Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

'ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും; 'കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യർക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ടെ സർ? ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട് എന്ന വലിയ ഡയലോഗ് കാച്ചിയിരുന്നല്ലോ; തൊഴിലാളികളെ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തുന്ന വാമനൻ ആകരുത് താങ്കൾ; അർക്കിട്ടക്ക് ശങ്കർ വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യുവിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: 'ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും..' പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മലയാളിക്ക് അഭിമാനമായ ശങ്കർ എന്ന ആർക്കിടെക്ടിന്റെ ജീവിതം എടുത്തുപറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം.

'കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യർക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ടെ സർ? അധികാരത്തിൽ കയറിയപ്പോൾ ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട് എന്ന വലിയ ഡയലോഗ് കാച്ചിയിരുന്നല്ലോ. പക്ഷെ ഫയലിന്റെ പുറകിൽ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥരാണെന്ന് ഓരോ കേരളീയനും മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്' സമൂഹമാധ്യമത്തിൽ ജോയ് മാത്യു കുറിച്ചു.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം:-

ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട

ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും

സ്വർണവും സ്വപ്നയും വിഹരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളിൽ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് മലയാളി. ഇത്രയും പറയാൻ കാര്യം, ഇന്നലെ രാത്രി എന്റെ കാഴ്ചയിൽ തടഞ്ഞ ദുഃഖകരമായ ഒരു വിഡിയോ ആണ്. കേരളത്തിലെ എന്നല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ആർക്കിടെക്ടാണ് ശങ്കർ. ചെലവ് കുറഞ്ഞ കെട്ടിട നിർമ്മാണ പദ്ധതികളുടെ അമരക്കാരൻ. മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന, പാവപ്പെട്ടവർക്ക് പാർപ്പിടം എന്ന സങ്കല്പം യാഥാർഥ്യമാക്കിയ ആൾ.

മാറി മാറി വന്ന സർക്കാരുകൾക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്നതുമായ ഹാബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവർക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിർമ്മിച്ച് നൽകിയിട്ടുള്ളത്. കൂടാതെ സർക്കാരിന്റെ തന്നെ വിവിധ കെട്ടിടങ്ങൾ ഏറ്റവും ചെലവ് കുറച്ചും കാലാവസ്ഥാനുയോജ്യമായ രീതിയിലും, പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലും നിർമ്മിച്ച് നൽകി ലോകശ്രദ്ധ നേടിയ, ഇന്ത്യാ സർക്കാർ പത്മശ്രീ നൽകി ആദരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ അതിദയനീയമാണ് എന്ന് നമ്മൾ അറിയുക.

ഭരണം എന്നാൽ പൊലീസിനെവിട്ട് പേടിപ്പിക്കുകയാണെന്നു തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക, താങ്കളുടെ കീഴിലുള്ള ഏതാനും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം ഒരു സ്ഥാപനം മുടിയുന്നു, തൊഴിലാളികൾ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു. യോഗ്യതയില്ലാത്ത കമ്പനികൾക്ക് കരാർ നേടിക്കൊടുത്ത് കോടികൾ കമ്മിഷൻ പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തതിനാലാവാം ശങ്കർ എന്ന പ്രതിഭാശാലി പണിമുഴുമിപ്പിച്ച സർക്കാർ കെട്ടിടങ്ങളുടെ പണിക്കൂലിയായ കോടിക്കണക്കിനു രൂപ കുടിശികയാക്കിയത്.

ശങ്കറിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നുകൂടി അറിയുക. കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യർക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ടേ സാർ? അല്ലാതെ അദ്ദേഹത്തെയും ആ സ്ഥാപനത്തിലെ തൊഴിലാളികളെയും പാതാളത്തിലേക്ക് ചവിട്ടിതാഴ്‌ത്തുന്ന വാമനൻ ആകരുത് താങ്കൾ എന്നുകൂടി അപേക്ഷിക്കട്ടെ. അധികാരത്തിൽ കയറിയപ്പോൾ 'ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട്' എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ. പക്ഷെ ഫയലിന്റെ പുറകിൽ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളീയനും ഇപ്പോൾ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്.

അതിനാൽ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട

ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP