Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഏയ് ഒരുഇഷ്യൂവുമില്ല എന്ന് കൂളായി മധ്യസ്ഥതയുടെ പാലം പണിയുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടെയും തമ്പുരാൻ; കുഞ്ഞാലിക്കുട്ടിയോട് തരാ തരത്തിന് വിലപേശി സ്ഥാനമാനങ്ങൾ തരപ്പെടുത്തിയ ഗ്രൂപ്പ് നേതാക്കൾ; ലീഗ് നേതാവ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ 'കുഞ്ഞാലിക്കുട്ടി എന്ന വിസ്മയം! ഒരുവിമത വിമർശകൻ തുറന്നുപറയുന്നു': ഖാൻ ഷാജഹാന്റെ പോസ്റ്റ്

ഏയ് ഒരുഇഷ്യൂവുമില്ല എന്ന് കൂളായി മധ്യസ്ഥതയുടെ പാലം പണിയുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടെയും തമ്പുരാൻ; കുഞ്ഞാലിക്കുട്ടിയോട് തരാ തരത്തിന് വിലപേശി സ്ഥാനമാനങ്ങൾ തരപ്പെടുത്തിയ ഗ്രൂപ്പ് നേതാക്കൾ; ലീഗ് നേതാവ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ 'കുഞ്ഞാലിക്കുട്ടി എന്ന വിസ്മയം! ഒരുവിമത വിമർശകൻ തുറന്നുപറയുന്നു': ഖാൻ ഷാജഹാന്റെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫിന്റെ വിശ്വസ്ത മധ്യസ്ഥൻ പി.കെ.കുഞ്ഞാലിക്കുട്ടി കുറച്ചുനാളായി ഡൽഹിയിലാണ്. അദ്ദേഹം ഡൽഹി വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണ്. തിരഞ്ഞെടുപ്പുകളുടെ ചുമതല ലീഗ് ഉന്നതാധികാര സമിതി അദ്ദേഹത്തിന് നൽകിയിരിക്കുന്നു. വരാൻ പോകുന്ന തെരെഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ വിജയമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നും ലീഗ് വിലയിരുത്തി. പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറയുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടേയും തമ്പുരാനായ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയവും ലീഗിന്റെ രാഷ്ട്രീയവും വിലയിരുത്തുകയാണ് പാർട്ടിയിൽ കുഞ്ഞാലിക്കുട്ടിയുടെ വിമർശകനും എതിർചേരിക്കാരനുമായ ഖാൻ ഷാജഹാൻ. കാലത്ത് താൻ നേരിൽ കണ്ട അഥവാ പങ്കാളി ആയിരുന്ന 'ഐസ്‌ക്രീം പാർലർ ' ആരോപണം, അതേ തുടർന്ന് ഉണ്ടായ സംഭവങ്ങൾ! അതിനായി പാർട്ടിക്കകത്തും, പുറത്തുമായി ചേർന്ന കൂട്ടായ്മകൾ..ഇങ്ങനെ പാർട്ടിയിലെയും വ്യക്തിജീവിതത്തിലെയും അനുഭവങ്ങൾ ചേർത്ത് 'അർബുദ കാലവും കടന്ന്' എന്ന് പുസ്തകം പുറത്തിറങ്ങുന്നു. അതിന് മുന്നോടിയായുള്ള ഖാൻ ഷാജഹാന്റെ ആദ്യ പോസ്റ്റ് വായിക്കാം.

പോസ്റ്റ് ഇങ്ങനെ:

1998 ഞാൻ മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്ന കാലം. യു.ഡി.എഫ്. പ്രതിപക്ഷത്തു ആയതുകൊണ്ട് നേതാക്കളെ കാണാൻ ആ സമയങ്ങളിൽ തിരക്ക് നന്നെ കുറവായിരുന്നു.
തലസ്ഥാനത്ത് എത്തിയാൽ കുഞ്ഞാലിക്കുട്ടി സാഹിബ് ഉണ്ടെങ്കിൽ നേരിൽ കണ്ട് പാർട്ടി കാര്യങ്ങൾ, ജില്ലാതല പ്രവർത്തനം തുടങ്ങി യുഡിഎഫ് പൊതു സ്ഥിതി ഒക്കെ ബോധിപ്പിച്ചു പോകുന്നതാണ് പതിവ് .
എംഎ‍ൽഎ.ഹോസ്റ്റലിൽ അദ്ദേഹത്തിന് അനുവദിച്ച മുറിയാണ് പാർലമെന്റ്‌റി പാർട്ടി ഓഫീസ് ആയി പ്രവർത്തിച്ചത്. അതുകൊണ്ട് കൃത്യമായി വൈകിട്ട് നാലിന് ലീഡർ എത്തും.

അന്ന് കേരളത്തിലെ ഏറ്റവും സെൻസേഷണൽ വാർത്ത മംഗളം പത്രത്തിലൂടെ പുറത്തു വന്ന ഒരു മാസപ്പടി ഡയറി കുറിപ്പ് ആയിരുന്നു.

ഇന്നത്തെ ഡിജിപി. ശ്രീലേഖ അന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. അവർ ജില്ലയിലെ വലിയൊരു ചാരായ ഗോഡൗണിൽ റെയ്ഡ് നടത്തി അവിടെ നിന്നും പിടിച്ചെടുത്ത ഡയറിയിൽ ഓരോ രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും കൊടുക്കുന്ന മാസപ്പടി കൃത്യമായി പേരും, തുകയും, നൽകിയ തീയതിയും സഹിതം രേഖപ്പെടുത്തിയ വിശദാംശങ്ങളാണ് പുറത്ത് വന്നത് .

സംസ്ഥാന രാഷ്ട്രീയ രംഗത്ത് ഏറെ നാൾ ഈ വിവാദം കത്തിപ്പടർന്നിരുന്നു. എന്നാൽ എല്ലാ കക്ഷികളും ഉൾപ്പെട്ടതും, ഇന്നത്തെ പോലെ ദൃശ്യ- സാമൂഹിക മാധ്യമങ്ങക്ക് വലിയ സാന്നിദ്ധ്യമോ മാധ്യമങ്ങൾ അത്രയ്ക്ക് അക്രമാസക്തമോ, അല്ലാത്തതു കൊണ്ടും ഒരു വിധത്തിൽ അത് അവസാനിച്ചു.

ആ കാലത്ത് മാധ്യമങ്ങളോട് പാർട്ടിയുടെ അഭിപ്രായങ്ങളും നയങ്ങളും സംസ്ഥാന തലത്തിൽ പ്രധാന നേതാക്കൾ മാത്രമേ പറയാറുള്ളു. അതുകൊണ്ട് ആവേശത്തോടും അഭിമാന ബോധത്തോടെയും ഞാൻ കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞു.

' മാസപ്പടി പറ്റാത്ത പാർട്ടി ലീഗ് മാത്രമാണ്. അതുകൊണ്ട് സംസ്ഥാന തലത്തിൽ പത്രക്കാരെ കാണുന്ന കൂട്ടത്തിൽ പ്രത്യേകം ഈ കാര്യം പരാമർശിക്കണം'.

എന്റെ ആവശ്യം കേട്ട മാത്രയിൽ അദ്ദേഹം പറഞ്ഞു,

'ഹെയ് അതുവേണ്ടാ, മറ്റ് ജില്ലയിൽ ഇത്തരത്തിലെ റെയ്ഡ്കളിൽ നമ്മൾ പെട്ടാൽ അപ്പോൾ മാറ്റി പറയേണ്ടി വരില്ലേ '

മാധ്യമ വിചാരണ ഇത്രയും ഇല്ലാത്ത കാൽ നൂറ്റാണ്ട് മുമ്പുള്ള കാലത്തെ അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയത്തിലെ ചടുലമായ നേതൃത്വ ഗുണം പാർട്ടിക്കുള്ളിൽ എതിർ ചേരിയിൽ ആയിരുന്നെങ്കിലും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. തുടർന്നും പാർട്ടിക്കുള്ളിൽ 'നവജാഗരണം' ലക്ഷ്യം വെച്ച് പ്രവർത്തനം നടത്തുന്ന ഒരു വിഭാഗത്തോട് ചേർന്നായിരുന്നു ഞാൻ നിലയുറപ്പിച്ചത്.

മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുപ്പത്തിരണ്ടുകാരൻ പ്രത്യേക ഗ്രൂപ്പിന്റെ പിന്തുണയോ, ഗോഡ് ഫാദർമാരോ ഇല്ലാതെ ബാലറ്റിലൂടെ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയും, അതുവഴി സംസ്ഥാന ഉന്നത സമിതിയിലും അംഗമായി. (ഇന്നും ആ റിക്കാർഡ് നിലനിൽക്കുന്നു).

യുവജന സംഘടനയിലൂടെ ഉള്ള അതിവേഗ വരവും, പ്രായത്തിന്റെ തീക്ഷ്ണമായ രീതിയും സ്വാധീനിച്ചത് പ്രായോഗിക രാഷ്ട്രീയം ആയിരുന്നില്ല. സംഘടനയിൽ സി.എച്ചിന്റെ കാലത്തെക്കാൾ മികച്ച കാലം ഉണ്ടാക്കണമെന്നും, അതുവഴി സമുദായത്തിൽ വളർന്നു വരുന്ന തീവ്രവാദ സമീപനങ്ങളെ
'നവ ജാഗരണം' കൊണ്ട് ശുദ്ധീകരണം നടത്തിയും, ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം സമുദായത്തിന് ഉണ്ടായ അന്യതാ ബോധത്തിൽ നിന്നും ആത്മ വിശ്വാസം വളർത്താനും കഴിയണമെങ്കിൽ കുഞ്ഞാലിക്കുട്ടിയുട പ്രായോഗിക രാഷ്ട്രീയവും ഒത്തുതീർപ്പുകളും അല്ല, പൂർവ്വ സൂരികളുടെ ആദർശ വിശുദ്ധിയാണ് വേണ്ടത് എന്ന താത്വിക സമീപനത്തോട് ചേർന്ന് വലിയ പോരാട്ടങ്ങളുടെ ഭാഗമായ,ഞാൻ .

പോരാട്ടങ്ങളിൽ ഭൂരിപക്ഷവും ഒളിപ്പോരുകളായിരുന്നു. ഒടുവിൽ അത് ആത്യന്തികമായി കുഞ്ഞാലിക്കുട്ടി വിരുദ്ധ നീക്കം മാത്രമായി മാറി.

പ്രായോഗിക രാഷ്ട്രീയത്തിന്റെയും ഒത്തുതീർപ്പ് ഫോർമുലകളുടേയും തമ്പുരാനായ കുഞ്ഞാലിക്കുട്ടിയോട് തരാ തരത്തിന് വിലപേശി സമയാ സമയങ്ങളിൽ സ്ഥാനമാനങ്ങളും മറ്റു സൗകര്യങ്ങളും തരപ്പെടുത്തിയ ഇതേ ഗ്രൂപ്പ് നേതാക്കൾ ഈ സമയങ്ങളിൽ മറു വശത്ത് ഒരു യുവതയേയും, 'നവ ജാഗ്രണം' സ്വപ്നം കണ്ട വലിയൊരു അണി വൃന്ദത്തേയും, ആദർശ വിശുദ്ധിയും, സമുദായ താല്പര്യങ്ങളും കത്തിച്ച് കുഞ്ഞാലിക്കുട്ടി വിരുദ്ധത തീവ്രമാക്കി നിലനിർത്താൻ ബോധപൂർവം ശ്രമിക്കുകയും വലിയ അളവിൽ അത് വിജയിക്കുകയും ചെയ്തു.

ഈ നീക്കങ്ങളിൽ ആവേശത്തോടെ ഇടപെട്ട കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെയുള്ള ജില്ലകളിലെ നിഷ്‌കളങ്കമായ നേതൃ ഗുണമുള്ള നിരവധി പേരെ ഈ പാർട്ടിക്ക് നഷ്ടപ്പെട്ടത് ചിലരുടെ നെറികെട്ട ഈ പങ്ക് വെയ്ക്കൽ ശൈലി കൊണ്ടാണ്. ഞാൻ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും വലിയ പ്രചാരകനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. തത്ഫലമായി അതിലേക്ക് വേണ്ടതിലും കൂടുതൽ രക്തം എന്റെ ദേഹത്ത് നിന്നും വാർന്നിട്ടുമുണ്ട്.......അതിന്റെ പേരിൽ വന്ന വ്യക്തിപരമായ നഷ്ടങ്ങൾ ഒക്കെ നേട്ടങ്ങളായി ഞാൻ കാണും.

കഴിഞ്ഞ മൂന്ന് വർഷമായി അർബുദ രോഗവും ചികിത്സയും കഴിഞ്ഞ് ...മരണ തീരത്ത് നിന്നും ജീവിതത്തിന്റെ കരയിലേക്ക് തിരിച്ചു വന്നപ്പോൾ തീക്ഷ്ണമായ ജീവിതയാത്രയിലെ അനുഭവങ്ങളെ അക്ഷരങ്ങളിൽ കോറിയിടാൻ തീരുമാനിച്ചു അങ്ങനെ 'അർബുദ കാലവും കടന്ന്' എന്ന എന്റെ പുസ്തകം പൂർത്തിയാകുന്നു.

കൗമാരവും, യുവത്വവും, ബലി നൽകിയ പ്രസ്ഥാനത്തേയും, കാലത്തേയും കുറിക്കാതെ പൂർത്തിയാക്കാൻ കഴിത്തതിനാൽ വിവിധ അദ്ധ്യായങ്ങളിലായി ആ കാലം ഞാൻ അടയാളപ്പെടുത്തിയിട്ടുണ്ട്.
ആരോടും ഒരു പരിഭവം കൂടാതെ ജീവിതത്തിൽ സാക്ഷ്യം വഹിച്ചതും പങ്കാളിയായതും, നേരനുഭവങ്ങളും ഒരു തുള്ളി പോലും കലർപ്പില്ലാതെ രേഖപ്പെടുത്താനുള്ള തീരുമാനത്തിൽ ഉറച്ചാണ് പുസ്തക രചന ആരംഭിച്ചത് അതിന്റെ കാരണം കഴിഞ്ഞ കാലത്തെ രേഖപ്പെടുത്തുമ്പോൾ അത് ചരിത്രമായി മാറുന്നു. ചരിത്രത്തിൽ മായം ചേർക്കൽ അക്ഷന്തവ്യമായ അപരാധവുമാണ്.

തലമുറയിലേക്ക് പകർന്നു കൊടുക്കേണ്ട ചരിത്രത്തെ വക്രീകരിക്കാനും അപനിർമ്മിക്കാനും ഫാഷിസ്റ്റുകൾ നടത്തുന്ന നീക്കങ്ങളിൽ നാം പ്രതിഷേധിക്കുന്നവരാണ്. അപ്പോൾ നമ്മൾ ഒരു ചരിത്രം എഴുതുമ്പോൾ സത്യസന്ധത പുലർത്താതെ തരമില്ല. ആ കാലത്ത് ഞാൻ നേരിൽ കണ്ട അഥവാ പങ്കാളി ആയിരുന്ന
'ഐസ്‌ക്രീം പാർലർ ' ആരോപണം, അതേ തുടർന്ന് ഉണ്ടായ സംഭവങ്ങൾ! അതിനായി പാർട്ടിക്കകത്തും, പുറത്തുമായി ചേർന്ന കൂട്ടായ്മകൾ

ഇടത് സർക്കാറിനെയും മുഖ്യമന്ത്രി നായനാരെയും പ്രകോപിപ്പിക്കാൻ യൂത്ത്‌ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അതിനായി കേരളത്തിൽ മൂന്ന് മേഖലകളാക്കി നടത്തിയ പ്രചരണ ജാഥകൾ.....
യൂത്ത് ലീഗിന്റെ ഒരു നിയോജക മണ്ഡലം സെക്രട്ടറി മത്രമായിരുന്ന കെ.ടി.ജലീലിനെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിച്ച അണിയറ രാഷ്ട്രീയം.

കുട്ടനാട്ടിലെ സംസ്ഥാന യൂത്ത്‌ലീഗ് ക്യാമ്പ് ( ക്യാമ്പ് ഡയറക്ടർ ഞാനും)അവിടെ രൂപം കൊണ്ട രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി കുറ്റിപ്പുറം തെരഞ്ഞെടുപ്പ് വരെ നീളുന്ന രാഷ്ട്രീയ സംഭവങ്ങളുടെ സാക്ഷ്യം (കുറിപ്പുറത്ത് തെരഞ്ഞെടുപ്പിൽ ജലീലിന്റെ പ്രധാന ചുമതലയും ഞാൻ വഹിച്ചിരുന്നു).

വിശദമായി നിരവധി അദ്ധ്യായങ്ങൾ വിവരിക്കുന്ന പുസ്തകം ഈ മുഖ പുസ്തകത്തിൽ ചർച്ച ചെയ്യാൻ ഉദ്ദേശിച്ചല്ല ഈ വിവരങ്ങൾ ഇവിടെ പോസ്റ്റ് ചെയ്തത്.

കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ്, അതിനായി നവീകരണ വാദികൾ ഉണ്ടാക്കിയ പുതിയ കരാറുകൾ, വർത്തമാന കാലത്തെ ഭരണാധികാരികൾ മാധ്യമങ്ങളോട് കാട്ടുന്ന അസഹിഷ്ണുത ഒക്കെ നിരീക്ഷിച്ചപ്പോൾ ഇത്തരം ഒരു ചർച്ച സത്യസന്ധതയോടെ തുടങ്ങി വെക്കണമെന്ന ചിന്തയാണ് ഈ ദൗത്യത്തിന് മുതിരുന്നത്.

വിസ്തരിച്ചു പറയേണ്ടത് അങ്ങനെയേ ചെയ്യാൻ കഴിയു. അതുകൊണ്ട് ഈ കുറിപ്പ് രണ്ടു ഭാഗമായി പോസ്റ്റ് ചെയ്യും ആദ്യ ഭാഗം ആമുഖമായി കണക്കാക്കുക. രണ്ടാം ഭാഗത്ത് തലക്കെട്ട് സൂചിപ്പിക്കുന്ന വിസ്മയം വിശദീകരിക്കും.

ഇത് ആരേയും വാഴ്‌ത്താനൊ വീഴ്‌ത്താനൊ ഉള്ള ശ്രമമല്ല അതുകൊണ്ട് തന്നെ കഴിയുന്നത്ര തെളിവുകളോടെ ആയിരിക്കും സംവാദം.


ഖാൻ ഷാജഹാൻ #
24/09/2020
@രണ്ടാം ഭാഗം 27ന് പോസ്റ്റ് ചെയ്യും തുടർന്ന് വായിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP