Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

കേരള പൊലീസ് ആക്ട് ഭേദഗതി ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് സുനിൽ പി ഇളയിടം; പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണം; സിപിഎമ്മിനെ എക്കാലവും ന്യായീകരിച്ച ഇടതു സൈദ്ധാന്തികൻ കൂടി തിരിഞ്ഞതോടെ പിണറായി സർക്കാർ വിമർശനക്കടലിൽ

കേരള പൊലീസ് ആക്ട് ഭേദഗതി ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് സുനിൽ പി ഇളയിടം; പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണം; സിപിഎമ്മിനെ എക്കാലവും ന്യായീകരിച്ച ഇടതു സൈദ്ധാന്തികൻ കൂടി തിരിഞ്ഞതോടെ പിണറായി സർക്കാർ വിമർശനക്കടലിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള പൊലീസ് ആക്ട് ഭേദഗതിക്കെതിരെ വിമർശനവുമായി എഴുത്തുകാരനും ഇടതുസൈദ്ധാന്തികനുമായ സുനിൽ പി ഇളയിടം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ പ്രാബല്യത്തിൽ വരുത്തിയ ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എക്കാലവും സിപിഎമ്മിനെയും സർക്കാറിനെ ശക്തമായി ന്യായീകരിക്കയും ശബരിമല സമരകാലത്തെ സിപിഎം നവോത്ഥാന സദസ്സുകളിലെ സ്ഥിരം പ്രാസംഗികനുമായ സുനിൽ പി ഇളയിടം കൂടി സർക്കാറിനെതിരെ തിരിഞ്ഞതോടെ സിപിഎമ്മും പ്രതിരോധത്തിലാണ്.

സുനിൽ പി ഇളയിടത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പൊലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 A) ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്. നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങൾ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിർമ്മാണം സ്വാഗതാർഹവുമാണ്. എന്നാൽ, അതിനായുള്ള നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയിൽ അത്തരത്തിൽ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറാകണം.- ഇങ്ങനെയാണ് സുനിൽ പി ഇളയിടം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പൊലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A)...

Posted by Sunil Elayidom on Sunday, November 22, 2020

 

നേരത്തെ കേരള പൊലീസ് ആക്ട് ഭേദഗതിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. സ്ത്രീകളുടെ പരാതിയെ മുൻനിർത്തിയാണെങ്കിലും സ്ത്രീ സുരക്ഷക്കല്ല മറിച്ച് അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഒരുപാധി മാത്രമായി ഇത് മാറുമെന്ന് ബിആർപി ഭാസ്‌ക്കറും, സച്ചിതാനന്ദനും, ഡോ ജെ ദേവികയുമൊക്കെ അടങ്ങിയ സംാസ്‌ക്കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

പ്രസ്താവനയുടെ പൂർണ്ണരൂപം:

സൈബർ കുറ്റകത്യങ്ങൾ തടയുന്നതിന്റെ പേരിൽ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 'കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ നിയമം കൊണ്ട് വന്നിരിക്കുന്നു. സ്ത്രീകളുടെ പരാതിയെ മുൻനിർത്തിയാണെങ്കിലും സ്ത്രീ സുരക്ഷക്കല്ല മറിച്ച് അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഒരുപാധി മാത്രമായി ഇത് മാറും.

അമിതാധികാര നിയമങ്ങളുടെ ചരിത്രവഴികൾ അതാണ് ഓർമ്മിപ്പിക്കുന്നത്. ഇത് തീർത്തും ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള കൈകടത്തലുമാണെന്നു ഞങ്ങൾ കരുതുന്നു. പൊലീസ് ആക്ടിൽ പുതുതായി 118-എ എന്ന വകുപ്പ് കൂട്ടി ചേർക്കുന്നതിലൂടെ സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ പൊലീസിനു കഴിയുമെന്ന ന്യായമാണ് ഭേദഗതിയെ നീതികരിക്കുന്നതിനായി മുന്നോട്ടു വച്ചിട്ടുള്ളത്.

പൊലീസിന് അമിതാധികാരം പ്രദാനം ചെയ്യുന്ന ഇത്തരം ഭേദഗതികൾ ദുരപിഷ്ടവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതുമാണ്. വ്യക്തിയുടെ സൽപ്പേരിനും, കീർത്തിക്കും അപകീർത്തിയും, അപമാനവു, ഭീഷണിയും, അപകടത്തിനും ഇടയാക്കുന്ന തരത്തിലുള്ള ഉള്ളടക്കം വിവിധ തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി നിർമ്മിക്കുകയും, വിനിമയം ചെയ്യുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ കുറ്റകരമാക്കുന്നതാണ് നിർദിഷ്ട ഭേദഗതി.

അങ്ങനെയുള്ള പ്രവർത്തികൾ ശ്രദ്ധയിൽ പെട്ടാൽ പൊലീസിനു സ്വമേധയാ കേസ്സ് എടുക്കുന്നതിന് നിയമപരമായ അധികാരം നൽകുന്നതാണ് ഈ ഭേദഗതി ഇതിനകം തന്നെ വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ 3കൊല്ലം തടവോ, അല്ലെങ്കിൽ 10,000 രൂപ പിഴയോ അതുമല്ലെങ്കിൽ തടവും, പിഴയും ചേർന്ന ശിക്ഷയാണ് ലഭിക്കുക. നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ മേൽപ്പറഞ്ഞ നിലയിലുള്ള കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.

സ്ത്രീകളെ അപകീർത്തി പെടുത്തുന്നതിനെ തടയുന്നതിനും നിയമങ്ങൾ പ്രാബല്യത്തിലുണ്ട്. നിയമങ്ങളുടെ അഭാവമല്ല നിയമം നടപ്പിലാക്കുന്നതിൽ പുലർത്തുന്ന അലംഭാവമാണ് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കു തുണയാവുന്നത്.ഇന്റർനെറ്റ് ലഭ്യതയും, സ്വകാര്യതയും മൗലികാവശാമാക്കിയ സുപ്രീം കോടതി വിധികളുടെ ലംഘനമാണ് സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന ഭേദഗതി. അവക്ത്യവും, അയഞ്ഞതുമായ പദാവലികൾ ഉപയോഗിക്കുന്നതിന്റെ അപകടം സുപ്രീം കോടതി വിധികളിൽ വിശദമായി ചർച്ച ചെയ്തിട്ടുള്ള വിഷയമാണെങ്കിലും അതിന്റെ ഉൾക്കാഴ്ചകൾ ഒന്നും തന്നെ നിർദ്ദിഷ്ട ഭേദഗതി ഉൾക്കൊണ്ടിട്ടില്ല.

സൈബറിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ആക്രമണവും, വ്യക്തിഹത്യയും വ്യാപകമായി ചർച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഈ ഭേദഗതിയുമായി മുന്നോട്ടു വരുന്നത്. സ്ത്രീകളുടെ അന്തസ്സും, വ്യക്തിത്വവും ഉറപ്പു വരുത്തുന്നതിനു പകരം സൈബർ പൊലീസിംഗിനു നിയമസാധുത നൽകുന്നതിനാണ് ഇപ്പോഴത്തെ നിയമം സഹായിക്കുക.

ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഈ നിയമനിർമ്മാണത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നു ബന്ധപ്പെട്ട അധികാരികളോടു ഞങ്ങൾ വിനീതമായി ആവശ്യപ്പെടുന്നു.

ബി.ആർ.പി ഭാസ്‌ക്കർ,
സച്ചിദാനന്ദൻ,
ജെ.ദേവിക,
എം.എൻ രാവുണ്ണി,
ബി. രാജീവൻ,
കെ.മുരളി,
എം.കുഞ്ഞാമൻ,
ഡോ: കെ.ടി റാം മോഹൻ,
റഫീഖ് അഹമ്മദ്,
സി.ആർ നീലകണ്ഠൻ,
പി.എൻ ഗോപീകൃഷ്ണൻ,
പ്രമോദ് പുഴങ്കര,
ഡോ: പ്രിയ. പി .പിള്ള
ശ്രീജ നെയ്യാറ്റിൻകര,
കെ.പി .സേതുനാഥ്,
കെ.സി ഉമേഷ് ബാബു, യു.ജയചന്ദ്രൻ,
എം.എം.. ഖാൻ.
ഡോ: പിഎൻ ജയചന്ദ്രൻ ,
സി.പി .റഷീദ്
അഡ്വ: തുഷാർ നിർമ്മൽ സാരഥി,
അഡ്വ: പി.എ പൗരൻ
അഡ്വ: കസ്തൂരി ദേവൻ, സുനിൽ മക്തബ്,
ജോണി എം.എൽ,
റാസിക്ക് റഹീം,
ജേക്കബ് ലാസർ, ആർ.അജയൻ,
ഏ.എം നദ് വി,
വി.വി വേണുഗോപാൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP