Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

'ബീഫ് ഫ്രൈയ്ക്ക് എന്തൊരു രുചി'യെന്ന് പറഞ്ഞ് ബീഫ് ഉലർത്തിയതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് കേരളാ ടൂറിസം; 'മതവികാരം വൃണപ്പെട്ടെന്ന്' ആരോപിച്ച് പ്രതിഷേധ ട്വീറ്റുമായി പ്രൊഫൈലുകൾ; മറുപടിയായി ബീഫ് ബിരിയാണിയും ബീഫ് കറിയുടെയും ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് മലയാളികൾ; ഈദ് ദിവസം പന്നിയിറച്ചിയുടെയും മകര സംക്രാന്തിക്ക് ബീഫിന്റെയും ചിത്രങ്ങൾ ഇടരുതെന്ന് പറഞ്ഞ് കേരളാ ടൂറിസത്തിനെതിരെ പ്രതിഷേധവുമായി രാഹുൽ ഈശ്വറും

'ബീഫ് ഫ്രൈയ്ക്ക് എന്തൊരു രുചി'യെന്ന് പറഞ്ഞ് ബീഫ് ഉലർത്തിയതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് കേരളാ ടൂറിസം; 'മതവികാരം വൃണപ്പെട്ടെന്ന്' ആരോപിച്ച് പ്രതിഷേധ ട്വീറ്റുമായി പ്രൊഫൈലുകൾ; മറുപടിയായി ബീഫ് ബിരിയാണിയും ബീഫ് കറിയുടെയും ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് മലയാളികൾ; ഈദ് ദിവസം പന്നിയിറച്ചിയുടെയും മകര സംക്രാന്തിക്ക് ബീഫിന്റെയും ചിത്രങ്ങൾ ഇടരുതെന്ന് പറഞ്ഞ് കേരളാ ടൂറിസത്തിനെതിരെ പ്രതിഷേധവുമായി രാഹുൽ ഈശ്വറും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബീഫും പൊറോട്ടയും മലയാളികളുടെ ഇഷ്ട ഭക്ഷണം ആണെന്ന കാര്യത്തിൽ അധികമാർക്കും സംശയം ഉണ്ടാകില്ല. ഉത്തരേന്ത്യയിൽ അടക്കം ബീഫ് നിരോധനം വന്ന വേളയിൽ ഇവിടെ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു കൊണ്ടാണ് കേരളം പ്രതിഷേധിച്ചത്. ബീഫ് കഴിക്കുന്ന ബിജെപി നേതാക്കളും ആർഎസ്എസ് പ്രവർത്തകരുമുള്ള സംസ്ഥാനം കൂടിയാകും കേരളം. അങ്ങനെയുള്ള കേരളം ബീഫ് ഉലർത്തിയതിനെ പ്രമോട്ടു ചെയതാൽ ആർക്കാണ് ഇത്ര കുഴപ്പം? ഭക്ഷണപ്രിയരെ ആകർഷിക്കാൻ വേണ്ടി കേരളാ ടൂറിസം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബീഫ് ഉലർത്തിയ ചിത്രം പോസ്റ്റു ചെയ്തതാണ് ഇപ്പോൾ വിവാദത്തിന് കാരണമാകുന്നത്.

കേരള സർക്കാർ നിയന്ത്രണത്തിലുള്ള ട്വിറ്റർ ഹാൻഡിൽ ബീഫ് വിഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത് ശരിയായില്ലെന്നും ഇത് മതവികാരം വൃണപ്പെടുത്തിയെന്നുമാണ് ചിലർ ഉയർത്തുന്ന വാദം. ഉത്തരേന്ത്യയിൽ നിന്നുള്ള പ്രൊഫൈലുകളാണ് ഈ വാദം ഉയർത്തി രംഗത്തുവന്നത്. ട്വിറ്റർ ഹാൻഡിലിനു പുറമെ കേരള ടൂറിസം വെബ്‌സൈറ്റിലും ബീഫ് ഉലർത്തിയതിന്റെ പാചകക്കുറിപ്പ് ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് കേരള ടൂറിസം ബീഫ് ഉലർത്തിയതിന്റെ ചിത്രവും വിഭവത്തെ വർണ്ണിച്ചു കൊണ്ടുള്ള വിവരണവും ഔദ്യോഗിക ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി 1.83 മില്യൺ ഫോളോവേഴ്‌സാണുള്ളത്. കേരളത്തിലെ തനതു വിഭവങ്ങൾക്കു പുറവെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സംസ്ഥാനത്തെ പ്രധാന ഉത്സവങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഔദ്യോഗിക ട്വിറ്റർ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

അതേസമയം മകരസംക്രാന്തി ദിവസങ്ങളിൽ ബീഫ് വിഭവത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ച നടപടി ഹിന്ദു മതവികാരം വൃണപ്പെടുത്തുന്നതാണെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ പരാതി. ഈദിന് പന്നിയിറച്ചിയും മകര സംക്രാന്തിക്ക് ബീഫിന്റെയും ചിത്രം പോസ്റ്റു ചെയ്യരുതെന്ന് വാദിച്ചാണ് രാഹുൽ ഈശ്വർ രംഗത്തുവന്നത്. മറ്റു സംസ്ഥാനങ്ങളിൽ ആളുകൾ മകരസംക്രാന്തി, പൊങ്കൽ, ബിഹു തുടങ്ങിയ വിശേഷദിവസങ്ങൾ അനുഷ്ടിക്കുന്ന സാഹചര്യത്തിൽ ബീഫ് വിഭവത്തെക്കുറിച്ചുള്ള ട്വീറ്റ് ചെയ്തത് ശരിയായില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി.

ഇതിനു മറുപടിയായി ചിലർ പന്നിയിറച്ചി വിഭവങ്ങളുടെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു. എന്നാൽ ജനങ്ങൾ എന്താണ് കഴിക്കേണ്ടതെന്ന് അവരാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ചിലരുടെ മറുപടി. കേരള ടൂറിസം പേജിൽ പോർക്ക് വിഭവത്തിന്റെ പാചകക്കുറിപ്പും മുൻപ് പങ്കുവെച്ചിട്ടുണ്ടെന്ന് ചിലർ മറുപടിയായി ഓർമ്മപ്പെടുത്തി. കൂടാതെ മലയാളികൾ കൂട്ടത്തോടെ ബീഫ് ബിരിയാണിയുടെയും ബീഫ് ഉലർത്തിയതും കറിവെച്ചതിന്റെയും ചിത്രങ്ങളും മറുപടിയായി ട്വീറ്റു ചെയ്തു.

സമീപകാലത്ത് കേരള ടൂറിസം ട്വിറ്റർ പേജ് ട്വീറ്റ് ചെയ്തതിൽ ഏറ്റവും കൂടുതൽ മറുപടികൾ ലഭിച്ച ട്വീറ്റാണെങ്കിലും ഇതിനോട് ടൂറിസം വകുപ്പ് പ്രതികരിച്ചിട്ടില്ല. രാജ്യത്ത് സോഷ്യൽ മീഡിയ ഉപയോഗിച്ച് ടൂറിസം പ്രചാരണം നടത്തുന്നതിൽ ഒന്നാമതാണ് കേരള ടൂറിസം എന്നാണ് കണക്കുകൾ. വൻതോതിൽ വിദേശ ടൂറിസ്റ്റുകളടക്കം ഒഴുകിയെത്തുന്ന ഗോവ അടക്കമുള്ള സംസ്ഥാനങ്ങളുടെ ട്വിറ്റർ ഹാൻസിലുകൾ കേരള ടൂറിസത്തിനു പിന്നിലാണ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ട്വിറ്റർ ഹാൻഡിലായ ഇൻക്രെഡിബിൾ ഇന്ത്യയ്ക്ക് 2.33 മില്യൺ പിന്തുടർച്ചക്കാർ മാത്രമാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP