Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'റെസ്റ്റോറന്റിൽ മെനു നോക്കി ഏറെ നേരം ആലോചിച്ചു ഭക്ഷണം തെരഞ്ഞെടുക്കുന്ന നമ്മൾ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ എന്തുകൊണ്ടു വെറും മണിക്കൂറുകൾക്കുള്ളിൽ തീരുമാനമെടുക്കുന്നു?' വിവാഹം അറേഞ്ച്ഡ് ആകുമ്പോൾ തിരുത്തേണ്ട കാര്യങ്ങളെക്കുറിച്ചുള്ള യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

'റെസ്റ്റോറന്റിൽ മെനു നോക്കി ഏറെ നേരം ആലോചിച്ചു ഭക്ഷണം തെരഞ്ഞെടുക്കുന്ന നമ്മൾ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ എന്തുകൊണ്ടു വെറും മണിക്കൂറുകൾക്കുള്ളിൽ തീരുമാനമെടുക്കുന്നു?' വിവാഹം അറേഞ്ച്ഡ് ആകുമ്പോൾ തിരുത്തേണ്ട കാര്യങ്ങളെക്കുറിച്ചുള്ള യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

തിരുവനന്തപുരം: വിവാഹം അറേഞ്ച്ഡ് ആകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? റെസ്റ്റോറന്റിൽ ഭക്ഷണങ്ങളുടെ പട്ടിക നോക്കി ഏറെ നേരം ചിന്തിച്ചശേഷം ഓർഡർ ചെയ്യുന്ന നമ്മൾ എന്തുകൊണ്ടു വിവാഹത്തിന്റെ കാര്യത്തിൽ വെറും മണിക്കൂറുകൾക്കുള്ളിൽ തീരുമാനം എടുക്കുന്നു?

വിവാഹത്തെക്കുറിച്ച് ഇരുപത്തിനാലുകാരിയായ നസ്രീൻ അഫ്‌സൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പല പെൺകുട്ടികളും പറയാൻ ആഗ്രഹിക്കുകയും എന്നാൽ, ആരും പറയാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണു ധൈര്യപൂർവം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നസ്രീൻ പറയുന്നത്.

താൻ ആഗ്രഹിച്ചതുപോലൊരു ജീവിതം ലഭിച്ചതും പരമ്പരാഗത ചിട്ടവട്ടങ്ങളുടെ കെട്ടുപൊട്ടിച്ച് തന്റെ ഇഷ്ടങ്ങൾ തുറന്നു പറയാൻ അവൾ കാണിച്ച ധൈര്യം കൊണ്ടാണ്. നോട്ടിങ്ഹാം സർവകലാശാലയിൽ നിന്നു ബിരുദവും ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ നിന്നു ബിരുദാനന്തരബിരുദവും നേടിയയാളാണ് കോഴിക്കോട് സ്വദേശിയായ നസ്രീൻ. വൻ സ്വീകാര്യതയാണു നസ്രീന്റെ പോസ്റ്റിനു ലഭിച്ചത് എന്നതു തന്നെ അതിന്റെ പ്രസക്തി വിളിച്ചോതുന്നു.

വിവാഹത്തിനു മുമ്പ് ഭർത്താവാകാൻ പോകുന്ന വ്യക്തിയുമായി ആശയവിനിമയം നടത്തിയതിനെക്കുറിച്ചു പറഞ്ഞാണു ഫേസ്‌ബുക്ക് പോസ്റ്റു തുടങ്ങുന്നത്. താൻ ആരാണെന്നും ഒരു പങ്കാളിയിൽ പ്രതീക്ഷിക്കുന്നത് എന്തെല്ലാമാണെന്നും കാട്ടി അദ്ദേഹവുമായി ആശയവിനിമയം നടത്തി. മറുപടിയായി അദ്ദേഹം അദ്ദേഹത്തെക്കുറിച്ചു മൂന്നു പോയിന്റ്‌സ് അയയ്ക്കുകയും വളച്ചുകെട്ടാതെ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുവെന്നും നസ്രീൻ കുറിച്ചു.

പരസ്പരം അറിഞ്ഞുവരുന്നതിന്റെ ആദ്യ ആഴ്ചയിൽ എൺപതോളം മെയിലുകൾ അയച്ചു. അവയൊരിക്കലും ശൃംഗാരമോ ലാളനകളോ ഒന്നുമായിരുന്നില്ല. ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുറച്ചു കാലം കഴിയുമ്പോഴേക്കും നമ്മൾ എന്തായിരിക്കും എന്നതിനെക്കുറിച്ചും ഒരു പങ്കാളിയിന്മേലുള്ള പ്രതീക്ഷകളെക്കുറിച്ചുമൊക്കെയായിരുന്നു ചർച്ചകൾ.

സ്ത്രീകൾ ജോലി ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം, കുട്ടികൾ എപ്പോൾ വേണമെന്നാണ് ആഗ്രഹിക്കുന്നത്, അബ്യൂസ് എന്ന വാക്കുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് എന്നിങ്ങനെ ഓരോ ചോദ്യങ്ങളും നസ്രീൻ ചോദിച്ചു. ക്ഷമയോടെ ഇക്കാര്യങ്ങൾക്കൊക്കെ മറുപടി നൽകിയെന്നും നസ്രീൻ വ്യക്തമാക്കി. രണ്ടു മാസവും സ്‌കൈപ് കോളുകളും നേരിൽക്കാണലുമൊക്കെ കഴിഞ്ഞാണ് വിവാഹ കാര്യത്തിൽ തീരുമാനമായതെന്നു നസ്രീൻ പറയുന്നു.

റെസ്റ്റോറന്റിൽ പോയി ആലോചിച്ചുറപ്പിച്ച് മെനു ഓർഡർ ചെയ്യുന്ന നമ്മൾ പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യം വരുമ്പോൾ വെറും മണിക്കൂറുകൾക്കുള്ളിൽ തീരുമാനിച്ചു വിവാഹം ഉറപ്പിക്കുകയാണു ചെയ്യുന്നത്. ചിലപ്പോൾ അതിലും കഷ്ടമാണ്, വിവാഹം കഴിക്കാൻ പോകുന്നവർ തമ്മിൽ വിവാഹദിനം വരെ കണ്ടിട്ടു പോലുമുണ്ടാകില്ല. ഭാവി മരുമകള്ളെയോ/മരുമകനെയോ അച്ഛനും അമ്മയും കണ്ട് ആലോചിച്ചുറപ്പിക്കും. അവിവേകം എന്നല്ലാതെ ഇതിൽ പ്രതികരിക്കാൻ മറ്റൊന്നുമില്ല. നിങ്ങൾ കഴിയേണ്ടതു നിങ്ങളുടെ ഭാര്യക്കോ ഭർത്താവിനോ ഒപ്പമാണ്. അല്ലാതെ ഭാവി അമ്മായിയമ്മയ്‌ക്കൊപ്പമല്ലെന്നും നസ്രീൻ കുറിക്കുന്നു.

വിവാഹശേഷം നിങ്ങളുടെ പങ്കാളിക്കു കുട്ടികളേ വേണ്ട, അല്ലെങ്കിൽ ആദ്യവർഷം തന്നെ കുട്ടി വേണം എന്നൊക്കെ ആണെങ്കിലോ? മതം, സാമ്പത്തികം, അവകാശങ്ങൾ, ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളിൽ നിങ്ങൾ ഒരിക്കലും ഒരേ രീതിയിൽ ചിന്തിക്കുന്നവരല്ലെങ്കിൽ എങ്ങനെ ഒന്നിച്ചു ജീവിക്കും? അവരുടെ മാതാപിതാക്കളുടെ ഫാഷൻ ചോയ്‌സ് ഇഷ്ടമുള്ളവർ ആരാണിവിടെ ഉള്ളത്? തൊണ്ണൂറുകളിലെ സ്ലീവ് പഫുകളും ബെൽബോട്ടം പാന്റ്‌സും ആർക്കെങ്കിലും ഇഷ്ടമുണ്ടോ? അവരുടെ അഭിപ്രായങ്ങൾ കേൾക്കേണ്ടതുണ്ട്, പക്ഷേ അവയെ ഒരിക്കലും കണ്ണടച്ചു സ്വീകരിക്കുന്നതിനു പകരം നിങ്ങളുടേതായ തീരുമാനത്തിലേക്കെത്തണമെന്നും നസ്രീൻ ഓർമിപ്പിക്കുന്നു.

ശാരീരികവും ഭൗതികവും വികാരപരവും ആത്മീയവുമായ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിങ്ങൾ തിരഞ്ഞെടുക്കുന്ന ആ പങ്കാളി ബന്ധപ്പെട്ടിരിക്കും. രണ്ടു വ്യക്തികൾക്ക് ഒരേ ടേസ്റ്റുണ്ടാവില്ല പക്ഷേ നിങ്ങൾ കരിയർ, സാമ്പത്തികം, കുട്ടികൾ എന്നീ കാര്യങ്ങളിൽ ഒരുപോലെ ചിന്തിക്കുന്നവരായിരിക്കണം. വിവാഹം നിശ്ചയിക്കുന്നതിനു മുമ്പേ അവർ പരസ്പരം അറിഞ്ഞിരിക്കണം. ആരെങ്കിലും പങ്കാളിയെ തേടുന്നവരുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഗൗരവമായി തന്നെ കാണണം. മറ്റുള്ളവർ എന്തു കരുതുമെന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല. നിങ്ങൾ ഒറ്റയ്ക്കു ജീവിക്കുമ്പോൾ കുറ്റപ്പെടുത്തുന്നവർ തന്നെ വിവാഹബന്ധത്തിൽ എന്തെങ്കിലും പ്രശ്‌നം വരുമ്പോൾ പുറംതിരിഞ്ഞു നിൽക്കുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ നസ്രീൻ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP