Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കിക്കാരോട് പുച്ഛം.. ഞങ്ങൾക്ക് പെണ്ണു പോലും കിട്ടാനില്ല...കാട്ടുവാസി എന്ന പേരും; എല്ലായിടത്തേം പോലെ ഇവിടേം അതിവർഷം ഉണ്ടാകുമ്പോൾ മരം വീഴലും മണ്ണിടിച്ചിലും കുഷിനാശവും ഒക്കെ ഉണ്ടാവും ..അതൊക്കെ പരിസ്ഥിതി നാശം മൂലം അല്ല; എട്ടുവില്ലേജിൽ നിയന്ത്രണം കൊണ്ടുവന്ന് മാത്രം കേരളത്തെ രക്ഷിക്കാൻ കഴിയില്ലെന്ന് ഓർമിപ്പിക്കുന്ന ജോബിൻ ജോർജിന്റെ പോസ്റ്റ് വൈറലാകുന്നു

ഇടുക്കിക്കാരോട് പുച്ഛം.. ഞങ്ങൾക്ക് പെണ്ണു പോലും കിട്ടാനില്ല...കാട്ടുവാസി എന്ന പേരും; എല്ലായിടത്തേം പോലെ ഇവിടേം അതിവർഷം ഉണ്ടാകുമ്പോൾ മരം വീഴലും മണ്ണിടിച്ചിലും കുഷിനാശവും ഒക്കെ ഉണ്ടാവും ..അതൊക്കെ പരിസ്ഥിതി നാശം മൂലം അല്ല; എട്ടുവില്ലേജിൽ നിയന്ത്രണം കൊണ്ടുവന്ന് മാത്രം കേരളത്തെ രക്ഷിക്കാൻ കഴിയില്ലെന്ന് ഓർമിപ്പിക്കുന്ന ജോബിൻ ജോർജിന്റെ പോസ്റ്റ് വൈറലാകുന്നു

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ദുർബ്ബലപ്രദേശമെന്ന് വിലയിരുത്തി മുന്നാറിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിസ്ഥിതിപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ദുരന്തങ്ങൾ കാണാതെ പോകരുതെന്ന് ഓർമ്മപ്പെടുത്തി എഫ് ബി പോസ്റ്റ്.
മാധ്യസ്ഥാപനത്തിലെ മുൻ ജീവനക്കാരൻകൂടിയായ മൂന്നാർ സ്വദേശി ജോബിൻ ജോർജ്ജാണ് എഫ് ബി പോസ്റ്റിലൂടെ പരിസ്ഥിതി പ്രവർത്തകരോടുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.

പോസ്റ്റിന്റെ പൂർണ്ണരൂപം ചൂവടെ:

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഷേയർ ചെയ്യപെട്ട 99'ലെ പ്രളയത്തെ കുറിച്ചുള്ള ഒരു പോസ്റ്റും കേരളത്തിലെ ചില പരിസ്ഥിതി സംരക്ഷകരുടെ മൗനവുമാണ് ഇപ്പോൾ ഈ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ചത്. പരിസ്ഥിതി എന്ന കിടുതാപ്പ് മൂന്നാറിന് മാത്രമേ ബാധകമുള്ളോ എന്ന് അറിയാതെ തോന്നിപ്പോകുകയാണ്. ഇവിടെ മൂന്നാറിന്റെ പരിസ്ഥിതിയെ പറ്റി വിലപിച്ചവർ പാലായിലും, കോട്ടയത്തും, എറണാകുളത്തും, കോഴിക്കോടും, വയനാടും നടന്നത് ഒന്നും കാണുന്നില്ല. നീലാണ്ടനും, വാസൂട്ടനും വീട്ടിൽ നിന്നു പുറത്തിറങ്ങാൻ ബോട്ടു ബുക്കു ചെയ്തതല്ലാതെ വാ തുറക്കുന്നില്ല. അതോ നീന്തൽ പരിശീലനത്തിൽ ആണോ? അതോ മൂന്നാറിൽ ഒരു മരം വീണാൽ ഞങ്ങ പൊളിച്ചേനേ ഇതിപ്പോ പാലായും കോഴിക്കോടും കോട്ടയവും ഒക്കെ ആയിപ്പോയി എന്നാണോ?

ഒരു ചാനലിലും ഈ വെള്ളത്തിനടിയിൽ ആയ പ്രദേശങ്ങളിൽ നടന്നിട്ടുള്ള പരിസ്ഥിതി ആഘാതങ്ങളെ പറ്റി അന്തിച്ചർച്ചയും കണ്ടില്ല: പശ്ചിമ ഘട്ട മലനിരകളിൽ ഏറ്റവും ബലവത്തായതെന്ന് (സേളിഡ് റോക്ക്) രേഖപെടുത്തപെട്ട സ്ഥലം ആണ് മൂന്നാർ ഉൾപെട്ട ഇടുക്കിയുടെ പല മേഖലകളും. അതു കൊണ്ടാണ് ലോകം മൊത്തം തിരഞ്ഞ് അവസാനം കണികാ പരീക്ഷണത്തിന് ഇവിടം തിരത്തെടുത്തത്. അല്ലാതെ മാധ്യമസൃഷ്ടി പോലെ ഇടുക്കി ഡാമിൽ നിന്ന് വെള്ളം ചോർത്താനല്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ മൂന്നാറിലും പരിസരത്തും ഉള്ള 8 വില്ലേജുകാരുടെ ജീവിതം ഇല്ലാതാക്കിയ പല മാധ്യമ പ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടേയും വീടുകൾ വെള്ളത്തിനടിയിൽ ആണു.

ഞങ്ങൾ ഇടുക്കിക്കാർ ശവത്തേൽ കുത്തുന്നവരല്ല. പക്ഷേ ഒരു വീണ്ടുവിചാരം നിങ്ങൾക്കും നല്ലതാണ് എന്ന് ഓർമ്മിപ്പിച്ചു എന്നേ ഉള്ളൂ.പിന്നേ എല്ലായിടത്തേം പോലെ ഇവിടേം അതിവർഷം ഉണ്ടാകുമ്പോൾ മരം വീഴലും മണ്ണിടിച്ചിലും കുഷിനാശവും ഒക്കെ ഉണ്ട ഉണ്ടാവും, അതൊക്കെ പരിസ്ഥിതി നാശം മൂലം അല്ല. പ്രകൃതിയുടെ ചില തമാശകൾ മാത്രം എല്ലായിടത്തെയും പോലെ. ഇടുക്കിക്കാരോട് പുച്ഛം ഞങ്ങൾക്ക് പെണ്ണു പോലും കിട്ടാനില്ല. കാട്ടുവാസി എന്ന പേരും, ഇപ്പോ ഞങ്ങളെ ഒഴിവാക്കി മണിമാളികകളിൽ കെട്ടിച്ചു വിട്ട പെൺമക്കൾ രണ്ടും മൂന്നും നില ഒള്ളതുകൊണ്ട് മുങ്ങി ചത്തിട്ടില്ല. കുന്നോളം സങ്കടം ഉണ്ട് സഹോ അതു കൊണ്ടാ അല്ലാതെ നിങ്ങളെ വിഷമിപ്പിക്കാൻ അല്ല. ഇനി എങ്കിലും പരിസ്ഥിതി സംരക്ഷണം ഞങ്ങളുടെ മാത്രം തലയിൽ കെട്ടി വക്കല്ലേ. ഈ എട്ടുവില്ലേജിൽ നിയന്ത്രണം കൊണ്ടുവന്ന് കേരളം സംരക്ഷിക്കാൻ കഴിയില്ല എന്ന് മാധ്യമങ്ങൾക്കും, സർക്കാരിനും , പരിസ്ഥിതി ചേട്ടന്മാർക്കും മനസ്സിലായല്ലോ ല്ലേ.... നമ്മക്ക് ഒന്നിച്ച് മുഴുവൻ കേരളവും ഒരു പോലെ സംരക്ഷിക്കാം.

99 ലെ പ്രളയത്തെ കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ:

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. കൊല്ലവർഷം 1099ലെ ആ പ്രളയം പ്രായംചെന്ന പലരുടെയും ഓർമകളിൽ ഇന്നും പെയ്തിറങ്ങാറുണ്ട്. പലർക്കും പറയാൻ നഷ്ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്.

ആയിരക്കണക്കിന് മനുഷ്യജീവൻ നഷ്ടമായ ആ പ്രളയത്തിൽ നിരവധി പക്ഷിമൃഗാദികളും, കണക്കാക്കാൻ പറ്റാത്തിടത്തോളം കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങൾ പലയിടത്തും ഒഴുകിനടന്നു. ഒട്ടനവധി പേർക്ക് വീടും, സ്വത്തുവകകളും, വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടു; വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തിൽ ഒഴുകിവന്നു.

പ്രളയത്തിന്റെ പ്രധാനകാരണം മൂന്നാഴ്ചയോളം തുടർച്ചയായി പെയ്ത അതിശക്തമായ മഴയായിരുന്നു. തിരുവിതാംകൂറിനെയും മലബാറിന്റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. ചരിത്രരേഖകൾ പറയുന്നത്, ആലപ്പുഴ ജില്ല പൂർണ്ണമായും, എറണാകുളം ജില്ലയുടെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി എന്നാണ്. കോഴിക്കോട് പട്ടണത്തിന്റെ പല ഭാഗങ്ങളും മുങ്ങിയിരുന്നു.

ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിക്കുന്ന അക്കാലത്ത് തിരുവനന്തപുരം പട്ടണത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളിൽ തെങ്ങിൻതലപ്പിനോളം വെള്ളമെത്തി എന്നാണ് പഴമക്കാർ പറയുന്നത്. അന്ന് വെള്ളമുയർന്ന അളവ് കേരളത്തിൽ പലയിടത്തും രേഖപ്പെടുത്തിവച്ചത് ഇപ്പോഴും കാണാനുണ്ട്.

ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകർത്തത് നിരവധി സ്വപ്നങ്ങളായിരുന്നു. നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന റോഡ് ഗതാഗതം പൂർണ്ണമായി നിലച്ചു, റെയിൽപ്പാളങ്ങൾ വെള്ളത്തിൽ മുങ്ങി സർവീസുകൾ നിർത്തിവച്ചു, തപാൽ സംവിധാനങ്ങൾ തടസ്സപ്പെട്ടു. ആളുകളും വളർത്തുമൃഗങ്ങളും വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്ക്കൂരകളിലും തട്ടിൻപുറങ്ങളിലും അഭയം തേടി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ കൂട്ടമായി പലായനം ചെയ്തു, ഉയർന്ന മേഖലകൾ അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കിട്ടാതെ ജനം പട്ടിണിയിൽ വലഞ്ഞു.

വെള്ളമിറങ്ങിപ്പോകാൻ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളും അപ്പോൾ സ്വസ്ഥാനങ്ങളിൽ ഉണ്ടായിരുന്നില്ല. പുഴകളും തോടുകളും വഴിമാറിയൊഴുകി, പാതകൾ ഇല്ലാതായി, കിണറുകളും കുളങ്ങളും തൂർന്നു, വന്മരങ്ങൾ കടപുഴകി, പേരിനുണ്ടായിരുന്ന പല കെട്ടിടങ്ങളും തകർന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂർവസ്ഥിതിയിലെത്താൻ വീണ്ടും വർഷങ്ങളെടുത്തു. ചില ഗ്രാമങ്ങൾ അങ്ങനെ തന്നെ ഇല്ലാതായി.

മലവെള്ളത്തിന്റെ കുത്തൊഴുക്കും കടലാക്രമണവും ഒരുമിച്ചാണ് നാശം വിതച്ചത്.
മധ്യകേരളത്തെ പ്രളയം ഇത്രയ്ക്ക് ആക്രമിക്കാനിടയായതിനു കാരണം പെരിയാറിലുണ്ടായ വെള്ളപ്പൊക്കം കൂടിയായിരുന്നു. പെരിയാറിന്റെ കൈവഴികളുടെ വൃഷ്ടിപ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരിച്ചൊരിഞ്ഞത്. അന്ന് പെരിയാറിൽ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാർ മാത്രമായിരുന്നുതാനും. കൈവഴികൾ പെരിയാറിനെ വെള്ളം കൊണ്ടു നിറച്ചപ്പോൾ മധ്യകേരളമാകെ പ്രളയക്കെടുതിയിൽ അമർന്നു.

ആ പ്രളയം തകർത്തുകളഞ്ഞത് ബ്രിട്ടീഷുകാർ പടുത്തുയർത്തിയ മൂന്നാർ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയിൽ നിർമ്മിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാർ എന്ന സ്വപ്നസാമ്രാജ്യവും അവിടെ അവർ വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയെടുത്ത സൗകര്യങ്ങളും ദിവസങ്ങൾ കൊണ്ട് ഒലിച്ചുപോയി. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചുനീക്കിയതിനൊപ്പം നൂറിൽപരം ജീവനുകളുമെടുത്തു.

സമുദ്രനിരപ്പിൽ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേർന്ന് മാട്ടുപ്പെട്ടിയിൽ രണ്ടു മലകൾക്കിടയിൽ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലൻ. മഴ കടുത്തപ്പോൾ സ്വയം തകർന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങൾക്കുശേഷം വീണ്ടുമൊരിക്കൽക്കൂടി ഇത് ആവർത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലിൽ പട്ടണം തന്നെ ഇല്ലാതായി.

ആ ജൂലൈമാസത്തിൽ മാത്രം മൂന്നാർ മേഖലയിൽ 485 സെന്റിമീറ്റർ മഴ പെയ്തുവെന്നാണ് സായിപ്പിന്റെ കണക്കുകൾ പറയുന്നത്. മൂന്നാറിൽ അന്ന് വൈദ്യുതിയും, ടെലിഫോണും, റെയിൽവേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകർത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.

'കുണ്ടളവാലി റെയിൽവേ' എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയിൽ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂർണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയിൽപാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എൻജിനുകളും ഒലിച്ചുപോയി, പാലങ്ങൾ തകർന്നു, കെട്ടിടങ്ങൾ ഉപയോഗശൂന്യമായി, തേയില ഫാക്ടറികൾ തകർന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ൽ സ്ഥാപിച്ച റയിൽപ്പാത മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്‌നാടിന്റെ അതിർത്തിയായ ടോപ്സ്റ്റേഷൻ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്സ്റ്റേഷനിൽനിന്ന് റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടർന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പൽ കയറ്റുകയുമായിരുന്നു പതിവ്.

പള്ളിവാസൽ മലകൾക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്റെ നാശത്തെത്തുടർന്ന് പള്ളിവാസൽ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്ട്രിക് പവർ‌സ്റ്റേഷനും മണ്ണിനടിയിലായി. പള്ളിവാസലിന്റെ രൂപം തന്നെ മാറിപ്പോയി.

കുട്ടമ്പുഴ- പൂയംകുട്ടി- മണികണ്ഡൻചാൽ- പെരുമ്പൻകുത്ത്- മാങ്കുളം- കരിന്തിരിമല- അൻപതാംമൈൽ- ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു.

മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടർന്ന് പൂർണമായിത്തന്നെ ഇല്ലാതായി. 'പഴയ ആലുവ- മൂന്നാർ റോഡ്' എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്റെ കൈവഴിയായ കരിന്തിരി ആറിന്റെ കരയിൽ തലയുയർത്തിനിന്നിരുന്ന ഈ മലയോരത്തുകൂടിയായിരുന്നു. മലയിടിച്ചിൽ ആ പാതയുടെ ഒരു പ്രധാനഭാഗത്തെ പുനർനിർമ്മിക്കാൻ കഴിയാത്തവിധം നാമാവശേഷമാക്കി.

ആദ്യകാലത്ത് ആനപ്പാതയായിരുന്ന കോതമംഗലം- നേര്യമംഗലം- അടിമാലി- പള്ളിവാസൽ വഴി മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ റോഡ് നിർമ്മിച്ചത് ഇതിനെ തുടർന്നായിരുന്നു. എന്നാൽ ഈ പാത പൂർത്തിയാക്കാൻ കഴിഞ്ഞത് 1931ൽ മാത്രമാണ്. പഴയ മൂന്നാറിൽ നിന്ന് ഒരു കിലോമീറ്റർ മാറി നിർമ്മിച്ചുതുടങ്ങിയ പുതിയ മൂന്നാർ പട്ടണം പൂർത്തിയാകാനും രണ്ടു വർഷത്തിലധികം എടുത്തു. റെയിൽ സംവിധാനം പിന്നീട് പുനഃസ്ഥാപിക്കാൻ കഴിഞ്ഞതുമില്ല. വെള്ളപ്പൊക്കത്തിൽ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓർമ്മിപ്പിക്കാനായി.

മൂന്നാറിന്റെ തണുപ്പിൽ കുളിരുവാനും, തേയിലത്തോട്ടങ്ങളുടെ ഭംഗി നുകരുവാനും ഇനി പോകുമ്പോൾ നോക്കുക, മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇലക്ട്രിക് പോസ്റ്റുകൾ പഴയ റെയിൽപ്പാളങ്ങളാണ്, ടൗണിൽ സ്ഥിതിചെയ്യുന്ന മൂന്നാറിലെ പഴയ റെയിൽവേസ്റ്റേഷനായ KDHPയുടെ ഹെഡ്ഓഫീസിന്റെ ഗേറ്റ് നിർമ്മിച്ചിരിക്കുന്നതും പാളങ്ങൾ കൊണ്ടുതന്നെ. പാളങ്ങളുടെയും സ്റ്റേഷന്റെയും അവശിഷ്ടങ്ങൾ ടോപ്സ്റ്റേഷനിലും മറ്റു പലഭാഗങ്ങളിലും ഇപ്പോഴും കാണാം.

പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്റെ പല പ്രധാനചരിത്രരേഖകൾ നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പല പുരാതന ക്രിസ്ത്യൻപള്ളികളിലും ഇന്നവശേഷിക്കുന്ന ചരിത്രരേഖകൾ 1924നു ശേഷമുള്ളത് മാത്രമായത് ഇക്കാരണം കൊണ്ടാണ്.

പ്രളയം മാറ്റിവരച്ച ഭൂപടങ്ങൾ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങൾ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാനഅദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് '99ലെ വെള്ളപ്പൊക്കം' എന്ന് ഇപ്പോഴും നമ്മൾ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നm

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP