത്. അത് ഇപ്പോഴും തുടരുന്നു. ബിജെപി.യുടെ മഹാഭാഗ്യം എന്നല്ലാതെ എന്ത് പറയാനാണ് ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP