Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊതുപ്രവർത്തനാനുഭവമുള്ള മനുഷ്യർക്ക് താദാത്മ്യം പ്രാപിക്കാവുന്ന നിരവധി മുഹൂർത്തങ്ങൾ; വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയട്ടെ; കൊത്ത് സിനിമയെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് കെ കെ രമ

പൊതുപ്രവർത്തനാനുഭവമുള്ള മനുഷ്യർക്ക് താദാത്മ്യം പ്രാപിക്കാവുന്ന നിരവധി മുഹൂർത്തങ്ങൾ; വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയട്ടെ; കൊത്ത് സിനിമയെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് കെ കെ രമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും പിടിച്ചുപറ്റി മുന്നേറുകയാണ്.ഇപ്പോഴിത സിനിമയെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ കെ രമ എംഎൽഎ.രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു മികച്ച സിനിമാനുഭവം കൂടിയാണ് കൊത്ത് എന്നും പൊതുപ്രവർത്തനാനുഭവമുള്ള മനുഷ്യർക്ക് താദാത്മ്യം പ്രാപിക്കാവുന്ന നിരവധി മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ടെന്നും കെ.കെ രമ കുറിച്ചു.

രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ്പൊത്തിക്കളികളിൽ രാഷ്ട്രീയകേരളത്തെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയട്ടെയെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ കെ കെ രമ കൂട്ടിച്ചേർത്തു.

കെ.കെ രമയുടെ കുറിപ്പ്

മഹത്തായ ലക്ഷ്യങ്ങളും ആദർശങ്ങളും മുൻനിർത്തിയുള്ള മുന്നേറ്റങ്ങളുടെ ഭാഗമായ ജീവത്യാഗങ്ങളുണ്ട്. മനുഷ്യ വിമോചനത്തിന്റെ ഭാഗമായ രക്തസാക്ഷിത്വങ്ങൾ. എന്നാൽ സങ്കുചിത സ്വാർത്ഥതാല്പര്യങ്ങൾ മുൻ നിർത്തി കേരളത്തിലരങ്ങേറുന്ന അക്രമ സംഭവങ്ങളെയും കൊലവാൾ രാഷ്ട്രീയത്തെയും അവയോട് സമീകരിച്ച് ആദർശവൽക്കരിക്കാനോ സാധൂകരിക്കാനോ സാധിക്കില്ല. തെറ്റായ കക്ഷിരാഷ്ട്രീയ ശൈലിയുടെ രക്തസാക്ഷികളാണ് അതിൽ ജീവൻ പൊലിഞ്ഞു പോവുന്ന മനുഷ്യർ. മുൻപിൻ ആലോചനകളില്ലാതെ നേതൃതാല്പര്യങ്ങൾക്ക് ബലിയാടാവുകയാണ് യുവതലമുറ.

തീർത്തും ആണുങ്ങളുടേതു മാത്രമായ ഈ തിണ്ണമിടുക്ക് രാഷ്ട്രീയത്തിന്റെ ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. കുടുംബഭാരം തനിച്ച് തലയിലേറ്റി പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് പകച്ചു നിൽക്കുന്ന സ്ത്രീകളാണ് ഓരോ രാഷ്ട്രീയക്കൊലകളുടേയും ബാക്കിപത്രം.

കണ്ണൂരിലെ ഒരു സാങ്കല്പിക ഗ്രാമജീവിത പശ്ചാത്തലത്തിൽ ഈ പ്രശ്നം അഭിസംബോധന ചെയ്യുന്ന സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത 'കൊത്ത്'. ഈ രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു മികച്ച സിനിമാനുഭവം കൂടിയാണിത്. പൊതുപ്രവർത്തനാനുഭവമുള്ള മനുഷ്യർക്ക് താദാത്മ്യം പ്രാപിക്കാവുന്ന നിരവധി മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്.

സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ, പ്രത്യേകിച്ച് ശ്രീലക്ഷ്മിയുടെ അമ്മ വേഷം എടുത്തു പറയേണ്ടതാണ്. സ്വന്തം മകന് നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളിൽ ആ അമ്മ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളും സങ്കടങ്ങളും അധികം സംഭാഷണങ്ങൾ പോലുമില്ലാതെ സ്‌ക്രീനിലെ തന്റെ സാന്നിദ്ധ്യം കൊണ്ട് അനുഭവിപ്പിക്കുന്നുണ്ട് ശ്രീലക്ഷ്മി. രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ്പൊത്തിക്കളികളിൽ രാഷ്ട്രീയകേരളത്തെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയട്ടെ. സിനിമയുടെ ഭാഗമായ എല്ലാ കലാകാരന്മാർക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

സ്നേഹത്തോടെ,
കെ.കെ.രമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP