Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരെ ഇന്റർവ്യൂ ചെയ്യണം എന്നത് ഞാനും എന്റെ സ്ഥാപനവും തീരുമാനിക്കും; മാധവിക്കുട്ടിയുടെ മതംമാറ്റത്തെ കുറിച്ച് പുസ്തകം എഴുതിയ മെറിലി വെയ്‌ബോഡിന്റെ ഇന്റർവ്യൂ ചെയ്യാൻ കാനഡയ്ക്ക് പോകുമോ എന്ന് ചോദിച്ചവർക്ക് ചുട്ട മറുപടിയുമായി ജോൺ ബ്രിട്ടാസ്

ആരെ ഇന്റർവ്യൂ ചെയ്യണം എന്നത് ഞാനും എന്റെ സ്ഥാപനവും തീരുമാനിക്കും; മാധവിക്കുട്ടിയുടെ മതംമാറ്റത്തെ കുറിച്ച് പുസ്തകം എഴുതിയ മെറിലി വെയ്‌ബോഡിന്റെ ഇന്റർവ്യൂ ചെയ്യാൻ കാനഡയ്ക്ക് പോകുമോ എന്ന് ചോദിച്ചവർക്ക് ചുട്ട മറുപടിയുമായി ജോൺ ബ്രിട്ടാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്തകാലത്തായി കേരളത്തിൽ ഏറ്റവും വിവാദം ക്ഷണിച്ചു വരുത്തിയ അഭിമുഖ പരിപാടി ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക മാതാ അമൃതാനന്ദമയിക്കെതിരെ ഗെയ്ൽ ട്രെഡ്‌വെൽ നടത്തിയ വെളിപ്പെടുത്തൽ കൊണ്ടുവന്ന കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിന്റെ അഭിമുഖമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങലും പഴികേൾക്കലുകളും ജോൺ ബ്രിട്ടാസ് നേരിടേണ്ടി വന്നു. എന്നാൽ, അതിനെയൊക്കെ സധൈര്യം നേരിടുകയാണ് ബ്രിട്ടാസ് ചെയ്തത്. എങ്കിലും സൈബർ ലോകത്ത് ഒരു അമ്മ ഭക്തർ ബ്രിട്ടാസിനെ അധിക്ഷേപിച്ചു കൊണ്ട് രംഗത്തെത്തുകയും ഉണ്ടായിരുന്നു. ഇപ്പോഴിതാ അക്കൂട്ടർ വീണ്ടും ബ്രിട്ടാസിനെതിരെ പ്രചരണവുമായി രംഗത്തെത്തിയിരിക്കയാണ്.

അന്തരിച്ച എഴുത്തുകാരി മാധവികുട്ടിയുടെ മതം മാറ്റത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകത്തെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് ബ്രിട്ടാസിനെതിരെ ആക്രമണവുമായി ഇക്കൂട്ടർ രംഗത്തെത്തിയത്. കാനഡ സ്വദേശിനിയുമായ മെറിലി വെയ്‌ബോഡിന്റെ 'പ്രണയത്തിന്റെ രാജകുമാരി' എന്ന പുസ്തകത്തിൽ മാധവിക്കുട്ടി മതം മാറിയതിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുന്നുണ്ടായിരുന്നു. അബ്ദുൾ സമദ് സമദാനിയാണ് മതംമാറ്റത്തിന് പിന്നിലെ പ്രേരകശക്തിയെന്ന വിധത്തിലായിരുന്നു പുസ്തകത്തിൽ മെറിലി വെയ്‌ബോഡ് എഴുതിയിരുന്നത്.

മുസ്ലിംലീഗ് നേതാവും മതപ്രഭാഷകനുമായ സമദാനിയും കൂടിയായ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയാണ് മാധവിക്കുട്ടിയെ സമദാനി മതം മാറ്റിയതെന്നാണ് പുസ്തകത്തിന്റെ വെളിപ്പെടുത്തൽ. മാധവിക്കുട്ടിയുടെ സുഹൃത്തുകൂടിയാണ് കാനഡ സ്വദേശിനിയുമായ മെറിലി വെയ്‌ബോഡ്. അതുകൊണ്ട് തന്നെ ഈ അവസരത്തിൽ ഗെയ്ൽ ട്രെഡ്‌വെല്ലിനെ ഇന്റർവ്യൂ ചെയ്യാൻ അമേരിക്കയിലേക്ക് പറന്നതു പോലെ മെറിലി വെയ്‌ബോഡിനെ ഇന്റർവ്യൂ ചെയ്യാൻ കാനഡയ്ക്ക് പോകുന്നില്ലേ എന്ന ചോദ്യം ഉയർത്തിയാണ് സൈബർ ലോകത്ത് ബിജെപി, സംഘപരിവാർ അനുകൂലികൾ രംഗത്തെത്തിയത്.

തുടർന്ന് ബ്രിട്ടാസ് എന്തുകൊണ്ടാണ് മെറിലിയെ ഇന്റർവ്യൂ ചെയ്യാൻ പോകാത്തതെന്ന വിമർശനവും ഉയർത്തിക്കൊണ്ടുള്ള പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചു. ബ്രിട്ടാസിന് കാനഡയിൽ പോകാൻ എന്റെ വക 500 എന്ന പറഞ്ഞു കൊണ്ടായിരുന്നു വിമർശനം. ജോൺ ബ്രിട്ടാസിന്റെ ഫേസ്‌ബുക്ക് പേജിലൂടെയും മറ്റും ഇത്തരത്തിൽ കടുത്ത വിമർശനം ഉയർത്തി ഇവർ രംഗത്തെത്തിയതോടെ ചുട്ട മറുപടിയുമായി ബ്രിട്ടാസും രംഗത്തെത്തി. ആരെ ഇന്റർവ്യൂ ചെയ്യണം, ചെയ്യേണ്ടതില്ല എന്ന് താനും തന്റെ സ്ഥാപനവും തീരുമാനിക്കും എന്ന പറഞ്ഞാണ് ബ്രിട്ടാസ് മറുപടി നൽകിയത്. വിമർശനം മുറുകിയതോടെ അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്് ഇങ്ങനെയാണ്:

എന്തെങ്കിലും പോസ്റ്റ് ഇടുമ്പോൾ ചിലർ വെട്ടുകിളി പോലെ പറന്നിറങ്ങും ...ഇതൊനൊരു pattern ഉണ്ട് ..ആർക്കും എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഒന്ന്. നയം വ്യക്തമാക്കട്ടെ ...ആരെ ഇന്റർവ്യൂ ചെയ്യണം ചെയ്യേണ്ടതില്ല എന്നത് ഞാനും എന്റെ സ്ഥാപനവും തീരുമാനിക്കും ...പിന്നെ..എന്നെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ വാലിൽ കൊണ്ട് കെട്ടാൻ ആരും നോക്കണ്ട ...വെറുതെ മഞ്ഞു കൊണ്ട് പനി പിടിപ്പിക്കേണ്ട .....!

ബ്രിട്ടാസിന്റെ മറുപടിയോടെ ഇവരിൽ പ്രചരണം കുറഞ്ഞെങ്കിലും പിന്നെയും ചിലർ അദ്ദേഹത്തിനെതിരെ പ്രചരണവുമായി രംഗത്തുണ്ട്. മാതാ അമൃതാനന്ദമയി വിഷയത്തിൽ അമേരിക്കയിലേക്ക് പോയ ബ്രിട്ടാസ് എന്തുകൊണ്ടാണ് സമദാനിക്കെതിരായ ആരോപണത്തിൽ കാനഡയിലേക്ക് പോയി ഇന്റർവ്യൂ നടത്താത്തത് എന്നതായിരുന്നു ഇവരുടെ ചോദ്യം. ബിജെപിയുടെ സൈബർ വിഭാഗമാണ് ബ്രിട്ടാസിന് എതിരെ രംഗത്തെത്തിയിരുന്നത്.

സമദാനിയെ സാദിഖ് അലി എന്ന് പരാമർശിച്ചുകൊണ്ടായിരുന്നു കാനഡ എഴുത്തുകാരി മെറിലി വെയ്‌ബോഡ് പുസ്തകത്തിൽ മാധവിക്കുട്ടിയുടെ പ്രണയത്തെ കുറിച്ചും മതംമാറ്റത്തെ കുറിച്ചും പറയുന്നത്. 'ഇന്നേക്ക് പന്ത്രണ്ടാം ദിവസം നമ്മൾ വിവാഹിതരാകും. അതിനുമുമ്പ് നിങ്ങൾ ഇസ്ലാമാകണം. താങ്കൾ ഡൽഹിയിൽ എന്റെ ഡൽഹി ഭാര്യയായി താമസിക്കും'. സമദാനിയുടെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മാധവിക്കുട്ടി മതംമാറിയതെന്ന് പുസ്തകം പറയുന്നു.

സാദിഖ് അലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധവിക്കുട്ടി പറഞ്ഞതായി മെറിലി രേഖപ്പെടുത്തുന്നതിങ്ങനെ: 'എന്റെ കാൽക്കൽ അയാളിരുന്നു. സുന്ദരനാണയാൾ. വലിയ സദസ്സുകളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന സുവിശേഷ പ്രസംഗങ്ങൾ ചെയ്യാൻ അയാൾക്കാകും. അഞ്ചുമണിക്കൂർ വരെ നീളും അയാളുടെ പ്രസംഗങ്ങൾ.' കൂടിക്കാഴ്ചക്ക് ശേഷം വീട്ടിലെത്തി ഉടൻ സാദിഖ് അലി മാധവിക്കുട്ടിയെ വിളിച്ചു. പിന്നെ എട്ടു ദിവസം തുടർച്ചയായി, എല്ലാ രാത്രിയിലും അയാൾ വിളിച്ചു. ഓരോ തവണ വിളിച്ചപ്പോഴും പ്രണയത്തെക്കുറിച്ചുള്ള ഉറുദു കവിതകൾ ചൊല്ലി. സാദിഖ് അലിക്ക് രണ്ട് ഭാര്യമാരുണ്ട്. ഒരു മുസ്ലിം എന്ന നിലയിൽ നാലു ഭാര്യമാർ വരെയാകാം.

അദ്ദേഹം കമലയെ തന്റെ നാട്ടിൻ പുറത്തെ വീട്ടിൽ താമസിക്കുവാൻ ക്ഷണിച്ചു. ഒരു മാസത്തെ തുടർച്ചയായ, അഗാധമായ ബന്ധത്തിനുശേഷം കമല അയാളുമൊത്ത് പ്രണയത്തിലായിരുന്നു. അതിനാൽ ക്ഷണം സ്വീകരിച്ചു. അവിടെവച്ച് അവർ ശാരീരികബന്ധത്തിലേർപ്പെട്ടു. 'ഞാൻ മലീമസപ്പെട്ടിരിക്കുന്നു'. കമല പറഞ്ഞു. അപ്പോഴാണ് മതംമാറിയാൽ വിവാഹം കഴിക്കാമെന്ന് അയാൾ ഉറപ്പ് നൽകുന്നതും കമല മുസ്ലിമാകുന്നതും. എന്നാൽ ഇത് വിവാദമായതോടെ സാദിഖ് അലി ഒളിവിൽപ്പോയി പുസ്തകം പറയുന്നു.

പിന്നീട് മതംമാറ്റത്തിന്റെ നിരർത്ഥകത ബോധ്യപ്പെട്ട അവസാന നാളുകളിൽ ഡോ. ഹുസൈൻ എന്നൊരാളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതായി പുസ്തകം വിശദീകരിക്കുന്നു. മെറിലിയുടെ 'ദ ലൗ ക്വീൻ ഓഫ് മലബാർ' എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് 'പ്രണയത്തിന്റെ രാജകുമാരി'. ഗ്രീൻ ബുക്‌സാണ് പ്രസാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP