Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഒരു മാന്ത്രികനായ ഫുട്ബോൾ കളിക്കാരനുണ്ട്... പേര് സ്വലാഹ്; സ്വലാഹ് ഒരു ഗോളടിച്ചാൽ സുജൂദിലേക്ക് വീഴും; സുജൂദിൽ നിന്നും എഴുന്നേൽക്കുന്ന സ്വലാഹിന്റെ കണ്ണുകളിൽ കണ്ണുനീരുണ്ടാകും; ഒരു കാൽപന്ത് കളിക്കാരന്റെ കാലിന്റെ മാന്ത്രികത മതി ഒരുരാഷ്ട്രത്തിന്റെ ഇസ്ലാമോഫോബിയയെ ഉരുക്കികളയാൻ': മുസ്ലീങ്ങൾ സർഗാത്മകമാകണമെന്ന കെ.എം.ഷാജിയുടെ പഴയ പ്രസംഗത്തെ ഏറ്റുപിടിച്ച് പണ്ട് സോഷ്യൽ മീഡിയയിൽ നേതാവിനെ ഇകഴ്‌ത്തിയവർ

'ഒരു മാന്ത്രികനായ ഫുട്ബോൾ കളിക്കാരനുണ്ട്... പേര് സ്വലാഹ്; സ്വലാഹ് ഒരു ഗോളടിച്ചാൽ സുജൂദിലേക്ക് വീഴും; സുജൂദിൽ നിന്നും എഴുന്നേൽക്കുന്ന സ്വലാഹിന്റെ കണ്ണുകളിൽ കണ്ണുനീരുണ്ടാകും; ഒരു കാൽപന്ത് കളിക്കാരന്റെ കാലിന്റെ മാന്ത്രികത മതി ഒരുരാഷ്ട്രത്തിന്റെ ഇസ്ലാമോഫോബിയയെ ഉരുക്കികളയാൻ': മുസ്ലീങ്ങൾ സർഗാത്മകമാകണമെന്ന കെ.എം.ഷാജിയുടെ പഴയ പ്രസംഗത്തെ ഏറ്റുപിടിച്ച് പണ്ട് സോഷ്യൽ മീഡിയയിൽ നേതാവിനെ ഇകഴ്‌ത്തിയവർ

ടി.പി.ഹബീബ്‌

കോഴിക്കോട്:'എന്ത് മുഹമ്മദ് സ്വലാഹ്...യു.പി.യിലെയും കശ്മീരിലെ മുസ്ലിംങ്ങളുടെയും പ്രശ്നങ്ങളൊന്നും പറയാതെ ലോകഫുട്ബോൾ കളിക്കാരനായ മുഹമ്മദ് സ്വലാഹിനെ കുറിച്ച് പ്രസംഗിച്ചതുകൊണ്ട് എന്ത് കാര്യം. സെൻസിറ്റീവ് കാര്യങ്ങളല്ലേ കേരള മുസ്ലിംങ്ങൾക്ക് ഏറെ പഥ്യം.അതുകൊണ്ട് ലോക മുസ്ലിംങ്ങൾ അനുഭവിക്കുന്ന പീഡനകഥകളിലേക്ക് കടക്കാൻ പറയൂ....'രണ്ട് വർഷം മുമ്പ് ലോകഫുട്ബോൾ മാന്ത്രികൻ മുഹമ്മദ് സ്വലാഹിനെ കുറിച്ച് കെ.എം.ഷാജി എംഎ‍ൽഎ.വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രസംഗങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളായിരുന്നു ഇത്.

എന്നാൽ അടുത്തിടെ പ്രശസ്ത സാഹിത്യകാരൻ എൻ.എസ്.മാധവനടക്കമുള്ളവർ മുഹമ്മദ് സ്വലാഹിനെ കുറിച്ചും അദേഹത്തിന്റെ ഫുട്ബോൾ മാന്ത്രികതയെ കുറിച്ചും എഴുതിയതോടെയാണ് രണ്ട് വർഷം മുമ്പ് കെ.എം.ഷാജി എംഎ‍ൽഎ.നടത്തിയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദി ഹിന്ദു അടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങളിൽ ഇപ്പോൾ വാർത്തയായത് നേരത്തെ ഷാജി പ്രസംഗിച്ച വിവരങ്ങളാണുള്ളത്. ഇത് നിറ കൈയടിയോടെയാണ് ലീഗിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വരവേൽക്കുന്നത്. ലീഗിന്റെ ബുദ്ധി കേന്ദ്രങ്ങളിൽ തിളങ്ങുന്ന നക്ഷത്രമാണ് ഷാജിയെന്ന് അഭിപ്രായപ്പെട്ട പ്രവർത്തകർ പോലും സോഷ്യൽ മീഡിയയിലുണ്ട്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ മുസ്ലിംങ്ങൾ അനുഭവിക്കുന്ന പീഡന കഥകൾ മാത്രം വാർത്തയും പ്രസംഗ വിഷയങ്ങളുമാകുന്നതിൽ നിന്നും വ്യത്യസ്ത രീതിയായിരുന്നു രണ്ട് വർഷം മുമ്പ് കെ.എം.ഷാജി എംഎ‍ൽഎ.നടത്തിയ പ്രസംഗങ്ങൾ. കേരളത്തിലെ മുസ്ലിം തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തതും അദേഹം യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറിയായ സമയത്തായിരുന്നു. എല്ലാവരും എതിർത്തിട്ടും സ്വന്തം നിലയിൽ ആരംഭിച്ച തീവ്രവാദ വിരുദ്ധ സമീപനം പിന്നീട് ലീഗ് നേതൃത്വത്തിന് തന്നെ ഏറ്റെടുക്കേണ്ടി വന്നു. വ്യക്തിപരമായി ഏറെ നഷ്ടം സഹിച്ചായിരുന്നു എൻ.ഡി.എഫ് അടക്കമുള്ള തീവ്രവാദ ശക്തികൾക്കെതിരെ പോരാടിയത്.ജീവന് പോലും ഭീഷണി നേരിട്ട സമയത്താണ് പൊലീസ് സുരക്ഷ ഏർപ്പാടാക്കിയത്. അതാകട്ടെ കോടിയേരി ബാലക്യഷ്ണൻ അഭ്യന്തര മന്ത്രിയായ സമയത്തും.

തീവ്രവാദ ശക്തികൾക്കെതിരെ പോരാട്ടം സമുദായവും സമുദായ നേതാക്കളും ഏറ്റെടുത്തതോടെയാണ് ഷാജിയുടെ പ്രസംഗം വ്യത്യസ്തമായ തലത്തിലേക്കും സർഗാത്മകതയിലേക്കും നീങ്ങുന്നത്. മുസ്ലിംങ്ങൾ സർഗാത്മകമാകണം എന്ന കാതലായ വിഷയത്തിലൂന്നിയായിരുന്നു പ്രസംഗം. മരിക്കാനുള്ള വഴി തേടുന്നതിലല്ല കാര്യം, ജീവിതം മനോഹരമാക്കുന്നതിലാണ് കാര്യമെന്ന് രാഷ്ട്രീയ മത വേദികളിൽ തുറന്ന് പറഞ്ഞായിരുന്നു കൈയടി നേടിയത്. ഐ.എസ്.അടക്കമുള്ള തീവ്രവാദ ശക്തികൾ ഇസ്ലാമോഫോബിയ വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഘട്ടത്തിൽ ഒരു ഉത്തമ വിശ്വാസിക്ക് എങ്ങനെ സമിശ്രസമൂഹത്തിൽ ഉത്തമ വിശ്വാസിയാകാമെന്ന് പറഞ്ഞ് കൊടുക്കുന്നതായിരുന്നു പ്രസംഗത്തിന്റെ കാതൽ. മതസംഘടനകൾ ആളെ കൂട്ടാൻ പൊതുസമ്മേളന മഹാമഹങ്ങൾ നടത്തുന്നതിനെ മതവേദികളിൽ ചെന്ന് തന്നെ എതിർക്കാനുള്ള ചങ്കൂറ്റവും അദേഹം നടത്തി.

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന് ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റിയ മുഹമ്മദ് സ്വലാഹിനെ കുറിച്ച് ജൂൺ 7 നാണ് എൻ.എസ്.മാധവൻ മനോരമയുടെ എഡിറ്റ് പേജിൽ ലേഖനമെഴുതിയത് ഇങ്ങനെയാണ്. ' ഗോളടിച്ച് കഴിഞ്ഞപ്പോൾ പതിവ് പോലെ സ്വലാഹ് ഗ്രൗണ്ടിൽ സുജൂദ് ചെയ്തു. ഇസ്ലാം വിരുദ്ധ വികാരം ശക്തമായ വടക്കൻ ഇംഗ്ലണ്ടിൽ(ലിവർപൂൾ അവിടെയാണ്)ഈ സൗമ്യനായ കളിക്കാരൻ നിശബ്ദമായ വലിയ മാറ്റങ്ങൾക്ക് വഴിമരുന്നിടുകയാണ്....അമേരിക്കയുടെ സ്റ്റാൻഫൻഡ് സർവ്വകലാശാല നടത്തിയ ഒരു പഠനമനുസരിച്ച് സലാഹിന്റെ വരവിന് ശേഷം ലിവർപൂൾ അടങ്ങുന്ന കൗണ്ടിയിൽ മുസ്ലിം വിരുദ്ധ കുറ്റക്യത്യങ്ങളിൽ 18.9 ശതമാനം ഇടിവുണ്ടായി. മാത്രമല്ല ലിവർപൂളുകാരുടെ മുസ്ലിം വിരുദ്ധ ട്വീറ്റുകളിൽ 50 ശതമാനം കുറവ് രേഖപ്പെടുത്തി. ഫുട്ബോളിൽ പലപ്പോഴും ഗോളടിക്കുക മൈതാനത്തു പുറത്തുള്ള മനുഷ്യമനസ്സുകളിലേക്കാണ്'.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രണ്ട് വർഷം മുമ്പുള്ള കെ.എം.ഷാജി എംഎ‍ൽഎ.യുടെ പ്രസംഗം ഇങ്ങനെയാണ്.'എനിക്ക് അൽഭുതം തോന്നുന്നു. വംശവൈറിയുടെ നാടാണ് യു.കെ.എന്ന് നമ്മൾ പറയാറുണ്ട്. ഇസ്ലാമോഫോബിയ ഒരു രോഗം പോലെ പിടികൂടിയ ഒരു നാടാണ് ഇംഗ്ലണ്ട് . അവിടെ ഒരു അൽഭുതം നടക്കുകയാണ്. ഒരു മാന്ത്രികനായ ഒരു ഫുട്ബോൾ കളിക്കാരനുണ്ട്. പേര് സ്വലാഹ്. സ്വലാഹിന്റെ കളി അതി മനോഹരമാണ്. സ്വലാഹിന്റെ കാലിൽ ഒരു പന്ത് കിട്ടിയാൽ മാന്ത്രികമായി അത് ഗോൾ വലയിൽ കൊണ്ട് വീഴ്‌ത്തും.സ്വലാഹിന്റെ ട്രയിനിങ് പിരീഡ് കഴിഞ്ഞാൽ സ്വലാഹ് ഖുർആൻ ഓതികൊണ്ടിരിക്കും. വിമാന യാത്രയിൽ സ്വലാഹ് ഖുർആൻ വായിച്ച് കൊണ്ടിരിക്കും.

സ്വലാഹ് കളിക്കാൻ നിന്നാൽ..... സ്വലാഹ് ഒരു ഗോളടിച്ചാൽ സുജൂദിലേക്ക് വീഴും. സുജൂദിൽ നിന്നും എഴുനേൽക്കുന്ന സ്വലാഹിന്റെ കണ്ണുകളിൽ കണ്ണുനീരുണ്ടാകും. നിങ്ങൾക്ക് അറിയുമോ? വംശവൈറിയുടെയും ഇസ്ലാമോഫോബിയയുടെയും നാടായ ഇംഗ്ലണ്ടിൽ ഗ്യാലറി ആർത്തലയ്ക്കുകയാണ്. ഹോ സ്വലാഹ്..നീ വായിക്കുന്ന ഖുർആൻ ഞങ്ങൾക്ക് വായിക്കണം. നീ ധ്വാനിക്കുന്ന അല്ലാഹുവിനെ ഞങ്ങൾക്ക് ധ്വാനിക്കണം. നിന്റെ ഖുർആൻ പഠിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതിശയിപ്പിക്കുന്ന രീതിയിൽ നീ ഗോളടിക്കുമ്പോൾ കാണികളെ നോക്കി നീ അഹങ്കരിക്കുകയല്ല. അല്ലാഹുവിന്റെ മുമ്പിൽ സുജൂദ് ചെയ്യുകയാണ്. ഈ വിനയം നീ എങ്ങനെയാണ് പഠിച്ചത്. സ്നേഹമുള്ളവരെ.... അല്ലാഹു തീരുമാനിച്ചാൽ ഒരു കാൽപന്ത് കളിക്കാരന്റെ കാലിന്റെ മാന്ത്രികത മതി ലോകത്തിന്റെ മുമ്പിൽ നിൽക്കുന്ന ഒരു രാഷ്ട്രത്തിന്റെ ഇസ്ലാമോഫോബിയയെ ഉരുക്കികളയാൻ'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP