Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

പൊലീസ് സ്‌റ്റേഷൻ എന്ന് കേട്ടാൽ തന്നെ പേടിയാകുമ്പോൾ പിന്നെ കാണേണ്ടത് മുതിർന്ന ഉദ്യോഗസ്ഥരെ ആണെങ്കിലോ? പൊലീസ് പേടി മാറ്റിയത് അവരുടെ മാന്യമായ പെരുമാറ്റം; പിസിസി വാങ്ങാൻ പോയപ്പോൾ തലശ്ശേരി എഎസ്‌പിയുടെ മാന്യമായ പെരുമാറ്റം അമ്പരപ്പിച്ചു; ചൈത്ര തെരേസ ജോൺ ഐപിഎസിനെ നേരിൽ കണ്ട അനുഭവം വിവരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

പൊലീസ് സ്‌റ്റേഷൻ എന്ന് കേട്ടാൽ തന്നെ പേടിയാകുമ്പോൾ പിന്നെ കാണേണ്ടത് മുതിർന്ന ഉദ്യോഗസ്ഥരെ ആണെങ്കിലോ? പൊലീസ് പേടി മാറ്റിയത് അവരുടെ മാന്യമായ പെരുമാറ്റം; പിസിസി വാങ്ങാൻ പോയപ്പോൾ തലശ്ശേരി എഎസ്‌പിയുടെ മാന്യമായ പെരുമാറ്റം അമ്പരപ്പിച്ചു; ചൈത്ര തെരേസ ജോൺ ഐപിഎസിനെ നേരിൽ കണ്ട അനുഭവം വിവരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനെ വനിത സെല്ലിലേക്ക് മാറ്റിയതിന് പിന്നാലെയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നവോത്ഥാനവും സ്ത്രീ സുരക്ഷയും പ്രസംഗിക്കുന്ന ഒരു പാർട്ടി അധികാരത്തിലുള്ളപ്പോൾ അവരുടെ ഓഫീസ് റെയ്ഡ് ചെയ്തതിനാണ് ഉദ്യോഗസ്ഥയ്ക്ക് സ്ഥവലം മാറ്റം കിട്ടിയത്. സർക്കാരിനും സിപിഎമ്മിനും എതിരെയാണ് സൈബർ ഇടങ്ങളിൽ ഉൾപ്പടെ വിമർശനം ശക്തമായി നിലനിൽക്കുന്നത്. ഇപ്പോഴിത മുൻപ് കണ്ണൂർ ഐസ്പി ആയിരുന്ന സമയത്ത് ചൈത്ര ഐപിഎസിനെ നേരിൽ കണ്ട ഒരു അനുഭവം വിവരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റാണ് ചർച്ചാ വിഷയം

പാസ്‌പോർട്ടിന് വേണ്ടിയുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി തലശ്ശേരി പൊലീസ് സൂപ്രണ്ട് ഓഫീസിലെത്തിയപ്പോഴുള്ള അനുഭവമാണ് അബു വിവരിച്ചത്. നേരിയ ചിരിയുമായി ഓഫീസിലേക്ക് കടന്നുവന്ന ചൈത്ര തെരേസ ജോണിന്റെ പെരുമാറ്റം മാതൃകാപരവും സൗമ്യവുമായിരുന്നുവെന്ന് അബു കുറിച്ചു. പൊലീസ് സ്റ്റേഷനിലാണ് ഇരിക്കുന്നതെന്ന തോന്നൽ പോലും ഉണ്ടായില്ലെന്നും ചൈത്ര തെരേസ അമ്പരപ്പിച്ചെന്നും അബു വ്യക്തമാക്കി

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

ഒരു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി തലശ്ശേരി എ എസ് പി ഓഫീസിൽ പോയ ഒരനുഭവമാണ് ഇന്നത്തെ പത്ര വാർത്ത കണ്ടപ്പോൾ മനസ്സിൽ തികട്ടി വന്നത്. പൊലീസ് സ്റ്റേഷൻ എന്ന് കേൾക്കുമ്പോൾ ഒരു ശരാശരി സാധാരണക്കാരന് ഉണ്ടാവുന്ന മനപ്പേടി ഏറെക്കുറെ മാറ്റിയെടുത്തത് തലശ്ശേരി പൊലീസ് സ്റ്റെഷനാണ്. ഏതൊരു ആവശ്യത്തിന് ചെന്നാലും മാന്യമായ പെരുമാറ്റം ലഭിച്ച അനുഭവമേ എനിക്ക് പറയാനുള്ളൂ.

ഒരു കാലത്ത് പാസ്‌പ്പോർട്ട് കിട്ടാൻ പൊലീസ് സൂപ്രണ്ടിന്റെ ഒപ്പ് കിട്ടിയാൽ ക്ലിയറൻസ് വേഗം നടക്കും എന്നൊരു രീതിയുണ്ടായിരുന്നു. അന്ന് കാലത്ത് നാല് മണിക്കേ സൂപ്രണ്ടിന്റെ ഓഫീസിൽ പോയി ക്യു നിൽക്കും. ബഹളം വെച്ച ജനത്തിന് ഒപ്പിനെക്കാൾ കൂടുതൽ തല്ല് കിട്ടിയ ഓർമ്മയുമായാണ് പൊലീസ് ഇപ്പോഴും മനസ്സിൽ കടന്നു വരുന്നത്. അതിനു മുന്പ് പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ബസ് പാസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റോഡ് തടയാൻ പോയപ്പോൾ കിട്ടിയ അടിയിലാണ് കനലിൽ കപ്പയുടെ തോൽ കരിഞ്ഞു കീറിയത് പോലെ തുട കീറി കറുത്തത്. ഓൾ ഇന്ത്യാ ബന്തിന് സമരക്കാരുടെ കൂടെപ്പോയപ്പോൾ പൊലീസ് ഓടിച്ചു വിട്ടതിന്റെ സുഖം കാലിന്റെ ഒരു വിരൽ കൊണ്ട് പോയത് ഒരു മാസത്തേക്ക് വേറെയും ആഘോഷിച്ചിരുന്നു.

തലശ്ശേരി എ എസ് പി ഓഫീസിൽ പി സി സി ക്ക് കയറി ചെന്നപ്പോൾ റൈറ്റർ സാർ മാഡം വരുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞു. ബോർഡിൽ മാഡത്തിന്റെ പേര് ഇങ്ങനെ കുറിച്ചിരിക്കുന്നു. എ എസ് പി. ചൈത്ര തെരേസ ജോൺ. പൊതുവെ ശുപാർശയുമായി ഗവർമെണ്ട് ഓഫീസിനെ സമീപിക്കാത്ത എനിക്ക് മനസ്സിൽ ഒരു ചെറിയ അസ്വസ്ഥത. ഇതൊരു വലിയ സീനിയർ ലേഡി ഓഫീസർ ആണല്ലോ? പി സി സി വേഗം ലഭിച്ചാലേ ജോലിക്ക് കയറാനും കഴിയുള്ളൂ. തലശ്ശേരി എ എസ് പി വളരെ തിരക്കുള്ള ഒരു ഓഫീസർ ആണ്. നേരിട്ട് കാണാൻ കിട്ടിയാൽ അത് പോലൊരു ഭാഗ്യം വേറെയുണ്ടാവില്ല എന്ന് പറഞ്ഞുകൊണ്ട് ബെഞ്ചിൽ അടുത്തിരുന്ന ആൾ എന്റെ ബേജാറിൽ ഇത്തിരി എണ്ണ കൂടി ഒഴിച്ചു. പത്തിരുപത് മിനിട്ട് അങ്ങിനെ ഇരുന്ന ഇരുപ്പിൽ പലതും ചിന്തിച്ചു കൊണ്ടിരിക്കെ കോണിപ്പടി കയറി മുഖത്ത് നേരിയൊരു ചിരിയുമായി ഒരു ലേഡി പൊലീസ് ഓഫീസർ കയറി വരുന്നത് കണ്ടപ്പോൾ ഇതായിരിക്കില്ല ഞാൻ കാത്തിരിക്കുന്ന മാഡം എന്ന് മനസ്സിൽ ഉറപ്പിച്ചു. അവർ വളരെ യന്ഗ് ആണ്. സൗമ്യമായ മുഖം. കണ്ട ഉടനെ ഒന്നെണീറ്റു നിന്ന് വിഷ് ചെയ്ത് റൈറ്ററോട് ഇവർ ആരാന്ന് ചോദിച്ചപ്പോൾ ഇത് തന്നെയാണ് നിങ്ങൾ കാത്തിരിക്കുന്ന എ എസ് പി എന്ന മറുപടി. അടുത്ത അഞ്ച് മിനിട്ടിനുള്ളിൽ എനിക്ക് മുഖദാവിൽ കാണാനുള്ള അനുമതി ലഭിച്ചു ഞാൻ മാഡത്തിന്റെ മുന്നിൽ ഉപവിഷ്ടനായി. പെപ്പെര്‌സ് ഒക്കെ നോക്കിയിട്ട് ആദ്യം ചോദിച്ചത് ലോകത്ത് എത്ര രാജ്യങ്ങളിൽ ഏതൊക്കെ സ്ഥലങ്ങളിൽ പോയിട്ടുണ്ടെന്നായിരുന്നു. ചോദ്യവും മറുപടിയും ഫെയിസ് ബുക്ക് പോസ്റ്റുകളും അനുഭവങ്ങളും ഒക്കെ പറഞ്ഞു കൊണ്ടെയിരിക്കുമ്പോൾ ഒരിക്കലും ഒരു പൊലീസ് സ്റ്റെഷനിലാണ് ഞാനെന്ന തോന്നൽ ഉണ്ടായിരുന്നില്ല. ഒരു സൗഹൃദ സംഭാഷണം. അതിന്റെ ഒടുവിൽ സർട്ടിഫിക്കറ്റ് എപ്പോൾ വേണമെന്ന ചോദ്യവും. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതും അമ്പരപ്പിച്ച ഒരു അഭിമുഖവുമായിരുന്നു ആ സംഭവം.

ചൈത്ര തെരേസ മാഡത്തിന് ഗവർമെണ്ട് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തതായാണ് പത്ര വാർത്ത. പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ ഡി വൈ എഫ് ഐ ക്കാരെ അർദ്ധരാത്രിയിൽ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത് പിടിക്കാൻ പോയതിനാണ് ആ ട്രീറ്റ്‌മെന്റ് ലഭിച്ചത്. ക്രമസമാധാനത്തിന് തലശ്ശേരിയിൽ പേരെടുത്ത ഒരോഫീസറാണ് ഇവർ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നേതാവിനെ കാണാൻ വിസമ്മതിച്ചതിന്റെ പേരിൽ പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ തെരഞ്ഞാണ് അവർ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്തത് എന്നാണു പൊലീസ് വൃത്തങ്ങൾ പറയുന്നത്. സ്വന്തം ഡ്യൂട്ടി കൃത്യമായി ചെയ്തതിന്റെ പേരിൽ അവരെ ക്രമസമാധാന പാലന ചുമതലയിൽ നിന്ന് നീക്കം ചെയ്ത് വീണ്ടും വനിത സെൽ ചുമതലയിലേക്ക് മാറ്റുകയും ചെയ്തു.

പൊലീസ് സ്റ്റേഷനും പൊലീസും കാലത്തിനൊത്ത് മാറുമ്പോൾ നമ്മൾ ''നവോഥാനം'' കൊണ്ട് അവരെ മൂടിക്കളയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP