Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല; ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണ്; വിശ്വാസങ്ങളിലേക്ക് മുഖം പൂഴ്‌ത്തുന്നവരുടേതല്ല;ആത്മവിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കുന്നവരുടേതാണ്; സമൂഹ മാധ്യമത്തിൽ തരംഗമാകുന്നത് എംഇഎസിലെ മുഖാവരണ നിരോധന തീരുമാനത്തെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാമിന്റെ പോസ്റ്റ്

ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല; ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണ്; വിശ്വാസങ്ങളിലേക്ക് മുഖം പൂഴ്‌ത്തുന്നവരുടേതല്ല;ആത്മവിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കുന്നവരുടേതാണ്; സമൂഹ മാധ്യമത്തിൽ തരംഗമാകുന്നത് എംഇഎസിലെ മുഖാവരണ നിരോധന തീരുമാനത്തെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാമിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എംഇഎസ് കോളജുകളിൽ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ ഇറക്കിയതിന് പിന്നാലെ കേരളത്തിൽ വസ്ത്രധാരണവും മതവിശ്വാസവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. മതവിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രധാരണത്തെ സംബന്ധിച്ച് പരസ്യമായി പ്രതികരിക്കാൻ പലരും മടിക്കുന്ന കാലത്താണ് ഡോ. ഫസൽ ഗഫൂർ വിപ്ലകരമായ തീരുമാനം തന്റെ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയത്. ഇതിനെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം എംഎൽഎ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ബൽറാം തന്റെ നിലപാട് വ്യക്താമാക്കുന്നത്.

വസത്രധാരണം വ്യക്തിതാൽപ്പര്യത്തിന് അധിഷ്ഠിതമാണെന്നും ഭരണകൂടങ്ങൾക്കും മതത്തിനും ഈ സ്വാതന്ത്ര്യത്തിൽ ഇടപെടാനുള്ള അവകാശമില്ലെന്നുമാണ് ബൽറാം കുറിപ്പിൽ വ്യക്തമാക്കുന്നത്. മുഖം പൂർണമായും മറയ്ക്കുന്ന വസ്ത്രധാരണം വ്യക്തികളുടെ സ്വാഭാവിക തീരുമാനമാണെന്ന് വാദിക്കുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്നും ബൽറാം പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ 'ഉയരെ' എന്ന സിനിമയിലെ ആസിഡ് ആക്രമണത്തെ അതിജീവിച്ച കഥാപാത്രത്തെയും ബൽറാം പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഇനിയുള്ള കാലം മുഖം മൂടുന്നവരുടെ അല്ല ലോകത്തെ മുഖാമുഖം നോക്കുന്നവരുടെ ആണെന്ന് പറഞ്ഞാണ് വിടി ബൽറാം ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതിനോടകം തന്നെ ശ്രദ്ധേയമായ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വസ്ത്രധാരണം വ്യക്തിയുടെ ചോയ്‌സ് ആവേണ്ടതാണ്. അങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേൽ ഭരണകൂടങ്ങളോ മതങ്ങളോ മറ്റ് എസ്റ്റാബ്ലിഷ്‌മെന്റുകളോ ഇടപെടുന്നത് ആശാസ്യമല്ല. വ്യക്തികളുടെ അഭിരുചികൾ വ്യത്യസ്തമായിരിക്കും എന്നതിനാൽ അവർ തെരഞ്ഞെടുക്കുന്ന വസ്ത്രധാരണ രീതികളിലും ആ വൈവിധ്യം സ്വാഭാവികമായും ഉണ്ടാകും. അങ്ങനെ വ്യത്യസ്തമായ ഒരു വസ്ത്രം എന്ന നിലയിൽ വ്യക്തികൾ സ്വേച്ഛാനുസരണം തെരഞ്ഞെടുക്കുന്നതാണ് അറേബ്യൻ വേരുകളുള്ള പർദ്ദ/ബുർഖ/ഹിജാബ് എങ്കിൽ അതണിയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുക തന്നെ വേണം. സൗകര്യപ്രദമായ ഒരു വസ്ത്രം എന്ന നിലയിലും പല സ്ത്രീകളും പർദ്ദ തെരഞ്ഞെടുക്കുന്നുണ്ട്.

എന്നാൽ, ഇത്തരം വസ്ത്രധാരണ രീതികൾ അത് ധരിക്കുന്നവർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതാണോ എന്നത് കൂടി പരിഗണിക്കപ്പെടേണ്ടതാണ്. അടിച്ചേൽപ്പിക്കലുകൾ പ്രത്യക്ഷത്തിലുള്ളതോ കർക്കശ സ്വഭാവമുള്ളതോ ആയിരിക്കണമെന്നില്ല, വ്യക്തികളുടെ ചോയ്‌സിനെ മാനിപ്പുലേറ്റ് ചെയ്യുന്ന തരത്തിൽ അവർക്ക് മേൽ ചെലുത്തപ്പെടുന്ന പരോക്ഷ സമ്മർദ്ദങ്ങളും വിശ്വാസങ്ങളും സോഷ്യൽ കണ്ടീഷനിംഗുമൊക്കെ അടിച്ചേൽപ്പിക്കലുകളുടെ വിശാല നിർവ്വചനത്തിനകത്ത് വരേണ്ടതാണ്. പ്രത്യേകിച്ചും ഒരു പുരുഷാധിപത്യ സമൂഹത്തിന് കീഴിൽ പലതരം അടിച്ചമർത്തലുകൾ നേരിടുന്ന സ്ത്രീകളുടെ കാര്യത്തിൽ ഈ ചോയ്‌സുകളും കൺസന്റും രൂപപ്പെടുന്നത് എങ്ങനെയൊക്കെയാണെന്നും അതിൽ പുരുഷ യുക്തികളുടെ സ്വാധീനമെന്താണെന്നും സൂക്ഷ്മമായിത്തന്നെ പരിശോധിക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷമായിട്ടാണ് കേരളത്തിൽ മുസ്ലിം സ്ത്രീകൾക്കിടയിൽ പർദ്ദ/ബുർഖ/ഹിജാബ് ഇത്രത്തോളം വ്യാപകമാവുന്നത്. വർഷത്തിൽ 365 ദിവസവും സ്ഥിരമായി ധരിക്കേണ്ടുന്ന വസ്ത്രമായി ഇവയെ ഇത്രയധികം മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അതിന് പുറകിലെ ഇച്ഛാനിർമ്മിതിയിൽ സമകാലിക മതശാസനകൾക്കുള്ള പങ്കിനെ കാണാതിരിക്കാൻ കഴിയില്ല. പ്രത്യേകിച്ചും മുഖം പൂർണ്ണമായും മറക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വ്യക്തികളുടെ സ്വാഭാവിക ചോയ്‌സാണെന്ന് വാദിക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. മുഖമെന്നത് വ്യക്തിയുടെ ഐഡന്റിറ്റിയുടെ പ്രധാന ഭാഗം തന്നെയാണ്. ആധുനിക സമൂഹത്തിൽ ജീവിക്കുന്ന ഒരാൾ മറ്റ് പ്രത്യക്ഷ/പരോക്ഷ സമ്മർദ്ദങ്ങളൊന്നുമില്ലായെങ്കിൽ സ്വന്തം മുഖം സ്ഥിരമായി മൂടി നടക്കാൻ ആഗ്രഹിക്കില്ല എന്ന് തന്നെയാണ് ന്യായമായും അനുമാനിക്കാവുന്നത്.

മദ്രസകളിലേക്ക് പോകുന്ന കൊച്ചു പെൺകുട്ടികളുടെ വരെ ഒരു യൂണിഫോമായി ഇന്ന് മുഖം മറയ്ക്കുന്ന ബുർഖ മാറുന്നതായാണ് പലയിടത്തും കാണപ്പെടുന്നത്. സ്വന്തമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തമായ പ്രായത്തിലുള്ളവരല്ലല്ലോ ഈ കുട്ടികളൊന്നും. അതായത്, വ്യക്തികളുടെ ചോയ്‌സ് എന്നതിനുപകരം മറ്റാരുടെയൊക്കെയോ താത്പര്യപ്രകാരം അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു യൂണിഫോമിറ്റിയായി ഈ മുഖം മറയ്ക്കുന്ന വസ്ത്രധാരണം മെല്ലെമെല്ലെ മാറി വരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ഏത് തരം യൂണിഫോമിറ്റിയുടേയും പുറകിൽ ചില അധീശതാത്പര്യങ്ങളുണ്ട്; ഫാഷിസം മുതൽ പുരുഷാധിപത്യം വരെയുള്ളവയുടെ. അതുകൊണ്ടുതന്നെ അടിച്ചേൽപ്പിക്കപ്പെടുന്ന യൂണിഫോമിറ്റിയെ ചെറുത്ത് വൈവിധ്യങ്ങളെ നിലനിർത്തുക, ആസ്വദിക്കുക, ആഘോഷിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ദൗത്യം. ആ നിലക്ക് എംഇഎസിന്റെ ഇക്കാര്യത്തിലുള്ള ഇടപെടലുകൾക്ക് തീർച്ചയായും പ്രസക്തിയുണ്ട്. അതിന്മേലുള്ള ചർച്ചകൾ ഇനിയും മുന്നോട്ടു പോവട്ടെ.

ഈയിടെ പുറത്തിറങ്ങിയ 'ഉയരെ' എന്ന സിനിമ ഇതിനോടകം വലിയ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതിൽ പാർവ്വതി അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രം ആസിഡാക്രമണത്തിന് വിധേയയായ ഒരു പെൺകുട്ടിയുടേതാണ്. പക്ഷേ, ആദ്യ ദിവസങ്ങളിലെ ഞെട്ടലിന് ശേഷം പിന്നീട് നാം കാണുന്നത് ആസിഡാക്രമണത്തിൽ പൊള്ളിപ്പോയ മുഖം മറച്ചുപിടിക്കാതെ, അതിൽ അഭിമാനം കൊള്ളുന്ന, സെൽഫി എടുത്ത് ഫേസ്‌ബുക്കിലിടുന്ന, ആ മുഖം പുറത്തുകാട്ടിക്കൊണ്ടു തന്നെ ജീവിതവിജയങ്ങളുടെ ഉയരങ്ങളിലേക്ക് പറക്കുന്ന ശക്തയായ ഒരു സ്ത്രീയേയാണ്. ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല, ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണ്; വിശ്വാസങ്ങളിലേക്ക് മുഖം പൂഴ്‌ത്തുന്നവരുടേതല്ല, ആത്മവിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കുന്നവരുടേതാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP