Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഈ കുഞ്ഞിനെ ആരുമറിയാതെ അബോർട്ട് ചെയ്തു പങ്കാളിയെയും ഉപേക്ഷിച്ചു കല്യാണവും കഴിച്ചു ജീവിച്ചിരുന്നെകിൽ നമ്മുടെ കണ്ണിൽ എത്ര ഉദാത്തയായ മാതൃകാവനിതയായേനെ അനുപമ': ജ്യോതി രാധിക വിജയകുമാറിന്റെ കുറിപ്പ് ചർച്ചയാകുന്നു

'ഈ കുഞ്ഞിനെ ആരുമറിയാതെ അബോർട്ട് ചെയ്തു പങ്കാളിയെയും ഉപേക്ഷിച്ചു കല്യാണവും കഴിച്ചു ജീവിച്ചിരുന്നെകിൽ നമ്മുടെ കണ്ണിൽ എത്ര ഉദാത്തയായ മാതൃകാവനിതയായേനെ അനുപമ': ജ്യോതി രാധിക വിജയകുമാറിന്റെ കുറിപ്പ് ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: ഒടുവിൽ അനുപമയ്ക്ക് നീതി കിട്ടിയിരിക്കുന്നു. നിയമത്തിന്റെ നൂലാമാലകൾക്കപ്പുറം, കുഞ്ഞ് തന്റേതാണെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ടിരുന്നു. കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ ഈ യുവതി സർക്കാർ സംവിധാനങ്ങളെയാകെ സംശയിച്ചാൽ തെറ്റുപറയാൻ ആവില്ല. വിശേഷിച്ചും അവരിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത അനുഭവം മുന്നിൽ നിൽക്കുമ്പോൾ. അനുപമയെ അനുകൂലിച്ചും, എതിർത്തും സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞു. സിപിഎം അനുകൂല പ്രൊഫൈലുകൾ അനുപമയുടെ ഭർത്താവിനെ ലാക്കാക്കി സദാചാര പൊലീസ് ചമഞ്ഞു. അജിത്തിനെ കൊള്ളരുതാത്തവനാക്കി ചിത്രീകരിച്ചു. അതിന് പിന്നാലെ, കുഞ്ഞിനെ കൊണ്ടുവരാൻ വിജയവാഡയിലേക്ക് പോയപ്പോൾ, ദത്തെടുത്ത ദമ്പതികളുടെ വേദനയെ കുറിച്ചായി ഒരു വിഭാഗത്തിന്റെ പോസ്റ്റുകൾ. ഈ വിഷയത്തിൽ, അഭിഭാഷകയും, കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സോസിയോളജി ഫാക്കൽറ്റിയുമായ ജ്യോതി രാധിക വിജയകുമാർ എഴുതിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. പിതൃദായക്രമത്തെയും നിലനിൽക്കുന്ന സദാചാര സങ്കൽപ്പത്തെ ചോദ്യം ചെയ്തതുകൊണ്ടാണ് വലിയൊരു വിഭാഗം അനുപമ വിരുദ്ധരായതെന്ന് ചൂണ്ടികാണിക്കുന്നു ജ്യോതി തന്റെ പോസ്റ്റിൽ.

ജ്യോതി രാധിക വിജയകുമാറിന്റെ പോസ്റ്റ് വായിക്കാം:

സോഷ്യൽ മീഡിയയിൽ വ്യാപകമായി പല വസ്തുതാവിരുദ്ധമായ നരേറ്റീവുകളും കാണുമ്പോൾ ഇത് പറയാതെ വയ്യ:

1. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞ് കഴിഞ്ഞ് മൂന്നു മാസങ്ങളും കുറച്ചു ദിവസങ്ങളുമായി ഒപ്പമുണ്ടായിരുന്ന മനുഷ്യരോട് തെറ്റ് ചെയ്തത്, അവരെ വഞ്ചിച്ചത് അനുപമയും അജിത്തുമല്ല, ഏപ്രിൽ മാസത്തിൽ ബയോളജിക്കൽ മാതാപിതാക്കൾ പരാതി നല്കിയിട്ടും തങ്ങളുടെ കുഞ്ഞാണെന്ന ക്ലെയിം ഉന്നയിച്ചിട്ടും നിയമം അനുശാസിക്കുന്ന നടപടികൾ കൃത്യമായി പാലിക്കാതെ, കുടുംബത്തിന്റെ, അച്ഛന്റെ 'അഭിമാനം' സംരക്ഷിക്കുന്നതിന് വേണ്ടി ക്രമക്കേടുകൾ നടത്തി, ഈ യാഥാർഥ്യം അറിയിക്കാതെ ആന്ധ്രയിലെ ദമ്പതികൾക്ക് ഓഗസ്റ്റ് മാസത്തിൽ കുഞ്ഞിനെ നൽകിയ ശിശുക്ഷേമസമിതിയും മറ്റു ഭരണസംവിധാനങ്ങളുമാണ്. ഈ സംവിധാനങ്ങൾ തന്നെയല്ലേ ഒരേ നഗരത്തിൽ പ്രസവിച്ച അമ്മ കുഞ്ഞിനു വേണ്ടി കയറിയിറങ്ങി നടന്നിട്ടും ആ കുഞ്ഞിന് മുലപ്പാൽ പോലും നിഷേധിച്ചത്, അമ്മയിൽ നിന്നും മാറ്റിയത്? അമ്മയുടെ സാമീപ്യം നിഷേധിച്ചത്? യഥാർത്ഥത്തിൽ അനുപമയിൽ നിന്ന് കുഞ്ഞിനെ ഏതുവിധേനയും മാറ്റുക എന്ന ദൗത്യത്തിൽ ആ ദമ്പതികൾ വഞ്ചിക്കപ്പെടുകയല്ലേ ചെയ്തത്? അവരോടും അനീതി കാട്ടിയത് നിയമവിരുദ്ധമായി പ്രവർത്തിച്ച ഈ സംവിധാനങ്ങൾ തന്നെയല്ലേ?

2. നിയമപരമായി ഈ കുഞ്ഞിന്റെ ദത്തു നടപടികൾ പൂർത്തിയായിട്ടില്ല. എന്തെങ്കിലും അനുകൂലമല്ലാത്ത സാഹചര്യം വന്നാൽ കുഞ്ഞിനെ തിരിച്ചെടുക്കാനാവുന്ന വർഷങ്ങൾ നീണ്ടു നിൽക്കുന്ന ദത്തെടുക്കലിനു മുൻപുള്ള ഫോസ്റ്റർ കെയറിനായാണ് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് നൽകിയത്. അവരുടെ ഒപ്പം മൂന്നു മാസങ്ങളും ഏതാനും ദിവസങ്ങളുമാണ് ആ കുഞ്ഞു കഴിഞ്ഞിട്ടുള്ളത്. കുഞ്ഞിനെ ആ ദമ്പതികൾക്ക് ഏതെങ്കിലും ഒരു സാഹചര്യത്തിൽ തിരിച്ചു നൽകേണ്ടി വരുന്നത് നിയമപരമായി ഒരു അസാധാരണത്വവും ഒരു അസ്വാഭാവികതയും അല്ല എന്ന് തന്നെ കരുതുന്നു.

3. ആ മനുഷ്യരുടെ മാനസികമായ ബുദ്ധിമുട്ടു പൂർണമായും മനസ്സിലാക്കാനാകുന്നു. അതെ സമയം തന്നെ ആ ബുദ്ധിമുട്ടിനുള്ള പരിഹാരം ജനിച്ചു മൂന്നു ദിവസം മാത്രം സ്വന്തം കുഞ്ഞിനെ കണ്ടിട്ടുള്ള ഒരമ്മയുടെയും കുഞ്ഞിനെ ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത ഒരച്ഛന്റെയും (അറിയാവുന്നിടത്തോളം ആ വ്യക്തിക്കുള്ള ഒരേയൊരു കുഞ്ഞ് ഈ കുഞ്ഞാണ് ) അടുത്തു നിന്ന് ആ കുഞ്ഞിനെ എന്നെന്നേക്കുമായി മാറ്റിനിർത്തുകയാണ് എന്ന് പറയുന്ന വാദം തീർത്തും മനുഷ്യത്വരഹിതം എന്നേ പറയാനാകൂ. മനസ്സിലാക്കിയതിൽ നിന്നും ആ മനുഷ്യർ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരും അവർ പറയുന്നത് പ്രസവിച്ച അമ്മയ്ക്ക് നീതി കിട്ടണം എന്ന് തന്നെയാണ്. മാത്രമല്ല, തങ്ങൾക്കൊപ്പമുള്ള കുഞ്ഞിനെ പ്രസവിച്ച അമ്മയുടെയും അച്ഛന്റെയും സമ്മതമില്ലാതെയാണ് തങ്ങൾക്ക് കുഞ്ഞിനെ കിട്ടിയത്, അവനു വേണ്ടി അവർ സമരം ചെയ്യുകയാണ് എന്നറിഞ്ഞ അവർക്ക്, നീതിബോധമുള്ള മനുഷ്യരാണെങ്കിൽ, എങ്ങനെയാണ് ഈ കുഞ്ഞിനെ സമാധാനത്തോടെ വളർത്താകുക? എത്രയും വേഗം കുഞ്ഞിനെ പ്രസവിച്ച അമ്മയുടെ അടുത്തെത്തിക്കാനല്ലേ എത്ര വിഷമമുണ്ടായാലും അവരും ശ്രമിക്കുക? ഈ സാഹചര്യത്തിലെ സ്വാഭാവികമായ, യുക്തിസഹമായ ഒരു സംശയം തങ്ങൾ കേട്ടിട്ടും ഫോട്ടോ പോലും കണ്ടിട്ടുമില്ലാത്ത, ഒരു പരിചയവുമില്ലാത്ത ആന്ധ്രയിലെ ദമ്പതികളുടെ രൂപത്തെയും സ്വഭാവത്തെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ച് കേരളത്തിലുള്ള ഒരു വലിയ വിഭാഗം ആളുകൾക്ക് കൃത്യമായ ധാരണയും ഈ കുഞ്ഞ് അവർക്കൊപ്പമാണ് ജീവിക്കേണ്ടതെന്ന അഭിപ്രായത്തിലെത്താനുള്ള യുക്തിയും എങ്ങനെ ലഭിച്ചു എന്നതാണ്.

ഈ കുറ്റകൃത്യത്തിൽ ഒരു പങ്കുമില്ലാത്ത അവർക്കു ഈ അവസ്ഥയെ അതിജീവിക്കാനാകട്ടെ എന്നും നിയമത്തിന്റെ സുതാര്യമായ മാർഗത്തിലൂടെ ഇവിടെ ചെയ്തത് പോലെയല്ലാതെ ഒരു കുഞ്ഞിനെ ലഭിക്കട്ടെ എന്നേറെ ആഗ്രഹിക്കുന്നു. മനുഷ്യന്റെ നീതിബോധത്തിന്റെ അടിത്തറയിൽ നിന്ന് ചിന്തിച്ചാൽ അനുപമയോടും അജിത്തിനോടുമൊപ്പം, അവരെല്ലാവരും ആഗ്രഹിക്കുന്നെങ്കിൽ ആന്ധ്രയിലെ ആ ദമ്പതികളും ഈ കുഞ്ഞിന്റെ ജീവിതത്തിൽ പങ്കാളികളാകുന്ന ഒരു സാഹചര്യം അസാധ്യമല്ല എന്നും ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്കിടയിൽ അവർക്കു കഴിയുമെങ്കിൽ അങ്ങനെ ഒരു ആരോഗ്യകരമായ ബന്ധം ഉരുത്തിരിയട്ടെ എന്നും ഈ പ്രായത്തിൽ അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ഈ കുഞ്ഞ് അജിത്തിന്റെ മുൻ പങ്കാളിക്കും ആന്ധ്രയിലെ ദമ്പതികൾക്കും അവന്റെ അച്ഛനമ്മമാരോടൊപ്പം പ്രിയപ്പെട്ടവനായി ഏറെ സ്‌പെഷ്യൽ ആയി വളരട്ടെ എന്നും ആഗ്രഹിക്കുകയാണ്..

4. ഈ സാഹചര്യത്തിൽ ഒന്ന് വളരെ കൃത്യമായി മനസ്സിലാകുന്നു. ആത്മഹത്യ ചെയ്ത/കൊല്ലപ്പെട്ട വിസ്മയയോടുള്ള നമ്മുടെ സ്‌നേഹം, എമ്പതി ഒക്കെ എല്ലാം സഹിച്ചും ക്ഷമിച്ചും ആരെയും എതിർക്കാതെയും ചോദ്യം ചെയ്യാതെയും ആ കുട്ടി സ്വയം ഇല്ലാണ്ടായതുകൊണ്ട് തന്നെയാകാൻ തന്നെയാണ് സാദ്ധ്യത.

വിസ്മയ തന്നെ ഉപദ്രവിച്ച ജീവിതപങ്കാളിയായ പുരുഷനെ ചോദ്യം ചെയ്തരുന്നെങ്കിൽ, തന്നെ ആ ബന്ധം തുടരാൻ മാതാപിതാക്കൾ നിർബന്ധിച്ചുവെങ്കിൽ അതിനെ എതിർത്തു അച്ഛനേയും പങ്കാളിയെയും ചോദ്യം ചെയ്തു പൊതുസമൂഹത്തിനു മുൻപിൽ വന്നു പൊരുതിയിരുന്നെങ്കിൽ, നിയമ നടപടികൾ തെരഞ്ഞെടുത്തിരുന്നെങ്കിൽ, ആ കല്യാണം ജാതിക്കു പുറത്തുള്ള ഒരു പ്രണയവിവാഹമായിരുന്നെങ്കിൽ, അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലേക്ക് പോയിരുന്നെങ്കിൽ വിസ്മയോടുള്ള നമ്മുടെ സ്‌നേഹം എന്താകുമായിരുന്നു എന്ന് കണ്ടറിയേണ്ടതുണ്ട്.

ഇവിടെ അച്ഛനെ ചോദ്യം ചെയ്യുന്ന, കുടുംബത്തെ എതിർക്കുന്ന, നിങ്ങളുടെ 'പുറത്തു പറയുന്ന' സദാചാര സങ്കല്പത്തിന് യോജിക്കാത്ത ഒന്ന് ''ഞാൻ ചെയ്തു എന്ന് പറഞ്ഞു അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, അതെന്റെ കുഞ്ഞാണ്, അതിന്റെ അച്ഛനെപ്പറ്റി നിങ്ങൾ അധികം ആകുലപ്പെടണ്ട,എന്റെ കുഞ്ഞ് എന്റെ അവകാശമാണ്, ആരുമായുള്ള ബന്ധത്തിൽ എനിക്ക് കുട്ടിയുണ്ടാകണമെന്നു ഞാനാണ് തീരുമാനിക്കുന്നത് എന്ന് പറയുന്ന, സ്വന്തം അവകാശത്തിനു വേണ്ടി പോരാടുന്ന ഒരു സ്ത്രീയെ ഈ സമൂഹത്തിനുൾക്കൊള്ളാൻ പറ്റില്ല. അതിനു സദാചാരം ഒരു മറയാക്കുന്നതാണ് എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

ഈ കുഞ്ഞിനെ ആരുമറിയാതെ അബോർട്ട് ചെയ്തു പങ്കാളിയെയും ഉപേക്ഷിച്ചു അച്ഛനും അമ്മയും പത്രപ്പരസ്യം കൊടുത്തു ജാതിയും ജാതകവും നോക്കി സ്ത്രീധനവും കൊടുത്തു നടത്തുന്ന ഒരു കല്യാണവും കഴിച്ചു ജീവിച്ചിരുന്നെകിൽ നമ്മുടെ കണ്ണിൽ എത്ര ഉദാത്തയായ മാതൃകാവനിതയായേനെ അനുപമ, സംശയമില്ല.മാത്രമല്ല, അനുപമയെ എന്ന വ്യക്തി ഇല്ലായിരുന്നെകിൽ അജിത്തും മുൻപങ്കാളിയും ജീവിതകാലം മുഴുവൻ ഒരുമിച്ചുണ്ടാകും അല്ലെങ്കിൽ വിവാഹിതരാകുന്ന മനുഷ്യർ ജീവിതകാലം മുഴുവൻ ഒരുമിച്ചുണ്ടാകും എന്ന്, മനുഷ്യർ പ്രണയ - വിവാഹ ബന്ധങ്ങൾ അവസാനിപ്പിച്ച് പുതിയ ബന്ധങ്ങളിലേക്ക് പോകില്ല അത് സദാചാര ഭ്രംശമാണ് ,വിവാഹബന്ധങ്ങൾ ആജീവനാന്തം തുടരേണ്ടതാണ് എന്ന് ചിന്തിക്കുന്ന വിധത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു വരുന്നത് എന്തടിസ്ഥാനത്തിലാണ്?' (കാലവും നിയമങ്ങളും മാറിയതും മനുഷ്യരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വ്യാപ്തി മാറിയതിനെക്കുറിച്ചും കേരളത്തിലെ കുടുംബകോടതികളിലെ ഡിവോർസ് കേസുകളുടെ എണ്ണത്തെക്കുറിച്ചും ഒരു ധാരണയുമുണ്ടായാൽ മതി ഇത്തരം അഭിപ്രായങ്ങളുടെ പിന്നിലെ യുക്തിരാഹിത്യം മനസ്സിലാക്കാൻ).

സ്വയം നീറി, കുടുംബത്തിന്റെ,സമൂഹത്തിന്റെ അപ്പ്രൂവൽ കിട്ടാൻ വേണ്ടി സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് ആർക്കോവേണ്ടി , സമൂഹത്തെ കാണിക്കാൻ വേണ്ടി ആരോ നിർവചിച്ച, വരച്ചിട്ട, ഒരു ജീവിതം ജീവിച്ചു തീർക്കുന്നതിൽ കൂടുതൽ ആയിരം മടങ്ങു ശരിയും ധാർമികതയും സമൂഹം മുഴുവൻ തന്നെ വിധിക്കുമെന്നുറപ്പുള്ള, ഒറ്റപ്പെടുത്തുമെന്നുറപ്പുള്ള ഒരു കാര്യം താൻ ചെയ്തു എന്ന് പറയാനും ഏറ്റെടുക്കാനുമുള്ള സത്യസന്ധതയും ധൈര്യവും, സമൂഹത്തിലെ, കുടുംബത്തിലെ സ്വന്തം സ്ഥാനവും സുരക്ഷിതത്വവും എല്ലാം റിസ്‌ക് ചെയ്തു എന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കും എന്ന തീരുമാനവും ആ കുഞ്ഞു അധാർമികമായി, ക്രൂരമായി ചതിക്കപ്പെട്ടു സ്വന്തം കയ്യിൽ നിന്നെടുത്തു മാറ്റിയപ്പോൾ അവനു വേണ്ടി ഓരോ ദിവസവും പോരാടാൻ തീരുമാനിച്ചുറച്ച, മറ്റൊരു കുഞ്ഞിനും ഇത്തരം വ്യവസ്ഥാപിതമായ അനീതി നേരിടേണ്ടി വരരുത് എന്നുറച്ചു പറയുന്ന ഈ അമ്മയുടെ കൂടെയാണെന്ന് തന്നെ, ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്കൊപ്പവും കുഞ്ഞിനൊപ്പവും നിന്ന പങ്കാളിക്കൊപ്പവുമാണെന്ന് തന്നെ വിശ്വസിക്കുന്നു.

കരയാത്ത, സഹതാപം ആവശ്യമില്ലാത്ത, ബോൾഡ് ആയി നിൽക്കുന്ന, എന്റെ കുഞ്ഞിനെ എന്നിൽ നിന്നകറ്റിയവർക്കെതിരെ നടപടിയെടുക്കണം എന്നുറക്കെ പറയുന്ന, ഇത്രയും സ്വഭാവഹത്യയും സദാചാര വിലയിരുത്തലുകളും നടത്തിയിട്ടും അല്പം പോലും പതറാതെ തന്റെ ശരിയിലും തന്റെ കുഞ്ഞിനും പങ്കാളിക്കുമൊപ്പം ഉറച്ചു നിൽക്കുന്ന, അച്ഛനും അമ്മയുമാണെങ്കിലും ചെയ്തത് തെറ്റാണ്, ക്രിമിനൽ കുറ്റമാണ്, എന്ന് പറയാനുള്ള ആർജവം ഉള്ള, കുടുംബത്തിലെ പാട്രിക്കൽ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു പെൺകുട്ടിയെ കേരളം സമൂഹം അധികം കണ്ടു ശീലിച്ചിട്ടില്ല; അതുൾക്കൊള്ളാനാവില്ല..അത് അനുപമയുടെ പ്രശ്‌നമല്ല, നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നമാണ്..മാത്രമല്ല, ഈ പറയുന്ന സദാചാരം സ്വന്തം ജീവിതത്തിൽ 'കൃത്യമായി പാലിക്കുന്ന' ഭൂരിഭാഗം ആളുകളാണ് ഇത് പറയുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇന്ത്യൻ ഭരണഘടനാ നൽകുന്ന പൗരാവകാശങ്ങൾ, നിയമം നൽകുന്ന അവകാശങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്; അവിടെ സദാചാരവാദികൾക്കും,സദാചാരത്തിൽ ഇരട്ടത്താപ്പ് പുലർത്തുന്നവർക്കും, സദാചാരവാദികളാൽ വിധിക്കപ്പെടുന്നവർക്കും പ്രത്യേകം പ്രത്യേകം നിയമമില്ല. ഇത് മനസ്സിലാകുന്നില്ല എന്ന രീതിയിൽ പെരുമാറുന്നത് ഈ സമൂഹം എത്ര കാലം തുടരും? സമൂഹത്തിന്റെ നീതിബോധമില്ലാത്ത പല ശരികളെയും കീഴ്‌വഴക്കങ്ങളെയും ചോദ്യം ചെയ്യാനാകുന്ന, പൊരുതുന്ന, കരുത്തുള്ള സ്ത്രീകളെ ഉൾക്കൊള്ളാനാകുന്ന വിധം ഈ സമൂഹം മാറേണ്ടിയിരിക്കുന്നു, വളരേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP