Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്പൂതിരിപ്പാട് രണ്ട് സാരി കടം വാങ്ങാൻ കത്തുകൊടുത്താൽ അത് ലാളിത്യവും വിനയവും; കടബാധ്യതയുള്ള ഒരു ദളിത് പെൺകുട്ടിക്ക് സഹപ്രവർത്തകർ പിരിവിട്ട് കാറ് വാങ്ങിക്കൊടുത്താൽ അത് ആർത്തിയും ആക്രാന്തവും; കമ്മ്യൂണിസ്റ്റുകാർക്കിടയിൽ സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ എന്നും വി ടി ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ

നമ്പൂതിരിപ്പാട് രണ്ട് സാരി കടം വാങ്ങാൻ കത്തുകൊടുത്താൽ അത് ലാളിത്യവും വിനയവും; കടബാധ്യതയുള്ള ഒരു ദളിത് പെൺകുട്ടിക്ക് സഹപ്രവർത്തകർ പിരിവിട്ട് കാറ് വാങ്ങിക്കൊടുത്താൽ അത് ആർത്തിയും ആക്രാന്തവും; കമ്മ്യൂണിസ്റ്റുകാർക്കിടയിൽ സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ എന്നും വി ടി ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ആലത്തൂർ എംപി രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവിട്ട് കാറ് വാങ്ങിക്കൊടുക്കുന്നതിനെ വിമർശിക്കുന്ന സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം എംഎൽഎ. കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂവെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.രണ്ട് വോയിൽ സാരി കടമായി കൊടുക്കണം എന്ന കത്ത് നമ്പൂതിരിപ്പാട് എഴുതിയാൽ അത് ലാളിത്യവും വിനയവും. കടബാധ്യതയുള്ള ഒരു ദളിത് പെൺകുട്ടിക്ക് സഹപ്രവർത്തകർ പിരിവിട്ട് ഒരു കാറ് വാങ്ങിക്കൊടുത്താൽ അത് ആർത്തിയും ആക്രാന്തവും ആണെന്നും അദ്ദേഹം പരിഹസിച്ചു.

രമ്യയ്ക്ക് സഞ്ചരിക്കാൻ കാർ വാങ്ങി നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയായിരുന്നു തീരുമാനിച്ചത്. ജൂലൈ 25 നകം പിരിവ് പൂർത്തിയാക്കാനാണ് കമ്മറ്റികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ബൂത്തു കമ്മിറ്റികൾ പിരിക്കുന്ന പണം നൽകി വാങ്ങുന്ന കാറിന്റെ താക്കോൽ ഓഗസ്റ്റ് 9 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറുമെന്നാണ് അറിയിച്ചത്. സംഭവം വിവാദമായതോടെ രമ്യ തന്നെ പ്രതികരണവുമായി എത്തിയിരുന്നു. പിരിവിൽ തെറ്റൊന്നുമില്ലെന്നായിരുന്നു രമ്യ ഹരിദാസ് പ്രതികരിച്ചത്. ഇപ്പോഴും യൂത്ത് കോൺഗ്രസ് അംഗമായ തനിക്ക് യൂത്ത് കോൺഗ്രസ് അത്തരത്തിലൊരു സമ്മാനം നൽകുന്നതിൽ സന്തോഷം മാത്രമാണെന്നും രമ്യ പറഞ്ഞിരുന്നു.

കാർ വാങ്ങുന്നതിന് യൂത്ത് കോൺഗ്രസിനുള്ളിൽ തന്നെയാണ് പിരിവ് നടത്തുന്നതെന്നും പുറത്താരിൽ നിന്നും പിരിവ് വാങ്ങുന്നില്ലെന്നും രമ്യ പറഞ്ഞു. ഒന്നുമില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ തനിക്ക് കെട്ടിവയ്ക്കാനുള്ള കാശ് നൽകിയതും യൂത്ത് കോൺഗ്രസാണെന്നും മത്സരിപ്പിച്ച് വിജയിപ്പിച്ച് അവർ തന്നെ എംപിയാക്കിയിരിക്കുകയാണെന്നും അവർ നൽകുന്നത് സന്തോഷം പൂർവം സ്വീകരിക്കുമെന്നും രമ്യ പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് ചെലവ് മറികടക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു പിരിവ് നടത്തുന്നതെന്ന് ആരോപണവും രമ്യ തള്ളി. അതെല്ലാം സുതാര്യമാണെന്നാണ് രമ്യയുടെ മറുപടി.

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ടു വോയിൽ സാരി കൊടുക്കുക. അൽപ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തു കൊള്ളാം' എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാൻ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.

എന്നാൽ, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ.

മഹാനായ അംബേദ്കർ 'എ ബഞ്ച് ഓഫ് ബ്രാഹ്മിൺ ബോയ്സ്' എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP