Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഒടുവിൽ ആപ്പുകൾ നീക്കം ചെയ്ത് ഫേസ്‌ബുക്ക്; അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ആളെ പ്രലോഭിപ്പിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഇനി ശല്യം ചെയ്യാൻ എത്തില്ല; സ്വകാര്യ വിവരങ്ങൾ മുഴുവൻ അടിച്ച് മാറ്റിയ തിരിച്ചടിക്ക് സുക്കർബർഗിന്റെ പരിഹാരം ഇങ്ങനെ

ഒടുവിൽ ആപ്പുകൾ നീക്കം ചെയ്ത് ഫേസ്‌ബുക്ക്; അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ആളെ പ്രലോഭിപ്പിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഇനി ശല്യം ചെയ്യാൻ എത്തില്ല; സ്വകാര്യ വിവരങ്ങൾ മുഴുവൻ അടിച്ച് മാറ്റിയ തിരിച്ചടിക്ക് സുക്കർബർഗിന്റെ പരിഹാരം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മുഴുവൻ അടിച്ച് മാറ്റിയ സംഭവം ഫേസ്‌ബുക്കിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതോടെ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിഹാരം തേടുകയാണ് സുക്കർബർഗ്. ഇതിന്റെ ഭാഗമായി തേർഡ് പാർട്ടി ആപ്പുകൾ എല്ലാം നീക്കം ചെയ്യാനാണ് ഫേസ്‌ബുക്കിന്റെ തീരുമാനം. അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ആളെ പ്രലോഭിപ്പിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഇനി മുതൽ ഫേസ്‌ബുക്കിൽ ശല്യം ചെയ്യാൻ എത്തില്ലെന്ന് ആശ്വസിക്കാം.

എല്ലാ ആപ്പുകളും കണ്ണടച്ചു ഇൻസ്റ്റാൾ ചെയ്യാതിരിക്കുകയും സ്വകാര്യത നയങ്ങൾ നന്നായി വായിച്ചുനോക്കി മാത്രം അനുമതി കൊടുക്കുകയും ചെയ്താൽ, പിന്നെ കണ്ണ് തുടക്കേണ്ടിവരില്ല എന്നാണ് ടെക്ക് വിദഗ്ധരുടെ അഭിപ്രായം. 220 കോടി ഉപഭോക്താക്കളുള്ള ഫേസ്‌ബുക്ക് 50 കോടി പേരുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്കക്ക് ചോർത്തിനൽകിയെങ്കിൽ ഇന്റർനെറ്റിലെ സ്വകാര്യത സംരക്ഷിക്കാതെ തരമില്ല. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ചില പെർമിഷനുകൾ (അനുവാദം) ചോദിച്ചുകൊണ്ടുള്ള വിൻഡോ വരാറുണ്ട്. ഫോട്ടോകൾ, വിഡിയോകൾ, കാമറ, കോൺടാക്ട് നമ്പറുകൾ, കാൾ വിവരങ്ങൾ, സെൻസറുകൾ, മൈക്രോഫോൺ, മെസേജുകൾ തുടങ്ങിയ കാര്യങ്ങൾ ഉപയോഗിക്കാനുള്ള അനുവാദമാണ് ആപ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. കോൺടാക്ട് നമ്പറുകൾ വിശദമായി പരിശോധിക്കാനും മെസേജ് അയക്കാനും മൊബൈൽ ഡാറ്റയും വൈ-ഫൈയും ഉപയോഗിക്കാനുമുള്ള അനുമതിയാണ് കമ്പനികൾ നേടിയെടുക്കുന്നത്. ആപ്പുകൾ മികച്ചരീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഇത് അനുവദിക്കണമെന്നാണ് അവർ പറയുന്നത്. അതിനാൽ മിക്കവരും ശ്രദ്ധിക്കാതെ പെർമിഷനുകൾ 'യെസ്' നൽകുന്നു.

Stories you may Like

ഗൂഗിൾ, ഫേസ്‌ബുക്ക്, ട്വിറ്റർ ഒക്കെ ഇത്തരത്തിൽ ഏതൊക്കെ ആപ്പുകൾക്ക് ആക്‌സസ് ചെയ്യാൻ സമ്മതം കൊടുത്തു എന്നത് ഇടയ്ക്ക് നോക്കേണ്ട ഒരു കാര്യമാണ്. പാസ്വേഡ് ഒക്കെ ഇടയ്ക്ക് മാറ്റും പോലെ ഇതും ഒന്നു ശ്രദ്ധിക്കുക. പലപ്പോഴും ഇത്തരം സമ്മതങ്ങൾ സ്‌ക്രീനിലെ സന്ദേശം ശ്രദ്ധിച്ച് വായിക്കാതെ അബദ്ധത്തിൽ കൊടുക്കുന്നതും ആകാം. സ്‌ക്രീനിൽ ഉള്ളത് വായിക്കാതെ നെക്സ്റ്റ് അടിച്ച് ഒകെ അടിക്കുന്നതും മറ്റും ഇനി ശ്രദ്ധക്കേണ്ടതാണ്.

ഗൂഗിൾ അക്കൗണ്ട്‌സ് ആക്‌സസ് ചെയ്യാൻ ആർക്കൊക്കെ സമ്മതം നൽകിയിട്ടുണ്ട് എന്ന് https://myaccount.google.com/permissions എന്ന ലിങ്കിൽ ചെന്നാൽ കാണാം. സംശയാസ്പദമായ എന്തെങ്കിലും ഉണ്ടോ ആ വരിയിൽ ക്‌ളിക്ക് ചെയ്ത് റിമൂവ് ചെയ്യുന്നതാണ് ഉത്തമം. ഫേസ്‌ബുക്ക് ആണെങ്കിൽ https://www.facebook.com/settings എന്നവിലാസത്തിൽ ചെല്ലുക. എന്നിട്ട Apps എന്ന മെനുവിൽ ക്‌ളിക്ക് ചെയ്യുക. നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ നിങ്ങൾ സമ്മതം കൊടുത്ത ആപ്പുകളെ ഇവിടെ കാണാം. ഓരോന്നും വേണ്ടതാണോ അല്ലയോ എന്ന നോക്കി നീക്കം ചെയ്യാവുന്നതാണ്. ട്വിറ്ററിൽ ആണെങ്കിൽ https://twitter.com/settings/applications എന്നവിലാസത്തിൽ പോയാൽ അപ്പുകളെ നീക്കം ചെയ്യാവുന്നതാണ്.

ഉപഭോക്താക്കളെ കൃത്യമായി തിരിച്ചറിയാനാകും എന്നതാണ് കമ്പനികളെ ഫേസ്‌ബുക്ക് വഴി പരസ്യം നൽകുന്നതിന് പ്രേരിപ്പിച്ചിരുന്നത്. വിവരവിശകലന സ്ഥാപനങ്ങളാണ് ഓരോ ഉപയോക്താവിന്റെയും 'ഇന്റർനെറ്റ് സ്വഭാവം' തിരിച്ചറിഞ്ഞ് പരസ്യദാതാക്കൾക്കു നൽകുന്നത്. അതിനനുസരിച്ച് പരസ്യങ്ങൾ ഓരോരുത്തരുടെയും ഫേസ്‌ബുക്ക് വാളിലെത്തിക്കുകയാണ്. മാർക്കറ്റിങ് കമ്പനിയായ ആക്ഷം കോർപറേഷൻ, ഡാറ്റ വിശകലന കമ്പനിയായ എക്പീരിയൻ പി.എൽ.സി, ഓറക്കിൾ ഡാറ്റ ക്ലൗഡ്, ട്രാൻസ് യൂനിയൻ, ഡബ്ല്യു.പി.പി പി.എൽ.സി തുടങ്ങിയ ഒമ്പതു കമ്പനികൾ നൽകുന്ന വിവരമനുസരിച്ചാണ് ഫേസ്‌ബുക്ക് ഉപയോക്താക്കളിലേക്ക് പരസ്യദാതാക്കൾ ഇറങ്ങിച്ചെന്നിരുന്നതത്രെ. പരസ്യദാതാക്കൾക്ക് ഈ കമ്പനികളെ ഉപയോഗപ്പെടുത്തി പരസ്യങ്ങളുടെ നില വിലയിരുത്താനുള്ള അധികാരം ഫേസ്‌ബുക്ക് നൽകിയിട്ടുണ്ട്.

കാമറ, ജി.പി.എസ്, ഫിംഗർപ്രിന്റ്, പ്രോക്‌സിമിറ്റി, ടച്ച് ഐഡി, മൈക്രോഫോൺ, വൈ-ഫൈ, ബ്ലൂടൂത്ത്, മോഷൻ, റൊട്ടേഷൻ, ലൈറ്റ് സെൻസർ, ബാരോമീറ്റർ, മാഗ്നെറ്റോമീറ്റർ തുടങ്ങിയവയെല്ലാം ഓരോതരം സെൻസറുകളാണ്. സെൻസറുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യപ്പെടാം എന്ന കാര്യം എല്ലാ മൊബൈൽ കമ്പനികളും അംഗീകരിക്കുന്നുണ്ട്. മൊബൈലിലുള്ള സെൻസറുകൾ ഏതൊക്കെയെന്ന് പരിശോധിക്കാനുള്ള ആപ്ലിക്കേഷനുകളുണ്ട്. അവയും വിവരങ്ങൾ ചോർത്തിയേക്കാം. ചില ആപ്പുകൾ അനുമതികൾ ഉപയോഗിച്ച് സെൻസറുകൾ പ്രവർത്തിപ്പിക്കുകയും അതിലൂടെ പിൻ നമ്പറും പാസ്വേഡുകളും ചോർത്തുകയും ചെയ്യുന്നുണ്ട്. വിരലടയാളം, ടച്ച് ഐ.ഡി തുടങ്ങിയ സെൻസറുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഹാക്ക് ചെയ്യാം. മൈക്രോഫോൺ ഉപയോഗിച്ച് ഫോണിലൂടെ നാം സംസാരിക്കുന്ന കാര്യങ്ങളും ഹാക്കർമാർക്ക് ചോർത്താം. പലരും പാസ്വേഡുകൾ കോൺടാക്ട് നമ്പറായിട്ടും നോട്ട്പാഡിലും സൂക്ഷിക്കാറുണ്ട്. അടിസ്ഥാന സുരക്ഷപോലും ഒരുക്കാതെയാണ് പല ആപ്പും പുറത്തിറക്കുന്നത്. ഇവ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ചോരുക സ്വാഭാവികം. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനുമുമ്പ് നേരത്തെ ആ ആപ് ഉപയോഗിച്ചിട്ടുള്ളവർ അതിനു നൽകിയിരിക്കുന്ന റിവ്യൂ നോക്കുക. എത്ര ആളുകൾ ആ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നു നോക്കി സുരക്ഷിതമാണെങ്കിൽ മാത്രം ഡൗൺലോഡ് ചെയ്യുക. അനാവശ്യ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തശേഷം പിന്നീട് അൺഇൻസ്റ്റാൾ ചെയ്താലും വിവരങ്ങൾ ചോർത്താൻ അവക്കാവും. അതിനാൽ വെറുതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതേ അപകടമാണ്.

സ്മാർട്‌ഫോണിൽ ഫേസ്‌ബുക്ക് ഉപയോഗിച്ചു തുടങ്ങിയ കാലം മുതൽ നിങ്ങൾ ആരെയൊക്കെ വിളിച്ചിട്ടുണ്ടെന്നും എത്രനേരം സംസാരിച്ചെന്നും എത്ര എസ്.എം.എസ് അയച്ചെന്നും ഫേസ്‌ബുക്കിനറിയാം. ഫോണിൽ സേവ് ചെയ്തിരുന്ന കോൺടാക്റ്റുകൾ നീക്കംചെയ്താലും ഫേസ്‌ബുക്ക് മറക്കില്ല. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ കോൺടാക്റ്റ് ലിസ്റ്റ്, കാൾ ഹിസ്റ്ററി തുടങ്ങിയവ എടുക്കാൻ അനുവാദം നൽകുന്നതാണ് കാരണം. ഫേസ്‌ബുക്ക് മെസഞ്ചർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സേവ് ചെയ്തിരിക്കുന്ന നമ്പറുകൾ ആപ്പിലേക്ക് ഉൾപ്പെടുത്താൻ അനുമതി ആവശ്യപ്പെടുന്നതു പതിവാണ്. ഫേസ്‌ബുക്കിലെ സുഹൃത്തുക്കളുമായി സംസാരിക്കാൻ സേവ് ചെയ്തിരിക്കുന്ന നമ്പറുകൾ ആവശ്യമേയില്ല. പണമടക്കാനും മെസഞ്ചറിൽ സൗകര്യമുണ്ട്. എസ്.എം.എസുകൾ മെസഞ്ചറിൽ നോക്കാൻ സൗകര്യം തരുന്നതിനു പിന്നിലും വിവരങ്ങൾ ചോർത്തിയെടുക്കുകയാണ് ലക്ഷ്യം. ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്താലും കാര്യമില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്താലും മൂന്നുമാസം വരെ നിങ്ങളുടെ വിവരങ്ങളുടെ ബാക്ക്അപ് ഫേസ്‌ബുക്കിന് സൂക്ഷിക്കാം. ചിത്രങ്ങളും, സ്റ്റാറ്റസുകളും നീക്കംചെയ്താൽ പോലും ലോഗ് ഫയൽ നഷ്ടമാകുന്നില്ല. മറ്റുള്ളവർ നിങ്ങളെക്കുറിച്ചു പോസ്റ്റ് ചെയ്ത വിവരങ്ങൾ മാറ്റമില്ലാതെ തുടരും. മെസഞ്ചറിൽ അയച്ച സന്ദേശങ്ങൾ മറ്റൊരാളുടെ അക്കൗണ്ടിൽനിന്നു നഷ്ടപ്പെടില്ല. ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ ആപ് ഡെവലപർമാർ വിവരങ്ങൾ ഡിലീറ്റ് ചെയ്യണമെന്നാണു ഫേസ്‌ബുക്ക് നിയമം. പക്ഷേ, ഡിലീറ്റ് ചെയ്തതുകൊണ്ടു മാത്രം വിവരം നീക്കംചെയ്യപ്പെടില്ല. വാട്‌സ്ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ വിവരങ്ങളും നശിക്കുന്നില്ല. വിവരച്ചോർച്ചയിൽനിന്ന് രക്ഷനേടാൻ വഴിതേടുന്നവർക്ക് ചില പോംവഴികൾ ഇതാ:

വിവരങ്ങൾ ചോർത്തുന്ന ആപ്പുകളിൽനിന്നും പ്രോഗ്രാമുകളിൽനിന്നും രക്ഷനേടാൻ ബ്രൗസറിലും ഫോണിലും ഫേസ്‌ബുക്ക് സെറ്റിങ്‌സിലും മാറ്റങ്ങൾ വരുത്താം. ഫേസ്‌ബുക്ക് ആപ്പുകൾ പരിശോധിക്കുക: തേർഡ് പാർട്ടി വെബ്‌സൈറ്റിൽ പോകാൻ ഫേസ്‌ബുക്കിൽ അനുമതി നൽകിയെങ്കിൽ, അവർക്കു നിങ്ങളുടെ വ്യക്തിവിവരങ്ങൾ ഇപ്പോഴും ലഭ്യമാവും. ഫേസ്‌ബുക്കിൽ സെറ്റിങ്‌സ് പേജിൽ പോവുക. ഏതൊക്കെ ആപ്പുകളാണ് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കുക. ഓരോ ആപ്പിനും നൽകിയ അനുമതിയും പങ്കുവെക്കുന്ന വിവരങ്ങളും കാണാം. സംശയകരവും ഉപയോഗമില്ലാത്തതുമായ ആപ്പുകൾ നീക്കം ചെയ്യുക. പിന്നെ ആപ് സെറ്റിങ്‌സിൽ ആപ്‌സ് അതേഴ്സ് യൂസ് എന്നത് എടുക്കുക. സോഷ്യൽമീഡിയ സുഹൃത്തുക്കൾ ആപ് ഉപയോഗിക്കുമ്പോൾ ഏതൊക്കെ വിവരങ്ങളാണ് പങ്കിടുന്നത് എന്നത് തിരഞ്ഞെടുക്കുക. ഫേസ്‌ബുക്ക് പ്രൈവസി സെറ്റിങ്‌സിൽ പോയി പൊതുവായി പങ്കുവെക്കുന്ന വിവരങ്ങൾ കുറക്കുക. ഫേസ്‌ബുക്ക് രചനകൾ സുഹൃത്തുക്കൾ മാത്രമേ കാണുന്നുള്ളൂ എന്നാക്കാം. പുതിയ ആപ്പോ വെബ് സംവിധാനമോ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ അംഗീകരിക്കാൻ കമ്പനി ആവശ്യപ്പെടുന്ന വ്യവസ്ഥകൾ വായിക്കുക. സ്വകാര്യ വിവരങ്ങൾ പങ്കുവെക്കപ്പെടും എന്നു തോന്നിയാൽ ആ ആപ് ഉപയോഗിക്കാതിരിക്കാം. ഫേസ്‌ബുക്ക് അക്കൗണ്ട് സെറ്റിങ്‌സിൽ 'ഡൗൺലോഡ് എ കോപ്പി ഓഫ് യുവർ ഫേസ്‌ബുക്ക് ഡാറ്റ' എന്ന മെനു തുറക്കുക. ഇതുവരെ നിങ്ങൾ അപ്ലോഡ് ചെയ്ത എല്ലാ ചിത്രങ്ങളും സന്ദേശങ്ങളും ഒറ്റ ഫയലായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇമെയിൽ ആയി ലഭിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP