Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്; അവരുടെ തലയറുക്കാൻ സമയമായി'; വിദ്വേഷ ട്വീറ്റിന് പിന്നാലെ കങ്കണയുടെ അക്കൗണ്ടിന് താത്ക്കാലിക വിലക്കേർപ്പെടുത്തി ട്വിറ്റർ

'നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്; അവരുടെ തലയറുക്കാൻ സമയമായി'; വിദ്വേഷ ട്വീറ്റിന് പിന്നാലെ കങ്കണയുടെ അക്കൗണ്ടിന് താത്ക്കാലിക വിലക്കേർപ്പെടുത്തി ട്വിറ്റർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിദ്വേഷപരാമർശത്തെ തുടർന്ന് ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ ട്വിറ്റർ അക്കൗണ്ടിന് താൽക്കാലിക വിലക്ക്. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ആമസോൺ പ്രൈം സീരീസ് താണ്ഡവിനെതിരെ ന‌ടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് ട്വിറ്റർ നടപടി എടുത്തത്. ‘ഭഗവാൻ കൃഷ്ണൻ ശിശുപാലന്റെ 99 തെറ്റുകൾ ക്ഷമിച്ചു. നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്. അവരുടെ തലയറുക്കാൻ സമയമായി. ജയ് ശ്രീകൃഷ്ണൻ’, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഈ പരാമർശത്തിനെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിരവധി പേർ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. താണ്ഡവ് വെബ്സീരിസിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെയും കങ്കണ രംഗത്തുവന്നിരുന്നു. അള്ളാഹുവിനെ കളിയാക്കാൻ അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ചോദിച്ചത്. ബിജെപി നേതാവ് കപിൽ മിശ്രയുടെ വർഗീയ പരാമർശമുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ വെല്ലുവിളി.

എന്തുകൊണ്ടാണ് ഞങ്ങളുടെ മതത്തിൽ മാത്രം ആവിഷ്‌ക്കാര സ്വാതന്ത്ര്യം കടന്നുവരുന്നത്, നിങ്ങളുടെ ദൈവത്തെ കളിയാക്കാൻ നാണം വിചാരിക്കേണ്ടതില്ല, നിങ്ങൾ ചെയ്യുന്ന കുറ്റങ്ങൾക്ക് ഇന്ത്യയുടെ നിയമം കണക്കു പറയിക്കും എന്നൊക്കെയാണ് അബ്ബാസിനെ സംബോധന ചെയ്തുകൊണ്ട് കപിൽ മിശ്ര പറയുന്നത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു കങ്കണയുടെ പ്രതികരണം.

സെയ്ഫ് അലി ഖാൻ നായകനായ 'താണ്ഡവ്' വെബ് സീരീസിന്റെ ഉള്ളടക്കത്തിനെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണമുയർത്തി ബിജെപി ഉൾപ്പടെ പ്രതിഷേധത്തിലാണ്. പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ജയിലിൽ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്. പരമശിവനെ അവഹേളിക്കുന്ന രീതിയിൽ ത്രിശൂലവും ,ഡമരുവും പോലും വെബ് സീരിസിൽ ഉപയോഗിച്ചിരുന്നു എന്നും അവർ കുറ്റപ്പെടുത്തുന്നു.

'നിങ്ങളുടെ ക്ഷമാപണം മാത്രം പര്യാപ്തമല്ലെന്ന് ഞങ്ങൾ പറയുന്നു. എല്ലാവരെയും ജയിലിൽ ആക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. ആമസോണിന്റെ ഉൽപ്പന്നങ്ങൾ വിലക്കണമെന്ന പ്രചാരണം കൂടുതൽ ശക്തമാക്കുകയും ചെയ്യും'- ബിജെപി നേതാവ് രാം കദം അറിയിച്ചു.ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും സിനിമയിലൂടെയും വെബ് സീരിസുകളിലൂടെയും അപമാനിക്കുന്നത് തുടർക്കഥയാവുകയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.

താണ്ഡവിനെതിരെ ഭാരതീയ അഖാര പരിഷത്തും രംഗത്ത് വന്നു . താണ്ഡവ് നിരോധിച്ച് വിശ്വാസികളോട് മാപ്പ് പറഞ്ഞില്ലെങ്കിൽ നാഗസന്യാസികൾക്കൊപ്പം മുംബൈയിലെ സിനിമാ പ്രവർത്തകരുടെ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഖാര പരിഷത്ത് മുന്നറിയിപ്പ് നൽകി. പ്രതിഷേധം ശക്തമായതോടെ താരങ്ങൾ ഉൾപ്പടെയുള്ളവരുടെ വീടുകൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.ആമസോൺ പ്രൈമിലാണ് താണ്ഡവ് സംപ്രേഷണം ചെയ്യുന്നത്. മൂന്ന് ദിവസത്തിനകം ആമസോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ നടപടി കടുപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്‌മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൗഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP