Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഫോണിൽ അറിയിപ്പ്; വിപ്രോയിൽ നിന്നും കോൾ വന്നപ്പോൾ ഷോക്കേറ്റത് പോലെ; കാവാലത്ത് ബുധനാഴ്ച രാത്രി 27 കാരി ജീനാമോൾ ജീവനൊടുക്കിയത് ഐടി കമ്പനിയുടെ 'കോൾ ക്രൂരതയിൽ'; പിരിച്ചുവിടാനുള്ളവരുടെ പട്ടികയിൽ ഇനിയും കുറെ പേർ; ഇൻഫോപാർക്കിലെ കമ്പനികളും ഒരുങ്ങുന്നു കൂട്ടപ്പിരിച്ചുവിടലിനായി; ലോക് ഡൗണിന്റെ പേരിൽ ആരെയും പിരിച്ചുവിടരുതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും നടക്കുന്നത് ഇതൊക്കെ: ഷാഹിനയുടെ പോസ്റ്റ് ചർച്ചയാവുന്നു

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഫോണിൽ അറിയിപ്പ്; വിപ്രോയിൽ നിന്നും കോൾ വന്നപ്പോൾ ഷോക്കേറ്റത് പോലെ; കാവാലത്ത് ബുധനാഴ്ച രാത്രി 27 കാരി ജീനാമോൾ ജീവനൊടുക്കിയത് ഐടി കമ്പനിയുടെ 'കോൾ ക്രൂരതയിൽ'; പിരിച്ചുവിടാനുള്ളവരുടെ പട്ടികയിൽ ഇനിയും കുറെ പേർ; ഇൻഫോപാർക്കിലെ കമ്പനികളും ഒരുങ്ങുന്നു കൂട്ടപ്പിരിച്ചുവിടലിനായി; ലോക് ഡൗണിന്റെ പേരിൽ ആരെയും പിരിച്ചുവിടരുതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും നടക്കുന്നത് ഇതൊക്കെ: ഷാഹിനയുടെ പോസ്റ്റ് ചർച്ചയാവുന്നു

മറുനാടൻ ഡെസ്‌ക്‌

കാവാലം: ലോക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട മനോവിഷമത്തിൽ യുവതി മുറിക്കുള്ളിൽ തൂങ്ങി മരിച്ചു. ബുധനാഴ്ച രാത്രി കാവാസത്തുണ്ടായ സംഭവം പിറ്റേന്ന് പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ ആരും കാണാത്ത് മൂലയ്ക്ക് വന്നു. കോവിഡ് 19 വാർത്തകളുടെ തള്ളിക്കളയറ്റത്തിൽ ആരും കാര്യമായി ശ്രദ്ധിച്ചുമില്ല. കുറച്ചുനാളായി കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു ജീനാമോൾ. ലോക്ഡൗണായതിനെ തുടർന്ന് കമ്പനിയുടെ നിർദ്ദേശപ്രകാരം വീട്ടിലിരുന്ന് ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞദിവസം കമ്പനി അധികൃതർ ജീനാമോളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായി അറിയിച്ചു. ഇതേതുടർന്നുള്ള മനോവിഷമത്തിലാണ് ജീനാ മോൾ രാത്രിയിൽ സ്വന്തം മുറിയിൽ തൂങ്ങി മരിച്ചത്. കാവാലം പഞ്ചായത്ത് നാലാം വാർഡിൽ പുത്തൻപറമ്പിൽ (ഇല്ലിക്കളം) പി.ജെ.ജോസഫി(അപ്പച്ചൻ )ന്റെ മകൾ ജീനാമോൾ (27) ആണ് ബുധനാഴ്ച രാത്രി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ് മാധ്യമ പ്രവർത്തകയായ ഷാഹിന നഫീസ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു. കൊറോണക്കാലത്തിന് ശേഷം കർഷക ആത്മഹത്യ പോലെ പുതിയ പ്രയോഗങ്ങളും ഭാഷയിലേക്ക് കടന്ന് വരുമെന്നും അതിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും ടെക്കി സൂയിസൈഡ് എന്നും ഷാഹിന പറയുന്നു.

'വിപ്രോയിലെ ജീവനക്കാരിയായിരുന്നു കാവാലം പഞ്ചായത്തിൽ പുത്തൻപറമ്പിൽ ജീനാമോൾ. മരണത്തിന്റെ തലേന്ന് ജീനയെ കമ്പനി പിരിച്ചു വിട്ടു. ആ വിഷമത്തിൽ ജീന ജീവിതം അവസാനിപ്പിച്ചു . 116 / 2020 എന്ന നമ്പറിൽ കൈനാടി പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ എഫ് ഐ ആറിൽ കുറിച്ചിട്ടുണ്ട് ജീനയുടെ മരണകാരണം. ജോലി നഷ്ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യ ചെയ്തു. ഒരാളെ പിരിച്ചു വിട്ടതായി ഫോണിൽ വിളിച്ച് അറിയിക്കുന്നത് എവിടുത്തെ നിയമമാണ് ? പിരിച്ചു വിടാനായി ഇനിയും കുറെ പേരുടെ ലിസ്റ്റ് ഇവർ തയ്യാറാക്കി ക്കഴിഞ്ഞു എന്നാണ് അറിഞ്ഞത് .വിപ്രോ മാത്രമല്ല ,ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന മറ്റ് നിരവധി കമ്പനികൾ ഈ സാഹചര്യം മുതലെടുത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ ഒരുങ്ങുന്നു എന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. ജീവിതം വഴിമുട്ടി പോകാവുന്ന എത്രയെത്ര മനുഷ്യർ.അവരിൽ പലരും ജീനയുടെ വഴി തെരഞ്ഞെടുക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ഈ ആത്മഹത്യാ മുനമ്പിൽ നിന്ന് കേരളത്തെ തിരിച്ചെടുക്കണം. ട്രേഡ് യൂണിയനുകൾ ഇടപെടണം. സർക്കാർ ഇടപെടണം'-ഷാഹിന ഫേസ് ബുക്കിൽ കുറിച്ചു.

ഷാഹിനയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

ജീനാമോൾ ജോസെഫിന്റെ ജീവിതവും മരണവും 

ജീനാമോൾ ജോസഫ് എന്ന 26 വയസ്സുള്ള പെൺകുട്ടിയെ എനിക്ക് പരിചയം ഉണ്ടായിരുന്നില്ല. നിങ്ങൾക്കും ഉണ്ടാവില്ല. ഇനി ആർക്കും അവളെ പരിചയപ്പെടാനും കഴിയില്ല. കാരണം അവളിന്ന് ജീവിച്ചിരിപ്പില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആലപ്പുഴ കാവാലത്തെ സ്വന്തം വീടിന്റെ കിടപ്പ് മുറിയിൽ അവൾ തൂങ്ങി മരിച്ചു. അവളുടെ മരണവും അധികം ആരും അറിഞ്ഞില്ല. ഒട്ടും സംഭവബഹുലമല്ലാതെ അവൾ ജീവിച്ചു, മരിച്ചു . മാധ്യമങ്ങളിൽ ഒരു പ്രാദേശിക പേജിൽ ഒതുങ്ങിയ ഒരു 'നിസ്സാര'ആത്മഹത്യ.

കർഷക ആത്മഹത്യ എന്ന വാക്ക് ഭാഷയിലേക്ക് സംഭാവന ചെയ്തത് പി സായ്നാഥാണ്. അഥവാ കർഷക ആത്മഹത്യ എന്ന രാഷ്ട്രീയ യാഥാർഥ്യത്തെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ട് വന്നത് അദ്ദേഹമാണ്. ഒരു പക്ഷെ ഈ കൊറോണക്കാലത്തിന് ശേഷം അത്തരത്തിലുള്ള പല പുതിയ പ്രയോഗങ്ങളും ഭാഷയിലേക്ക് കടന്ന് വരും. അതിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും ടെക്കി സൂയിസൈഡ്.

വിപ്രോയിലെ ജീവനക്കാരിയായിരുന്നു കാവാലം പഞ്ചായത്തിൽ പുത്തൻപറമ്പിൽ ജീനാമോൾ. മരണത്തിന്റെ തലേന്ന് ജീനയെ കമ്പനി പിരിച്ചു വിട്ടു. ആ വിഷമത്തിൽ ജീന ജീവിതം അവസാനിപ്പിച്ചു . 116 / 2020 എന്ന നമ്പറിൽ കൈനാടി പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ എഫ് ഐ ആറിൽ കുറിച്ചിട്ടുണ്ട് ജീനയുടെ മരണകാരണം. ജോലി നഷ്ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യ ചെയ്തു .സ്റ്റേഷൻ ഓഫിസറോട് സംസാരിച്ചപ്പോൾ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു.

ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് ഈ ഒറ്റ കോളം വാർത്ത ശ്രദ്ധയിൽ പെടുത്തിയത് കൂടുതൽ അന്വേഷണത്തിൽ മനസ്സിലായ മറ്റ് ചില കാര്യങ്ങൾ. ലോക്ക് ഡൗൺ കാലത്ത് കൂട്ടപ്പിരിച്ചു വിടൽ നടത്തിയതിന് പൂനയിൽ വിപ്രൊക്കെതിരെ ലേബർ കമ്മീഷണർ നോട്ടീസ് അയച്ചിട്ടുണ്ട് .(ബെഞ്ചിങ് എന്നാണ് ഓമനപ്പേര്. ലേ ഓഫ് എന്ന് വിളിക്കില്ല ) മഹാരാഷ്ട്രയിലെ IT ജീവനക്കാരുടെ സംഘടനയായ നാഷണൽ ഇൻഫോർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലേബർ കമ്മീഷണറുടെ നടപടി . ലോക്ക് ഡൗൺ സാഹചര്യം പറഞ്ഞ് ജീവനക്കാരെ ലേ ഓഫ് ചെയ്യരുതെന്ന് മഹാരാഷ്ട്ര സർക്കാർ മാർച്ച് 31 ന് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട് .ഈ സർക്കാർ ഉത്തരവ് നില നിൽക്കെയാണ് വിപ്രോ പൂണെ ഓഫിസിൽ കൂട്ടപിരിച്ചു വിടൽ നടത്തിയതെന്ന് ആരോപിച്ചാണ് NITES ലേബർ കമ്മീഷണർക്ക് പരാതി കൊടുത്തത്. കേരളത്തിൽ രേഖാമൂലം ഉത്തരവ് ഇല്ലെങ്കിലും ലോക്ക് ഡൗൺ സാഹചര്യം പറഞ്ഞ് ജീവനക്കാരെ പിരിച്ചു വിടരുതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഒന്നിലധികം പ്രാവശ്യം പറഞ്ഞിരുന്നു .

വിപ്രോയുടെ ഓഫീസിൽ ബന്ധപ്പെട്ടിരുന്നു.പതിവ് പോലെ അവർ ഒന്നും പറയാൻ തയ്യാറായില്ല . HR മാനേജരെയാണ് വിളിച്ചത് .അയാൾക്ക് ഒന്നും പറയാനുള്ള അധികാരം ഇല്ലത്രെ. അത് കുഴപ്പമില്ലെന്നും അധികാരപ്പെട്ടവരുടെ നമ്പർ തന്നാൽ മതിയെന്നും പറഞ്ഞിട്ട് അയാൾ അതിന് തയ്യാറായില്ല .ആലപ്പുഴയിലെ മന്ത്രി എന്ന നിലയിൽ Dr.T.M Thomas Isaac ന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് അദ്ദേഹം അന്വേഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട് .

ഒരാളെ പിരിച്ചു വിട്ടതായി ഫോണിൽ വിളിച്ച് അറിയിക്കുന്നത് എവിടുത്തെ നിയമമാണ് ? പിരിച്ചു വിടാനായി ഇനിയും കുറെ പേരുടെ ലിസ്റ്റ് ഇവർ തയ്യാറാക്കി ക്കഴിഞ്ഞു എന്നാണ് അറിഞ്ഞത് .വിപ്രോ മാത്രമല്ല,ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന മറ്റ് നിരവധി കമ്പനികൾ ഈ സാഹചര്യം മുതലെടുത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ ഒരുങ്ങുന്നു എന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. കൊച്ചിയിലെ ഒരു മൾട്ടി നാഷണൽ പെട്രോളിയം കമ്പനി 75 ജീവനക്കാരോട് മെയ് 15 നുള്ളിൽ പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതായി അറിയുന്നു .ഇത് പോലെ പല കമ്പനികളും ശമ്പളം വെട്ടിക്കുറക്കുകയും കൂട്ടപ്പിരിച്ചു വിടൽ നടത്തുകയും ചെയ്യുകയാണ്.

വലിയ തുക വിദ്യാഭ്യാസ വായ്പ എടുത്തു പഠിച്ചവർ, കുടുംബത്തിൽ ഒരാൾക്ക് മാത്രം ജോലി ഉള്ളവർ അങ്ങനെ ജീവിതം വഴിമുട്ടി പോകാവുന്ന എത്രയെത്ര മനുഷ്യർ.അവരിൽ പലരും ജീനയുടെ വഴി തെരഞ്ഞെടുക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ഈ ആത്മഹത്യാ മുനമ്പിൽ നിന്ന് കേരളത്തെ തിരിച്ചെടുക്കണം. ട്രേഡ് യൂണിയനുകൾ ഇടപെടണം. സർക്കാർ ഇടപെടണം .

ജീനയുടെ രക്തസാക്ഷിത്വം വെറുതെയാവരുത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP