Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പഴിചാരലുകളും ആരോപണങ്ങളും കേട്ടുമനസുമടുത്തു; ഞാൻ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു; ഇനി ഒരു വീഡിയോയുമായി ഞാൻ നിങ്ങളുടെ മുന്നിൽ വരില്ല...'; ആരോപണങ്ങൾ ഉയരുന്നത് തനിക്കൊരു കുടുംബം ഉണ്ടെന്ന കാര്യം പോലും ഓർക്കാതെന്നും ഫിറോസ് കുന്നംപറമ്പിൽ; ആലത്തൂരിൽ മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി സാധാരണ ജീവിതം നയിച്ച ഫിറോസ് സോഷ്യൽ മീഡിയയിലൂടെ സഹജീവികളുടെ കണ്ണീരൊപ്പാൻ ഇറങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

'പഴിചാരലുകളും ആരോപണങ്ങളും കേട്ടുമനസുമടുത്തു; ഞാൻ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു; ഇനി ഒരു വീഡിയോയുമായി ഞാൻ നിങ്ങളുടെ മുന്നിൽ വരില്ല...';  ആരോപണങ്ങൾ ഉയരുന്നത് തനിക്കൊരു കുടുംബം ഉണ്ടെന്ന കാര്യം പോലും ഓർക്കാതെന്നും ഫിറോസ് കുന്നംപറമ്പിൽ; ആലത്തൂരിൽ മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി സാധാരണ ജീവിതം നയിച്ച ഫിറോസ് സോഷ്യൽ മീഡിയയിലൂടെ സഹജീവികളുടെ കണ്ണീരൊപ്പാൻ ഇറങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമത്തെ സഹജീവികളെ സഹായിക്കാൻ ഉപയോഗിച്ച ഫിറോസ് കുന്നംപറമ്പിൽ തന്റെ സാമൂഹിക സേവനം അവസാനിപ്പിക്കുന്നു. അനേകം ആളുകൾക്ക് സഹായം അഭ്യർത്ഥിച്ച് ഫേസ്‌ബുക്ക് ലൈവിൽ എത്തിയിരുന്ന അതേ അക്കൗണ്ടിലൂടെയാണ് താൻ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യവും ഫിറോസ് തന്റെ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും അറിയിച്ചത്.

'ഞാൻ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇനി ഒരു വിഡിയോയുമായി ഞാൻ നിങ്ങളുടെ മുന്നിൽ വരില്ല...' സമൂഹമാധ്യമങ്ങളിൽ തന്നെ പിന്തുടരുന്ന ആയിരങ്ങളോട് സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ പറയുകയാണ്. അൽപം മുൻപാണ് ഫേസ്‌ബുക്ക് ലൈവിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മനസ് മടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തെതന്നും ഫിറോസ് പറയുന്നു. തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങൾ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വിഡിയോയുമായി ഫിറോസ് കുന്നംപറമ്പിൽ ഇനി വരില്ലെന്ന് അദ്ദേഹം ലൈവിൽ പറയുന്നു.

സാമൂഹ്യ സേവനത്തിന്റെ ഉദാത്തമാതൃകയായ ഈ വ്യക്തി സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് സുമനസുകളിൽ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളിൽ ഇടം പിടിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഇദ്ദേഹത്തെ ഫേസ്‌ബുക്കിൽ പിന്തുടരുന്നത്.

തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫിറോസ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ആയിക്കണക്കിന് ആളുകളെയാണ്. സമൂഹമാധ്യമങ്ങൾ വഴി ഏറെ തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് ഫിറോസിനൊപ്പം നിൽക്കാൻ ആളുകൾ തയാറാവുന്നത് പ്രവർത്തനങ്ങളിലെ ആത്മാർഥതയും സുതാര്യതയും കൊണ്ടാണ്. പാലക്കാട് ആലത്തൂർ സ്വദേശിയായ ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായത് ഏകദേശം മൂന്നര വർഷം മുൻപാണ്.

ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി ഒരു സാധാരണക്കാരനായി കഴിഞ്ഞിരുന്ന വ്യക്തിയാണ് ഫിറോസ്. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് വളരെ തൃപ്തിയോടെ കഴിഞ്ഞ കുടുംബം. അങ്ങനെയിരിക്കെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി ആലത്തൂർ ടൗണിലൂടെ വരുന്ന സമയത്താണ് ഫിറോസിന് നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു വന്നത്. ആ പ്രദേശത്തുണ്ടായിരുന്ന അനാഥനായ, ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയ ആ വ്യക്തിയുടെ ദയനീയമായ മുഖം കണ്ട ഫിറോസിന് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല.

വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് ഫിറോസിന് അരികിലെത്തി. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഫിറോസ് തയാറാക്കി. എൺപതോളം പേർ അതിൽ ഉൾപ്പെടുമായിരുന്നു.

സഹായമായി ആലത്തൂരിലെ ഹോട്ടലുടമകൾ

ഇത്രയേറെ ആളുകൾക്കു ഭക്ഷണം നൽകാനുള്ള സാമ്പത്തിക സ്ഥിതി ഫിറോസിനില്ലായിരുന്നു. അതിനാൽ ആ ലിസ്റ്റുമായി ഫിറോസ് ആലത്തൂരിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നൽകി. രാത്രി കാലങ്ങളിൽ ഫിറോസ് തന്നെ അതു ശേഖരിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്തു.

ആലത്തൂരിലെ കാര്യങ്ങൾ നിയന്ത്രണവിധേയമായപ്പോൾ പ്രവർത്തനങ്ങൾ പാലക്കാട്ടേക്കു വ്യാപിപ്പിച്ചു. അവിടെയും ഇതുപോലെ തന്നെ ഹോട്ടലുടമകളുടെ സഹായം തേടുകയാണുണ്ടായത്. പിന്നീട് തൃശൂർ ജില്ലയിൽ 50 പേർക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏർപ്പാട് ചെയ്തു. ഇത്തരത്തിൽ സുമനസുകളുടെ സഹായം കൊണ്ടു നിരവധിപ്പേർക്ക് ഇന്നും മുടക്കമില്ലാതെ അന്നം ലഭിക്കുന്നു.

അതിന് ശേഷമാണ് ഫേസ്‌ബുക്ക് ലൈവിലൂടെ നുറുകണക്കിന് പേർക്ക് സഹായം ആവശ്യപ്പെട്ട് ഫിറോസ് എത്തിയത്. ഫിറോസിന്റെ അപേക്ഷ ഏറ്റെടുത്ത ആയിരക്കണക്കിന് ആളുകളുടെ നന്മയിൽ നുറുകണക്കിന് കുടുംബങ്ങളുടെ കണ്ണുനീരിന് അറുതി ആയിരുന്നു. അതിനിടയിലാണ് ഫിറോസിനെതിരായ ആരോപണങ്ങൾ ഉയരുന്നതും ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കാൻ ഫിറോസ് തീരുമാനിക്കുന്നതും.

ഓൺലൈനിൽ രോഗികൾക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി മുതൽ റോഡരികിലുള്ള പാവപ്പെട്ടവർക്കുള്ള ഭക്ഷണമടക്കമുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും, അത് തുടരുമെന്നും ഫിറോസ് അറിയിച്ചു. രോഗികൾക്ക് വേണ്ടി ഇനി ജീവകാരുണ്യ പ്രവർത്തനം നടത്തില്ലെന്നും അതിന് തന്റെ സോഷ്യൽ മീഡിയ ഉപയോഗിക്കുകയില്ലെന്നും ഫിറോസ് പറഞ്ഞു. തനിക്കെതിരായ പരാതികളിൽ നിയമനടപടികളുമായി ഇനിയും മുന്നോട്ട് പോകുമെന്നും ഫിറോസ് പറഞ്ഞു.

ഫിറോസ് കുന്നംപറമ്പിൽ മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർഥിച്ചുവെന്ന വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജസ്ല മാടശ്ശേരിയെന്ന മുൻ കെ.എസ്.യു. നേതാവും ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരായി പ്രതികരിച്ച ഫേസ്‌ബുക്ക് ലൈവ് വീഡിയോയിൽ തനിക്കെതിരെ വിമർശനമുന്നയിച്ചത് വേശ്യാവൃത്തി നടത്തുന്ന സ്ത്രീയാണെന്ന് പേര് പരാമർശിക്കാതെ ഫിറോസ് പറഞ്ഞത് വലിയ വിവാദമായിരുന്നു.

ഇതോടെ ഫിറോസ് കുന്നംപറമ്പിലിന്റെ വേശ്യ പരാമർശം താനുൾപ്പെടെയുള്ള പ്രതികരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് ജസ്ല മാടശ്ശേരിയും രംഗത്തെത്തി. സംഭവത്തിൽ സ്വയം പ്രഖ്യാപിത നന്മമരമായ ഫിറോസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പിന്നീട് ഫിറോസ് മാപ്പ് പറഞ്ഞിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP