Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

കൂടെയുള്ളവരെ കൈവിടരുതെന്ന് കരുതി, രാഷ്ട്രീയം മാറ്റിവെച്ച് പൊരുതുന്നതിനാലാണ് ഈ പോരാട്ടത്തിൽ കേരളം മാതൃകയാവുന്നത്; ഇവിടുത്തെ അനേകായിരങ്ങൾക്ക് കഞ്ഞികുടിക്കാനും അക്ഷരം പഠിക്കാനുമുള്ള കാരണം പ്രവാസികളാണ്; അവരുടെ കരച്ചിൽ കേട്ടിട്ട് ഞങ്ങൾക്ക് ഉറങ്ങാൻ കഴിയില്ല; ​ഗൾഫിലെ പ്രവാസികളെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി

കൂടെയുള്ളവരെ കൈവിടരുതെന്ന് കരുതി, രാഷ്ട്രീയം മാറ്റിവെച്ച് പൊരുതുന്നതിനാലാണ് ഈ പോരാട്ടത്തിൽ കേരളം മാതൃകയാവുന്നത്; ഇവിടുത്തെ അനേകായിരങ്ങൾക്ക് കഞ്ഞികുടിക്കാനും അക്ഷരം പഠിക്കാനുമുള്ള കാരണം പ്രവാസികളാണ്; അവരുടെ കരച്ചിൽ കേട്ടിട്ട് ഞങ്ങൾക്ക് ഉറങ്ങാൻ കഴിയില്ല; ​ഗൾഫിലെ പ്രവാസികളെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി

മറുനാടൻ ഡെസ്‌ക്‌

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ അടിയന്തിരമായി തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും സഹമന്ത്രിക്കും കത്ത് നൽകി. ​ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് കുടുങ്ങി കിടക്കുന്നത്. എന്നാൽ പല രാജ്യങ്ങളിലും ഇന്ത്യക്കാരുടെ സ്ഥിതി അതീവ ​ഗുരുതരമാണ് എന്ന് ടി എൻ പ്രതാപൻ ചൂണ്ടിക്കാട്ടുന്നു.

​ഗൾഫ് നാടുകളിൽ ഉൾപ്പെടെ പ്രവാസി മലയാളികൾ ഭീതിയിലാണ് എന്ന് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ടി എൻ പ്രതാപൻ വിഷയത്തിൽ ഇടപെട്ടത്. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് ഗൾഫിലെ പ്രവാസി മലയാളികൾ. കുവൈത്തും യുഎഇയും ഇന്ത്യയിലേക്ക് വിമാനസർവീസ് നടത്താൻ തയ്യാറായിട്ടും കേന്ദ്രം അനുമതി നൽകാത്തതിൽ പ്രതിഷേധത്തിലാണവർ. ലോക് ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്പോൾ ലേബർ ക്യാമ്പുകളിൽ കഴിയുന്ന ആയിരങ്ങൾക്കിടയിൽ വൈറസ് വ്യാപനത്തിലുള്ള സാധ്യതയേറുകയാണ്.

സാധാരണക്കാരായ തൊഴിലാളികളാണ് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികളിൽ 50 ശതമാനവും. ലേബർക്യാമ്പുകളിലും ഒറ്റമുറി പങ്കിട്ടും കഴിയുന്ന ഇവരിൽ ലോക് ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്പോൾ വൈറസ് പടരാനുള്ള സാധ്യതയേറുകയാണ്. അതുകൊണ്ട് തന്നെ എത്രയുംപെട്ടെന്ന് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുയാണവർ.

കൊവിഡിന്റെ പശ്ചാതലത്തിൽ കുവൈത്തും യുഎഇയും ഇന്ത്യയിലേക്ക് വിമാനസർവീസ് നടത്താൻ തയ്യാറായിട്ടും കേന്ദ്രം അനുമതി നൽകാത്തത് പ്രതിഷേധത്തിനിടയാക്കി. ഫിലിപ്പൈൻസ്, ലബനോൺ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചപ്പോൾ ഇന്ത്യക്കാർ ഭീതിയിൽ തന്നെ ഗൾഫിൽ കുരുങ്ങിക്കിടക്കുകയാണ്..

ഇന്ത്യൻ സമൂഹത്തിനിടയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. കുവൈത്തിൽ ഇന്ത്യക്കാരായ രോഗികളുടെ എണ്ണം മൂന്നൂറ് കടന്നു. ബഹറിനിൽ മലയാളികളേറെ ജോലിചെയ്യുന്ന അൽ ഹിദ്ദ് മേഖലയിലെ 41 തൊഴിലാളികളിലാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക വിമാനം അനുവദിച്ചുകൊണ്ട് തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് അവരുടെ ആവശ്യം.

രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പോകുന്നവരോട് വീട്ടിൽ ക്വാറൈൻറൈനിൽ കഴിയാൻ അധികൃതർ നിർദ്ദേശിക്കുന്നതും ഒറ്റമുറിയിൽ തിങ്ങിക്കഴിയുന്ന ലക്ഷക്കണക്കിന് വരുന്ന പ്രവാസികളിൽ പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് ഗൾഫ് രാജ്യങ്ങളിലെ സർക്കാരുമായി കൂടിയാലോചിച്ച് ഇന്ത്യൻ എംബസികൾ വഴി നാട്ടിൽ നിന്ന് മെഡിക്കൽ സംഘത്തെ എത്തിച്ച് പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് മറ്റൊരു നിർദ്ദേശം.

ടി എൻ പ്രതാപൻ എംപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ അടിയന്തിരമായി രാജ്യത്തെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും സഹമന്ത്രിക്കും കത്ത് നൽകി.

ഇന്നലെ ഖത്തറിൽ നിന്നും അബുദാബിയിൽ നിന്നുമൊക്കെ പലരും വിളിച്ചു. വലിയ സങ്കടത്തോടെയാണ് എല്ലാവരും സംസാരിക്കുന്നത്. ഇങ്ങനെയൊരു ഘട്ടത്തിൽ സ്വന്തം മണ്ണിൽ കഴിയാൻ കൊതിയുണ്ടെന്ന് പറയുന്നു ചിലർ. പലരും സംസാരം മുഴുവനാക്കാനാവാതെ വിതുമ്പുന്നുണ്ടായിരുന്നു. അവിടെ പലയിടങ്ങളിലും കോവിഡ് 19 പോസിറ്റിവായവരെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നില്ലത്രെ. ഒരാൾക്ക് വന്നാൽ കൂടെയുള്ളവർ കൂടി നരകിക്കേണ്ട സ്ഥിതിയാണ്. കുറച്ചുകൂടി കഴിഞ്ഞാൽ, സ്ഥിതി ഒരുപക്ഷെ ഇനിയും വഷളായാൽ വിദേശികളോടുള്ള സമീപനം മാറിയെന്നും വരാം. ഇന്ത്യ അന്താരാഷ്ട്ര ടെർമിനലുകൾ തുറന്നാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പല രാജ്യങ്ങളും പറയുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ നാട്ടിലേക്ക് വരണം എന്നാഗ്രഹിക്കുന്ന പ്രവാസികളെ എത്ര ബുദ്ധിമുട്ടിയാണെങ്കിലും കൊണ്ടുവരണം.

വുഹാനിൽ നിന്ന് വിദ്യാർത്ഥികൾ അടക്കമുള്ള സംഘത്തെ ഇന്ത്യയിൽ എത്തിച്ചപ്പോൾ ചെയ്തതുപോലെ പ്രത്യേക കോറന്റിൻ, ഐസൊലേഷൻ സംവിധാനങ്ങൾ തയ്യാറാക്കുകയും മറ്റു മുൻകരുതലുകൾ എടുക്കുകയുമാവാം. എന്തുതന്നെയായാലും അവരുടെ സങ്കടം നമ്മൾ എങ്ങനെയെങ്കിലും പരിഹരിക്കാൻ പറ്റുമോന്ന് നോക്കണം. പ്രവാസികൾ രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള സന്ദർഭമായെങ്കിലും ഇതിനെ കാണണം.

കൂടെയുള്ളവരെ കൈവിടരുതെന്ന് കരുതി, രാഷ്ട്രീയം മാറ്റിവെച്ച് പൊരുതുന്നതിനാലാണ് ഈ പോരാട്ടത്തിൽ കേരളം മാതൃകയാവുന്നത്. കേരളത്തിൽ നിന്നുള്ള പാര്ലമെന്റ് അംഗമെന്ന നിലക്ക് പ്രവാസികളുടെ വിഷമം ഒരു നിസാര കാര്യമല്ല. അവരാണ് ഇവിടുത്തെ അനേകായിരങ്ങൾക്ക് കഞ്ഞികുടിക്കാനും അക്ഷരം പഠിക്കാനുമുള്ള കാരണം. അവരാണ് ഞങ്ങളുടെ നെടുന്തൂൺ. അവരുടെ കരച്ചില് കേട്ടിട്ട് ഞങ്ങൾക്ക് ഉറങ്ങാൻ കഴിയില്ല. എല്ലാത്തിലുമുപരി അവർ ഇന്ത്യക്കാരാണ്. നമ്മുടെ നാട്ടുകാരാണ്. ആപൽഘട്ടത്തിൽ സ്വന്തം വീട്ടിലേക്ക് വരണമെന്ന് ആഗ്രഹിക്കാത്തവർ ആരാണ്?

പ്രധാനമന്ത്രി ഈ വിഷയത്തിൽ അനുകൂലമായ ഒരു നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുകയാണ്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നമുക്ക് നമ്മുടെ പ്രവാസികളോട് നന്ദി കാണിക്കാൻ കഴിയുക. ഇതുപോലെ യൂറോപ്പിലും ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലും അമേരിക്കൻ വൻകരകളിലുമെല്ലാം നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുണ്ട്. അവിടുത്തെ ഭരണാധികാരികളുമായി നയതന്ത്രപരമായ ഇടപെടലുകൾ നടത്താനും കേന്ദ്രസർക്കാർ മുതിരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP