Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ആധുനിക മുതലാളിത്ത വ്യവസ്ഥിതിയിൽ സ്ത്രീകൾ രണ്ടാം തരം പൗരന്മാരും പലപ്പോഴും വിൽപന വസ്തുക്കളായും കണക്കാക്കപ്പെടുന്നു; സമത്വത്തിലധിഷ്ഠിതമായി ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കാൻ ബോധപൂർവമായി ഇടപെട്ടാൽ മാത്രമേ സ്ത്രീ സമത്വം യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളൂ; അന്താരാഷ്ട്ര ബാലികാ ദിനത്തിൽ മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

ആധുനിക മുതലാളിത്ത വ്യവസ്ഥിതിയിൽ സ്ത്രീകൾ രണ്ടാം തരം പൗരന്മാരും പലപ്പോഴും വിൽപന വസ്തുക്കളായും കണക്കാക്കപ്പെടുന്നു; സമത്വത്തിലധിഷ്ഠിതമായി ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കാൻ ബോധപൂർവമായി ഇടപെട്ടാൽ മാത്രമേ സ്ത്രീ സമത്വം യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളൂ; അന്താരാഷ്ട്ര ബാലികാ ദിനത്തിൽ മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

മറുനാടൻ ഡെസ്‌ക്‌

അന്താരാഷ്ട്ര ബാലികാദിനത്തിൽ പെൺകുട്ടികൾ നമ്മുടെ അഭിമാനമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ കെ ശൈലജ ടീച്ചർ. തന്റെ ഔദ്യോ​ഗിക ഫേസ്‌ബുക് പേജിലൂടെയാണ് അന്താരാഷ്ട്ര ബാലികാദിനത്തെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ ബാലികാ ദിനത്തിൽ പെൺമക്കൾക്കായി തുല്യതയുടെ സാമൂഹികാന്തരീക്ഷം തീർക്കാൻ അവരുടെ വ്യക്തിത്വവും കഴിവുകളും പൂർണമായി പ്രകാശിപ്പിക്കാൻ അവസരം കൊടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കുറിപ്പിൽ പറയുന്നു. ഒപ്പം പെൺകുട്ടികളുടെ ഉന്നതിക്കായി നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും പറയുന്നുണ്ട്.

ജനനം മുതൽ 6 വയസുവരെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അടുത്ത കാലത്ത് കുറവുണ്ടായത് പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളിൽ കാണുന്നതു പോലെ പെൺ ഭ്രൂണഹത്യയോ കുട്ടികളുടെ കാര്യത്തിൽ ആൺ പരിഗണയോ കേരളത്തിൽ വ്യാപകമല്ല എന്നതാണ് കാണുന്നത്. മറ്റുചില ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് പിന്നിലെന്നതാണ് വിദഗ്ധാഭിപ്രായം. പി.സിപിഎൻ.ഡി.ടി. ആക്ട് അനുസരിച്ച് പെൺ ഭ്രൂണഹത്യ നടക്കുന്നില്ലായെന്ന് ഉറപ്പ് വരുത്താൻ കേരളം പരിശ്രമിക്കുന്നുണ്ട്. പിഎൻഡിടി ക്ലിനിക്കുകൾ തുടർന്നും പരിശോധനയ്ക്ക് വിധേയമാക്കും- ശൈലജ ടീച്ചർ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ..

പെൺകുട്ടികൾ നമ്മുടെ അഭിമാനം ഒറ്റയ്ക്കല്ല ഒപ്പമുണ്ട്
ഒക്‌ടോബർ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുകയാണ്. ലോകത്തെമ്പാടും പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ പ്രതികരിക്കുന്നതിനുമാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്. വർഷങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധവും പുരുഷ മേധാവിത്വപരമായ ആശയങ്ങളുമാണ് പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടാകുന്നതിന് കാരണം. ഓരോ സാമൂഹ്യ വ്യവസ്ഥിതിയിലും വ്യത്യസ്ഥ രീതിയിലുള്ള വിവിധങ്ങളായ അതിക്രമങ്ങൾക്ക് സ്തീകളും പെൺകുട്ടികളും പാത്രമാകേണ്ടി വന്നിട്ടുണ്ട്. ജന്മി നാടുവാഴിത്ത വ്യവസ്ഥിയിൽ ഭൂ ഉടമകളിൽ നിന്നും സവർണ ജാതി മേധാവിത്വത്തിൽ നിന്നും കടുത്ത പീഡനങ്ങളാണ് ഈ സമൂഹം നേരിടേണ്ടി വന്നത്.ആധുനിക മുതലാളിത്ത വ്യവസ്ഥിതിയിൽ സ്ത്രീകൾ രണ്ടാം തരം പൗരന്മാരും പലപ്പോഴും വിൽപന വസ്തുക്കളായും കണക്കാക്കപ്പെടുന്നു. അവസര നിഷേധവും വ്യക്തിഹത്യയും ലൈംഗിക അതിക്രമങ്ങളും പെൺകുട്ടികൾ നിരന്തരമായി നേരിടേണ്ടി വരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ പരമായി ലിംഗ വിവേചനമില്ലാത്ത സമത്വം വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും നമുക്കിതേവരെ ആയത് കൈവരിക്കാൻ സാധിച്ചിട്ടില്ല.

സമത്വത്തിലധിഷ്ഠിതമായി ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കാൻ ബോധപൂർവമായി ഇടപെട്ടാൽ മാത്രമേ സ്ത്രീ സമത്വം യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളൂ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സാമ്പത്തികവും സാമൂഹികവുമായ ഉച്ചനിചത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതു കൊണ്ടാണ് സ്ത്രീ പീഡനങ്ങൾക്ക് അറുതി വരുത്താൻ കഴിയാത്തത്. കേരളം സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വളരെയേറെ മുന്നേറിയിട്ടുള്ളതിനാൽ സ്തീകൾക്കും പെൺകുട്ടികൾക്കും നീതിലഭ്യമാക്കുന്ന നടപടിക്രമങ്ങളിൽ ഒട്ടേറെ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ രാജ്യത്ത് മൊത്തത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ മനോഭാവവും ആധുനിക സമൂഹത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന സ്തീകൾക്കെതിരായ കാഴ്ചപ്പാടുകളും കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കുന്നതിനുള്ള ബോധവത്ക്കരണവും ഇടപെടലുകളും നാം തുടർന്നും നടത്തണം.

ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ഒരു പെൺകുട്ടിയെ അതിനീചമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുന്ന സമയത്താണ് ഇത്തവണ ബാലികാ ദിനം ആചരിക്കുന്നത്. യു.പി.യിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി വിവേചനവും സവർണ മേധാവിത്വവുമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. യു.പി. സർക്കാരും പൊലീസും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡൽഹിയിലെ നിർഭയയ്ക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ക്രൂരമായ ഒരു സംഭവമാണിത്. എന്നാൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി ക്രൂരതകൾ പെൺകുട്ടികൾക്ക് നേരെ അരങ്ങേറുന്നുണ്ട് എന്നതാണ് നാം അറിയുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയും ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും സ്ത്രീകളുടെ അവഗണയിലേക്ക് വിരൽ ചൂണ്ടുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്തീകൾക്കും കുട്ടികൾക്കും ഏറെ ആദരവും പരിഗണനയും നൽകുന്ന സംസ്ഥാനമാണ് കേരളം. പ്രകടമായ ജാതി വിവേചനം അവസാനിപ്പിക്കാൻ സാധിച്ചതും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ വന്നിട്ടുള്ള ഗുണപരമായ മാറ്റവും മറ്റ് സാമൂഹ്യ പരിഷ്‌കരണ നടപടികളുമാണ് കേരളത്തിൽ സ്ത്രീകളേയും പെൺകുട്ടികളേയും ജീവിതത്തിന്റെ മുഖ്യധാരയിലെത്താൻ സഹായിച്ചത്. സ്ത്രീ സാക്ഷരതയിലുണ്ടായ വർധനവും ഉന്നത വിദ്യാഭ്യാസ രംഗത്ത് 78 ശതമാനം പെൺകുട്ടികളാണ് എന്ന വസ്തുതയും പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലകളിലേക്കുള്ള പെൺകുട്ടികളുടെ വൻതോതിലുള്ള പ്രവേശനവും അതിനുള്ള ഉദാഹരണമാണ്. പ്രത്യേക നൈപുണികൾ (സ്‌കിൽ) ആവശ്യമായ തൊഴിൽ മേഖലകളിലേക്ക് പെൺകുട്ടികൾ ധാരാളമായി പ്രവേശിക്കുന്നുണ്ട്. സ്ത്രീ പുരുഷ ആനുപാതത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. (1000 പുരുഷൻ: 1084 സ്ത്രീകൾ)

ജനനം മുതൽ 6 വയസുവരെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അടുത്ത കാലത്ത് കുറവുണ്ടായത് പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളിൽ കാണുന്നതു പോലെ പെൺ ഭ്രൂണഹത്യയോ കുട്ടികളുടെ കാര്യത്തിൽ ആൺ പരിഗണയോ കേരളത്തിൽ വ്യാപകമല്ല എന്നതാണ് കാണുന്നത്. മറ്റുചില ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് പിന്നിലെന്നതാണ് വിദഗ്ധാഭിപ്രായം. പി.സിപിഎൻ.ഡി.ടി. ആക്ട് അനുസരിച്ച് പെൺ ഭ്രൂണഹത്യ നടക്കുന്നില്ലായെന്ന് ഉറപ്പ് വരുത്താൻ കേരളം പരിശ്രമിക്കുന്നുണ്ട്. പിഎൻഡിടി ക്ലിനിക്കുകൾ തുടർന്നും പരിശോധനയ്ക്ക് വിധേയമാക്കും.

സാമൂഹിക സാംസ്‌കാരിക രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾ നിഷ്പ്രഭമാക്കും വിധം പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ അങ്ങിങ്ങായി ഉണ്ടാകുന്നത് തടയാൻ കർശനമായ നടപടികൾ നാം സ്വീകരിക്കുന്നുണ്ട്. സമൂഹത്തിൽ സ്ത്രീകളെ ബഹുമാനിക്കാനും നിയമങ്ങൾ അനുസരിക്കാനുമുള്ള മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ അതിക്രമങ്ങൾ പൂർണമായി തടയാൻ കഴിയൂ. പലപ്പോഴും പെൺകുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നത് കുടുംബത്തിനകത്ത് തന്നെയാണ് എന്നത് വേദനാജനകമായ സ്ഥിതിയാണ്. സ്വന്തം വ്യക്തിത്വവും അഭിപ്രായങ്ങളും തുറന്ന് പറയാൻ കഴിയാതെ പെൺകുട്ടികൾ അടിച്ചമർത്തപ്പെടുന്നു. വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഹോമുകളിൽ ഇത്തരത്തിൽ കശക്കിയെറിയപ്പെട്ട ബാല്യ കൗമാരങ്ങളെ കാണാം. എന്നാൽ നല്ല വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരിൽ ഒരുപാട് പേർ കടന്നു വരുമ്പോൾ കേരളം പെൺകുട്ടികളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധക്ക് ഫലമുണ്ടാകുന്നു എന്ന ആശ്വാസമുണ്ട്.

കേരളത്തിലെ പുരോഗമന വാദികളായ പൗരന്മാരുടെ ദീർഘകാല ആവശ്യമായിരുന്നു സ്തീകൾക്കും കുട്ടികൾക്കും ഒരു വകുപ്പ് രൂപീകരിക്കുക എന്നത്. എൽഡിഎഫ് സർക്കാർ 2017-18ൽ വനിത ശിശു വികസന വകുപ്പിന് രൂപം നൽകി. നേരത്തെ സാമൂഹ്യനീതി വകുപ്പിന് കീഴിലായിരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം. ഒരു പ്രത്യേക വകുപ്പിന് കീഴിലായപ്പോൾ കുറേക്കൂടി ശ്രദ്ധ ചെലുത്താൻ കഴിയുന്നുണ്ട്. വിവിധ വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ഇതിനകം ആവിഷ്‌ക്കരിക്കാൻ വനിത ശിശുവികസന വകുപ്പിന് കഴിഞ്ഞു. വകുപ്പിന് കീഴിലുള്ള വനിത വികസന കോർപറേഷൻ മുഖേന 24 മണിക്കൂറും സേവനം ലഭിക്കുന്ന 181 എന്ന നമ്പരിൽ പ്രത്യേക ഹെൽപ് ലൈൻ സ്ഥാപിക്കുകയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. വിധവകൾ, നിരാലംബരായ സ്ത്രീകൾ തുടങ്ങിയവർക്ക് സഹായവുമായി ആശ്വാസനിധി പദ്ധതി, ഒറ്റത്തവണ 30,000 രൂപ നൽകുന്ന സഹായ ഹസ്തം പദ്ധതി, 50,000 രൂപവരെ ഒറ്റത്തവണ ധനസഹായം നൽകുന്ന അതിജീവിക പദ്ധതി, എന്റെ കൂട്, വൺ ഡേ ഹോം തുടങ്ങിയ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിനായി സധൈര്യം മുന്നോട്ട് എന്ന തുടർ കാമ്പയിൻ സംഘടിപ്പിച്ചു വരുന്നു. സ്തീധനം, ഗാർഹിക പീഡനം, ലൈംഗികാതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെ ബോധവത്ക്കരണം നടത്തുകയും സ്തീകളെ പ്രതികരണ ശേഷിയുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതുവഴി പീഡന വിവരങ്ങൾ തുറന്ന് പറയുന്നതിനും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനും കഴിയുന്നുണ്ട്. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതിലും അതിക്രമങ്ങൾ അറിയിക്കുന്നതിനോ കേസ് രജിസ്റ്റർ ചെയ്യുന്നതിനോയുള്ള സംവിധാനങ്ങൾ വളരെ കുറവായതിനാൽ പെൺകുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ തമസ്‌കരിക്കപ്പെടുന്നു എന്നത് വസ്തുതയാണ്.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1517 എന്ന ഹെൽപ് ലൈൻ നമ്പരും കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമം ചെറുക്കാനായി 'കരുതൽ സ്പർശം കൈകോർക്കാം കുട്ടികൾക്കായി' എന്ന കാമ്പയിനും നിരന്തരം സംഘടിപ്പിച്ച് വരുന്നു. സ്‌കൂൾ കൗൺസിലർമാരുടെ പ്രവർത്തനവും സാമൂഹ്യ നീതി വകുപ്പിന് കീഴിയുള്ള കൗൺസിലിങ് സംവിധാനവും പെൺകുട്ടികൾക്ക് ഏറെ സഹായകമാണ്. ഐ.സി.ഡിഎസ്. പദ്ധതി മുഖേന കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി നടത്തുന്ന ബോധവത്ക്കരണ പരിപാടികളും രോഗ പ്രതിരോധ നടപടികളും ഏറെ ഗുണം ചെയ്യുന്നുണ്ട്. അടുത്തകാലത്ത് പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ തീർപ്പാക്കാൻ 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ നേടിയെടുത്തതും ഇതിൽ 17 എണ്ണം ആരംഭിച്ചതും കേരളത്തിന്റെ വലിയ നേട്ടമാണ്.

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന അഭിമാന പദ്ധതിയാണ് ജെൻഡർ പാർക്ക്. സ്ത്രീകൾക്കായുള്ള കൺവെൻഷൻ സെന്റർ, ആധുനിക ലൈബ്രറി, മ്യൂസിയം എന്നിവയുടെ നിർമ്മാണം ഏകദേശം പൂർത്തിയായി. ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ ഒരു അന്താരാഷ്ട്ര വനിതാ ഗവേഷണ വിപണന കേന്ദ്രത്തിന്റെ പദ്ധതി സർക്കാർ അംഗീകരിക്കുകയും ആദ്യ ഗഡുവായി 25 കോടി രൂപ അനുവദിക്കുകയും ചെയ്തു. 300 കോടിയുടെ സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതിൽ വനിത സംരംഭകർക്കുള്ള അവസരവും, ഇൻഫർമേഷൻ സെന്ററുകളും ലോകത്തിലെ പ്രശസ്ത സർവകലാശാലകളുമായി ബന്ധപ്പെട്ടുള്ള ഫെലോഷിപ്പുകളും കേരളത്തിന്റെ തനതായ നൈപുണികൾ ഉപയോഗപ്പെടുത്തിയുള്ള തൊഴിലവസരങ്ങളും വിജ്ഞാന വിനിമയ സൗകര്യങ്ങളും അടങ്ങുന്ന ഒരു ലോകോത്തര സ്ഥാപനമായിരിക്കും ഇത്. ഐക്യരാഷ്ട്ര സഭയുടെ വനിത വിഭാഗത്തിന്റെ (യുഎൻ വിമൺ) സൗത്ത് ഏഷ്യൻ സെന്ററാക്കി കേരളത്തെ മാറ്റാൻ തത്വത്തിൽ അംഗീകാരം ലഭ്യമായിട്ടുണ്ട്.

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ഐസിപിഎസ് (സംയോജിത ശിശു സംരക്ഷണ പദ്ധതി)യുടെ ഭാഗമായി ജില്ലതലത്തിലുളെ ശിശുസംരക്ഷണ സമിതികൾ ശാക്തീകരിക്കാനും കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും അക്രമ വാസനകൾ തടയുന്നതിനും അവരുടെ മറ്റ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി രക്ഷിതാക്കളെ ബോധവത്ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്വ രക്ഷാകർതൃത്വം (റെസ്‌പോൺസിബിൾ പാരന്റിങ്) എന്ന പദ്ധതിയും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഫോസ്റ്റർകെയർ പദ്ധതിയടക്കം സംരക്ഷണ പദ്ധതികൾ കൂടുതൽ ശക്തമാക്കുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചൈൽഡ് കെയർ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സി.സിഐ. മോണിറ്ററിങ് സോഫ്റ്റുവെയർ തയ്യാറാക്കിയിട്ടുണ്ട്. ബാലവേലയും ബാല ഭിക്ഷാടനവും അവസാനിപ്പിക്കുന്നതിന് വേണ്ടിയാരംഭിച്ച പ്രത്യേക പദ്ധതിയാണ് ശരണബാല്യം. ഈ കാലയളവിൽ 90ലേറെ കുട്ടികളെ രക്ഷിച്ച് പുനരധിവസിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇവരിൽ മഹാഭൂരിപക്ഷം പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളായിരുന്നു. ഔവർ റസ്‌പോൺസിബിൾ ടു ചിൽഡ്രൻ (ഒആർസി) മുഖേനയും കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നു. ജുവനൈൽ ജസ്റ്റിസ്റ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പഠനം തുടരുന്നതിനും വേണ്ടി പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന വിജ്ഞാന ദീപ്തി നടപ്പിലാക്കുന്നു. ഇങ്ങനെ വിവിധങ്ങളായ പദ്ധതികളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാനാണ് വനിത ശിശുവികസന വകുപ്പ് മുൻകൈയെടുക്കുന്നത്.

ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവവും പ്രായം ചെന്ന ചില ആളുകൾ കുഞ്ഞുമക്കളുടെ പ്രായത്തിലുള്ള പെൺകുട്ടികളെ പീഡിപ്പിച്ച സംഭവവും അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതും അടക്കം ചില സംഭവങ്ങൾ കേരളത്തിലും ഉണ്ടായി എന്നത് നമ്മുടെ കൂടുതൽ ശക്തമായ ഇടപെടലുകൾ ആവശ്യമുണ്ട് എന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ്. ഇത്തരം കേസുകളിൽ പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം സമൂഹത്തിൽ ശക്തമായ ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്.

സൈബർ മേഖലയിൽ കുഞ്ഞുമക്കളെയടക്കം ആഭാസകരമായി ചിത്രീകരിച്ച് പണം നേടുന്നവരും സ്ത്രീകൾക്കെതിരായി അങ്ങേയറ്റം നീചമായ പരാമർശങ്ങൾ നടത്തുന്ന കുറ്റവാളികളും നിയമത്തിലെ പഴുതുകൾ വഴി പലപ്പോഴും രക്ഷപ്പെടുന്നുവെന്ന് കാണുന്നത് അസഹനീയമാണ്. കേന്ദ്ര നിയമത്തിൽ ശക്തമായ ഭേദഗതികൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. നിലവിലുള്ള നിയമത്തിലെ സാധ്യതകൾ അനുസരിച്ച് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണം. ഈ ബാലികാ ദിനത്തിൽ നമ്മുടെ പെൺമക്കൾക്കായി തുല്യതയുടെ സാമൂഹികാന്തരീക്ഷം തീർക്കാൻ അവരുടെ വ്യക്തിത്വവും കഴിവുകളും പൂർണമായി പ്രകാശിപ്പിക്കാൻ അവസരം കൊടുക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം.

പെൺകുട്ടികൾ നമ്മുടെ അഭിമാനം ഒറ്റയ്ക്കല്ല ഒപ്പമുണ്ട് ഒക്‌ടോബർ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുകയാണ്....

Posted by K K Shailaja Teacher on Saturday, October 10, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP