Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

മദ്യപാനം ഒഴിവാക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം; പക്ഷെ, ശീലിച്ചുവന്ന മദ്യപാനം പെട്ടെന്നൊരു ദിവസം നിർത്തിയാലും ദോഷമാകാറുണ്ട്; ശരീരം ചിലപ്പോൾ അതിരൂക്ഷമായി പ്രതികരിക്കും; കൊറോണയുടെ പശ്ചാത്തലത്തിൽ ബാറുകളും ബിവറേജുകളും അടച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ്

മദ്യപാനം ഒഴിവാക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം; പക്ഷെ, ശീലിച്ചുവന്ന മദ്യപാനം പെട്ടെന്നൊരു ദിവസം നിർത്തിയാലും ദോഷമാകാറുണ്ട്; ശരീരം ചിലപ്പോൾ അതിരൂക്ഷമായി പ്രതികരിക്കും; കൊറോണയുടെ പശ്ചാത്തലത്തിൽ ബാറുകളും ബിവറേജുകളും അടച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊവിഡ്19 വ്യാപിക്കുന്ന സമയത്ത് കേരളത്തിലെ ബിവറേജുകളും ബാറുകളും തുറന്ന് പ്രവർത്തിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. സ്‌കൂളുകൾ അടച്ചിടുകയും പൊതുപരിപാടികൾ നിർത്തിവെക്കുകയും ഉത്സവങ്ങളും വിവാഹങ്ങളും പോലും ലളിതമായി നടത്തുകയും ചെയ്യുന്ന കാലത്ത് വളരെയധികം ആളുകൾ ബിവറേജസ് ഔട്ട് ലെറ്റുകളിലും ബാറുകളിലും ഒത്തുകൂടുന്നത് വൈറസ് വ്യാപനത്തിനെതിരായ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ബാറുകളും ബിവറേജും അടച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ഡോ. മനോജ് വെള്ളനാട്.

ഡോ. മനോജ് വെള്ളനാട് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. മദ്യപാനം ഒഴിവാക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതമെങ്കിലും ശീലിച്ചുവന്ന മദ്യപാനം പെട്ടെന്നൊരു ദിവസം നിർത്തിയാലും ദോഷമാകാറുണ്ട്. ശരീരം ചിലപ്പോൾ അതിരൂക്ഷമായി പ്രതികരിക്കുമെന്ന് ഡോക്ടർ പറയുന്നു.

അങ്ങനെ ആൾക്കഹോൾ വിത്ഡ്രാവൽ സിൻഡ്രോമെന്ന അവസ്ഥ വരാം. വളരെ പ്രയാസമേറിയ ഈ അവസ്ഥ ആശുപത്രിയിൽ കിടത്തി വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള ഒന്നാണ്. ഗുരുതരമായ ഡെലീറിയം ട്രെമൻസ് എന്ന അവസ്ഥയിലേക്കും മരണത്തിലേക്കും വരെ ഇത് നയിക്കാം. ചികിത്സിക്കാൻ പ്രയാസമുള്ളതും ചെലവേറിയതും കഇഡ അഡ്‌മിഷനും വെന്റിലേറ്റർ സഹായവുമുൾപ്പെടെ വേണ്ടതുമായ അവസ്ഥയാണിതെന്നും ഡോക്ടർ പറയുന്നു.

മനോജ് വെള്ളനാടിന്റെ കുറിപ്പിന്റെ പൂർണരൂപം

ബാറുകളും ബിവറേജസും തുറന്ന് വച്ചിട്ട്, മറ്റാൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പലരും ആശങ്ക പ്രകടിപ്പിച്ചു കണ്ടു. അതിൽ കുറേ പേരുടേതെങ്കിലും ആത്മാർത്ഥമായ സംശയമാണ്. മദ്യശാലകളിൽ വരുന്നവരിലാർക്കെങ്കിലും രോഗമുണ്ടെങ്കിൽ അവിടുന്നത് പടർന്ന് പിടിക്കാൻ സാധ്യതയുമുണ്ട്.

സോഷ്യൽ ഡ്രിങ്കിങ്, റെസ്പോൺസിബിൾ ഡ്രിങ്കിങ് തുടങ്ങിയ വാക്കുകളോ അതെന്താണെന്നോ അറിയാത്തവരാണ് ഭൂരിഭാഗം മലയാളികളും. പരമാവധി മദ്യം അകത്താക്കുമ്പോൾ കിട്ടുന്ന അർദ്ധഅബോധാവസ്ഥകളാണ് മലയാളിയെ സംബന്ധിച്ച് മദ്യപാനം. സ്ഥിരമായി അങ്ങനെ തന്നെ കുടിച്ച് ശീലിച്ചവർ ധാരാളമാണ് നമ്മുടെ നാട്ടിൽ. വെറുതേയൊന്ന് ചുറ്റുപാടുമുള്ള മദ്യപാനികളെ മനസിലോർത്താലറിയാൻ പറ്റും, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ.

മദ്യപാനം കൊണ്ടൊരുപാട് ദോഷങ്ങളുണ്ട്. ദീർഘകാലത്തെ മദ്യപാനം കൊണ്ട് കരൾ രോഗങ്ങളും, കാൻസറും, മാനസികരോഗങ്ങളും വന്ന് മരിക്കുന്നവർ ധാരാളമാണിവിടെ. മദ്യപാനം ഒഴിവാക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം. പക്ഷെ, ശീലിച്ചുവന്ന മദ്യപാനം പെട്ടെന്നൊരു ദിവസം നിർത്തിയാലും ദോഷമാകാറുണ്ട്. ശരീരം ചിലപ്പോൾ അതിരൂക്ഷമായി പ്രതികരിക്കും.

അങ്ങനെ ആൾക്കഹോൾ വിത്ഡ്രാവൽ സിൻഡ്രോമെന്ന അവസ്ഥ വരാം. വളരെ പ്രയാസമേറിയ ഈ അവസ്ഥ ആശുപത്രിയിൽ കിടത്തി വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള ഒന്നാണ്. ഗുരുതരമായ ഡെലീറിയം ട്രെമൻസ് എന്ന അവസ്ഥയിലേക്കും മരണത്തിലേക്കും വരെ ഇത് നയിക്കാം. ചികിത്സിക്കാൻ പ്രയാസമുള്ളതും ചെലവേറിയതും കഇഡ അഡ്‌മിഷനും വെന്റിലേറ്റർ സഹായവുമുൾപ്പെടെ വേണ്ടതുമായ അവസ്ഥയാണിത്.

കേരളത്തെ സംബന്ധിച്ച്, പെട്ടന്നൊരു ദിവസം എല്ലാ മദ്യശാലകളും അടച്ചാൽ സംഭവിക്കാൻ പോകുന്നത്,

1. മേൽപ്പറഞ്ഞ പോലെ, ആൾക്കഹോൾ വിത്ഡ്രോവൽ വരുന്ന രോഗികളെ കൊണ്ട് ആശുപത്രികൾ നിറയാം. ഒരുപക്ഷേ കൊറോണയേക്കാൾ കൂടുതൽ രോഗികൾ വരാം.

2. വ്യാജമദ്യത്തിന്റെ ഉപയോഗവും അതുകാരണമുള്ള ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങളും ചിലപ്പോൾ വൻ ദുരന്തങ്ങളും വരെയുണ്ടാവാം.

3. മറ്റു ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വർദ്ധിക്കാം.

അതുകൊണ്ട് തന്നെ, മാളുകളോ സിനിമാ തിയറ്ററുകളോ അടയ്ക്കുന്ന ലാഘവത്തിൽ മദ്യശാലകളടയ്ക്കാൻ കേരളത്തിലെ സാഹചര്യത്തിൽ പ്രയാസമാണ്. കൊറോണ പ്രതിരോധം പോലെ തന്നെ, സർക്കാർ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. പൊതുജനങ്ങളും കരുതലോടെ തന്നെ ഈ വിഷയത്തിൽ ഇടപെടണം.

1.മദ്യശാലകൾ വൈറസ് പകരുന്ന ഇടമായിരിക്കാമെന്ന ധാരണ എല്ലാവർക്കും വേണം. സ്ഥിരമായി മദ്യപാനശീലമില്ലാത്തവർ ബിവറേജസിൽ പോയി ക്യൂ നിൽക്കാതിരിക്കുന്നതാണ് ഉചിതം. പകരം വായന, സിനിമ, ചെസ്, കാരംസ് പോലുള്ള കളികൾ, പേപ്പർ ബാഗ്, തുണി സഞ്ചി നിർമ്മാണം തുടങ്ങി നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും കാര്യങ്ങളിൽ മുഴുകാൻ ശ്രമിക്കുക. സന്തോഷമുള്ള മറ്റുകാര്യങ്ങളിൽ ലഹരി കണ്ടെത്താൻ ശ്രമിക്കുക.

2.മദ്യപിച്ചു ശീലിച്ചു പോയവർ മദ്യം വാങ്ങാൻ പോവുകയാണെങ്കിൽ അവിടെ തിരക്കൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അടുത്തുള്ളയാളെ സ്പർശിക്കാതെ പരമാവധി അകലം പാലിക്കുക.

3. തിരികെ വീട്ടിൽ വന്നാലുടൻ കൈകൾ സോപ്പിട്ട് കഴുകണം.

4. ബിവറേജസ് ഔട്ട്ലെറ്റുകളിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുക, അംഗീകൃത ഓൺലൈൻ ഫുഡ് ഡെലിവറിക്കാരുമായി സഹകരിച്ച് ഹോം ഡെലിവറി പറ്റുമോ എന്നാലോചിക്കുക ഒക്കെ സർക്കാരിന് ചെയ്യാവുന്നതാണ്.

5.അഥവാ എല്ലാ ഔട്ട്ലെറ്റുകളും അടയ്ക്കേണ്ടി വന്നാൽ, വാങ്ങി സൂക്ഷിക്കാൻ സമയം അനുവദിച്ചശേഷം ചെയ്യുക. അപ്പോഴും തിരക്കൊഴിവാക്കാനുള്ള മുൻകരുതലുകൾ തീർച്ചയായും വേണ്ടിവരും.

6.ഊതിയുള്ള പരിശോധനയില്ലെന്ന് കരുതി ആരും മദ്യപിച്ച് വാഹനമോടിക്കരുത്. അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത്.

7. സർക്കാർ നിർദ്ദേശങ്ങളും നിയമങ്ങളും നിർബന്ധമായും പാലിക്കുക.

ഇത് മദ്യപാനത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്ന കുറിപ്പല്ലാ. നിലവിലെ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നാണിതെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ മാത്രമെഴുതിയതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP