Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെന്നോ? കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന് ഇത്തരം വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്നതിൽ അദ്ദേഹത്തിന് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോൺഗ്രസുകാർ ലജ്ജിച്ച് തലകുനിക്കണം; സ്ഥലജല വിഭ്രാന്തി ബാധിച്ചിരിക്കുകയാണോയെന്ന് സംശയിക്കണം: മുല്ലപ്പള്ളിക്കെതിരെ കോടിയേരിയുടെ പോസ്റ്റ്

കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെന്നോ?  കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന് ഇത്തരം വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്നതിൽ അദ്ദേഹത്തിന് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോൺഗ്രസുകാർ ലജ്ജിച്ച് തലകുനിക്കണം; സ്ഥലജല വിഭ്രാന്തി ബാധിച്ചിരിക്കുകയാണോയെന്ന് സംശയിക്കണം: മുല്ലപ്പള്ളിക്കെതിരെ കോടിയേരിയുടെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുല്ലപ്പള്ളിയുടെ മുല്ലപ്പള്ളിക്ക് സ്ഥലജല വിഭ്രാന്തി ബാധിച്ചിരിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാർ പാദസേവ ചെയ്തവരാണ് എന്ന പ്രയോഗം തിരുത്തി മാപ്പു പറയാൻ കെ പി സി സിയുടെ അധ്യക്ഷൻ തയാറാവണം. കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന് ഇത്തരം വിഢിത്തങ്ങൾ വിളിച്ചുപറയുന്നതിൽ അദ്ദേഹത്തിന് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോൺഗ്രസുകാർ ലജ്ജിച്ച് തലകുനിക്കണം-കോടിയേരി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റികൊടുത്തവരാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ചരിത്രം അറിഞ്ഞു കൂടാത്തതുകൊണ്ട് സംഭവിച്ച വിവരക്കേടായി കാണാനാവില്ല. മുല്ലപ്പള്ളിക്ക് സ്ഥലജലവിഭ്രാന്തി ബാധിച്ചിരിക്കുകയാണോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിരാത ഭരണത്തിനെതിരെ രൂപംകൊണ്ട സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിർണായക പങ്കാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത് എന്ന് ഇന്ത്യാചരിത്രത്തിന്റെ പ്രാഥമികപാഠമെങ്കിലും വായിച്ചവർക്കറിയാം.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു കമ്മ്യൂണിസ്റ്റുകാർ എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. തൊഴിലാളികളുടെയും വിപ്ലവകാരികളുടെയും നേതൃത്വത്തിൽ ബോംബെ, കൽക്കത്ത, മദ്രാസ്,ലാഹോർ,ബനാറസ് തുടങ്ങിയ നഗരങ്ങളിൽ കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ രൂപം കൊണ്ടതും, റൗലറ്റു ആക്റ്റ്, ജാലിയൻ വാല ബാഗ് കൂട്ടക്കൊല, ബ്രിട്ടീഷുകാരുടെ ചൂഷണം, ക്രൂരത തുടങ്ങിയവയ്‌ക്കെതിരെ സോഷ്യലിസ്റ്റ് ആശയഗതി ഉൾക്കൊണ്ട വിപ്ലവകാരികളുടെ നേതൃത്വത്തിൽ നടന്ന തൊഴിലാളി ബഹുജന സമരങ്ങൾ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട ഏടുകളാണ്.

1921 ൽ അഹമ്മദാബാദിലും 1922 ൽ ഗയയിലും നടന്ന കോൺഗ്രസ് സമ്മേളനങ്ങളിൽ ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കമ്യൂണിസ്റ്റുകാർ ഉന്നയിച്ചു. തുടർന്ന് പാർട്ടി തൊഴിലാളി കർഷക സമരങ്ങൾ ഉയർത്തിക്കൊണ്ടു വരുകയും തൊഴിലാളി സംഘടനാ പ്രവർത്തനം സജീവമാക്കുകയും ചെയ്തു. ട്രേഡ് യൂണിയനുകളുടെ എണ്ണവും അംഗസംഖ്യയും നാൾക്കുനാൾ വർധിച്ചു. തൊഴിലാളികളെയും കൃഷിക്കാരെയും ബ്രിട്ടീഷുകാർക്കെതിരെ തിരിക്കുന്നുവെന്നാരോപിച്ച് വിവിധ പ്രവിശ്യകളിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ബ്രിട്ടീഷ് പട്ടാളം ക്രൂരമായി വേട്ടയാടി.

കൃഷിക്കാരേയും തൊഴിലാളികളെയും ബഹുജനങ്ങളെയും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അണിനിരത്താൻ 1927 ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷക-തൊഴിലാളി സംഘടനകൾ രൂപം കൊണ്ടു. പ്രവിശ്യാ തലങ്ങളിൽ യുവജന-വിദ്യാർത്ഥി സംഘടനകൾക്കും രൂപം കൊടുത്തു. ബഹുജന പ്രക്ഷോഭം വളർത്തിയെടുത്ത് ജനങ്ങളെയാകെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ അണിനിരത്തുക എന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അന്തിമ വിജയത്തിലേക്ക് നയിച്ചതെന്നു ചരിത്രം പഠിച്ച ഏതൊരു വ്യക്തിക്കും ബോധ്യമുള്ളതാണ്.

ആ ചരിത്രത്തെയാണ് മുല്ലപ്പള്ളി തള്ളിപ്പറഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർ പാദസേവ ചെയ്തവരാണ് എന്ന പ്രയോഗം തിരുത്തി മാപ്പു പറയാൻ കെ പി സി സിയുടെ അധ്യക്ഷൻ തയാറാവണം. കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന് ഇത്തരം വിഢിത്തങ്ങൾ വിളിച്ചുപറയുന്നതിൽ അദ്ദേഹത്തിന് നാണമില്ലെങ്കിലും ഉളുപ്പ് ബാക്കിയുള്ള കോൺഗ്രസുകാർ ലജ്ജിച്ച് തലകുനിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP