Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് മീ മീസ്റ്റർ ​ഗോപാലകൃഷ്ണൻ'; ആരോപണങ്ങൾക്ക് മറുപടി എണ്ണിപ്പറഞ്ഞ് ബിജെപി നേതാവിനെ നിർത്തിപ്പൊരിച്ച് കെ കെ ശൈലജ ടീച്ചർ; ആരോപണങ്ങളുടെ എല്ലാം മുന ഒടിച്ചതോടെ ടീച്ചറിനോട് ഏറ്റവും ബഹുമാനമുള്ള ആളാണ് താനെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ; ചാനൽ ചർച്ചയിൽ കേരളത്തിന്റെ ടീച്ചറമ്മ താരമായത് ഇങ്ങനെ

'ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് മീ മീസ്റ്റർ ​ഗോപാലകൃഷ്ണൻ'; ആരോപണങ്ങൾക്ക് മറുപടി എണ്ണിപ്പറഞ്ഞ് ബിജെപി നേതാവിനെ നിർത്തിപ്പൊരിച്ച് കെ കെ ശൈലജ ടീച്ചർ; ആരോപണങ്ങളുടെ എല്ലാം മുന ഒടിച്ചതോടെ ടീച്ചറിനോട് ഏറ്റവും ബഹുമാനമുള്ള ആളാണ് താനെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ; ചാനൽ ചർച്ചയിൽ കേരളത്തിന്റെ ടീച്ചറമ്മ താരമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

നിപ്പയേയും കോവിഡിനെയും നിലയ്ക്ക് നിർത്താൻ മാത്രമല്ല, ബി ​ഗോപാലകൃഷ്ണനെ പോലെയുള്ള ബിജെപി നേതാക്കളെ ചാനൽ ചർച്ചകളിൽ നിർത്തിപ്പൊരിക്കാനും കേരളത്തിന്റെ ആരോ​ഗ്യ മന്ത്രിക്ക് നല്ല കഴിവാണ്. മീഡിയ വൺ ന്യൂസ് ചാനവിന്റെ ചർച്ചയിൽ പങ്കെടുത്ത് ​ഗോപാലകൃഷ്ണനെ ഫ്രൈ ചെയ്ത ടീച്ചറമ്മയെ ആഘോഷിക്കുകയാണ് ഇപ്പോൾ സൈബർ ലോകം. തയ്യൽ ടീച്ചർ എന്ന പരിഹാസം മുതൽ പി ആർ വർക്കെന്ന ആരോപണത്തിന് വരെ മറുപടി എണ്ണിപ്പറഞ്ഞതോടെ താൻ ടീച്ചറിനോട് ഏറ്റവും ബഹുമാനമുള്ള ആളാണെന്നായി ​ഗോപാലകൃഷ്ണൻ.

കൊവിഡ് പ്രതിരോധനപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ലെന്നും സർക്കാർ പി.ആർ വർക്ക് നടത്തുകയാണെന്നും ആരെങ്കിലും എഴുതിത്ത്തരുന്ന കാര്യങ്ങൾ നോക്കിവായിക്കുന്ന ആളാണ് ആരോഗ്യമന്ത്രിയെന്നുമായിരുന്നു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിമർശനം. എന്നാൽ, തന്നെ അങ്ങനെ അങ്ങ് അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ടതില്ലെന്നായി ശൈലജ ടീച്ചർ. എഴുതിത്ത്തന്നത് വായിക്കാൻ മാത്രമുള്ള ധാരണാ പിശകൊന്നും തനിക്കില്ലെന്നുമായിരുന്നു ശൈലജ ടീച്ചർ ചർച്ചയിൽ പറഞ്ഞത്.

തുന്നൽ ടീച്ചർ എന്നൊക്കെ പറഞ്ഞ് ബിജെപി പ്രവർത്തകർ പോസ്റ്റിട്ടത് കണ്ടെന്നും തുന്നൽ ടീച്ചർ എന്താ ടീച്ചർ അല്ലേയേന്നും അങ്ങനെയൊന്നും പരിഹസിക്കാൻ നോക്കേണ്ടെന്നുമായിരുന്നു ഹയർ സെക്കണ്ടറി വിഭാഗം ഫിസിക്‌സ് അദ്ധ്യാപിക കൂടിയായ ശൈലജ ടീച്ചർ ചർച്ചയിൽ പറഞ്ഞത്. ‘ഗോപാലകൃഷ്ണാ, ഞാൻ ഒന്നുമില്ലെങ്കിലും ഒരു ടീച്ചറാണല്ലോ, എനിക്ക് അക്ഷരം എഴുതാനും വായിക്കാനുമൊക്കെ അറിയാം. ഈ കാര്യത്തെ കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെയാണ് ഇടപെടുന്നത്. ആ പഠിക്കാൻ കഴിയാത്ത ബുദ്ധിമോശമൊന്നും എനിക്ക് ഇല്ല. ഈ ലോകത്തേക്ക് വെച്ച് എല്ലാം അറിയുന്ന ആളാണ് ഞാനെന്ന് നടിക്കാറില്ല. പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ നേരിടാനും നിയന്ത്രിക്കാനും അറിയാനും പഠിക്കാനുമൊക്കെയുള്ള കഴിവിൽ ഞാൻ എന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നില്ല.

ഗോപാലകൃഷ്ണന് പറയേണ്ടത് പറയാം. ഗോപാലകൃഷ്ണന് എന്നോട് വ്യക്തിപരമായ സ്‌നേഹം ഉള്ള ആളൊന്നും അല്ലല്ലോ. പിന്നെ എന്നെ അധിക്ഷേപിക്കാൻ, ഞാൻ മറ്റൊരു പാർട്ടിക്കാരിയുമാണ്. പിന്നെ ബിജെപിക്കാർ പോലും ഗോപാലകൃഷ്ണൻ പറയുന്നത് വിശ്വസിക്കില്ലെന്നതാണ് മറ്റൊരു കാര്യം, പിന്നെ ഗോപാലകൃഷ്ണൻ ഇടയ്ക്കിടയ്ക്ക് പി.ആർ വർക്ക് പി.ആർ വർക്ക് എന്ന് പറയുന്നുണ്ട്. ഈ നാട്ടിലെ ജനങ്ങൾ വിവരമുള്ളവരാണ്. എന്ത് പി.ആർ വർക്കാണ് നിങ്ങൾ പറയുന്നത്. പി.ആർ വർക്ക് നടത്തിയിട്ട് ആരെങ്കിലും ഒരു ഇമേജ് ഉണ്ടാക്കാൻ നോക്കിയാൽ അത് നിലനിൽക്കില്ല.

അതിന് ഒരു കുമിളയുടെ ആയുസ് ഉണ്ടാവില്ല. എന്നാൽ, പാടുപെട്ട് പണിയെടുത്തതിന്റെ ഭാഗമായി ആരെങ്കിലും അംഗീകരിച്ചാൽ ആ അംഗീകാരം ആരൊക്കെ ചവിട്ടിത്തേച്ചുകളഞ്ഞാലും ആ ഗവർമെന്റിന് ഉണ്ടാകും. അതാണ് ഈ ഗവർമെന്റിന് ലഭിക്കുന്നത്. പി.ആർ വർക്കും എഴുതിത്ത്തരലുമൊക്കെ ഈ കേരളീയ സമൂഹത്തിന്റെ മുൻപിൽ അങ്ങനെ പറയാതിരിക്കുന്നത് ഈ ഗോപാലകൃഷ്ണന്റെ അന്തസിനാണ് നല്ലത്. എന്റെ അന്തസിനല്ല.’, ശൈലജ ടീച്ചർ പറഞ്ഞു.

കേന്ദ്രഗവർമെന്റിനെതിരെ ഒരു വിമർശനവും ഇല്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഈ മഹാമാരിയെ നേരിടുന്ന കാര്യത്തിൽ കേന്ദ്രം ഒരു അഭിപ്രായവും സംസ്ഥാനം ഒരു അഭിപ്രായവും പറഞ്ഞ് പോരടിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് മാത്രമാണ് വിമർശനം പറയാത്തതെന്നും സാമ്പത്തിക വീതം വെപ്പിന്റെ കാര്യത്തിലും മറ്റ് പലതും അനുവദിക്കുന്ന കാര്യത്തിൽ ആ കാര്യത്തിലെല്ലാം വിമർശനം ഇപ്പോഴും നിലനിൽക്കുകയാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. ‘എനിക്ക് തന്നെ വിമർശനം പറയാനുണ്ട്. എയിംസിന് വേണ്ടി എത്ര തവണ ഞാൻ ഡൽഹിയിൽ പോയി. ജെ.പി നദ്ദ സാറിനെ കണ്ടു, കേന്ദ്രമന്ത്രി ഹർഷ് വർധനെ കണ്ടു. ഉറപ്പായും തരുമെന്ന് അവർ പറഞ്ഞു. എന്നാൽ നമുക്ക് മാത്രം എയിംസ് തരുന്നില്ല. അതൊരു വിവേചനം അല്ലേ ഗോപാലകൃഷ്ണൻ? അത്തരത്തിൽ ഒരുപാടുണ്ട്. ഈ സമയത്ത് എനിക്ക് ആ വിവേചനത്തിന്റെ കെട്ടഴിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ അത് പറയുന്നില്ല എന്നേ ഉള്ളൂ. വിവേചനങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ആ വിവേചനം തന്നെയാണ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയത്.

മറ്റൊന്ന് നിങ്ങൾ പറഞ്ഞത് പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ല എന്നാണ്. ഇവിടെ എംഎ‍ൽഎമാർക്ക് റോളുണ്ട്. ഓരോ എംഎ‍ൽഎമാരും അവരുടെ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് അവിടെ കൃത്യമായി ഒരു ലെയ്‌സൺ ഉണ്ടാക്കി തന്റെ നിയോജകമണ്ഡലത്തിൽ കൊവിഡ് പടരില്ല എന്ന് ഉറപ്പുവരുത്തുകയാണ്. നന്നായിട്ട് ജോലി ചെയ്യുന്ന എംഎ‍ൽഎമാരുണ്ട്. ചെയ്യുന്നവരൊക്കെ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി തന്നെ എത്ര തവണ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. മാർക്‌സിസ്റ്റ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം മാത്രമാണോ വിളിച്ചത്? എല്ലാ പഞ്ചായത്തുപ്രസിഡന്റുമാരും വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലേ? അവർ ഇല്ലാം ഇങ്ങനത്തെ വർത്തമാനം പറഞ്ഞോ, ഇല്ലല്ലോ?

പിന്നെ ഗോവയുടെ കാര്യം. അധികം എന്തിനാ ഗോപാലകൃഷ്ണാ അത് പറയുന്നത് ? ഞാൻ ബി.ബി.സിയിൽ സംസാരിക്കുന്ന സമയത്ത് നാല് കേസെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, യെസ് അതിൽ മൂന്ന് കേസ് കേരളത്തിലുള്ളതും ഒരു കേസ് കേരളത്തിലേക്ക് ചികിത്സയ്ക്ക് വന്ന കേസുമാണെന്ന്. യൂണിയൻ ടെറിറ്ററി മാഹി എന്ന് പറയുന്നതിന് പകരം ഗോവ എന്നായിപ്പോയി. ഞാൻ തന്നെ അത് മനസിലാക്കിയിട്ടില്ല. പിന്നെ ആരോ പറഞ്ഞപ്പോഴാണ് ശ്രദ്ധിക്കുന്നത്. അല്പം ആലോചിക്കുന്നവർക്ക് അറിയില്ലേ കേരളത്തിന് തൊട്ടടുത്തുള്ള യൂണിയൻ ടെറിറ്ററി ഗോവയല്ല മാഹിയാണെന്ന്. പക്ഷേ അത് വായിൽ നിന്ന് വീണു. അപ്പോൾ തന്നെ ഞാൻ ഗോവ മുഖ്യമന്ത്രി സാവന്തിനെ വിളിച്ചു.

അദ്ദേഹം അപ്പോഴേക്ക് ഒരു ട്വീറ്റ് ഇട്ടിരുന്നു. ഇത് ശരിയല്ല, ഗോവയിൽ ഈ സംവിധാനങ്ങളൊക്കെ ഉണ്ട് എന്ന് പറഞ്ഞിട്ട്. അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ടപ്പോളാണ് അദ്ദേഹം അത് ഗൗരവത്തിലെടുത്തല്ലോ എന്ന് കരുതിയത്. ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തിന് ഫോൺ എടുക്കാൻ കഴിഞ്ഞില്ല. ഞാൻ മെസേജ് അയച്ചു. ഒരു സ്ലിപ്പ് വന്നതാണെന്നും ഞാൻ ഉദ്ദേശിച്ചത് പുതുശേരിക്ക് അടുത്തുള്ള മാഹിയാണെന്നും ഞങ്ങളുടെ അടുത്ത പ്രദേശമാണെന്നും പറഞ്ഞിട്ട്.

കുഴപ്പമില്ല എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മറുപടി മെസ്സേജും അയച്ചു. അദ്ദേഹത്തിന് അത് മനസിലായി. ഇന്ന് രാവിലെ എന്നെ ഗോവ ആരോഗ്യമന്ത്രി റാണെ വിളിച്ചു. മിനിസ്റ്റർക്ക് പ്രയാസമായല്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഞാൻ കുറച്ചു പ്രയാസപ്പെട്ടെന്നും ഇവിടെ എനിക്ക് മേൽ നിങ്ങളുടെ പാർട്ടിക്കാർ ഭയങ്കരമായി ആക്ഷേപം ചൊരിയുകയാണെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞത് അതൊന്നും കുഴപ്പമില്ലെന്നും ഞങ്ങൾക്കെല്ലാം അത് മനസിലായിട്ടുണ്ടെന്നുമാണ്. ലോകം മുഴുവൻ കാണുന്നതുകൊണ്ട് ഇവിടെ ഒന്നും ഇല്ലെന്ന് ആളുകൾ കരുതുമല്ലോ എന്നതുകൊണ്ടാണെന്നും പറഞ്ഞു.

നിങ്ങൾ കാര്യങ്ങൾ നന്നായി ചെയ്യുന്നവരാണ്. എന്റെ ഒരു വാക്ക് കൊണ്ട് അങ്ങനെ തോന്നാൻ ഇടയാകുമോ എന്ന പ്രയാസമാണ് എനിക്കും ഉണ്ടായതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് ഹിന്ദു പത്രത്തിൽ വിളിച്ചു. അവർ ഗോവ മിനിസ്റ്ററുടേയും എന്റേയും ഭാഗം കൊടുത്തു. അത്രയേ ഉള്ളൂ ആ കാര്യം. അത് അവർക്ക് മനസിലായി. ഗോപാലകൃഷ്ണന് മനസിലായില്ലെങ്കിലും…ശൈലജ ടീച്ചർ പറഞ്ഞു. എന്നാൽ പത്രത്തിൽ വന്ന വാർത്തയെ കുറിച്ച് താൻ ചോദിച്ചെന്നേയുള്ളൂവെന്നും ടീച്ചറോട് വളരെ ബഹുമാനമുള്ള ആളാണ് താനെന്നുമായിരുന്നു മറുപടിക്ക് പിന്നാലെ ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP