Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുപാടൊരുപാട് ഉമ്മമാരുടെ സ്നേഹം അറിഞ്ഞ എനിക്ക് വൈകാരികമായി താങ്ങാനാകുന്നതല്ല ഈ പടിയിറക്കം; പക്ഷേ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ആ വൈകാരികതകളെ മറികടക്കാൻ എനിക്ക് കഴിയും; ജനാധിപത്യം എന്നത് കേവല വാക്കല്ല അത് പ്രാക്ടീസ് ചെയ്യേണ്ട ഒരു രാഷ്ട്രീയമാണ് എന്നും ശ്രീജ നെയ്യാറ്റിൻകര

ഒരുപാടൊരുപാട് ഉമ്മമാരുടെ സ്നേഹം അറിഞ്ഞ എനിക്ക് വൈകാരികമായി താങ്ങാനാകുന്നതല്ല ഈ പടിയിറക്കം; പക്ഷേ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ആ വൈകാരികതകളെ മറികടക്കാൻ എനിക്ക് കഴിയും; ജനാധിപത്യം എന്നത് കേവല വാക്കല്ല അത് പ്രാക്ടീസ് ചെയ്യേണ്ട ഒരു രാഷ്ട്രീയമാണ് എന്നും ശ്രീജ നെയ്യാറ്റിൻകര

മറുനാടൻ ഡെസ്‌ക്‌

വെൽഫെയർ പാർട്ടിയിൽ നിന്നും പുറത്തുപോകാനിടയായ സാഹചര്യങ്ങൾ വിശദീകരിച്ച് ശ്രീജ നെയ്യാറ്റിൻകര. ഒൻപതു വർഷത്തെ വെൽഫെയർ പാർട്ടിയുമായുള്ള വൈകാരിക ബന്ധം ചെറുതല്ല ആ ബന്ധം ഉപേക്ഷിക്കാൻ ഞാൻ തയ്യാറുമല്ല. പക്ഷേ വൈകാരിക ബന്ധത്തേക്കാൾ ഉത്തുംഗമാണ് രാഷ്ട്രീയ നിലപാടുകൾ. വെൽഫെയർ പാർട്ടിയുമായുള്ള രാഷ്ട്രീയ സഞ്ചാരമാണ്‌ ഞാൻ അവസാനിപ്പിച്ചത്. അതിന് എന്റേതായ കൃത്യമായ രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്- ശ്രീജ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഈ നെറികെട്ട രാഷ്ട്രീയ സാഹചര്യത്തിൽ പൂർവ്വാധികം ശക്തമായി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടയിടങ്ങളിൽ താൻ ഉണ്ടാകുമെന്നും ശ്രീജ കൂട്ടിച്ചേർക്കുന്നു.

ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

വൈകാരികമല്ല വിഷയം കൃത്യമായ രാഷ്ട്രീയമാണ്....
ഒൻപതു വർഷത്തെ വെൽഫെയർ പാർട്ടിയുമായുള്ള വൈകാരിക ബന്ധം ചെറുതല്ല ആ ബന്ധം ഉപേക്ഷിക്കാൻ ഞാൻ തയ്യാറുമല്ല ... പക്ഷേ വൈകാരിക ബന്ധത്തേക്കാൾ ഉത്തുംഗമാണ് രാഷ്ട്രീയ നിലപാടുകൾ.... വെൽഫെയർ പാർട്ടിയുമായുള്ള രാഷ്ട്രീയ സഞ്ചാരമാണ്‌ ഞാൻ അവസാനിപ്പിച്ചത് .. അതിന് എന്റേതായ കൃത്യമായ രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്... അതിലൊന്നാണ് കേവല സോഷ്യൽ മീഡിയാ വിഷയങ്ങളിൽ ഊഹാപോഹങ്ങൾ നിറച്ചു എനിക്ക് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് നൽകിയ കത്ത്

വെൽഫെയർ പാർട്ടിയിൽ നിന്ന് ഞാൻ സസ്പെൻഡ് ചെയ്യപ്പെടാനുള്ള കാരണമായി സംസ്ഥാന എക്സിക്യുട്ടീവ് കണ്ടെത്തി പ്രസിഡന്റ് ഹമീദ് വാണിയമ്പലം വഴി മെയ് 12 ന് എനിക്ക് നൽകിയ കത്തിൽ പരാമർശിക്കുന്ന കാര്യങ്ങളിൽ എനിക്ക് രാഷ്ട്രീയ വിയോജിപ്പുകളുണ്ട്...
പാലത്തായി വിഷയത്തിൽ എന്റെ ഫേസ് ബുക്ക് പ്രതികരണങ്ങൾ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ ഇടപെടലുകളെ മറച്ചു വച്ചു എന്നും ഞാൻ സമാന്തര പ്രവർത്തനം നടത്തി എന്നും അവർ നൽകിയ സംയുക്ത പ്രസ്താവനയിൽ ഒപ്പു വച്ചില്ല എന്ന് തുടങ്ങി ഞാൻ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തനം ഒറ്റയ്ക്ക് നടത്തുന്നു എന്ന പ്രതിഛായ സൃഷ്‌ടിക്കുന്നു എന്നും ( ഓർക്കുക ഞാൻ അപ്പോഴും. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് പാർട്ടി നേതാവ് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ എങ്ങനെയാണ്‌ സമാന്തര പ്രവർത്തനം ആകുക എന്ന് എനിക്ക് മനസിലാകുന്നില്ല)

മാത്രമല്ല എനിക്കെതിരെയുള സംഘ് സൈബർ ആക്രമണത്തിനെതിരെ വെൽഫെയർ പാർട്ടി നിസംഗ സമീപനം പുലർത്തുന്നു എന്ന് കാണിച്ച് മറ്റാരൊക്കെയോ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന്റെ ഉത്തരവാദിത്തം പോലും എന്റെ മേൽ ചാർത്തിക്കൊണ്ടും, സംഘ് സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി മടുത്ത ഞാൻ നീതി കിട്ടിയില്ലെങ്കിൽ പിണറായി വിജയന്റെ വീട്ടു പടിക്കൽ സമരം ചെയ്യുമെന്ന എന്റെ ഫേസ് ബുക്ക് പോസ്റ്റ് കുറ്റകൃത്യമായും വിലയിരുത്തി നിരവധി ദുരാരോപണങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു കത്ത്... (കത്തിവിടെ ചേർക്കുന്നു)

തുടർന്ന് ജൂൺ അഞ്ചിന് വീണ്ടും ഞാനും പാർട്ടിയുമായി ഫേസ് ബുക്ക് വിവാദം ഉണ്ടായി യൂത്ത് ലീഗ് നേതാവ് മുനവ്വറലി തങ്ങൾക്കെതിരെ ബ്രാഹ്മണ്യ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു ഞാനിട്ട പോസ്റ്റ് ആയിരുന്നു കാരണം... പ്രസ്തുത പോസ്റ്റ് യു ഡി എഫുമായുള്ള രാഷ്ട്രീയ ചർച്ചകൾക്ക്‌ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും പോസ്റ്റ് പിൻവലിക്കണമെന്നുമുള്ള പ്രസിഡന്റിന്റെ ഫോൺ കാളിനെ തുടർന്ന് ഞാൻ എഫ് ബി ഡി ആക്ടിവേറ്റ് ചെയ്തു...

തുടർന്ന് ജൂൺ 12 ന് എന്നെത്തേടിയെത്തുന്നത് മൂന്നു മാസം സംസ്ഥാന എക്സിക്യുട്ടീവിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എന്നെ സസ്പെൻഡ് ചെയ്‌തിരിക്കുന്നു എന്ന പ്രസിഡന്റിന്റെ ഫോണും തുടർന്ന് സസ്‌പെൻഷൻ ഓർഡറും ആണ്.. ( കത്തിവിടെ ചേർക്കുന്നു)... 32 അംഗ സംസ്ഥാന പ്രവർത്തക സമിതി എനിക്കെതിരെ ഇത്തരത്തിലൊരു നടപടിക്കാധാരമായ കത്ത് ചർച്ച ചെയ്യുമ്പോൾ ആ ഓൺ ലൈൻ യോഗത്തിൽ എന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല... എന്നെ പ്രസിഡന്റ് യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല... ഇത് തികഞ്ഞ ജനാധിപത്യ ലംഘനം ആണെന്ന് ഞാൻ അടയാളപ്പെടുത്തുന്നു...

സോഷ്യൽ മീഡിയ വഴി ഞാൻ പാർട്ടി നയങ്ങളെയോ പാർട്ടി നേതൃത്വത്തെയോ പോഷക സംഘടനകളെയോ വിമർശിച്ചിട്ടില്ല അങ്ങനെ ഒരു ആരോപണം എന്റെ പേരിൽ ഇല്ല... മാത്രമല്ല സോഷ്യൽ മീഡിയയിൽ വെൽഫെയർ പാർട്ടി യുടെ രാഷ്ട്രീയ ഇടപെടലുകൾ നിരന്തരം പോസ്റ്റ് ചെയ്യുന്ന ഒരു നേതാവ് ആയിരുന്നു ഞാൻ.. സോഷ്യൽ മീഡിയയിൽ വനിതാ സംഘടനയുടെ പോസ്റ്ററുകളും മറ്റും പ്രചരിപ്പിച്ചില്ല തുടങ്ങിയ കുറ്റങ്ങൾ ചാർത്തി എന്നെ സസ്‌പെൻഡ് ചെയ്യുക എന്ന പാർട്ടി നടപടി അംഗീകരിക്കാൻ എന്റെ നീതിബോധം എന്നെ അനുവദിച്ചില്ല..സസ്‌പെൻഡ് ചെയ്യപ്പെടേണ്ട ഒരു കുറ്റവും ഞാൻ ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ട്...ജനപക്ഷ ബദൽ രാഷ്ട്രീയം എന്ന പാർട്ടിയുടെ പ്രഖ്യാപിത രാഷ്ട്രീയത്തിൽ നിന്ന് മാറി തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് സന്ധി ചെയ്യുമ്പോൾ ഉയരാവുന്ന എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഒരു രാഷ്ട്രീയ നടപടിയായി ഞാനീ സസ്‌പെൻഷൻ നടപടിയെ കാണുന്നു.... അതിന്റെ ഉദാഹരണമാണ് മുനവ്വറലി തങ്ങൾ വിഷയം എന്ന് ഞാൻ വിലയിരുത്തുന്നു...

ഇതിവിടെ വിശദീകരിക്കാൻ കാരണം എന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ടു പല ഊഹാപോഹങ്ങളും നിലനിൽക്കുന്നു എന്നുള്ളതുകൊണ്ടാണ്... വെൽഫെയർ പാർട്ടിയുടെ പ്രവർത്തകരടക്കം നിരവധി പേരുടെ ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ മറുപടിയാണിത്..
നിങ്ങൾക്കെന്നെ കുറ്റപ്പെടുത്താം, വിധിക്കാം.... പക്ഷേ ഇതെന്റെ രാഷ്ട്രീയ ശരിയാണ്...താൽക്കാലിക വൈകാരികതകൾ മാറ്റി വച്ച് രാഷ്ട്രീയമായി ചിന്തിക്കുമ്പോൾ നിങ്ങൾക്കത് മനസിലാകും....

വെൽഫെയർ പാർട്ടിയോടൊപ്പം സഞ്ചരിച്ച ഒൻപതു വർഷങ്ങൾ എന്നെ സംബന്ധിച്ചു മറക്കാവുന്നതല്ല... എന്റെ പൊതു പ്രവർത്തന ജീവിതത്തിലെ സമാനതകളില്ലാത്ത സ്നേഹ രാഷ്ട്രീയത്തിന്റെ ഒരേടാണത്...
ഒൻപതു വർഷങ്ങൾക്ക്‌ ശേഷം പടിയിറങ്ങുമ്പോൾ സത്യത്തിൽ അനുഭവപ്പെടുന്നത് അനാഥത്വം തന്നെയാണ്.... ഒരുപാടൊരുപാട് ഉമ്മമാരുടെ സ്നേഹം അറിഞ്ഞ എനിക്ക് വൈകാരികമായി താങ്ങാനാകുന്നതല്ല ഈ പടിയിറക്കം ....
പക്ഷേ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ആ വൈകാരികതകളെ മറികടക്കാൻ എനിക്ക് കഴിയും... പ്രിയപ്പെട്ട വെൽഫെയർ പാർട്ടി പ്രവർത്തകരേ നിങ്ങൾ നൽകിയ സ്നേഹത്തിന്, അംഗീകാരത്തിന് പകരം നൽകാൻ ഒത്തുതീർപ്പുകളില്ലാത്ത നീതി പൂർവ്വമായ രാഷ്ട്രീയം മാത്രം....
ഇറങ്ങിപ്പോകുമ്പോൾ ജനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളി എന്ന് ഞാൻ ആയിരം തവണ അടയാളപ്പെടുത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ശ്രീ ഹമീദ് വാണിയമ്പലത്തിനോടൊരു വാക്ക് ജനാധിപത്യം എന്നത് കേവല വാക്കല്ല അത് പ്രാക്ടീസ് ചെയ്യേണ്ട ഒരു രാഷ്ട്രീയമാണ്....

ഈ നെറികെട്ട രാഷ്ട്രീയ സാഹചര്യത്തിൽ പൂർവ്വാധികം ശക്തമായി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടയിടങ്ങളിൽ ഞാൻ ഉണ്ടാകും... സ്ത്രീ - ദലിത് - മുസ്‌ലിം - ട്രാൻസ് - പരിസ്ഥിതി പക്ഷ -മനുഷ്യാവകാശ - പുരോഗമന - ജനാധിപത്യ - മതേതര രാഷ്ട്രീയ വുമായി കാലം അനുവദിക്കുന്നിടത്തോളം....
അഭിവാദ്യങ്ങൾ❤️
പാർട്ടി വിശദീകരണം ചോദിച്ച കത്ത്... എന്റെ വിശദീകരണ കത്ത്.... പാർട്ടി സസ്‌ പെൻഡ് ചെയ്ത കത്ത് എന്നിവ ഇതിനോടൊപ്പം ചേർക്കുന്നു...

 

വൈകാരികമല്ല വിഷയം കൃത്യമായ രാഷ്ട്രീയമാണ്.... ഒൻപതു വർഷത്തെ വെൽഫെയർ പാർട്ടിയുമായുള്ള വൈകാരിക ബന്ധം ചെറുതല്ല ആ ബന്ധം...

Posted by Sreeja Neyyattinkara on Sunday, June 21, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP