Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിനു എങ്ങനെ ചർച്ച നയിക്കണമെന്ന് മീരയാണ് പറയേണ്ടതെങ്കിൽ മീര ഏതൊക്കെ നോവൽ എഴുതണമെന്ന് വിനുവും പറയണം; അതാണല്ലോ തുല്യനീതി! ആരാച്ചാർ ചെയ്യുന്നത് നിയമവിധേയമായ കൊലപാതകമാണ്; വിഷം നിറഞ്ഞ ക്യാപ്‌സൂൾ സ്വമേധയാ കഴിച്ചുമരിക്കുന്നതിന് ആത്മഹത്യ എന്നാണ് പറയുന്നത്; കെ ആർ മീരയ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

വിനു എങ്ങനെ ചർച്ച നയിക്കണമെന്ന് മീരയാണ് പറയേണ്ടതെങ്കിൽ മീര ഏതൊക്കെ നോവൽ എഴുതണമെന്ന് വിനുവും പറയണം; അതാണല്ലോ തുല്യനീതി! ആരാച്ചാർ ചെയ്യുന്നത് നിയമവിധേയമായ കൊലപാതകമാണ്; വിഷം നിറഞ്ഞ ക്യാപ്‌സൂൾ സ്വമേധയാ കഴിച്ചുമരിക്കുന്നതിന് ആത്മഹത്യ എന്നാണ് പറയുന്നത്; കെ ആർ മീരയ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ സിപിഎമ്മിനെ അപമാനിച്ചുവെന്ന ചർച്ച സോഷ്യൽ മീഡിയിയൽ സജീവം. ഇക്കാര്യത്തിൽ നോവലിസ്റ്റായ കെ ആർ മീര എഴുതിയ കുറിപ്പിനെതിരെ ശ്രീജിത്ത് പണിക്കർ രംഗത്തു വന്നു. താൻ കൂടി പങ്കെടുത്ത ചർച്ചയിലെ കെ ആർ മീരയുടെ നിലപാടുകൾക്കെതിരെയാണ് ശ്രീജിത്ത് പണിക്കരുടെ പോസറ്റ്

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ആരാച്ചാർ' എന്ന നോവൽ എഴുതിയ കെ ആർ മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും എന്നെക്കുറിച്ചുള്ള പരാമർശവും ഒക്കെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് വിനു വി ജോൺ നയിച്ച ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ഞാൻ പങ്കെടുത്തിരുന്നു. അതിലാണ് സിപിഎം പ്രതിനിധി വി പി പി മുസ്തഫ, യാസർ അറഫാത്ത് എന്ന വ്യക്തിയുടെ അഥമമായ ഫേസ്‌ബുക്ക് കമന്റ് അതേപോലെ വായിച്ചത്. യാസറിന്റെ കമന്റിലെ സഭ്യതയായിരുന്നില്ല ചർച്ചാവിഷയം. ഇന്ത്യാക്കാരനായ ഒരാളെ വിദേശത്തുനിന്നും തിരികെ നാടുകടത്താൻ ഒരു സംസ്ഥാനമന്ത്രിക്ക് അധികാരമുണ്ടോ എന്നും അതിന് മന്ത്രി സ്വീകരിച്ച മാർഗം നിയമപരമാണോ എന്നതുമായിരുന്നു.

ചർച്ച കഴിഞ്ഞതോടെ മീര ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: 'അശ്ലീലം നിറഞ്ഞ കമന്റുകൾ വായിക്കാൻ തയ്യാറായ സിപിഎം. പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിർ എടപ്പാളിന്റെ സാന്നിധ്യത്തേക്കാൾ അവതാരകനെ അലട്ടിയത്.' അവാസ്തവമായ പ്രസ്താവനയാണിത്. കാരണം മുസ്തഫയെയും എന്നെയും കൂടാതെ പങ്കെടുത്തത് യൂത്ത് ലീഗിൽ നിന്നും പി കെ ഫിറോസ്, യാസർ അറഫാത്തിന്റെ പിതാവ് എ കെ എം അലി എന്നിവരാണ്. യാസർ അറഫാത്തിന്റെ സാന്നിധ്യം ആ ചർച്ചയിൽ ഉണ്ടായിരുന്നില്ല. എഴുതാൻ ആധാരമായ ചർച്ചയിടെ വിഡിയോ ഒരുവട്ടം കണ്ടിരുന്നെങ്കിൽ മീരയ്ക്ക് ഈ അബദ്ധം സംഭവിക്കുമായിരുന്നില്ല.

ഈ വസ്തുത ഇന്നലെ ഞാൻ പങ്കെടുത്ത മറ്റൊരു ചർച്ചയ്ക്കു ശേഷം വിനു പ്രേക്ഷകരോട് പ്രസ്താവിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മീര മറ്റൊരു പോസ്റ്റുമായി വന്നിട്ടുണ്ട്. അതാണ് ബഹുരസം. വിനുവിന്റെ ചർച്ചകൾ കാണാറില്ലെന്ന് സമ്മതിക്കുന്ന മീര പറയുന്നു, 'യാസറിന്റെ സാന്നിധ്യം' എന്നത് അയാളുടെ ദൃശ്യങ്ങളും രേഖകളും ആയിരുന്നെന്ന്! യാസറിനു വേണ്ടി സംസാരിക്കാൻ അയാളുടെ പിതാവിനൊപ്പം മറ്റു രണ്ടു പേരെക്കൂടി കൊണ്ടുവന്നിരുന്നുവെന്ന് ഫിറോസും ഞാനും.

ഇതിനാണ് പറയുക, ഉരുണ്ടു മണ്ണിൽ വീണാൽ അവിടെക്കിടന്ന് മണ്ണപ്പം ചുടുക എന്ന്. സാമാന്യബോധമുള്ളവർക്ക് 'സാന്നിധ്യ'മെന്ന വാക്കിന്റെ അർത്ഥമറിയാം. യാസർ അറഫാത്തിന്റെ ദൃശ്യങ്ങൾ കാണിക്കുന്നതാണ് അയാളുടെ സാന്നിധ്യമെങ്കിൽ, അയാളുടെ പേര് നിരവധി തവണ പറയുകയും അയാളുടെ ദൃശ്യം ചേർക്കുകയും ചെയ്ത മീരയുടെ പോസ്റ്റിലും അയാളുടെ സാന്നിധ്യമാണെന്ന് പറയേണ്ടിവരുമല്ലോ!
ലീഗുകാരൻ ആയ യാസർ അറഫാത്തിന്റെ ചെയ്തികളെ ന്യായീകരിക്കാൻ ചർച്ചയിൽ അയാളുടെ പിതാവോ ലീഗിന്റെ പ്രതിനിധിയോ പോലും മുതിർന്നില്ല. ഞാനും അയാളെ ഒരു തരത്തിലും ന്യായീകരിച്ചില്ല എന്നു തന്നെയല്ല, അയാളുടെ മനോവൈകൃതത്തേക്കൾ വൈകൃതം ഉള്ളവർക്ക് മാത്രമേ അയാളുടെ പോസ്റ്റ് പരസ്യമായി വായിക്കാൻ കഴിയൂ എന്നാണ് പറഞ്ഞതും. അയാൾ ചെയ്ത കുറ്റം നാട് കടത്താൻ പര്യാപ്തമാണോ, ആണെങ്കിൽ അതിനുള്ള മാർഗങ്ങൾ എന്തൊക്കെ എന്ന നിയമവശമാണ് ഞാൻ സംസാരിച്ചത്. മീരയുടെ പ്രശ്‌നം നിസ്സാരമാണ് ചർച്ച കണ്ടില്ല, അതിൽ നടന്നത് എന്തെന്ന് ഊഹിച്ചു, പോസ്റ്റ് ഇട്ടു, അബദ്ധമായി.

അതെങ്ങനെ! ഏതാനും ആഴ്ചകൾക്കു മുൻപ്, എംജി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് മീര ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: 'ഞാൻ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാർത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽനിന്നു ഞാൻ രാജി വച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു.'' അതായത് നിയമിക്കപ്പെട്ടിട്ടില്ലാത്ത സ്ഥാനത്തു നിന്നും രാജിവച്ചത്രേ! ഉദാഹരണത്തിന്, എന്റെ റെസിഡൻസ് അസോസിയേഷന്റെ സെക്രട്ടറി ഞാനല്ല, മറ്റൊരാളാണ് എന്നു കരുതുക. എന്നാലും സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ രാജിവച്ചെന്നു കരുതുക; അതുപോലെ! അതെങ്ങനെ സാധിക്കും എന്നൊന്നും ചോദിക്കരുത്, അതിനൊക്കെ മീരയ്ക്ക് മേല്പറഞ്ഞതു പോലുള്ള യുക്തിയുണ്ടാവും. വാർത്തകളിലെ 'നിയമനം' എന്ന വാക്കിന്റെ 'സാന്നിധ്യം' ഒക്കെ നിയമനമായി കരുതാമല്ലോ!

ഇതിലും രസം അതല്ല. മുസ്തഫ വായിച്ച യാസർ അറഫാത്തിന്റെ കമന്റല്ല അയാളെ നാടുകടത്താനുള്ള ഇടപെടലിനു കാരണം എന്നതാണ്. അയാൾ ജലീലിനെതിരായി എഴുതി എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റമെന്ന് അയാളും കുടുംബവും മാധ്യമങ്ങളോട് പറയുന്നുണ്ട്. ആ പോസ്റ്റ് അല്ലല്ലോ മുസ്തഫ വായിക്കാൻ ശ്രമിച്ചത്. യാസർ അറഫാത്ത് ഒരു സ്ത്രീവിരുദ്ധനാണെന്നും അയാൾ നാടുകടത്തപ്പെടാൻ സർവധാ യോഗ്യനാണെന്നും ഉള്ള ധ്വനിയിൽ ആണല്ലോ അയാളുടെ കമന്റ് വായിക്കപ്പെട്ടത്. അങ്ങനെയാണോ നാട്ടിലെ നിയമസംവിധാനം പ്രവർത്തിക്കുന്നത്, മീര?

വിനു എങ്ങനെ ചർച്ച നയിക്കണമെന്ന് മീരയാണ് പറയേണ്ടതെങ്കിൽ, മീര ഏതൊക്കെ നോവൽ എഴുതണമെന്ന് വിനുവും പറയണം. അതാണല്ലോ തുല്യനീതി.

പറയാനുള്ളത് ഇതാണ്: യാസറിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചയെന്ന താങ്കളുടെ പ്രസ്താവന തിരുത്തുക; കാരണം, അത് അവാസ്തവമാണ്. യാസറിനു വേണ്ടി സംസാരിക്കാൻ ഞാൻ പോയെന്ന വാദം തിരുത്തുക; കാരണം, അത് അസംബന്ധമാണ്. കാളപെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവർക്ക് ഇതൊരു പാഠമാവണം.

കയറിനെ കുറിച്ച് പറഞ്ഞപ്പോഴാണ് വീണ്ടും ആരാച്ചാരെക്കുറിച്ച് ഓർത്തത്. ആരാച്ചാർ ചെയ്യുന്നത് നിയമവിധേയമായ കൊലപാതകമാണ്; വിഷം നിറഞ്ഞ ക്യാപ്‌സൂൾ സ്വമേധയാ കഴിച്ചുമരിക്കുന്നതിന് ആത്മഹത്യ എന്നാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP